2008-01-31

വിവാദങ്ങള്‍ക്കിടയില്‍ ചില ആരോഗ്യകാര്യങ്ങള്‍ !

മലയാളം ബ്ലോഗില്‍ വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല . വിവാദങ്ങള്‍ പ്രതിക്ഷേധത്തിന്റെ രൂപം കൈക്കൊള്ളുമ്പോള്‍ പിന്നെ പറയുകയും വേണ്ട . ഇതിനിടയില്‍ പ്രസക്തവും ഗൌരവമായി ചര്‍ച്ചകള്‍ക്ക് വിധേയമാവുകയും ചെയ്യേണ്ടിയിരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു . ഇത്തരത്തില്‍ ഒരു പോസ്റ്റാണ് ഡി.പ്രദീപ് കുമാര്‍ എഴുതിയ “ചികിത്സിക്കും മുന്‍പ് ” എന്ന പോസ്റ്റ് . അവിടെ ഞാന്‍ ചുരുക്കം വാക്കുകളില്‍ എഴുതിയ കമന്റ് ഇവിടെ :

ലേഖനത്തിലെ അഭിപ്രായങ്ങളോട് തത്വത്തില്‍ യോജിക്കുന്നു . “ഏറ്റവും കുറച്ച് പേര്‍ക്ക് ഏറ്റവും കുറച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നയാളാണു ,സത്യത്തില്‍ ഏറ്റവും നല്ല ഡോക്റ്റര്‍” എന്ന നിരീക്ഷണം വളരെ ശരിയാണ് . സമൂഹത്തില്‍ ആരോഗ്യബോധവല്‍ക്കരണമണ് വേണ്ടത് . അതായയത് പ്രിവന്റീവ് മെഡിസിന്‍ എന്ന ചിന്തയിലേക്ക് ആളുകള്‍ മാറി വരണം . അതിന് അലോപ്പതി-ആയുര്‍വ്വേദ-ഹോമിയോ-സിദ്ധ-പ്രകൃതി ചികിത്സകര്‍ മുന്‍‌കൈ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. കാരണം അവരെല്ലാം വലയും വിരിച്ച് ഇരകളെ കാത്തിരിക്കുന്ന കൂട്ടത്തിലാണ് . സന്നദ്ധസംഘടനകളാണ് ഇതിന് നേതൃത്വം നല്‍കേണ്ടത് . രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് ഇത്തരം പൊതുവേദികള്‍ക്ക് രൂപം നല്‍കാവുന്നതാണ് . അല്ലാതെ വെറുതെ സംഭാവന പിരിച്ചും വോട്ട് തേടിയും നേതാക്കളെ കൊഴുപ്പിച്ചാല്‍ പോരല്ലോ . സമൂഹത്തിന് തിരിച്ചും എന്തെങ്കിലും ലഭിക്കണ്ടേ ? മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യുമ്പോള്‍ ബ്രാന്റ് നെയിമിന് പകരം ജെനറിക് നെയിം എഴുതുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ശരിയാവുമെന്ന് തോന്നുന്നില്ല . കാരണം പല മരുന്നു കമ്പനികളും നിലവാരമുള്ളവയല്ല . വിശ്വസനീയമായ കമ്പനിയുടെ മരുന്ന് മാത്രം പ്രിസ്ക്രൈബ് ചെയ്യുന്ന ഡോക്റ്റര്‍മാരുണ്ട് . ചുരുക്കത്തില്‍ നമ്മുടെ ആരോഗ്യരംഗം വളരെ കുത്തഴിഞ്ഞതാണ് . പല കാര്യത്തിലും സര്‍ക്കാരുകള്‍ ഇച്ഛാശക്തി കാണിക്കുന്നില്ല . അയ്യഞ്ച് കൊല്ലത്തെ അധികാരം പങ്ക് വയ്ക്കലില്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം . ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാന്‍ നിലവിലുള്ള ജനാധിപത്യം നമ്മുടെ നേതാക്കളെ അനുവദിക്കുന്നില്ല എന്ന് തോന്നുന്നു .