2007-12-30

ഷാ നവാസ് ഇലിപ്പക്കുളത്തോട് ഒരു അഭ്യര്‍ത്ഥന !

“ബേനസീര്‍ ഭൂട്ടോ, തീവ്രവാദത്തിന്റെ മറ്റൊരു ഇര” എന്ന എന്റെ പോസ്റ്റിന് ഷാനവാസ് ഇലിപ്പക്കുളം എഴുതിയ കമന്റ് :

"ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ്"

സുകുമാരന്‍ മാഷേ, താങ്കളുടെ ഈ നിരീക്ഷണത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. ഇത്തരം തീവ്രവാദികള്‍ മതവിരുദ്ധരാണെന്നും ഇത്തരക്കാര്‍ക്ക്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രഖ്യാപിക്കുകയും, തസ്ലീമയ്ക്കും, റുഷ്ദിക്കുമെതിരേ വാളോങ്ങുന്നതിനും മുന്‍പേ ഇത്തരം പിശാചുക്കളാണ്‌ ഇന്ന് ഇസ്ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളെന്ന തിരിച്ചറിവാണ്‌ മതനേതൃത്വത്തിനും അനുയായികള്‍ക്കും ഉണ്ടാകേണ്ടത്‌.

കേവലം വിശ്വാസപരമായ ചില വ്യതിയാനങ്ങളുടെ പേരില്‍ അഹമ്മദീയരെ, അനിസ്ലാമായി പ്രഖ്യാപിക്കുന്ന മതനേതൃത്വം ഇത്തരം വിധ്വംസക മതക്കാരുടെ നേരേ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത്‌ വളരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണിന്ന് ലോകത്ത്‌ നിലനില്‍കുന്നത്‌. ഇനിയും പാലിക്കപ്പെടുന്ന മൗനം മറ്റു മതസ്ഥരില്‍ മുസ്ലിംകളെക്കുറിച്ച്‌ സംശയം ജനിപ്പിക്കുന്നെങ്കില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ കൊല്ലുന്നത്‌ ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്നും അത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ഖുര്‍ആനിലുണ്ടായിട്ട്‌ മാത്രം കാര്യമില്ലല്ലോ?

അതുപോലെ ആത്മഹത്യയെന്നത്‌ കഠിനമായ പാപങ്ങളില്‍ ഒന്നാണെന്നും അങ്ങനെ ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗ്ഗം കാണുകയില്ലെന്നും വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിലെ പെട്ടവരെന്ന് അവകാശപ്പെടുന്ന ഈ ഷൈത്താന്മാര്‍ ആത്മഹത്യയിലൂടെ നിരവധി നിരപരാധികളെ കൊന്നൊടുക്കി നേടാനുദ്ദേശിക്കുന്നത്‌ ഒരു തരത്തിലും മതപരമല്ലെന്നും പ്രാബോധനം നടത്തുകയാണ്‌ അടിയന്തിരമായി ഈ മുല്ല്ലാക്കാമാര്‍ ചെയ്യേണ്ടത്‌. അല്ലാതെ ഖുര്‍ആന്‍ അനുസരിക്കാതെ ചില പിശാചുക്കള്‍ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ പെരുന്നാളാഘോഷിക്കുകയല്ല വേണ്ടത്‌.

ഇന്ന് ബേനസീര്‍, നാളെ? ഒരിക്കല്‍ ഇത്‌ നമ്മുടെ പടികടന്നെത്തുന്നതുവരെ ഇത്‌ പാക്കിസ്ഥാനിലല്ലേ? അല്ലെങ്കില്‍ ഇറാക്കിലല്ലേ എന്ന് ചിന്തിച്ച്‌ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന പൗരോഹിത്യ കടല്‍ക്കിഴവന്മാര്‍ വായില്‍ നാക്കുണ്ടങ്കില്‍ പ്രതികരിക്കുകയാണ്‌ വേണ്ടത്‌. ഇതര മതസ്ഥരായ സഹോദരങ്ങളുടെ സംശയം ഒഴിവാക്കാന്‍ എല്ലാവരുടേയും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഇസ്ലാമെന്നാല്‍ സാഹോദര്യം, സമാധാനമെന്ന് പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ 'മിംബറില്‍' കയറി പ്രസംഗിക്കുകയല്ല വേണ്ടത്‌. ഇനി പ്രവര്‍ത്തിയാണ്‌ ആവശ്യം.”

ഷാനവാസിന്റെ മേല്‍ക്കാണുന്ന കമന്റിന് എന്റെ മറുപടി :

ഷാനവാസ് ഇലിപ്പക്കുളം പറഞ്ഞ അഭിപ്രായം മുസ്ലിം മതനേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ് . മസ്ലീം മതത്തോടും അതില്‍ പെട്ട സമുദായാംഗങ്ങളോടും അല്പമെങ്കിലും കൂറും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആ മതത്തെ നവീകരണത്തിന് വിധേയമാക്കാനും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവരെ പ്രേരിപ്പിക്കാന്‍ വേണ്ടി പ്രചാരണം നടത്തുവാന്‍ തയ്യാറാവുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത് . അന്യമതസ്തരുടെയോ , അമേരിക്കയുടെയോ മേലെ വിദ്വേഷവും പകയും ജനിപ്പിച്ചുകൊണ്ട് ഇസ്ലാം നേരിടുന്ന പ്രതിസന്ധി അതിജീവിയ്ക്കുവാന്‍ കഴിയില്ല . ജനാധിപത്യപരമായിത്തന്നെ ഇസ്ലാം ബഹുദൂരം മുന്നേറേണ്ടതുണ്ട് . ലോകാവസാനം വരെ മാറാതെ നിലകൊള്ളേണ്ടതാണ് ഇന്നത്തെ മതസംഹിതകള്‍ എന്ന് ആരും ധരിക്കരുത് . കാരണം ഭാവിയിലെ മനുഷ്യരാശി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . അന്ന് അതിന് പരിഹാരം കാണേണ്ടത് അപ്പോള്‍ ജീവിക്കുന്നവരാണ് . അവര്‍ക്ക് വേണ്ടി പണ്ടേ പരിഹാരങ്ങള്‍ എഴുതിവെച്ചിട്ടുണ്ട് എന്ന് ധരിക്കുന്നത് എത്ര മൌഢ്യമാണ് എന്ന് ഇന്നുള്ളവര്‍ മനസ്സിലാക്കണം .
ലോകത്തില്‍ സമാധാനപൂര്‍വ്വമായി ജീവിയ്ക്കാനുള്ള അവകാശം ഓരോ മനുഷ്യനും ജന്മസിദ്ധമാണ് എന്ന് ഓരോരുത്തരും അംഗീകരിക്കണം . ആ അവകാശം ഹനിക്കുന്ന ഒന്നും തങ്ങള്‍ ചെയ്യുകയില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം . അല്ലെങ്കില്‍ പിന്നെ എന്താണിതിനൊക്കെ അര്‍ത്ഥം ?


പ്രിയ ഷാനവാസ് , ഇവിടെയിങ്ങിനെ ഒരു കമന്റ് എഴുതിയിട്ട് അനങ്ങാതിരിക്കരുത് എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു . തുടര്‍ന്നും ഈ അഭിപ്രായം എല്ലാവരോടും പറയുക . നാം ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ഒരു ഉദ്ധേശ്യമുണ്ടാവണം . അത് മനുഷ്യന്റെ ഗുണത്തിനും നന്മക്കുമായി വരേണം . നമുക്ക് ഉപ്പും ചോറും തരുന്ന സമൂഹത്തോട് അത്രയും കടപ്പാട് നമുക്കുണ്ട് . നമ്മുടെ വാക്കുകള്‍ക്ക് തീര്‍ച്ചയായും ഫലം ഉണ്ടാവും . ഇന്ന് ഒരു ഷാനവാസ് , നാളെ അത് വേറെയൊരു ഷാനവാസ് ഏറ്റ് പിടിക്കും . അങ്ങിനെയേ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവൂ . മാറ്റങ്ങള്‍ എല്ലായ്പ്പോഴും ഇങ്ങിനെ ഒറ്റപ്പെട്ട വ്യക്തികളില്‍ നിന്ന് തന്നെയാണ് തുടങ്ങിയിട്ടുള്ളത് .

ഞങ്ങള്‍ ചില ആളുകള്‍ മതത്തിനെതിരാണ് . അത് പക്ഷെ മതത്തോടോ മറ്റാരോടെങ്കിലുമോ വെറുപ്പോ പകയോ ഉള്ളത് കൊണ്ടല്ല . ഞങ്ങള്‍ മനുഷ്യനെ സമഗ്രമായി കാണുന്നു . മനുഷ്യനില്‍ ഒരു വ്യത്യാസവും ഞങ്ങള്‍ക്ക് കാണാനാവുന്നില്ല . ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനേയും മനുഷ്യവര്‍ഗ്ഗം എന്ന ഒരു കുടുംബത്തിലെ നവാഗതനായിക്കാണനേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ . അങ്ങിനെ ജനിയ്ക്കുന്ന ഓരോ കുഞ്ഞിനും വളരാനും ജീവിയ്ക്കാനും ആവശ്യമായ വിഭവങ്ങള്‍ ഇവിടെയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു . ഓരോ കുഞ്ഞിനും നിരുപാധികമായ സ്നേഹവും പരിഗണനയും അവസരങ്ങളും കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു . മനുഷ്യരെ വിഭജിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും മനുഷ്യന് എതിരാണ് എന്ന് ഞങ്ങള്‍ കരുതുന്നു . മനുഷ്യനാണ് എല്ലാറ്റിനും മേലെ എന്ന് ഞങ്ങള്‍ കരുതുന്നു . ഒരാളും മറ്റാരെക്കാളും മേലെയല്ല എന്നും മനുഷ്യര്‍ സമന്മാരാണ് എന്നും ഞങ്ങള്‍ കരുതുന്നു . അതൊക്കെക്കൊണ്ടാണ് ഞങ്ങള്‍ മതങ്ങള്‍ക്കെതിരാവുന്നത് . അത് പക്ഷെ ആരും മനസ്സിലാക്കുന്നില്ല . ഒരു മനുഷ്യനെയും ഞങ്ങള്‍ക്ക് വെറുക്കാന്‍ കഴിയുന്നില്ല . ഇത് പക്ഷെ ഒരു കാല്പനികമായ ഒരു സങ്കല്‍പ്പമായി തോന്നിയെക്കാം . പക്ഷെ എന്ത് ചെയ്യട്ടെ , ആരെയെങ്കിലും ശത്രുക്കളായിക്കണ്ട് ആരുടെയെങ്കിലും പാളയത്തില്‍ സ്വയം തളച്ചിടാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല . അതിന്റെ ആവശ്യമെന്ത് ? മനുഷ്യന്‍ ജനിക്കുന്നു , ജീവിയ്ക്കുന്നു , മരിക്കുന്നു ! ഇവിടെ ആരാണ് വലിയവന്‍ , ആരാണ് തെറ്റുകാരന്‍ , ആരാണ് വെറുക്കപ്പെടേണ്ടവന്‍ ? ഇവിടെ ആരും സ്ഥിരമായി തങ്ങാന്‍ പോകുന്നില്ലല്ലോ ? ഇവിടെ ആര്‍ക്കും സ്വന്തമായി ഒന്നുമില്ലല്ലോ ? ജീവിയ്ക്കുന്നത് വരെ ഉള്ളത് അനുഭവിക്കാമെന്നല്ലേയുള്ളൂ . സ്വന്തമെന്ന് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഒരു വിശ്വാസം മാത്രമാണ് . അത് കൊണ്ടാണ് എല്ലാവര്‍ക്കും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന എല്ലാ വിഭജങ്ങനങ്ങളും വിഭാഗീയതകളും എതിര്‍ക്കപ്പെടണം എന്ന് ഞങ്ങള്‍ കരുതുന്നത് . എന്നാല്‍ ഇത് അടിയന്തിരമായി നേടവുന്ന ഒരു സാമൂഹ്യ സംവിധാനമല്ല . അത് കൊണ്ടാണ് തല്‍ക്കാലം മതങ്ങള്‍ നവീകരിക്കപ്പെടട്ടേ എന്ന് പറയുന്നത് . അതിനിനി അമാന്തിച്ചു കൂട . കാരണം ഇന്ന് നമുക്കിവിടെ ജീവിക്കണമല്ലോ . നാളെ എന്ത് വേണമെന്ന് നാളെ ജീവിക്കുന്നവര്‍ തീരുമാനിക്കട്ടെ !

5 comments:

ബയാന്‍ said...

"മനുഷ്യന്‍ ജനിക്കുന്നു , ജീവിയ്ക്കുന്നു , മരിക്കുന്നു ! ഇവിടെ ആരാണ് വലിയവന്‍ , ആരാണ് തെറ്റുകാരന്‍ , ആരാണ് വെറുക്കപ്പെടേണ്ടവന്‍ ? ഇവിടെ ആരും സ്ഥിരമായി തങ്ങാന്‍ പോകുന്നില്ലല്ലോ ?"

മനുഷ്യനെ ഒന്നായി കാണുന്ന - നല്ല ചിന്ത - എല്ലാവരും സ്വസ്ഥമായി ജീവിക്കട്ടെ; സമാധാനമായി മരിക്കട്ടെ.

മുക്കുവന്‍ said...

“ഭാവിയിലെ മനുഷ്യരാശി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . അന്ന് അതിന് പരിഹാരം കാണേണ്ടത് അപ്പോള്‍ ജീവിക്കുന്നവരാണ്.“

ഈ എഴുതിയത് എല്ലാ മതനേതാക്കന്മാരും ഒരു തവണയെങ്കിലും വായിച്ചെങ്കില്‍?

ഒരു “ദേശാഭിമാനി” said...

എല്ലാമതങ്ങളുടെയും സാരാംശം ഒന്നു തന്നെ!
പിന്നെ എന്തിനു നൂറു മതങ്ങള്‍?
മനുഷ്യര്‍ അകാലമൃത്യു വരിക്കാനോ?

മതനേതക്കള്‍ നമുക്കെന്തു തന്നു? ദാരുണ മരണങ്ങളും, അശാന്തിയും, ഭീതിയും, അടിമത്തവും, അനാധത്വവും, പകയും, അല്ലാതെ ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുകുമാരന്‍ മാഷേ നന്ദി.

ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.

എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.

ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.

തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.

തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.

സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.

എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു.

Unknown said...

ഷാനവാസിന്റെ വാക്കുകള്‍ എനിക്ക് മാത്രമല്ല ഏത് മനുഷ്യസ്നേഹിക്കും മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് പ്രത്യാശ നല്‍കുന്നതാണ് . വളരെ വളരെ നന്ദി ഷാനവാസ് ... !!