2008-02-17

ക്രിക്കറ്റും ഞാനും !

ചിത്രകാരന്റെ കമന്റ് ഭരണിയില്‍ ക്രിക്കറ്റിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് കണ്ടു . ക്രിക്കറ്റിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം തന്നെയാണ് ചിത്രകാരനും എന്ന് മനസ്സിലായി . അവിടെ എഴുതിയ കമന്റ് ഞാന്‍ ഇവിടെയും ചേര്‍ത്ത് വയ്ക്കുന്നു .

ഈ ക്രിക്കറ്റ് എന്ന കളി എനിക്ക് അത്ര മനസ്സിലായിട്ടില്ല . എന്നാല്‍ ആളുകള്‍ ഇങ്ങനെ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരുന്ന് ആവേശപൂര്‍വ്വം കാണുന്നതിനെ ഒരു മാസ്സ് ഹിസ്റ്റീരിയ ആയാണ് ഞാന്‍ കണക്കിലെടുക്കാറുള്ളത് . കണ്ണൂരിലൊക്കെ പോകുമ്പോള്‍ എലക്ട്രോണിക്സ് കടകള്‍ക്ക് മുന്‍പില്‍ ആളുകള്‍ ക്രിക്കറ്റ് കാണാന്‍ കൂട്ടം കൂടി നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നാറുണ്ട് , അമൂല്യവും തിരിച്ചു കിട്ടാത്തതുമായ ജീവിതത്തിന്റെ അനര്‍ഘമായ നിമിഷങ്ങള്‍ ഇങ്ങനെ വ്യര്‍ത്ഥമായി പാഴാക്കിക്കളയുന്നല്ലോ എന്നോര്‍ത്തിട്ട് . ചിലര്‍, ക്രിക്കറ്റ് കളി കണ്ടില്ലെങ്കില്‍ അതൊരു മോശമല്ലേ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഇങ്ങനെ കൂട്ടത്തില്‍ അണിചേരുന്നത് എന്നും എനിക്ക് തോന്നിയിട്ടുണ്ട് . എന്ത് ആസ്വാദനമാണ് ഈ കളികാണലില്‍ നടക്കുന്നത് . ഏതെങ്കിലും ഒരു ചേരിയുടെ ഭാഗത്ത് നിലയുറപ്പിച്ച് ആ ചേരിയുടെ വിജയം കാണാനുള്ള ഒരു ആസുര തൃഷ്ണയല്ലെ ഇവിടെ ശമനം തേടുന്നത് ? പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ മത്സരം നടക്കുമ്പോള്‍ അതൊരു യുദ്ധം എന്ന നിലയിലല്ലേ ഇവിടെ ആളുകള്‍ കണക്കാക്കുന്നത് . ഇന്ത്യ ജയിക്കുമ്പോള്‍ പടക്കങ്ങള്‍ പൊട്ടിച്ച് ആര്‍മ്മാദിക്കുന്നതില്‍ എന്ത് സ്പോര്‍ട്ട്സ് സ്പിരിറ്റ് ആണുള്ളത് . വൃത്തികെട്ടതും പ്രാകൃതവുമായ സമൂഹമനസ്സിന്റെ ഉറഞ്ഞു തുള്ളലല്ലേ അത് ? ക്രിക്കറ്റ് പ്രചാരത്തില്‍ വന്നതില്‍ പിന്നെയല്ലേ നമ്മുടെ കുട്ടികളുടെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ എല്ലാ കഴിവുകളും വാസനകളും വന്ധ്യംകരിക്കപ്പെട്ടത് . എന്തെല്ലം കളികള്‍ നാട്ടിന്‍‌പുറങ്ങളില്‍ ഉണ്ടായിരുന്നു . മുതിര്‍ന്ന ആള്‍ക്കാര്‍ വരെ ക്രിക്കറ്റിന്റെ സ്കോര്‍ ആകാംക്ഷയൊടെ അന്വേഷിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട് . ഇവനൊന്നും ശരീരം ഇത്രയും വണ്ണിച്ചിട്ടും മനസ്സ് മാത്രം അല്പം പോലും വളര്‍ന്നില്ലല്ലോ എന്ന് ഖേദം തോന്നാറുണ്ട് . എന്തെല്ലാം കലകളും രചനകളും കായിക വിനോദങ്ങള്‍ തന്നെയും ആസ്വദിക്കാനും ഭാഗഭാക്കാകാനുമുണ്ട് . അതെല്ലാം വിട്ട് ഈ വിഡ്ഡിപ്പെട്ടിയുടെ മുന്‍പില്‍ കൂനിക്കൂടിയിരുന്നു ഇങ്ങനെ അലസമായി സമയം കളയുന്നതിന് ഞാന്‍ ഒരു കാരണമേ കാണുന്നുള്ളൂ . ആര്‍ക്കും ഒന്നിലും ഒരഭിപ്രായമോ കാഴ്ചപ്പാടോ ഒന്നുമില്ല . എവിടെയാണോ ആള്‍ക്കുട്ടം അവിടെപ്പോയി ഒട്ടിനില്‍ക്കണം . എന്തൊക്കെയാണോ മറ്റുള്ളവര്‍ ചെയ്യുന്നത് അത് അനുകരിക്കണം . അത്രയേയുള്ളൂ . തങ്ങളുടെ മക്കള്‍ എങ്ങനെ വളരണം , അവരുടെ വ്യക്തിത്വവികസനം എങ്ങനെ നടക്കണം , അവരുടെ അഭിരുചികള്‍ എങ്ങനെ സൃഷ്ടിപരമായി പോഷിപ്പിക്കണം എന്നൊന്നും ഒരു ചിന്തയുമില്ല . തടി വണ്ണം വെക്കണം എന്നേയുള്ളൂ . ആരോഗ്യകരമായ ഒരു മനസ്സും, വ്യക്തിത്വവും മക്കള്‍ക്ക് വേണമെന്നോ അവരില്‍ അന്തര്‍ലീനമായ കഴിവുകളുണ്ടെങ്കില്‍ അത് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിണമെന്നോ ഒന്നുമില്ല . കുട്ടികള്‍ പിച്ച നടക്കാന്‍ പഠിച്ചാല്‍ പിന്നെ പഠിക്കുന്നത് ഒരു മട്ടല്‍‌ക്കഷണവും പന്തും കയ്യില്‍ പിടിച്ച് ക്രിക്കറ്റ് കളിക്കാനാണ് . മനസ്സിന് ഗ്രഹണി ബാധിച്ച ഒരു സമൂഹമാണ് ഈ ക്രിക്കറ്റ് കളിയുടെ പ്രചാരത്തിലുടെ വളര്‍ന്ന് വരുന്നത് എന്ന യാഥാര്‍ത്ഥ്യം ആരെന്ത് വിചാരിച്ചാലും പറയാതിരിക്കാന്‍ കഴിയില്ല .

8 comments:

മറ്റൊരാള്‍ | GG said...

"കുട്ടികള്‍ പിച്ച നടക്കാന്‍ പഠിച്ചാല്‍ പിന്നെ പഠിക്കുന്നത് ഒരു മടല്‍‌ക്കഷണവും പന്തും കയ്യില്‍ പിടിച്ച് ക്രിക്കറ്റ് കളിക്കാനാണ്.

മനസ്സിന് ഗ്രഹണി ബാധിച്ച ഒരു സമൂഹമാണ് ഈ ക്രിക്കറ്റ് കളിയുടെ പ്രചാരത്തിലുടെ വളര്‍ന്ന് വരുന്നത് എന്ന യാഥാര്‍ത്ഥ്യം ആരെന്ത് വിചാരിച്ചാലും പറയാതിരിക്കാന്‍ കഴിയില്ല."

:)
:) :)
:) :) :)

Jeevan said...

താങ്കള്‍ ബ്ലോഗ്‌ എഴുതുന്നു എന്നു പറയുമ്പൊള്‍ കമ്പൂട്ടര്‍ ഉപയൊഗിക്കാത്ത ആളുകളും ഇങ്ങനൊക്കെ തന്നെ ആയിരിക്കും പറയുന്നത്‌!!!

Unknown said...

ഈ ക്രിക്കറ്റ് എന്ന കളി എനിക്ക് അത്ര മനസ്സിലായിട്ടില്ല
എന്ന് മാത്രം എഴുതിയിരുന്നെങ്കില്‍ കുറച്ച് സമയം ലാഭിക്കാമായിരുന്നു. അമൂല്യവും തിരിച്ചു കിട്ടാത്തതുമായ ജീവിതത്തിന്റെ അനര്‍ഘമായ നിമിഷങ്ങള്‍ ഇങ്ങനെ വ്യര്‍ത്ഥമായി പാഴാക്കിക്കളയണ്ടായിരുന്നു. ;-)

ദമനകന്‍ said...

കുരുടന്‍ ആനയെ കണ്ട മാതിരി ആയി ഇത്.
അറിയാത്തതോ മനസ്സിലാകത്തതോ ആയ കാര്യം പറയാതിരിക്കാനുള്ള ഔചിത്യം എല്ലാവര്‍ക്കും വേണ്ടത് തന്നെ.

വിനയന്‍ said...

സുകുമാര്‍ജീ

ക്രിക്കറ്റ് ഒരു കളി എന്നതിനപ്പുറം കാര്യണ്‍ഗള്‍ എത്തുന്നേടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.മറ്റു കളികളെ പോലെ ക്രിക്കറ്റും ഒരു കളി തന്നെയാണ് എന്നാലതിന് ദേശീയതയുടെയും മറ്റു പലത്രത്തിലുമുള്ള മാനങ്ങള്‍ കൈവരുന്നതോടെ കാര്യങ്ങള്‍ മാറിമറയുന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളിറ്യില്‍ ഇന്ത്യ തോറ്റാല്‍ ബോബെയിലെയും മറ്റും ച്ചേരികളില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നു.ആണ്ടില്‍ 365 ദിവസവും ലോകം മുഴുവന്‍ കളിച്ചു തെണ്ടിനടക്കുന്ന ഇവര്‍ ലോക വ്യവ്സായ കുത്തകകളുടെ ദല്ലാളന്മാരാണ്.പട്ടിണീയും പരിവട്ടവുമായി നടക്കുന്നവര്‍ക്ക് പറയാനുള്ളത് തങ്ങളുടെ താരങ്ങളുടെ പരിക്കിനെ പറ്റിയും ഫോം ഇല്ലായ്മയെയും പറ്റിയാണ്.കളിക്കുമ്പോള്‍ പണം വാങ്ങുകയും കളീക്കുപുറത്ത് ഓവര്‍ടൈമായി പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്ത് അവര്‍ നമ്മുടെ യുവത്യത്തെ ഊറ്റിക്കുടിക്കുന്നു.6000 കോടിയില്‍ അധികം രൂപ കേരളാത്തില്‍ നിന്നും മാത്രം കുപ്പിയിലടച്ച പാനീയങ്ങള്‍ക്കായി മലയാളി മാത്രം ചിലവഴിക്കുന്നുവത്രെ !!

വെള്ളവും യുവത്യവും ഊറ്റിക്കുടിക്കുന്ന കുത്തകമുതലാളിമാരുടെ കൂട്ടികൊടുപ്പുകാരായി ക്രിക്കറ്റ് കളീക്കാര്‍ തരം താഴ്ന്നിരിക്കുന്നു.

ഇത് കളീയല്ല കാര്യമാണ്..ഇന്ത്യക്കാരന്റെ മനസ്സില്‍ കയറിക്കൂടിയ കാളക്കുട വിഷം.

അഭിവാദ്യങ്ങള്‍

Unknown said...

കളിക്കാന്‍ പറ്റുന്നത് കളിക്കുന്നു, ആ കളിയില്‍ തരക്കേടില്ലാത്തത് കൊണ്ട് ആള്‍ക്കാരും സപ്പൊര്‍ട്ട് ചെയ്യുന്നു.
കുറഞ്ഞ പക്ഷം ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പെങ്കിലും കരസ്ഥമാക്കിയാല്‍ ഫുട്ബോള്‍ പോപുലാരിറ്റിയില്‍ പുല്ലു പോലെ ക്രിക്കറ്റിനെ കവച്ചു വെയ്കും. ഹോക്കിയും മെച്ചപ്പെടുത്തിയെടുത്താല്‍ മോശമല്ല. പക്ഷേ ആരുടെ കുഴപ്പമാണ്?
ഫുട്ബോള്‍ കുറേ ബം‌ഗാളി ചാറ്റര്‍ജിമാരു കേറി നെരങ്ങി കുളമാക്കി വച്ചിരിക്കുന്നു. നല്ല കളിക്കാരുമില്ല.ആകെ കൂടി ഒരു ബേയ്ചുംഗ് ബൂട്ടിയ..ഇംഗ്ലണ്ടില്‍ കൊണ്ടു പോയി ബഞ്ചിലിരുത്തിയത് മിച്ചം..അതും സെക്കന്റ് ഡിവിഷണില്‍.

പിന്നെ സായി. വയറ്റിപ്പിഴപ്പിനായി നടത്തുന്ന സ്ഥാപനങ്ങള്‍..ജോലി കിട്ടാന്‍ വേണ്ടി ഒടുകയും ചാടുകയും ചെയ്യുന്ന കുറേ നിസ്സഹായ ജന്മങ്ങള്‍. അവരെ കുറ്റം പറയാന്‍ പറ്റുമോ? സ്പോര്‍ട്ട്സില്‍ ആത്മാര്‍ഥമായി കമ്പമുള്ള ഒരുവന് എന്ത് സ്കോപ്പാണ് ഇന്ത്യയില്‍ ഉള്ളത്?

വൈവിധ്യത്തിലൂനിയ , നല്ലൊരു സ്പോര്‍‌ട്ട്സ് പോളിസി ഇന്ത്യന്‍ യുവത്വത്തിന് വേണ്ടി ഒരുക്കേണ്ട സമയം പണ്ടെ അതിക്രമിച്ചതാണ്.
ജനങ്ങളെ ജാതി-മത-ദേശ ഭേദങ്ങളില്ലാതെ യോജിപ്പിക്കുന്നതിലും, ആത്മാഭിമാനമുള്ളവരാക്കി വളര്‍ത്തുന്നതിലും സ്പോര്‍ട്ട്സിനുള്ള പങ്ക് കാണാതെ പോകരുത്.

പിന്നെ ഒരാവറേജ് ഇന്ത്യക്കാരന്‍ ശാരീരിക ക്ഷമതയില്‍ അല്പം പിന്നോട്ടാണ് എന്നും തോന്നുന്നു..കൊക്കേഷയ്ന്‍, ആഫ്രിക്കന്‍ വര്‍ഗ്ഗങ്ങളുമായി തട്ടിക്കുമ്പോള്‍? അതു കൊണ്ട് വല്ല ചെസ്സോ കൊത്തങ്കല്ലോ കളിച്ചാലും വിരോധമില്ല, നമ്പര്‍ വണ്‍ ആയാല്‍.

(വൈവിധ്യം എന്ന് പറയുമ്പോഴും ഒരു സംശയം : ഇന്ത്യയില്‍ ജിംനാസ്റ്റിക് പരിശീലനം എന്തു കാര്യത്തിനാണ് നടത്തുന്നത്! അനാവശ്യമായ ഇത്തരം പാഴ് വേലകളില്‍ ഏര്‍പ്പെടുന്നതാണ് ക്രിക്കറ്റില്‍ കളയുന്ന സമയത്തേക്കാള്‍ പരിതാപകരം. സ്വന്തം പരിമിതികള്‍ തിരിച്ചറിയണം.)

nedfrine | നെഡ്ഫ്രിന്‍ said...

ചേട്ടനോട്‌ പൂര്‍ണ്ണമായും യോജിക്കന്‍ സാധിക്കുന്നില്ല..
ചേട്ടന്‍റെ അത്ര ലോകപരിചയം ഇല്ലാത്തതുകൊണ്ടാവാം...
എന്നാലും എനിക്കു തോന്നുന്നതു എഴുതുന്നു. ഇഷ്ടപെട്ടില്ലെങ്കില്‍ ക്ഷമിക്കുക.

കളി കാണുന്നതുകൊണ്ടു സമയ നഷ്ടം അതു സമ്മതിക്കാം. പക്ഷെ അവിഹിത ബന്ധങ്ങളുടെ കഥ മാത്രം പറയാറുള്ള സീരിയലുകള്‍ കാണുന്നത് കൊണ്ട്‌ നമ്മുടെ സമൂഹത്തിനു എന്തു പ്രയോജനമാണുള്ളതു?
അതിനെ പറ്റി ആരും ഒന്നും പറയാറുമില്ല. മുതിര്‍ന്ന ആള്‍ക്കാര്‍ വരെ ഇരുന്നു കരയിപ്പിക്കുന്ന സീരിയലുകളും നേരത്തെ ഷൂട്ട് ചെയ്ത റിയാലിറ്റി ഷോകളും കാണുന്നതു കാണുംബോള്‍ എനിക്കും തൊന്നിയിട്ടുണ്ട് - "ഇവരുടെ ഒക്കെ ശരീരം ഇത്രയും വണ്ണിച്ചിട്ടും മനസ്സ് മാത്രം അല്പം പോലും വളര്‍ന്നില്ലല്ലോ" എന്ന്.

സീരിയലിന്‍റെ സമയമനുസരിച്ചു പ്രാര്‍ഥനയുടെ സമയം ക്രമീകരിക്കുന്നവരെയും കണ്ടിട്ടുണ്ട്‌. അതിനെ കാട്ടില്‍ ഒക്കെ ഭേദം എന്തു കൊണ്ടും ക്രികറ്റ് കാണുന്നതല്ലെ?

അതു കളിക്കുന്നതു കൊണ്ട് കുറച്ചെങ്കിലും വ്യയാമം നടക്കുകയും ചെയ്യും.

പിന്നെ "എന്ത് ആസ്വാദനമാണ് ഈ കളികാണലില്‍ നടക്കുന്നത്" എന്നു ചോദിച്ചാല്‍ അതൊക്കെ ഒരോരുത്തരുടെ ഇഷ്ടമല്ലെ? ഇപ്പൊള്‍ എല്ലവരും ഒരെ കാര്യം തന്നെ ആസ്വദിക്കെണം എന്നു നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലല്ലൊ.

ക്രികറ്റ് കണ്ടാല്‍ അതു കളിക്കന്‍ തോന്നും.. വലിയ അപകടമില്ല. എന്നല്‍ ഈ സീരിയലൊക്കെ കണ്ടിട്ടു അതിലെ പോലെ കുട്ടികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ വലിയ അപകടമാണു. അതുകൊണ്ട് ഒരു പ്രയൊജനവുമില്ലാത്ത ഇത്തരം സീരിയലുകളൊക്കെ ആദ്യം നിര്‍ത്തലാക്കൂ.. എന്നിട്ടു ക്രിക്കറ്റിനെ വിമര്‍ശിക്കുന്നതല്ലെ നല്ലതു..

Unknown said...

മറ്റൊരാള്‍/gg, ജീവന്‍, ദില്‍ബു, ദമനകന്‍, വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ...

വിനയന്‍ , ചിത്രകോരന്‍ എന്നിവര്‍ക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി ..

Dear nedfrine, ക്രിക്കറ്റ് കളിക്ക് ഇത്രമാത്രം പ്രാധാ‍ന്യം കൊടുക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല . എന്റെ അഭിപ്രായത്തില്‍ ജനങ്ങള്‍ക്ക് സ്പോര്‍ട്സിലും , കലകളിലും , എല്ലാം ഇന്‍‌വോള്‍‌വ്മെന്റ് ആയിരുന്നു വേണ്ടിയിരുന്നത് . അതായത് ടി.വി.ക്ക് മുന്‍പില്‍ ഇരുന്ന് ആസ്വദിക്കുന്നതിന് പകരും ആളുകള്‍ക്ക് ആടാനും പാടാനും വിവിധകായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയണമായിരുന്നു . നിഴലിനെ കണ്ട് നിജമായിക്കരുതുകയല്ല , നിജമായിത്തന്നെ ഒത്ത് കൂടി ജീവിതം ആഘോഷിച്ചും കളിച്ചും ചെലവഴിക്കാമായിരുന്നു . കലയും സംഗീതവും സ്പോര്‍ട്സും എല്ലാം ഓരോ വ്യക്തിയും ശീലിക്കണമായിരുന്നു . ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ എഴുതുന്നു എന്നേയുള്ളൂ . അതൊന്നും നടപ്പാവുകയില്ല എന്നും എങ്ങിനെയാണോ നടന്നുപോവുന്നത് അങ്ങനയേ നടക്കൂ എന്നുമറിയാമല്ലോ . മനുഷ്യന്റെ രീതികളും സമ്പ്രദായങ്ങളും ഒക്കെ ഇങ്ങനയല്ലാതെ മറിച്ചും ആകാമായിരുന്നു . പിന്നെ ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ എന്ന് ചോദിച്ചാല്‍ അതെ എന്നേ പറയാന്‍ കഴിയൂ . പക്ഷെ അങ്ങനെ സമ്മതിക്കുമ്പോള്‍ സമൂഹത്തിലുള്ള ഒരു കാര്യത്തെക്കുറിച്ചും ആര്‍ക്കും ഒന്നും പറയാന്‍ കഴിയാതെ വരും . നിങ്ങളുടെ ഇഷ്ടങ്ങള്‍ നിങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ടത്താണെന്നും ഇഷ്ടങ്ങള്‍ പുന:പ്പരിശോധിക്കണമെന്നും ആര്‍ക്കും പറയാമല്ലോ . ക്രിക്കറ്റ് കളിക്കിടെ ജനജീവിതം സ്തംഭിക്കുന്ന ഒരു സ്ഥിതിവിശേഷം വരെ നിലവിലുണ്ട് . അത് ഒരു മാസ്സ് ഹിസ്റ്റീരിയ ആണെന്ന എന്റെ അഭിപ്രായത്തില്‍ മാറ്റമില്ല . എല്ലാ കളികള്‍ക്കും തുല്യപ്രാധാന്യം ലഭിക്കണമെന്നും എന്നാല്‍ ഒന്നിനും അമിതപ്രാധാന്യം ലഭിക്കരുതെന്നും എനിക്കഭിപ്രായമുണ്ട് . ഇപ്പോള്‍ മിക്കാവാറും വര്‍ഷം മുഴുവനും ക്രിക്കറ്റ് കളികളുണ്ട് . ആ കളികളില്‍ കാണിക്കുന്ന ശുഷ്കാന്തിയുടേയും പരിഗണനയുടേയും ഒരംശം പോലും നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക കാര്യങ്ങളില്‍ യുവതലമുറ കാണിക്കുന്നില്ല എന്നത് അത്യന്തം അപകടകരമായ ഒരവസ്ഥയാണ് . ക്രിക്കറ്റ് കളിക്കാര്‍ക്ക് കിട്ടുന്ന അംഗീ‍കാരത്തിന്റെ ഒരംശം പോലും ശാസ്ത്രജ്ഞന്മാര്‍ക്കോ , ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കോ മറ്റ് മഹത് വ്യക്തിത്വങ്ങള്‍ക്കോ നല്‍കപ്പെടുന്നില്ല എന്നത് ഒരു സമൂഹത്തിന് ഒട്ടും ഭൂഷണമല്ല . ചുരുക്കത്തില്‍ മനുഷ്യന്‍ ആവിഷ്കരിച്ച പല വിധത്തിലുള്ള കായികവിനോദങ്ങളില്‍ താരതമ്യേന അപ്രധാനമായ ഒരു കളി ഇങ്ങനെ കോടികളുടെ ബിസിനസ്സ് ആയി മാറിയത് എങ്ങനെ എന്നാലോചിച്ചാല്‍ ഞാന്‍ ആദ്യം പറഞ്ഞ മാസ് ഹിസ്റ്റീരിയ എന്ന സാമൂഹ്യമനോരോഗം എന്ന ഉത്തരത്തിലേ ആര്‍ക്കും എത്താന്‍ കഴിയൂ . മനുഷ്യന്‍ ഒരു സാമൂഹ്യസൃഷ്ടിയാണ് . സമൂഹമാണ് മനുഷ്യന്റെ ഇഷ്ടങ്ങളും , അഭിപ്രായങ്ങളും , വിശ്വാസങ്ങളും എല്ലാം രൂപപ്പെടുത്തുന്നത് . സ്വയം ചിന്തിച്ച് ഇഷ്ടങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ക്രിക്കറ്റിനെ ഇന്നത്തെ ക്രിക്കറ്റ് ഭ്രാന്തന്മാരെപ്പോലെ ഇഷ്ടപ്പെടാന്‍ കഴിയില്ല .