2008-02-04

ഞാന്‍ ബ്ലോഗ്ഗറല്ല ; പക്ഷെ എനിക്കൊരു ബ്ലോഗുണ്ട് !

വണ്‍ സ്വാളോ എന്ന ബ്ലോഗ്ഗര്‍ ബ്ലോഗിനെ കുറിച്ച് തന്റെ ബ്ലോഗില്‍ കമന്റിന് മറുപടിയായി എഴുതിയ വാക്കുകളില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തലക്കെട്ട് ഞാന്‍ മെനഞ്ഞത് . എന്ത് കൊണ്ട് നമ്മള്‍ ബ്ലോഗ് ചെയ്യുന്നു എന്ന് ഗൂഗ്‌ളില്‍ സര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്ക് വായിച്ചപ്പോള്‍ എന്തെന്നില്ലാത സന്തോഷം തോന്നി . ബ്ലോഗിന്റെ സാധ്യതകള്‍ അപാരം തന്നെ ! ഞാന്‍ എന്റെ മറ്റൊരു ബ്ലോഗായ ശിഥില ചിന്തകളില്‍ എഴുതിയ ഒരു കമന്റ് ഇവിടെയും കിടക്കട്ടെ !


ബൂലോഗത്തില്‍ പതിവായി നടക്കാറുള്ള വ്യക്തിഹത്യാ കമന്റുകളും പ്രതിഷേധകോലാഹലങ്ങളും ഒരു വര്‍ഷമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍ . പലരും ബ്ലോഗ് പൂട്ടിപ്പോയി . ചിലര്‍ ഇപ്പോഴും കമന്റ് മോഡറേഷന്‍ ഇനേബ്‌ള്‍ ചെയ്തുകൊണ്ട് ബ്ലോഗുന്നു . വാസ്തവത്തില്‍ മലയാളത്തില്‍ ബ്ലോഗുന്ന ഓരോ ആളിന്റേയും തലയ്ക്ക് മേലെ ഡിമോക്ലസ്സിന്റെ വാള് പോലെ വ്യക്തിഹത്യാഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നാണെന്റെ തോന്നല്‍ . ആരെയെങ്കിലും എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് അയാളുടെ വായയില്‍ നിന്ന് അഹിതമായ പദപ്രയോഗങ്ങള്‍ തട്ടിയെടുത്ത് പിന്നീട് ആ പദപ്രയോഗങ്ങള്‍ മുന്‍‌നിര്‍ത്തി അയാളെക്കുറിച്ച് പ്രതി പോസ്റ്റ് ഇറക്കി കമന്റ് വാരിക്കൂട്ടാന്‍ ശ്രമിക്കുന്ന വിരുതന്മാര്‍ ബൂലോഗത്തുണ്ട് എന്ന് ഞാന്‍ സ്വന്തം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട് . പക്ഷേ ഞാന്‍ അതിനിരയായിട്ടില്ല . ഞാന്‍ ആ തന്ത്രത്തെ വിജയകരമായി നേരിട്ടു . എനിക്ക് അഹിതമായ കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഡിലീറ്റുക എന്നത് മാത്രമായിരുന്നു ഞാന്‍ ചെയ്തത് . മറിച്ച് കമായെന്ന് ഒരക്ഷരം മിണ്ടിയില്ല. ഡിലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ എന്നെക്കുറിച്ചുള്ള തെറികള്‍ സഹിതം ബൂലോഗത്ത് പറന്ന് നടന്നു . ഞാന്‍ അതൊക്കെ അവഗണിച്ചു . അങ്ങനെ ഞാന്‍ ആര്‍ക്കും ഇരയായില്ല . ബൂലോഗത്തെക്കുറിച്ച് മതിപ്പുണ്ടെങ്കിലേ എനിക്ക് ഹരികുമാറിന് എതിരേ പ്രതിഷേധിക്കാനാവൂ . ഇനിയിപ്പോ ഞാന്‍ ഇത്രയും പറഞ്ഞത് വെച്ച് കെ.പി.സുകുമാരന്‍ ഇതാ ബൂലോഗത്തെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞ് പ്രതിഷേധക്കൊടുങ്കാറ്റ് എനിക്കെതിരേ തിരിയാം . അതാണ് ബൂലോഗത്തെ ഒരു ട്രെന്‍ഡ് . ഇന്നലെ എനിക്കെതിരെ ഇത്തരം ഒരു ഗൂഢാലാചനയുണ്ടായി . അതേതാണ്ട് ഇപ്രകാരമായിരുന്നു . ഒരു ബ്ലോഗ്ഗര്‍ കാട്ടുപോത്ത് എന്ന പേരില്‍ ഒരു കഥയെഴുതി എന്ന് വയ്ക്കുക . ഞാന്‍ യാദൃച്ഛികമായി ആ കഥ വായിക്കാനിട വരികയും നല്ല കഥ എന്ന് കമന്റുകയും ചെയ്തിരുന്നു എന്നും സങ്കല്‍പ്പിക്കുക . പിന്നീട് ഒരു ദിവസം ഒരു ബ്ലോഗ്ഗര്‍ അകാരണമായി എന്നോട് ചോദിക്കുന്നു വെറുമൊരു നാട്ടു പോത്തായ എന്നെ നിങ്ങള്‍ കാട്ടുപോത്താക്കിയില്ലേ ? എന്നെ കാട്ടുപോത്താക്കിയ കഥയായിരുന്നു അതെന്ന് . ഇപ്രകാരമാണ് ചിലര്‍ ബൂലോഗത്ത് ചതിക്കുഴിയൊരുക്കി ചിലരെ പ്രതിഷേധിക്കാനുള്ള അവസരമുണ്ടാക്കുന്നത് . ഞാന്‍ ബൂലോഗകൂടപ്പിറപ്പാണ് എന്ന് സ്വയം കരുതുന്ന ഏതൊരു ബ്ലോഗ്ഗര്‍ക്കും വരാവുന്ന വിപത്താണിത് . ഹരികുമാറിനെതിരെയല്ല ഈ പോസ്റ്റെന്നും കലാകൌമുദിക്കെതിരെയാണ് ഈ പോസ്റ്റെന്നും പലതവണ അഞ്ചല്‍ക്കാരന്‍ വ്യക്തമാക്കിയിട്ടും ഹരികുമാറിനെ തെറി പറയുന്ന കമന്റുകളല്ലേ ബൂലോഗക്ലബ്ബ് പോസ്റ്റില്‍ ഭൂരിഭാഗവും . ഒരു ഇരയെ സൃഷ്ടിച്ചെടുത്ത് കൊത്തിവലിച്ച് ആഘോഷിക്കുകയെന്ന പ്രവൃത്തി ഹരികുമാര്‍ ചെയ്തതിനേക്കാള്‍ മോശമാണെന്ന് ഞാന്‍ പറയും .

20 comments:

പേര്.. പേരക്ക!! said...

പ്രിയ സുകുമാരന്‍ നായര്‍,
ഹരികുമാര്‍-കലാകൌമുദി വിഷയത്തോടനുബന്ധിച്ച് താങ്കള്‍ എഴുതിയതെല്ലാം വായിക്കുന്നുണ്ട്. ബ്ലോഗില്‍ ആശയങ്ങളുടെ സംവാദങ്ങളായിരിക്കണം എന്ന് താങ്കളെപ്പോലെ ഞാനും വിശ്വസിക്കുന്നു. പക്ഷെ, ഇവിടെ പലപ്പോഴും അതു വ്യക്തിഹത്യയിലേക്ക് നീങ്ങുന്നു എന്നത് ശരിയാണ്. പക്ഷേ, അതിന് നമുക്കെന്ത് ചെയ്യാനാവും? മനുഷ്യസഹജമായ അത്തരം പ്രതികരണങ്ങളെ ഒരാള്‍ എങ്ങനെ നേരിടുന്നു എന്നതാണ് മുഖ്യം. ഒരിക്കല്‍ ഞാന്‍ എനിക്കു തോന്നിയ ചില കാര്യങ്ങള്‍ എന്റെ ബ്ലോഗിലൂടെ പറഞ്ഞപ്പോള്‍, വ്യക്തിഹത്യ അല്ല എന്റെ ഉദ്ദേശ്യം എന്നു തുടക്കത്തില്‍ എഴുതിയിട്ടും,ആ അര്‍ത്ഥത്തില്‍ എടുത്ത് എന്നെ ചീത്ത വിളിച്ചവരുണ്ട് ഇവിടെ.എന്നെ അനുകൂലിച്ച് എന്തോ പറഞ്ഞതിന് താങ്കള്‍ക്കും കേള്‍ക്കേണ്ടി വന്നു എന്നാണോര്‍മ. ഞാനും അന്ന് അവരെ അതേ ഭാഷയില്‍ മറുപടി പറഞ്ഞിരുന്നെങ്കില്‍ ഒരു ഹരികുമാര്‍ ആയി തീര്‍ന്നേനെ. ഞാന്‍ പറയാന്‍ ശ്രമിച്ച വിഷയത്തെ അന്നുമുതല്‍ എനിക്കാവുന്ന വിധത്തില്‍ ശ്രമിച്ചു പോരുന്നുമുണ്ട്. ചിലരൊക്കെ അതൊടെ ഒഴിഞ്ഞുപോയെങ്കിലും,അന്ന് എതിരഭിപ്രായം പറഞ്ഞ പലരും ഇപ്പോള്‍ എന്റെ ബ്ലോഗില്‍ വരികയും കമന്റിടുകയും ചെയ്യുന്നുണ്ട്. അത്രയേ ഉള്ളൂ, നമ്മുടെയൊക്കെ ഓര്‍മയും സൌഹൃദങ്ങളും തമ്മില്‍ തല്ലും എല്ലാം.

ഹരികുമാര്‍ വിഷയത്തില്‍ താങ്കള്‍ സ്വന്തം നിലപാട് വിശദമാക്കിയതാണ്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ, അവസാനം പിന്‍ വലിഞ്ഞത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇനി താങ്കള്‍ പ്രതിപാദിച്ച വിഷയത്തിലേക്ക്, ഗുപ്തന്‍ എന്ന ബ്ലോഗറെ പരസ്യമായി അവഹേളിക്കാന്‍, അദ്ദേഹത്തെ തെരുവുനായയായി ചിത്രീകരിച്ച് ഹരികുമാര്‍ എഴുതിയ കവിതയെക്കുറിച്ച് താങ്കള്‍ എഴുതിയ നല്ലവാക്കുകള്‍ ആണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നതെന്ന് വിശ്വസിക്കട്ടെ. കവിതയുടെ ദ്വയാര്‍ത്ഥം മനസ്സിലാക്കാതെയാണ് താങ്കള്‍ പ്രതികരിച്ചതെങ്കില്‍ തെറ്റൊന്നുമില്ല. പക്ഷേ, അക്ഷരജാലകക്കാരന്റെ വ്യക്തിഹത്യാ ശ്രമം അറിയാമായിരുന്നവര്‍ക്ക് താങ്കളുടെ കമന്റ് ഹരികുമാറിന്റെ നീചമായ കൃത്യത്തെ അനുകൂലിക്കുന്നതായി തോന്നിയത് ആരുടെ കുറ്റമാണ്? ഹരികുമാര്‍ സ്വയം ഇര ആയതാണ്. കോലാഹലങ്ങള്‍ എല്ലാം സ്വയം വരുത്തി വെച്ചതാണ്. കമന്റ് ഓപ് ഷന്‍ നിര്‍ത്തി വച്ചതോടെ എല്ലാം അവസാനിച്ചതായിരുന്നു. പക്ഷേ, വീണ്ടും കൌമുദിയില്‍പ്പോയി ഒരു തെറ്റും ചെയ്യാത്തവരെക്കുറിച്ച് മോശമായി എഴുതി, വടി കൊടുത്ത് അടി മേടിച്ചതാരാണ്? അതില്‍ ബ്ലോഗര്‍മാര്‍ എന്തു തെറ്റു ചെയ്തു? ഇതിനു കൂട്ടു നിന്ന കൌമുദിക്കെതിരെ ഒന്നടങ്കം പ്രതിഷേധിച്ചതോ? കുറേ ആള്‍ക്കാര്‍ ഒരേ പ്രശ്നത്തില്‍ ഒരേ ശബ്ദത്തില്‍ പ്രതികരിച്ചതു കൊണ്ടു മാത്രം ബൂലോക ക്ലബ്ബിനെ പഴിക്കുന്നത് ശരിരാണോ?
അവിടെ കമന്റിട്ട ഞാനടക്കമുള്ള പലരും ക്ലബ്ബിലെ അംഗങ്ങള്‍ പോലുമല്ലെന്ന് അറിയുക.

ഞാന്‍ സ്ഥിരമായി ശ്രദ്ധിക്കുന്ന ചില ബ്ലോഗുകളുണ്ട്, തിരിച്ച് എന്റെ ബ്ലോഗുകള്‍ ശ്രദ്ധിക്കുന്നവരുമുണ്ട്. എന്നാലും ഞാന്‍ ഒരു ഗ്രൂപ്പിലും ക്ലബ്ബിലും അംഗമല്ല, എനിക്ക് ഇവിടെ, ആരെയും പരിചയവുമില്ല.(തുളസിയെ ഒഴിച്ച് , എന്റെ നാട്ടുകാരനായതിനാല്‍ ഒരിക്കല്‍ ഈയിടെ ഫോണില്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്). താങ്കളെപ്പോലെ തന്നെ സ്വന്തം ബ്ലോഗുകള്‍ ഉണ്ടെങ്കിലും ഞാനൊരു ബ്ലോഗറാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. പക്ഷെ, തെറ്റെന്ന് തോന്നുന്നതിനെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കും. പാതി വഴിക്ക് തിരിഞ്ഞോടാറുമില്ല. കമന്റിന്റെ നീളം കൂടിയെങ്കില്‍ ക്ഷമിക്കുക

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ പേരക്ക.... ആദ്യമായി ഒന്ന് പറയട്ടെ, ഞാന്‍ നായരല്ല സാക്ഷാല്‍ തീയ്യന്‍ .. അതെ സുകുമാരന്‍ തീയ്യന്‍ . പക്ഷെ ഇത്തരം ബ്രാന്‍ഡുകളില്‍ എനിക്ക് വിശ്വാസമില്ല . എന്റെ പേരിന്റെ കൂടെ മനുഷ്യന്‍ എന്ന് മാത്രം ചേര്‍ക്കുന്ന ഒരു ബ്രാന്‍ഡ് മാത്രമേ എനിക്ക് ചേരൂ .. !

ബ്ലോഗിലെ വിവാദങ്ങളെ ഞാന്‍ അങ്ങനെ പിന്‍‌തുടരാറില്ലായിരുന്നു . ഹരികുമാറിന്റെ ബ്ലോഗില്‍ പോയതും മനസ്സിനെ നായയായി പ്രതീകാത്മകമായി ചിത്രീകരിച്ച ഒറ്റക്കാരണത്താല്‍ ആ കവിതയില്‍ ആകൃഷ്ടനായി ഒരു കമന്റ് എഴുതിയതും ആകസ്മികമായിരുന്നു . ഞാനത് മറന്നേ പോയിരുന്നു . എന്നാല്‍ ആ കമന്റിന്റെ പേരില്‍ ഒരാള്‍ എന്നെ ശത്രുവായിക്കാണുകയും അയാള്‍ എന്നെ പിന്‍‌തുടരുകയും ചെയ്യുന്നുണ്ടായിരുന്നു എന്ന് ഇന്നലെയാണ് ഞാന്‍ മനസ്സിലാക്കിയത് . ഈ അറിവ് എന്നെ തെല്ലൊന്നുമല്ല്ല വേദനിപ്പിച്ചത് . കാരണം ഞാന്‍ ഇതേവരെ അയാളുടെ ബ്ലോഗ് വായിച്ചിട്ടില്ല , എന്റെ ബ്ലോഗില്‍ അയാള്‍ ഇതേവരെ കമന്റിയിട്ടില്ല . മലയാളം ബ്ലോഗിന്റെ ഏറ്റവും വികൃതവും വിരൂപവുമായ ഒരു മുഖമായി ഞാനീ സംഭവത്തെ കാണുന്നു . ബൂലോഗത്ത് എല്ലാവരും വിചാരിക്കുന്നത് പോലെ ഒരു കൂട്ടായ്മയുണ്ടാവണമെങ്കില്‍ എല്ലാവര്‍ക്കും അഭിമതനായ ഒരു പൊതുശത്രുവിന്റെ സാന്നിദ്ധ്യം അവശ്യം ആവശ്യമാണ് എന്ന നിഗമനത്തിലാണ് ഞാനിപ്പോള്‍ . എനിക്ക് ഇങ്ങനെ ഒരു വിശദികരണം നല്‍കാന്‍ സുദീര്‍ഘമായ കമന്റിലൂടെ അവസരം നല്‍കിയതിന് നന്ദി പറയട്ടെ . സത്യത്തില്‍ “ഹരികുമാര്‍ ഉണ്ടാകുന്നത് ... ” എന്നായിരുന്നു ഈ പോസ്റ്റിന് ഞാന്‍ ആദ്യം മനസ്സില്‍ കണ്ട തലക്കെട്ട് . അത് ശരിയായിരുന്നു എന്ന് സാധൂകരിക്കുന്നു “ ഞാന്‍ മറ്റൊരു ഹരികുമാറാവുമായിരുന്നു ” എന്ന പേരക്കയുടെ ഏറ്റുപറച്ചില്‍ ! ഞാന്‍ എപ്പോഴും ഒരു ന്യൂട്രല്‍ ആയ നിലപാട് തറയില്‍ നിന്ന് കമന്റുന്നതിനാല്‍ പേരക്കയുടെ ബ്ലോഗില്‍ നിന്നും എനിക്ക് കിട്ടിയത് ഓര്‍മ്മയുണ്ടല്ലോ . ഞാന്‍ ഇങ്ങനെയുള്ളത് എല്ലാം അപ്പപ്പോള്‍ മറക്കുകയാണ് പതിവ് . ബൂലോഗക്ലബ്ബില്‍ നിന്ന് പിന്‍‌വാങ്ങാനും കാരണം ഇതാണ് . ആക്രമണോത്സുകരായി പാഞ്ഞടുക്കുന്ന ബ്ലോഗ്ഗര്‍മാറുടെ അടുത്ത് ന്യൂട്രലില്‍ പറഞ്ഞ് നില്‍ക്കാന്‍ കഴിഞ്ഞില്ല . മൃദുവായ സ്വരത്തില്‍ വിയോജനക്കമന്റ് എഴുതിയ രാജേഷിനെ അവിടെ ഹരികുമാറിന്റെ ആളാക്കി മറ്റിയ ചെപ്പടി വിദ്യ ശ്രദ്ധിച്ചോ ? മനസ്സ് എന്ന അനോണി ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാന്‍ ബൂലോഗക്ലബ്ബ് പോസ്റ്റില്‍ വന്നത് തന്നെ . മനസ്സില്‍ കുരുട്ട് ചിന്ത ഒന്നുമില്ലാത്തത് കൊണ്ട് എന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് എന്നെയും പ്രതിസ്ഥാനത്ത് ചേര്‍ക്കാനുള്ള തന്ത്രമായിരുന്നോ എന്ന് സംശയിക്കുന്നു . യാഹൂ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ ചോദിച്ചു : “ മലയാളം ബ്ലോഗ്ഗേര്‍സിന് ഒരു എത്തിക്സ് വേണ്ടേ ?” എന്ന് . അന്ന് ആ ചോദ്യവും പരിഹസിക്കപ്പെട്ടു . ഇപ്പോള്‍ ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു : എന്റെ ആ ചോദ്യം നേരിടാനുള്ള ആര്‍ജ്ജവം ബൂലോഗത്തിന് എന്ന് കൈവരും ?

നന്ദി പേരക്ക , ഒരുപാട് സ്നേഹവും !!

പേര്.. പേരക്ക!! said...

മാപ്പ്, പേര് തെറ്റിച്ചെഴുതിയതില്‍. സാര്‍ എന്ന് മനസ്സില്‍ നിനച്ചത് എഴുതി വന്നപ്പോള്‍ തെറ്റി.

താങ്കളുടെ അവസ്ഥ കുറച്ചൊക്കെ മനസ്സിലായി.
പക്ഷേ, ന്യൂട്രല്‍ ആയി അഭിപ്രായം പറയുന്നത് പറയാതിരിക്കുന്നതിന് തുല്യമല്ലേ? please yourself first and then please others എന്നാരോ പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് പറയാനുള്ളത് തുറന്നു പറയണം സാര്‍. എല്ലാവരേയും സന്തോഷിപ്പിക്കുവാന്‍ നമുക്കാവുമോ?

മന്‍സുര്‍ said...

ശ്രീ.സുകുമാരന്‍ മാഷേ...

അവസാനം നായരും..തിയ്യനുമൊക്കെ പറയേണ്ട അവസ്ഥ വരെ എത്തിയോ കര്യങ്ങള്‍. ലോകകാര്യങ്ങള്‍ അധികമായി ഒന്നുമറിയാത്തൊരാളാണ്‌ ഞാന്‍.
അത്‌ കൊണ്ട്‌ വലിയ കര്യങ്ങളിലും..വിഷയങ്ങളിലും അധികമായി കമാന്റ്‌ ഇടാറില്ല.
പിന്നെ ഞാന്‍ മനസ്സിലാക്കിയോടത്തോളം അഞ്ചല്‍ക്കാരന്റെ പോസ്റ്റ്‌ ബ്ലോഗ്ഗിനെ ആക്ഷേപിച്ചു കൊണ്ടുള്ള ഹരികുമാറിന്റെ കൌമുദിയിലെ കുറിപ്പിനെ കുറിച്ചാണെങ്കില്‍ തീര്‍ച്ചയായും അത്‌ കൌമുദിയേ പോലെ തന്നെ ഹരികുമാറിനും ബാധകമാണ്‌.
അപ്പോ ഹരികുമാര്‍ ഇതില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നില്ല.

പിന്നെ അനോണി കമന്‍റ്റുകള്‍ക്ക്‌ കൊടുക്കുന്ന പ്രാധാന്യം..ഹരികുമാറിന്‌ മറുപടി കൊടുക്കുന്ന പഴയ കാല ബ്ലോഗ്ഗര്‍മാരുടെ കമന്‍റ്റുകളും ശ്രദ്ധിക്കണമായിരുന്നു.
അല്ലാതെ ചില ഒറ്റപ്പെട്ട അനോണി കമാന്‍റ്റുകളില്‍ പിടിച്ച്‌ അതിന്‌ മറ്റ്‌ പല അനോണിയില്‍ വന്ന്‌ മറുപടി കൊടുക്കുന്ന രീതിയും ശരിയല്ല.

ആര്‍ക്കും തന്റെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന്‌ പറയാമെന്നിരിക്കെ ഇത്തരം അനോണി കമന്‍റ്റുകള്‍ ഞാന്‍ ശ്രദ്ധികാറില്ല.
നേരത്തെ ഞാനിട്ട കമാന്‍റ്റില്‍ സൂച്ചിപ്പിച്ചിരുന്നു. ഹരികുമാറിന്റെ ചില കാഴ്‌ചപ്പാടുകളോട്‌ യോജിപ്പുണ്ടായിരുന്നെങ്കിലും...ഈ ഒരൊറ്റ കുറിപ്പിലൂടെ ബ്ലോഗ്ഗില്‍ ഉള്ള എല്ലാവരും വെട്ടുകിളികള്‍ ആണെന്ന നിലപ്പാട്‌ മോശമായി പോയി.

ഇതിന്‌ മുന്‍പ്പും ഇത്തരം ചില ഹരികുമാര്‍ സ്റ്റൈല്‍ വിമര്‍ശനങ്ങളും,എതിര്‍പ്പുകളും ഇവിടെ കാണേണ്ടി വന്നിട്ടുണ്ട്‌..പക്ഷേ അവരൊക്കെയും ഇന്നും വളരെ സജീവമായി ബ്ലോഗ്ഗില്‍ തുടരുന്നു

കേവലം ബ്ലോഗ്ഗ്‌ ശ്രദ്ധിക്കാതെ പോയത്‌ കൊണ്ടാണോ ഇദേഹം ഒറ്റയാള്‍ പോരാട്ടത്തിന്‌ തയാറെടുത്തത്‌...അതോ ബ്ലോഗ്ഗിലെ ചിലരെ കുത്തി നോവിക്കാനോ..

പിന്നെ കമന്‍റ്റുകളില്‍ ഹരികുമാറിനെതിരെ പ്രതിഷേദിച്ചതു, അയളോട്‌ വ്യക്തിപരമായി യാതൊരു ബന്ധവുമില്ലാത്ത ഞങ്ങള്‍ ബ്ലോഗ്ഗേര്‍സ്സാണ്‌. അപ്പോല്‍ ബ്ലോഗ്ഗിനെതിരെ പ്രതികരിച്ച ഒരാള്‍ക്ക്‌ നേരെ കമന്റിലൂടെ ഞങ്ങളുടെ എതിര്‍പ്പ്‌ പ്രകടമാക്കുന്നത്‌ തെറ്റാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല.

ഒന്‍പത്‌ മക്കളും നന്ന്‌ പക്ഷേ ഒരെണ്ണം തല തിരിഞ്ഞ്‌
കുടുംബത്തിനെ പറയിപ്പിക്കാന്‍ ഒന്ന്‌ പോരെ

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

ശ്രീ.സുകുമാരന്‍ മാഷേ...

പിന്നെ അനോണി കമന്‍റ്റുകളെ കുറിച്ച്‌ ഞാന്‍ പറഞ്ഞു വന്നത്‌
താങ്കളെ ഉദേശിച്ചല്ല. മറിച്ച്‌ ഈ വിഷയത്തോട്‌ അനോണി കമന്‍റ്റുകളില്‍ പ്രതികരിക്കുന്നവരെ കുറിച്ചാണ്‌ സൂചിപ്പിച്ചത്‌....മനസ്സിലാകുമെന്ന്‌ കരുതുന്നു

നന്‍മകള്‍ നേരുന്നു

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പേരക്കയോട് യോജിക്കുന്നു .. നമുക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ കഴിയില്ല ,അത് പക്ഷെ ആശയസംഘട്ടനത്തില്‍ ..! ഒരു തര്‍ക്കത്തില്‍ രണ്ടു പക്ഷത്തുമുള്ള ന്യാ‍യാന്യായത വിലയിരുത്തുമ്പോള്‍ എനിക്ക് പലപ്പോഴും ന്യൂട്രല്‍ ആവാനേ കഴിയാറുള്ളൂ .. ഓക്കെ .. ആദരവിന് ഒരിക്കല്‍ കൂടി സ്നേഹപൂര്‍വ്വം നന്ദി .

പ്രിയ മന്‍സൂര്‍ ,
മന്‍സൂറിന്റെ കമന്റുകള്‍ ശ്രദ്ധിക്കാറുണ്ട് .. വായനയ്ക്കും കമന്റിനും നന്ദിയും സ്നേഹവും ...

കാഴ്‌ചക്കാരന്‍ said...

സാറിന്റെ സത്യസന്ധമായ വരികള്‍ ഏറെ ശ്രദ്ധയോടെ വായിച്ചു. നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ എല്ലാ സ്വഭാവ വൈവിദ്ധ്യങ്ങളും ബ്ലോഗെഴുത്തുകാരിലും കാണില്ലെ. അതിനത്രത്തോളം ഗൗരവം കണ്ടാല്‍ പോരേ. ഇവിടെ മാത്രം ഒരു എത്തിക്‌സ്‌ സാദ്ധ്യമാണോ. മറിച്ചാണെങ്കില്‍ അതിനായി അധികാര പ്രയോഗങ്ങളുമായി ആരെങ്കിലും കടന്നു വരണം. അതാണോ നല്ലത്‌ ? വിമര്‍ശനം ഉന്നയിക്കുന്നവര്‍ തിരിച്ചു തനിക്കെതിരെ വരുന്ന വിമര്‍ശങ്ങളേയും ഉള്‍കൊള്ളാനുള്ള സന്നദ്ധത പ്രകടിപ്പിക്കേണ്ടേ. അതല്ലേ മാന്യത.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത തീര്‍ച്ചയായും ഏതൊരാള്‍ക്കും വേണ്ടതാണ് കാഴ്ചക്കാരാ ... നമ്മുടെ ചൂണ്ടുവിരല്‍ ഒരാളുടെ നേര്‍ക്ക് നീട്ടുമ്പോള്‍ നാല് വിരലുകള്‍ നമ്മുടെ നേര്‍ക്ക് നീളുന്നുണ്ട് എന്ന് ഞാന്‍ ബൂലോഗക്ലബ്ബ് പോസ്റ്റില്‍ പറഞ്ഞിരുന്നു . പൊതുവെ യുക്തിചിന്താപരമായ പോസ്റ്റുകള്‍ എഴുതുന്നത് നിമിത്തം എനിക്ക് പലരുമായും പിണങ്ങേണ്ടി വന്നിട്ടുണ്ട് . അതിനാല്‍ ഞാന്‍ വിവാദങ്ങളില്‍ പെടാതെ ശ്രദ്ധിക്കാറുണ്ടായിരുന്നു . ഈ അക്ഷരജാലകവിവാദത്തില്‍ ഞാന്‍ അറിയാതെ വലിച്ചിഴക്കപ്പെടുകയായിരുന്നു .

ബ്ലോഗ്ഗേര്‍സ് സ്വയം ഒരു നിയന്ത്രണം ശീലിക്കുകയാണ് വേണ്ടത് . എത്തിക്സിനെ പറ്റി ഞാന്‍ ചോദിച്ചു എന്നേയുള്ളൂ . നമ്മുടെ സാമൂഹ്യ പരിസരങ്ങളിലും വ്യക്തിബന്ധങ്ങള്‍ ഇപ്പോഴൊക്കെ കുഴഞ്ഞു മറിഞ്ഞതാണ് . മൂന്നാള്‍ കൂടിയാല്‍ നാലാമതൊരാളെക്കുറിച്ച് പരദൂഷണം പറയുന്നു . പിന്നീട് മൂന്നാമന്‍ യാത്ര ചോദിച്ച് പിരിഞ്ഞാല്‍ ബാക്കിയുള്ള രണ്ട് പേര്‍ പോയവനെപ്പറ്റി യഥേഷ്ടം വദന്തികള്‍ മെനഞ്ഞുണ്ടാക്കുന്നു . ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഒരു ചുറ്റുപാടില്‍ ജീവിക്കുന്ന ഇന്നത്തെ ആളുകള്‍ക്ക് ജീവിതത്തില്‍ മന:സമാധാനമോ സന്തോഷമോ ഇല്ല. എങ്ങോട്ടോ ദിശ മാറിപ്പോയി നമ്മുടെ സമൂഹത്തിന്റെ ഗതി . ഇതിലൊന്നും വിലപിച്ചിട്ട് കാര്യമില്ല . ഇതൊക്കെ ബ്ലോഗിലും പ്രതിഫലിക്കും . വായനയ്ക്കും ആദരവിനും നന്ദിയും സ്നേഹവും ...

തറവാടി said...

സുകുമാരേട്ടാ,

ബ്ലൊഗ് എനിക്കൊരു തമാശ മാത്രമാണെന്ന് പറയുകയും അതേ സമയം അതിനമിത പ്രാധാന്യം കൊടുക്കുന്നതുമാണ് ഇവിടെയൊക്കെ പ്രശ്നമെന്നു ഞാന്‍ മനസ്സിലാക്കുന്നത്.

ബ്ലൊഗില്‍ എഴുതാനും , വായിക്കാനും കമന്‍‌റ്റാനും തുടങ്ങി കുറെ കാലത്തിന് ശേഷം
' എന്താണ് ബ്ലോഗ് , ഓ ഇതാണല്ലെ ബ്ലോഗ് ' എന്ന തിരിച്ചറിവുണ്ടാകുമ്പൊളാണ് പലതും കൈ വിട്ടു പോകുന്നതും.

പിന്നെ എതിക്സ് ഉള്ള ബ്ലോഗെര്‍സും ഉണ്ടെന്ന് താങ്കള്‍ മനസ്സിലാക്കണം എന്നുതന്നെയാണെന്റെ അഭിപ്രായം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുകുമാരേട്ടാ, ഞാന്‍ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്‌ താങ്കള്‍. ഹരികുമാരിന്റെ ബ്ലോഗുകളോ, കലാകൗമുദിയില്‍ അച്ചടിച്ചു വരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികളോ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റും ഇട്ടിട്ടില്ല. അദ്ദേഹം എഴുതിയതെന്തെങ്കിലും ആദ്യമായി വായിച്ചത്‌ അഞ്ചല്‍ക്കാരന്‍ ഇട്ട പോസ്റ്റിലെ സ്കാന്‍ ചെയ്ത പേജാണ്‌. എന്നാല്‍ സ്ഥിരമായിട്ടല്ലെങ്കിലും, ലാപുടയേയും, വിത്സന്റേയും ബ്ലോഗുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. എനിക്ക്‌ ബൂലോകത്തിലെ മെംബര്‍ഷിപ്പുമില്ല, പക്ഷേ ആ പേജുകളില്‍ ഹരികുമാര്‍ യാതൊരടിസ്ഥാനവുമില്ലാതെ, ലാപുട,ഹേമ,ചിത്രകാരന്‍ എന്നീ ഊരും പേരുമൊന്നുമില്ലാത്ത ബ്ലോഗര്‍ ഐഡികള്‍ തെറിവിളിക്കാനായി മാത്രം ഉണ്ടാക്കിയതാണെന്ന് എഴുതുകയും, സ്വയം അവതാരികയെഴുതി കവിതയെഴുതാന്‍ അറിയുന്നവനെന്ന് അംഗീകരിച്ച വിത്സനെക്കുറിച്ച്‌ തനിക്ക്‌ അനുകൂലമായി കമന്റിടാത്തതിനാല്‍ 'ഒരുവരിയെങ്കിലും നേരേചൊവ്വേ എഴുതാനറിയാത്ത..' എന്നര്‍ത്ഥത്തില്‍ പറയുകയും ചെയ്തപ്പോള്‍ അതു പ്രസിദ്ധീകരിച്ച കൗമുദിയേക്കാളും ഉള്ളതുപറയാമല്ലോ എനിക്ക്‌ ദേഷ്യം തോന്നിയെന്നത്‌ മറച്ചുവെക്കാന്‍ കഴിയാത്ത സത്യം മാത്രമാണ്‌. അതുകൊണ്ടാണ്‌ ആവിഷയത്തെക്കുറിച്ചുള്ള എന്റെ കമന്റില്‍ അദ്ദേഹത്തെ ശക്തമായി തന്നെ വിമര്‍ശിച്ചത്‌.അതില്‍ എനിക്ക്‌ തെല്ലും ദു:ഖമില്ല. പറയാനുള്ളത്‌ ആരുടെനേര്‍ക്കായാലും സത്യസന്ധമായി പറയുക എന്നത്‌ എന്റെ ശീലമാണ്‌. അതിന്റെ പേരില്‍ ധാരാളം നല്ല സുഹൃത്തുക്കളെ പലപ്പോഴും വിഷമിപ്പിച്ചിട്ടുമുണ്ട്‌. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചിലര്‍ക്കുവേണ്ടി, ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹരികുമാറിനെ വിമര്‍ശിച്ചതും അതുപോലെ തന്നെ.താങ്കള്‍ ഈ പറഞ്ഞ രാജേഷ്‌ ഒന്നുകില്‍ വ്യത്യസ്തതകൊണ്ട്‌ ശ്രദ്ധനേടാന്‍ ശ്രമിച്ചു അല്ലെങ്കില്‍ ഹരികുമാറിനോടുള്ള വ്യക്തിബന്ധം അന്ധമായി അദ്ദേഹത്തെ പിന്താങ്ങാന്‍ ശ്രമിച്ചു എന്നത്‌ നിഷ്പക്ഷമായി നോക്കുന്ന ഏതൊരാള്‍ക്കും തോന്നേണ്ടതാണ്‌. അല്ലെങ്കില്‍ ഹരികുമാറിന്റെ ലാലുടയേയും വിത്സനേയുമൊക്കെ അപഹസിച്ചതില്‍ എന്തുകൊണ്ട്‌ ഈ രാജേഷ്‌ ഒരഭിപ്രായവും പറഞ്ഞുകണ്ടില്ല? അല്ലെങ്കില്‍ ലാപുട എന്ന ഐഡി തെറിപറയാന്‍ ഉണ്ടാക്കിയതാണെന്നുള്ള ഹരികുമാറിന്റെ ആക്ഷേപത്തോടുള്ള 'രാജേഷി'ന്റെ അഭിപ്രായംവ്യക്തമാക്കട്ടെ. ഏതായാലും ഞാന്‍ ഇക്കാര്യത്തില്‍ പക്ഷപാതിയാണ്‌(ഹരികുമാറിനോടൊപ്പമല്ല). ഭൂരിപക്ഷം എങ്ങനെയെന്നുനോക്കി അഭിപ്രായം പറയുന്ന സ്വഭാവവും എനിക്കില്ല. പക്ഷേ പറയാനുള്ളത്‌ പറഞ്ഞാല്‍ കഴിഞ്ഞു. അത്രതെന്നെ, പിന്നെ അത്‌ മനസ്സില്‍ ചുമന്നുകൊണ്ട്‌ നടക്കുന്ന സ്വഭാവവും എനിക്കില്ല. ചിലപ്പോള്‍ നാളെ ഹരികുമാര്‍ തന്നെ നാളെ എനിക്കിഷ്ടപ്പെട്ട ഒരു പോസ്റ്റിട്ടാല്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു എന്നും വരും. അതുപോലെ തന്നെ എനിക്കിഷ്ടപ്പെട്ടതായാലും അല്ലെങ്കിലും മറ്റൊരാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു. താങ്കള്‍ക്ക്‌ ശരിയെന്ന് തോന്നുന്നത്‌ താങ്കള്‍ പറയുക. അത്‌ ഇനി എനിക്ക്‌ യോജിക്കാനാകാത്തതായാല്‍ പോലും, അതു പ്രകടിപ്പിക്കാനുള്ള താങ്കളുടെ അവകാശത്തോടൊപ്പം ഞാന്‍ ഉണ്ടാകും. സ്നേഹാദരങ്ങളോടെ,

സുഗതരാജ് പലേരി said...

സുകുമാരേട്ടാ,
താങ്കളുടെ ഹരികുമാര്‍/കലാകൌമുദി വിഷയത്തിലുള്ള ന്യൂട്ട്രല്‍ നിലപാടിനോടും, പോസ്റ്റിനോടുമുള്ള എന്‍റെ വിയോജിപ്പ് ഖേദത്തോടെ രേഖപ്പെടുത്തുന്നു :(

ഓ.ടോ: "മൃദുവായ സ്വരത്തില്‍ വിയോജനക്കമന്റ് എഴുതിയ രാജേഷിനെ......."

മൃദുവായ സ്വരത്തിലുള്ള സംസാരമായിരുന്നുവോ രാജേഷിന്‍റേത്? മറ്റ് കമന്‍റുകളിലെ വാചകങ്ങളെ തന്‍റെ സൌകര്യത്തിനു വേണ്ടി മുറിച്ചുപയോഗിച്ചുകൊണ്ടും, അവിടെ വിയോജനക്കുറിപ്പെഴുതിയ ചിലരെ പരസ്യമായി വിമര്‍ശ്ശിച്ചുമെഴുതിയ ആ കമന്‍റെങ്ങനെ "മൃദുവായ സ്വരത്തില്‍ വിയോജനക്കമന്‍റെന്ന്" വായിക്കാനാവും.
രാജേഷിന്‍റെ പ്രശ്നം അവിടെത്തന്നെ ചര്‍ച്ച ചെയ്യട്ടെ അല്ലേ! :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ തറവാടി ...ബ്ലോഗ്ഗേര്‍സില്‍ എതിക്സ് ഉള്ള വര്‍ തന്നെയാണ് കൂടുതല്‍ .. എന്നാല്‍ വേഷപ്രച്ഛന്നരായും അനോണിയായും വന്ന് ശല്യം ചെയ്യുന്നവരുമുണ്ട് .. അത് പിന്നെ ഇത്തരം ഒരു മാധ്യമത്തില്‍ സഹിച്ചേ പറ്റൂ ...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ഷാനവാസ് .. സുദീര്‍ഘമായ കമന്റിന് നന്ദി .. ഹരികുമാര്‍ പ്രശ്നം നമ്മള്‍ കുറെ ചര്‍ച്ച ചെയ്തല്ലോ .. അത് അതിന്റെ പര്യവസാനത്തിലേക്ക് എത്തുകയാണല്ലോ . ഇനി കാത്തിരുന്ന് കാണാം . എനിക്ക് ഒരു ഖേദമുള്ളത് , ഈ പ്രശ്നത്തില്‍ വളരെ രൂക്ഷമായി പ്രതികരിക്കുന്ന പലരും മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകളിലൊന്നും തിരിഞ്ഞു നോക്കാറില്ലല്ലോ . അത്തരം സാമൂഹിക പ്രശ്നങ്ങള്‍ അവരെ ബാധിക്കുന്നില്ലല്ലോ എന്നാ‍ണ് ..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ സുഗതരാജ് ... അതെ പ്രശ്നങ്ങള്‍ അവിടെ ചര്‍ച്ച ചെയ്ത് പരിഹൃതമാവട്ടെ .. നമ്മളെ വേട്ടയാടാന്‍ പ്രശ്നങ്ങളും വിവാദങ്ങളും ഒന്നിന് പിറകേ മറ്റൊന്നായി വന്നുകൊണ്ടേയിരിക്കുന്നുണ്ടല്ലോ ...:)

rajesh said...

വേണ്ട വേണ്ടാ എന്നു വിചാരിച്ചിരിന്നിട്ടും എന്റെ പേര്‍ വലിച്ചിഴച്ച്‌ എന്നെക്കൊണ്ട്‌ ഓരോന്നെഴുതിക്കും ;-)


"ഒന്നുകില്‍ രാജേഷ്‌ വ്യത്യസ്തതകൊണ്ട്‌ ശ്രദ്ധ നേടാന്‍ ശ്രമിച്ചു അല്ലെങ്കില്‍ ഹരികുമാറിനോടുള്ള വ്യക്തിബന്ധം കാരണം പിന്താങ്ങാന്‍ ശ്രമിച്ചു"

എത്ര ആലോചിച്ചിട്ടും രാജേഷിനു തന്നെത്താനെ ഒരഭിപ്രായം ഉണ്ടായി എന്നു തോന്നുന്നില്ല അല്ലേ, സാര്‍? അതെങ്ങനാ എല്ലാരും നമ്മളെപ്പോലെ എന്നല്ലേ നമുക്ക്‌ തോന്നൂ !

എന്താ ചെയ്ക ? ഒന്നു വ്യത്യസ്ഥനാകാം എന്നു വിചാരിച്ച്‌ രണ്ട്‌ എതിരഭിപ്രായം ഇട്ടപ്പോള്‍ ആര്‍ക്കും അങ്ങോട്ട്‌ ഇഷ്ടപ്പെടുന്നില്ല .

എന്റെ ആത്മ സുഹൃത്ത്‌ ആയ ഹരികുമാറിനെപറ്റി പറയുന്നത്‌ കേട്ടപ്പോള്‍ എനിക്കെന്തോ ഒട്ടും സഹിച്ചില്ല ;-)

"എന്തുകൊണ്ട്‌ ലാപുടയെയും മറ്റും തെറി പറഞ്ഞതിനെ രാജേഷ്‌ എതിര്‍ക്കുന്നില്ല എന്നും താങ്കള്‍ക്ക്‌ സംശയം-- രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്‌

ഒന്ന് - എന്റെ കവിതയിലുള്ള അഗാഥ കഴിവ്‌ എന്റെ കവിത ബ്ലൊഗില്‍ നിന്നു മനസ്സിലാക്കാവുന്നതെ ഉള്ളു.

രണ്ട്‌- എനിക്കിവരുടെ രണ്ടുപേരുടെയും കവിത വലുതായിട്ടൊന്നും ഇഷ്ടപ്പെട്ടില്ല എന്നു പറയാന്‍ ഒരു പേടിയുമില്ല.(മനസിലാവാത്തതുകൊണ്ട്‌ ആയിരിക്കും അല്ലേ?)

എന്നെപോലെ ഹരികുമാറിനും അതൊന്നും ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കും അവരെ തെറി പറഞ്ഞത്‌ എന്ന് ഞാന്‍ കലാകൗമുദി വായിക്കുന്നവരില്‍പ്പെട്ട ഒരാളായിരുന്നെങ്കില്‍ എനിക്ക്‌ തോന്നിയേനെ. കഷ്ടകാലത്തിന്‌ ഞാന്‍ ആ വാരിക വായിക്കാറില്ല.

മൂന്നാമതായിട്ട്‌ "രാജേഷിന്റെ കമന്റില്ലാത്ത ബ്ലോഗോ, ഛായ്‌ ലജ്ജാവഹം എന്നും പറഞ്ഞ്‌ ഓടി നടന്ന് കമന്റുന്ന സ്വഭാവം എനിക്കില്ല. ഈ ഒരു വര്‍ഷമായിട്ട്‌ വളരെക്കുറച്ച്‌ ബ്ലോഗുകളെ വായിക്കണമെന്നു തോന്നിയിട്ടുള്ളു. അതില്‍ക്കുറച്ചെണ്ണത്തിനേ കമന്റണമെന്നു തോന്നിയിട്ടുള്ളു. അങ്ങനെ തോന്നിയതില്‍ തന്നെ വളരെക്കുറച്ചെണ്ണത്തിനെ കമന്റ്‌ എഴുതി പോസ്റ്റ്‌ ചെയ്യുന്ന ലെവല്‍ വരെ എത്തിയിട്ടുള്ളു.

സമാധാനമായോ ?

ഇനിയിപ്പം കെന്നഡിയെ വെടി വച്ചതാര്‌, ഹിറ്റ്‌ലര്‍ ശരിക്കും മരിച്ചോ , സുഭാഷ്‌ ചന്ദ്ര ബോസിനെന്തു പറ്റി എന്നിങ്ങനെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും കൂടി "നിഷ്പക്ഷതയോടെ നോക്കുന്നലോകത്തിന്റെ മുന്നില്‍ ബാക്കിയുണ്ട്‌.

rajesh said...

;-)

ഷാനവാസ്‌ ഇലിപ്പക്കുളം said...

രാജേഷ്‌ സാറേ താങ്കള്‍ വല്ലതെ തെറ്റിദ്ധരിച്ചു.മാത്രമല്ല മറ്റുള്ളവരെ വെറുതേ തെറ്റിദ്ധരിപ്പിക്കാന്‍ വൃധാ ശ്രമിക്കുകയും ചെയ്യുന്നു. കാരണം താങ്കളോട്‌ ലാപുടയുടേയും, വിത്സന്റേയുമൊന്നും കവിതവായിച്ച്‌ അവരെ പുകഴ്തണമെന്നോ, അവര്‍ക്ക്‌ വല്ല അവാര്‍ഡും കൊടുക്കണമെന്നോ അല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഞാന്‍ ഒരു വലിയ കവിതാസ്വാദകനോ, കവിതാനിരൂപകനോ ഒന്നുമല്ലെങ്കിലും അവിടെ ചര്‍ച്ചചെയ്തിരുന്നവര്‍ വളരെ വ്യക്തമായി മലയാളത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്‌ "ലാപുട" എന്നയാള്‍ ഒരിക്കലും ഹരികുമാരനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു കമന്റുപോലും എഴുതിയിട്ടില്ലെന്നുള്ളത്‌, അങ്ങനെ യുള്ള ഒരാളുടെ ഐഡി തെറിവിളിക്കാനായി മാത്രം ഉണ്ടാക്കിയത്‌ എന്ന് കണ്ണുമടച്ച്‌ നമ്മുടെ ഹരികുമാരന്‍ പറയുമ്പോള്‍ ഒന്നുകില്‍ ഈപറയുന്ന ഹരികുമാരനെ ലാപുട തെറി വിളിച്ചിട്ടുണ്ടാകണം, ഒരുപക്ഷേ അതിനോട്‌ പ്രതികരിക്കാത്ത താങ്കള്‍ക്കും അറിയുമായിരിക്കും അത്‌. ഏതായാലും അതെനിക്കറിഞ്ഞൂടാ. അതിനെക്കുറിച്ച്‌ താങ്കള്‍ക്ക്‌ ഒന്നും പറയാനുണ്ടായിരുന്നില്ല. നിക്ഷ്പക്ഷനായി പറയുന്നയാളാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരഭിപ്രായംകാണാതെ പോകില്ലല്ലോ.

താങ്കളുടെ രണ്ടാമത്തെ ഉത്തരം വായിച്ചാല്‍തോന്നുക ഹരികുമാരന്‍ ലാപുടയുടെ കവിതവായിച്ചിട്ട്‌ കലാകൗമുദി വഴി ഒരു നിരൂപണസാഹിത്യമെഴുതിയെന്നാണ്‌, എന്നാല്‍ അതല്ല സംഭവമെന്ന് അച്ചരത്തെറ്റില്ലാത്ത കൗമുദിയുടെ പേജുകള്‍ അവിടെ ഇട്ടിട്ടുണ്ടല്ലോ അതു വായിച്ചാല്‍ മനസ്സിലാകുന്നവര്‍ക്കൊക്കെ മനസ്സിലാകും. അല്ലാതെ ചുമ്മാ അരിയെത്രയെന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നല്ല സാറേ മറുപടി പറയേണ്ടത്‌. പിന്നെ, താങ്കളുടെ പേര്‌ വലിക്കാനോ ഇഴക്കാനോ ഒന്നും ഉദ്ദേശിച്ചിരുന്നില്ല. സുകുമാരേട്ടന്‍ 'മൃദുസ്വരത്തില്‍' സംസാരിക്കുന്ന ഒരാളായി താങ്കളെ വിശേഷിപ്പിച്ചുകണ്ടപ്പോള്‍ അതേക്കുറിച്ചെനിക്ക്‌ തോന്നിയത്‌ പറഞ്ഞു അത്രതന്നെ. പിന്നെ ഞാനിട്ട ഒരു കമന്റിനെക്കുറിച്ചു പറയുമ്പോള്‍ എന്റെ കമന്റുമാത്രം എടുത്തുദ്ധരിക്കുക, അപ്‌ഹോള്‍സ്റ്ററിയോ ഡെക്കറേഷനോ ഒന്നും ആവശ്യമില്ല! അതും ഞാനിട്ട കമന്റ്‌ അങ്ങനെതന്നെ തൊട്ടുമുകളില്‍ കിടക്കുമ്പോള്‍ ;) പിന്നെ എനിക്ക്‌ ധാരാളം സമയമുള്ളതുകൊണ്ടും ഒരുപാട്‌ ബ്ലോഗുകള്‍ വായിക്കുന്നതിനാലും, സ്വന്തം നിലയില്‍ അഭിപ്രായം ഉള്ളതിനാലും ;) അതു പറയണം എന്നുതോന്നുന്നിടത്ത്‌(കമന്റ്‌ ഓപ്ഷന്‍ ഉള്ളിടത്ത്‌) കമന്റുകതന്നെചെയ്യും.അതിന്‌ ആരുടേയും സമ്മതപത്രമൊന്നും ആവശ്യമില്ല ;) എന്നുവിചാരിച്ച്‌ ഹരികുമാരന്മാരുടെ പോലെയുള്ള പോസ്റ്റുകളില്‍ കമന്റാന്‍ എന്നെക്കിട്ടില്ല ;) കൂടുതലൊന്നും ഇക്കാര്യത്തില്‍ പറയാനില്ലാത്തതിനാല്‍ ഇനി ഈ വിഷയത്തില്‍ ഇവിടെ പ്രതികരണമില്ല.;)

സുകുമാരേട്ടാ ക്ഷമിക്കുക, താങ്കളുടെ പോസ്റ്റില്‍ ആവശ്യമില്ലാതെ ഒരു കമന്റെഴുതേണ്ടി വന്നതില്‍ ഖേദമുണ്ട്‌.

സൂരജ് said...

അഭിപ്രായങ്ങളുള്ളിടത്തല്ലേ അഭിപ്രായ വ്യത്യാസവുമുണ്ടാകൂ.

വിവാദങ്ങളില്‍ വീഴാതെ ദൌത്യവുമായി മുന്നോട്ട് പോകൂ എന്ന് എനിക്ക് ധൈര്യം തരാറുള്ള സുകു മാഷാണോ ഇത് ?

അഭിപ്രായങ്ങള്‍ സധൈര്യം വിളിച്ചു പറയുക. ആര് വെറുക്കുന്നു ആര് സ്നേഹിക്കുന്നു എന്നതൊക്കെ ഉപരിപ്ലവമായ കാര്യങ്ങള്‍. ഇതൊരു വെര്‍ച്ച്വല്‍ ലോകം മാത്രം; യഥാര്‍ത്ഥ ജീവിതവും സൌഹൃദങ്ങളും ബ്ലോഗിനു പുറത്തെ വിശാലമായ ലോകത്തല്ലേ.

ആശംസകള്‍!

തല്ലുകൊള്ളി said...

ബൂലോകത്തില്‍ പുതുമുഖം, കറങ്ങിതിരിയുന്നതിനിടയിലാണ് മുന്‍പ് ഓര്‍ക്കൂട്ടില്‍ കണ്ട ഈ പേര്‍ ശ്രദ്ധിച്ചത്. അപ്പൊ കേറി നോക്കി. നന്നായിരിക്കുന്നു. ഇനിയും വരാം.

വിനയന്‍ said...

ശ്രീ.സുകുമാര്‍ജീ

ബ്ലൊഗുകളും അച്ചടി മാധ്യമങ്ങളും തമ്മിലുള്ള താരതമ്യ പഠനം കഴിഞ്ഞ് താങ്കള്‍ ക്ഷീണിച്ചിരിക്കുകയാവും എന്ന് കരുതുന്നു.ഞാന്‍ അന്ന് പറഞ്ഞിരുന്നു ഈ ബ്ലോഗര്‍മാരില്‍ എത്ര പേര്‍ ഇതിനെ ഗൌരവമായി കാണുന്നു എന്ന്.ആ ചോദ്യത്തിന്റെ പ്രസക്തമായ ഉത്തരങ്ങളില്‍ ഒന്നാണ് ഇത്.ഇതുവരെ ഗൌരവപരമായതും കാലികവുമായ കാമ്പുള്ള ചര്‍ച്ചകള്‍ക്ക് വേദിയായിരുന്ന താങ്കളുടെ ബ്ലോഗ് ഇപ്പോള്‍ പിടലപിണക്ക്ക്കങ്ങലുടെയും മൂന്നാം കിട ചന്ത വിവാദങ്ങളുടെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്.എന്തുപറ്റി താങ്കള്‍ക്ക്.ഈ കാരണങ്ങള്‍കൊണ്ടൊക്കെ തന്നെയാണ് ഈ സങ്കേതം അച്ചടിമാധ്യമങ്ങാളുടേ ഏഴകലത്ത് കൊണ്ടുവെക്കാന്‍ കൊള്ളില്ല എന്ന് പറയാനുള്ള കാരണം.

പിന്നെ ബ്ലോഗര്‍മാരില്‍ നല്ലൊരു ശതമാനം “അല്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ദ...കുടപിടിക്കും എന്ന ചൊല്ല് പോലെയാണ്” പലരും എണ്ണപ്പെട്ട സാഹിത്യ കാരന്മാരും സാഹിത്യ കാരികളുമാണ് എന്ന് അവര്‍ തന്നെ ധരിച്ചു വശായിരിക്കുന്നു.മീറ്റുകളും മറ്റും സംഘടിപ്പിച്ച് ആളെക്കൂട്ടുകയും കൂട്ടങ്ങളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിലെവിടെയാണ് പുരോഗമനപരമായ ഒരു സാധ്യത ഉള്ളത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.ഒരു ചെറിയ വിമര്‍ഷനം പോലും ഏല്‍ക്കാന്‍ കെല്പില്ലാത്തവരാണ് ബ്ലോഗില്‍ ഒട്ടു മിക്കവാറും പേരും.ഒരു കഥയോ കവിതയോ നന്നായില്ല എന്ന് വല്ലവനും പറഞ്ഞാല്‍ അവനെ ഞരമ്പ് രോഗിയായും മറ്റും ചിത്രീകരിക്കുന്ന അമ്മാവന്മാരാണ് കൂടുതല്‍.പ്രശസ്തിയും മറ്റും ആഗ്രഹിഛ്കും അല്ലാതെയും പോസ്റ്റുകള്‍ പുസ്തകമാക്കുന്നവരും കുറവല്ല.

ഈ പരസ്പരം ചെളിവാരിയെറിയലും, കുറ്റം പറയലും,വ്യക്തി ഹത്യയും എല്ലാം ഒരൊറ്റ കാര്യത്തിന്റെ കുറവാണ് അതായത് “സംസ്കാരം” അതില്ലാതെ ഏത് കൊടി കുത്തിയവനയാലും ബ്ലോഗിയിട്ടും മറ്റും കാര്യമില്ല.

ദയവായി ഇത്തരം പോസ്റ്റുകള്‍ നിര്‍ത്തൂ.മറ്റു ഉപകാരമുള്ള പോസ്റ്റുകള്‍ എഴുതൂ.ഈ പൈങ്കിളി ബ്ലോഗര്‍മാരുടെ ചതിക്കുഴികളില്‍ വീണുപോകാതിരിക്കൂ.

“ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കു തന്നെ അറിയില്ല കര്‍ത്താവേ ഇവരോട് പൊരുക്കൂ”

അഭിവാദ്യങ്ങള്‍