2007-12-20

കുത്തഴിഞ്ഞ ആരോഗ്യരംഗം

വര്‍ക്കേഴ്സ് ഫോറം എന്ന ബ്ലോഗില്‍ ഔഷധത്തിലൂടെ ജനദ്രോഹം എന്ന പോസ്റ്റിന് സൂരജ് എഴുതിയ കമന്റും അതിന് ഞാന്‍ എഴുതിയ മറുപടിയും ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നു . വര്‍ക്കേഴ്സ് ഫോറവും സൂരജും അനുവാദം തരുമെന്ന പ്രതീക്ഷയോടെ ,

ഇത് വര്‍ക്കേഴ്സ് ഫോറം ബ്ലോഗ്

സൂരജിന്റെ കമന്റ് :

“ സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് തെല്ലും ബഹുമാനം ഈയുള്ളവനില്ല (കാരണങ്ങള്‍ വ്യക്തിപരം) എങ്കിലും ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും. ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. ക്ഷിപ്രലാഭത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ തയാറായി ഇറങ്ങുന്ന ഒരു തലമുറ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഈ രംഗത്തുള്ള ഒരാളെന്ന നിലയ്ക്കു പറയാന്‍ സാധിക്കും. പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും. എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!"

സൂരജിന് എന്റെ മറുപടി :


സൂരജിന്റെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു . എന്നാല്‍ എന്തെങ്കിലും നടക്കുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല സൂരജ് ! പ്രതീക്ഷ ഇല്ലെന്നല്ല , നടക്കില്ല അതാണ് സത്യം ! നമ്മള്‍ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് സ്വകാര്യ സ്കൂള്‍ നിയമനം പി.എസ്.സി.ക്ക് വിടണമെന്നത് . അതാണ് ശരിയെന്ന് കേരളീയര്‍ ഏകകണ്ഠമായി സമ്മതിക്കുകയും ചെയ്യുന്നു . എന്നിട്ടോ നടക്കുമോ ? ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എം.ഏ.ബേബി പറഞ്ഞത് , എല്‍.ഡി.എഫിന്റെ നയം സ്വകാര്യസ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നാണെങ്കിലും ജനവികാരം കണക്കിലെടുത്തേ നടപ്പിലാക്കൂ എന്നാണ് . ഇവിടെ മന്ത്രി പരാമര്‍ശിച്ച ജനങ്ങള്‍ ആരാണ് ? സ്വകാര്യ മാനേജ്‌മെന്റ് ! മറ്റാരാ ? ഒരു വോട്ട് നഷ്ടപ്പെടുത്താനിടയാക്കുന്ന ഒന്നും രാഷ്ട്രീയക്കാര്‍ ചെയ്യില്ല , അതെത്ര ശരിയായാലും നടപ്പിലാക്കേണ്ടതായാലും !

ഇപ്പോള്‍ തന്നെ മരുന്നുകളുടെ പരസ്യം പാടില്ല എന്ന് നിയമം നടപ്പിലാക്കുന്നതിനെതിരെ അയുര്‍വ്വേദക്കാര്‍ സംഘടിച്ചു തുടങ്ങി . ഏത് ആയുര്‍വ്വേദക്കാരനും സ്വന്തം മരുന്നു ഉണ്ടാക്കി അതിന് സ്വന്തമായി പേരുമിട്ട് ഇന്നയിന്ന അത്ഭുതഫലസിദ്ധികള്‍ ഇതിനുണ്ടെന്ന് ആകര്‍ഷണീയമായ പരസ്യങ്ങള്‍ നല്‍കി രോഗികളെ വഞ്ചിക്കാനുള്ള സൌകര്യം ഇന്നുണ്ട് . അങ്ങിനെ വഞ്ചിതരാകാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കുമുണ്ട് . ആ ഒരു സൌകര്യം ഇല്ലാത്താകുമ്പോള്‍ തല്‍പ്പരകക്ഷികള്‍ മിണ്ടാതിരിക്കുമോ ? അവര്‍ സംഘടിച്ച് പ്രമേയം പാസ്സാക്കാന്‍ തുടങ്ങി . അപ്പോള്‍ മന്ത്രിക്ക് അത് അവഗണിക്കാന്‍ പറ്റുമോ ?

മന്ത്രിമാര്‍ “ ഒരു നാള്‍ പ്രസ്താവനക്കാര്‍ " മാത്രമാണ് . അവര്‍ പറയുന്നതൊന്നും നടപ്പിലാക്കാന്‍ വേണ്ടിയല്ല, പത്രങ്ങള്‍ക്ക് വെണ്ടക്കാ തലക്കെട്ടുകള്‍ നിരത്താന്‍ വേണ്ടി മാത്രമാണ് .സൂരജിന്റെ ആത്മാര്‍ത്ഥതയെയും സാമൂഹ്യപ്രതിബദ്ധതയെയും ഞാന്‍ പുകഴ്ത്തുന്നു . എന്നാല്‍ അത്രക്കൊന്നും നമ്മുടെ രാഷ്ട്രീയക്കാരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ സൂരജ് ! അവര്‍ക്കൊക്കെ ഫാരീസുമാരുടെയും സേവി മാത്യൂ മാരുടെയും താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട് .

No comments: