2008-02-19

കമ്മ്യൂണിസം പരിഹാസ്യമാക്കുന്നത് ആര്‍ ?

നിത്യായനം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

എല്ലാവറ്റിനും നേരെ നിത്യന്‍ ചൊരിഞ്ഞ പരിഹാസച്ചിരി രാജിവ് ചേലനാട്ടിനെപ്പോലെയുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് അവരൊക്കെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാധുതയിലും പ്രായോഗികക്ഷമതയിലും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് കൊണ്ടാണ് . നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് എല്ലാവരും അംഗീകരിക്കുകയില്ലെങ്കിലും അതാണ് സത്യം . ജനാധിപത്യ-മതേതര ചിന്തകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതുണ്ട് . കമ്മ്യൂണിസ്റ്റുകളുടെ ഏകപാര്‍ട്ടി ഭരണം എന്ന സമ്പ്രദായം ഇനി നടപ്പില്ല . തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന് മാര്‍ക്സ് പറഞ്ഞപ്പോള്‍ അതിന് തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുക . എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം ആണെന്ന് ലെനിന്‍ ദുര്‍വ്യാഖ്യാനം ചെയ്ത അന്നേ സോഷ്യലിസത്തിന്റെ ശവക്കുഴി തോണ്ടിയിരുന്നു . ലെനിനില്‍ നിന്ന് ഇന്ന് പിണറായിയിലേക്ക് എത്തിനില്‍ക്കുന്ന കമ്മ്യൂണിസം കാണുമ്പോള്‍ ആര്‍ക്കാണ് പരിഹാസം തോന്നാതിരിക്കുക . സി.പി.എം എന്താണെന്ന് മനസ്സിലാക്കുവാന്‍ ആളുകള്‍ക്ക് മാതൃഭൂമിയോ മനോരമയോ ഒന്നും വായിക്കേണ്ട . അതെല്ലാം എല്ലാവര്‍ക്കും ഇന്ന് അറിയാം . എങ്ങനെയാണ് അവര്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന് നാട്ടില്‍ പാട്ടാണ് . സര്‍ക്കാറിന്റെയും സഹകരണബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതുമായ പണം ഉപയോഗിച്ച് ഒരുമാതിരിപ്പെട്ട നേതാക്കളൊക്കെ (ഛോട്ടാ മുതല്‍ ബഡാ വരെ) എങ്ങനെയൊക്കെയാണ് പണം ഇരട്ടിപ്പിക്കുന്നത് , ഭൂമി കൈവശപ്പെടുത്തുന്നത് എന്നൊക്കെ ആളുകള്‍ മനസ്സിലാക്കുന്നുണ്ട് . കോട്ടയത്ത് അണികളെ ശാസിച്ച് അടക്കിയത് പോലെ എക്കാലത്തും നടക്കുകയില്ല . മാര്‍ക്സിസവും കമ്മ്യൂണിസവും സോഷ്യലിസവും ഒന്നും നടപ്പിലായില്ലെങ്കിലും ഈ ഭൂമിയില്‍ മനുഷ്യവര്‍ഗ്ഗം അതിന്റെ അവസാനം വരെ നിലനില്‍ക്കുമെന്നും , ഇനി അഥവാ ഭൂമിയില്‍ സമത്വാധിഷ്ടിതമായ ഒരു സമൂഹ ഘടന കെട്ടിപ്പടുക്കുമെങ്കില്‍ അത് ജനാധിപത്യപരമായ രീതിയില്‍ ജനങ്ങള്‍ തന്നെയായിരിക്കുമെന്നും അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കുത്തകാവകാശമൊന്നുമില്ലെന്നും മനസ്സിലാക്കുന്നത് നന്ന് .

6 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

Testing > A Comment Form under the post

ഭൂമിപുത്രി said...

ഏതു തത്വസംഹിതയും തൊട്ടശുദ്ധമാക്കാന്‍ കുറേപേരുണ്ടാകുമല്ലൊ.ശുദ്ധഹൂമനിസത്തില്‍ മാത്രം ഊന്നിയൊരു നിലനില്പ് കമ്മ്യൂണിസത്തിനും അസാദ്ധ്യമായിപ്പോയതു അതുകോണ്ടാകണം,അല്ലെ?

jagadees said...

നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് ശരിയല്ല.
അറിവ്‌ ആണ് മനുഷ്യമോചനത്തിനുള്ള വഴി. പക്ഷേ അതു ചുമ്മാ അങ്ങനെ ജനങ്ങളില്‍ എത്താന്‍ അധികാരികള്‍ (corporate) സമ്മതിക്കില്ലല്ലോ. അവര്‍ അതിനെ മറച്ചുവെക്കാന്‍ എല്ലാ ശക്തികളും ഉപയോഗിക്കുന്നു. മാധ്യമങ്ങള്‍, സിനിമ, കേബിള്‍ ടിവി, ഇന്റെര്‍നെറ്റ് എല്ലാം അവര്‍ ശരിക്കുപയോോഗിക്കുന്നു. വരെയുള്ള കാലം നോക്കിയാല്‍ ജനങ്ങള്‍ സംഘടിതരായിരുന്നു എന്ന് കാണാം. പക്ഷേ ഇന്നു അവര്‍ ഒറ്റപ്പെട്ടവരാണ്.

ഒരിക്കല്‍ ജനങ്ങളുടെയായിരുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും ഇന്ന് ജനങ്ങളേ കൂടുതല്‍ ചൂഷണം ചെയ്യാനും ഒറ്റപ്പെടുത്തുവാനുമുള്ള ഉപധികളായി മാറുകയാണ്.

നമ്മളോ അറിവ് ജനങ്ങളിലെത്തിക്കുന്നതിനു പകരം പരസ്പരം വാഗ്വാദങ്ങളിലേര്‍പ്പെട്ട് സമയം കളയുന്നു. അതും ഒരു corporate അജണ്ടയാണ്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഏതൊരു തത്വസംഹിതയും നിക്ഷിപ്തതാല്പര്യക്കാര്‍ ദുരുപയോഗം ചെയ്യുന്നതാണ് ചരിത്രത്തിലുടനീളം കാണാന്‍ കഴിയുന്നത് ഭൂമിപുത്രീ .. കമ്മ്യൂണിസത്തിനും ആ ദുര്യോഗം തന്നെയാണ് വന്ന് പെട്ടത് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരെല്ലാം ആ ദര്‍ശനത്തെ സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു . ബൈബിളും ഖുര്‍‌ആനും എല്ലാം ഇതേ പോലെ തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നു . ഏതൊരു ദര്‍ശനവും സാമാന്യജനങ്ങള്‍ക്ക് ഒരു രക്ഷാകവചവും എന്നാല്‍ നേതൃവര്‍ഗ്ഗത്തിനും പൌരോഹിത്യപ്പരിഷകള്‍ക്കും ഉപജീവനമാര്‍ഗ്ഗവുമാണ് . ഇനി നേതാക്കളും പുരോഹിതന്മാരും നമുക്കാവശ്യമില്ല . നാം ജനങ്ങള്‍ക്ക് തന്നെ എല്ലാം തീരുമാനിക്കാനും വഴി നടത്താനും ഇപ്പോള്‍ കഴിയും .

ജഗദീശ് .. ഏതോ ഒരു അദൃശ്യശക്തി corporate ഓ , മുതലാളിത്തമോ , സാമ്രാജ്യത്വമോ ജനങ്ങള്‍ക്കെതിരെ നിരന്തരം ഗൂഢാലോചന നടത്തുന്നു എന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല . നമ്മള്‍ ജനങ്ങള്‍ സ്വതന്ത്രരാണ് . ആ സ്വാതന്ത്ര്യം ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല . ജനങ്ങള്‍ക്കെതിരെ ആരെങ്കിലും സംഘടിതമായി ഗൂഢാലോചന നടത്തുന്നുണ്ടെങ്കില്‍ അത് തങ്ങളുടെ അധികാരം ജനങ്ങളുടെ മേല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നേതാക്കളാണ് . അവര്‍ ഏത് പാര്‍ട്ടിയായാലും . ആധുനികകാലത്തെ ജനശത്രുക്കള്‍ നേതാക്കളാണെന്നാണെന്റെ അഭിപ്രായം .

jagadees said...

അതാണ് ചേട്ടാ ഈ മുതല്ലളിത്തത്തിന്റെ വിജയം. ഇവിടെ ആരും ബോധപൂര്‍വം ഒരു ഗൂഢാലോചനയും നടത്തുന്നില്ല. ശരിക്കുപറഞ്ഞാല്‍ മുതലാളിത്തത്തിന് ജീവനുണ്ട്. "ജീവന്‍ അതിന്റെ വഴി സ്വയം കണ്ടെത്തിക്കൊള്ളും" എന്നു പറയുന്നതുപോലെ, മുതലാളിത്തവും നിലനില്‍ക്കാനുള്ള അതിന്റെ വഴി സ്വയം കണ്ടെത്തുന്നു. എല്ലം നിലനില്‍ക്കുന്നത് കമ്പോളത്തിനകത്താണ്. നാം വിചാരിക്കുന്നതു പോലെ നമ്മള്‍ സ്വതന്ത്രരല്ല. നമ്മള്‍ കമ്പോളത്തിന്റെ അടിമകള്‍ ആണ്. നാം എന്തു ചെയ്യണം, ഏത് ആഹരം കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, ഏത് കോള കുടിക്കണം, ഏതു വാഹനം ഓടിക്കണം, എത്രമാത്രം പണം ചിലവാക്കണം അങ്ങനെ തുടങ്ങി എല്ലം നിയന്ത്രിക്കുന്നത് കമ്പോളമാണ്. ആരും നമ്മളോട് ഇതു നേരിട്ടുവന്ന് പറയുകയല്ല ചെയ്യുന്നത്. പകരം മാധ്യമള്‍(സിനിമ, ടിവി, പത്രം, ഇന്റെര്‍നെറ്റ്), സാമൂഹ്യ ഇടപെടല്‍ ഇവയിലൊക്കെയുള്ള ബിംബങ്ങളിലൂടെ ഇത് സ്വയം ജനങ്ങളിലെത്തുന്നു. ആരും ഗൂഢാലോചന നടത്തിയല്ല.
ഉദാഹരണത്തിനു വാഹങ്ങളുടെ കാര്യം എടുക്കുക. 80കളില്‍ ഞങ്ങളുടെ സ്കൂളില്‍ മിക്ക അധ്യാപകരും സൈക്കിളില്‍ ആയിരുന്നു വന്നിരുന്നത്. HM നു മാത്രം ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്ന്. 2005ല്‍ അതേ സ്കൂളില്‍ അധ്യാപകര്‍ കാറില്‍ ആണ് വരുന്നത്. മിക്കവരും രണ്ടും, മൂന്നും കിലോമീറ്റ്ര്‍ ചുറ്റളവില്‍ ആണ് താമസിക്കുന്നത്. ഇന്ന് കാറില്ലാതെ നാട്ടിന്‍പുറത്തുപോലും ജീവിക്കാന്‍ സമ്മതിക്കില്ല. കാറില്ലാത്തവനെ സമൂഹത്തിനു പുഛമാണ്. അതു പോലെ ബൈക് ഉള്ളവന് ഇല്ലാത്തവനെ പുഛമാണ്. വേറൊരുദാഹരണം നമ്മുടെ ഹോട്ടലുകളില്‍ കാണാം. നിങ്ങള്‍ ഒരു വെജിറ്റബിള്‍ കറിയാണ് ആവശ്യപ്പെട്ടാല്‍ വെയിറ്ററുടെ മുഖത്ത് പുഛം കാണാം. പകരം ചിക്കന്‍ ഓര്‍ഡര്‍ ചെയ്താല്‍വെയിറ്ററുടെ മുഖത്ത് ബഹുമാനം കണാം. (ഇതു ഞാന്‍ കേരളത്തിലും, പ്രത്യേകിച്ച് തിരുവനന്തപുരത്തുമാണ് കണ്ടെത്).
അങ്ങനെ എത്ര, എത്ര സംഭവങ്ങള്‍.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
മുതലാളിത്തത്തിന്റെ ഒരു കേന്ദ്രീക്രത സംഘം ജനങ്ങള്‍ക്കെതിരെ നിരന്തരം ഗൂഢാലോചന നടത്തുന്നു എന്ന് ഞാനും വിശ്വസിക്കുന്നില്ല. എന്നല്‍ മുതലാളിത്തത്തിന്റെ അടിസ്ഥാന ഘടകമായ കമ്പനികള്‍ കൂടുതല്‍ "ഉപഭോഗം കൂടുതല്‍ ലാഭം" അന്ന മുദ്രാവാക്യത്തില്‍ അടിസ്ഥാനമാക്കി ജനങ്ങളെ കൂടുതല്‍ ഉപഭോഗത്തിനു പ്രേരിപ്പിക്കുന്നു. അതനുസരിക്കാത്തവര്‍ സമൂഹത്തില്‍ മോശക്കാരയി മാറുന്നു. കമ്പനികള്‍ ലാഭത്തിനുവേണ്ടി രാജ്യങ്ങളുടെ നിയമങ്ങള്‍ തന്നെ മറ്റുന്നു. മാധ്യമങ്ങള്‍ കമ്പനികള്‍ ആയി മാറിയപ്പൊള്‍ വിവരങ്ങള്‍ ജനങ്ങളിത്തുക എന്നതും ദുഷ്കരമായി. ഇപ്പൊഴത്തെ മാധ്യമങ്ങളുടെ പ്രധാന അജണ്ട എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കമെന്നാണ്. സ്വാര്‍ഥതയും അലസതയും മനുഷ്യന്റെ ജന്മഗുണങ്ങളാണ്. അതുകൊണ്ട് വിവരദായകങ്ങളായ documentary കളേക്കള്‍ ജനങ്ങള്‍ക്കിഷ്ടം പരദൂഷണ സിനിമ/സീരിയലാണ്. ഫലമോ, ജനങ്ങളുടെ യുക്തിചിന്തയും, വിശകലനശേഷിയും നശിച്ചുകൊണ്ടിരിക്കുന്നു. (ഇതും ആരും ഗൂഢാലോചന നടത്തി ചെയ്യുന്നതല്ല. self driven ആണ്).

കമ്മ്യൂണിസ്റ്റ്കള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായ ഒരു നിലനില്‍പ്പ് ഇല്ല. അവയും കൂടുതല്‍ വലിയതും വിശാലവുമായ മുതലാളിത്തത്തിനകത്താണ് നിലനില്‍ക്കുന്നത്.
കമ്മ്യൂണിസം 18ആം നൂറ്റാണ്ടിന്റെ തത്വചിന്തയാണ്. അതിനെ ഒരു ചരിത്രം എന്നരീതിയില്‍ മാത്രം കണ്ടാമതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മതങ്ങളെപോലെയാണ്. മതങ്ങള്‍ പറയുന്നത്, അവരെ വിശ്വസിച്ചാല്‍ ദൈവത്തിന്റെ അടുത്തെത്താം മരണ ശേഷം സ്വര്‍ഗ്ഗരാജ്യം കിട്ടും എന്നണ്. പാര്‍ട്ടിയോ ആ സ്വര്‍ഗ്ഗരാജ്യം മരണത്തിമുമ്പു കിട്ടും എന്നും. രണ്ട് കൂട്ടരുടേയും ലക്ഷ്യം ജനങ്ങളെ നിയന്ത്രിക്കലും അവരെ ചൂഷണം ചെയ്യലും ആണ്.
നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
കമ്പോളത്തിനെ കൂടുതല്‍ ജനപക്ഷത്താക്കുക. എങ്ങനെ? നമുക്ക് അത്യാവശ്യമെന്നു നമുക്ക് തോന്നുന്ന്തുമാത്രം വാങ്ങിക്കുക. ഉപഭോഗ സംസ്കാരത്തിന്റെ അടിമാഅകാതിരിക്കുക. മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ വളരെ പ്രസക്തമാണ്.
reduce consumption. do an ethical living.
hope i conveyed my points!

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട ജഗദീശ് , ഞാന്‍ ഇന്നാണ് മേലെ എഴുതിയ കമന്റ് കണ്ടത് . വളരെ അര്‍ത്ഥവത്തായ അഭിപ്രായമാണ് ജഗദീശിന്റേത് .. വളരെ നന്ദിയും സ്നേഹവും ഉണ്ട് സുദീര്‍ഘമായ ഈ കമന്റിന് !