2007-12-19

നിയമങ്ങള്‍ ആര്‍ക്ക് വേണ്ടി ?

യുക്തിവാദം ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :


" കമന്റുകളും പോസ്റ്റുകളും എഴുതും മുന്നേ അവനവനെ ഭരിക്കുന്ന നിയമങ്ങളെ ഒന്നോര്‍ക്കുക , അവ ശരിയോ തെറ്റോ എന്തായാലും നിയമമാണ്‌, നിയമം അനുസരിക്കാന്‍ സമൂഹാംഗങ്ങള്‍ ബാദ്ധ്യസ്ഥരുമാണ്‌."

അനോണിമൌസ് എഴുതിയ മേല്‍ക്കമന്റ് ഈ ബ്ലോഗ് വായിക്കുന്നവര്‍ക്കും ഇവിടെ കമന്റുന്നവര്‍ക്കും മൊത്തത്തില്‍ ബാധകമായതിനാല്‍ രണ്ട് വാക്ക് പറയാതെ വയ്യ . ഒന്നാമത് ഈ ബ്ലോഗ് എഴുതുന്ന ജബ്ബാര്‍ മാഷ് തന്നെ ഇങ്ങിനെയെഴുതുന്നതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിയിട്ടുണ്ടാകും . സ്വന്തം ജീവന് വരാവുന്ന ആപത്ത് കണ്ടുകൊണ്ട് തന്നെയായിരിക്കും അദ്ദേഹം സ്വന്തം സമുദായാംഗങ്ങള്‍ മതത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ഭൌതികവും മാനസികവുമായ ചൂഷണങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിര്‍ക്കുന്നുണ്ടാവുക . സ്വാര്‍ത്ഥ ലേശമെന്യേ അദ്ദേഹം ഈ സാഹസത്തിന് മുതിരുന്നത് കറ കളഞ്ഞ മനുഷ്യസ്നേഹത്തിന്റെ പേരില്‍ മാത്രമാണെന്നും ഇതില്‍ യാതൊരു മുതലെടുപ്പുമില്ല എന്നും ആര്‍ക്കും ബോധ്യമാവും . ഇതിന്റെ പേരില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ സഹജീവികള്‍ക്ക് തങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ഒരാത്മവിമര്‍ശനം നടത്തുന്നത് നന്നായിരിക്കും . മതത്തില്‍ എല്ലാം ഭദ്രമാണെന്നും നടക്കുന്നതെല്ലാം ശരിയാണെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ ? ആലോചിച്ചാല്‍ തങ്ങളോട് അനീതി കാട്ടുന്നത് ജബ്ബാര്‍ മാഷല്ല മറിച്ച് സ്വന്തം മത മേലാളന്മാര്‍ തന്നെയാണെന്ന് മനസ്സിലാവും . സത്യം തുറന്നു പറയുന്നതിന്റെ പേരില്‍ ജബ്ബാര്‍ മാഷെ ഇല്ലാത്താക്കിയാലും അനീതികളും ചൂഷണങ്ങളും അന്ധവിശ്വാസങ്ങളും അവിടെത്തന്നെയുണ്ടാവും . മറ്റൊരു ജബ്ബാര്‍ മാഷ് അത് പറയുകയും ചെയ്യും . ഇത്തരത്തിലുള്ള ജബ്ബാര്‍ മാഷ്‌മ്മാരിലൂടെയാണ് ലോകം ഇന്ന് കാണുന്ന തരത്തില്‍ പുരോഗമിച്ചിട്ടുള്ളത് . അല്ലാതെ മത മേലധികാരികളിലൂടെയല്ല .

പുതിയ കണ്ടുപിടുത്തങ്ങളേയും ,പുതിയ ആശയങ്ങളേയും എതിര്‍ത്ത് തോല്‍പ്പിക്കാനാണ് മതങ്ങള്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത് . മതങ്ങള്‍ എപ്പോഴും പുരോഗതിക്ക് എതിരായിരുന്നു . ഇന്നും അങ്ങിനെ തന്നെ . മതങ്ങളെ അനുകൂലിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ പാവപ്പെട്ടവരെ പുരോഹിതന്മാര്‍ ചൂഷണം ചെയ്യുന്നതിന് കൂട്ട് നില്‍ക്കുകയാണ് . മതങ്ങളിലുള്ള അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും മനസ്സിലാക്കിയിട്ടും അതിനെതിരെ ശബ്ദിക്കാത്തത് ഭീരുത്വം കൊണ്ടാണ് . എന്നാല്‍ ജബ്ബാര്‍ മാഷെപോലെയുള്ളവര്‍ ജീവന്‍ പോലും പണയം വെച്ച് സത്യം പറയുമ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ വരുന്നത് , യുക്തിവാദികള്‍ അശക്തരും അസംഘടിതരുമല്ലേ എന്ന് കരുതിയാണ് .

മതവും സമൂഹവും ,മാനവ സമുദായം മൊത്തത്തിലും അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . അല്ലെങ്കില്‍കാലഹരണപ്പെട്ടആശയങ്ങളും ,ആചാരങ്ങളും ,വിശ്വാസങ്ങളും,നിയമങ്ങളും,പ്രത്യയശാസ്ത്രങ്ങളും കൊണ്ട് ചീഞ്ഞ് നാറി മനുഷ്യ ജീവിതം അസാധ്യമായിപ്പോകും . എല്ലാ കാലത്തേക്കും യോജിച്ചതായി ഒന്നുമില്ല. അത് കൊണ്ട് ഒരോ കാലത്തിനും അനുസരിച്ച് ആവശ്യമായ ആചാരങ്ങളും നിയമങ്ങളും , പഴയതിലെ നല്ലത് മാത്രം നിലനിര്‍ത്തിയും ചീഞ്ഞത് ഒഴിവാക്കിയും പുതിയതായി സൃഷ്ടിക്കണം . ചിന്തിക്കുന്നവരുടെ തിരുത്തല്‍ ശ്രമങ്ങളിലൂടെയല്ലാതെ മനുഷ്യരാശി സ്വമേധയ ഇതിന് മുതിരാറില്ല . പക്ഷെ ഭൂതകാലത്തിന്റെ ആചാര വിശ്വാസങ്ങളില്‍ മാത്രം അഭിരമിക്കുകയും വര്‍ത്തമാനകാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാതിരിക്കുകയും ,ഭാവിയുടെ വെല്ലുവിളികള്‍ ബോധ്യമാകാതിരിക്കുകയും ചെയ്യുന്ന സാധാരണ മനസ്സുകള്‍ നവീകരണ ശ്രമങ്ങളെ ചെറുക്കുന്നു . ഇത്തരത്തിലുള്ള എതിര്‍പ്പുകളെ അതിജീവിച്ചിട്ടാണ് മനുഷ്യരാശി ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത് . ഇന്ന് സാമാന്യം നല്ല ജീവിത സാഹചര്യങ്ങളോടെ മനുഷ്യന്‍ ലോകത്ത് ജീവിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം യുക്തിചിന്തയുടെ ഫലമായ ശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ടാണ് . ഈ വളര്‍ച്ചയ്ക്ക് തടയിടാനേ മതങ്ങള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ . ഇനിയങ്ങോട്ടും മനുഷ്യന് രക്ഷ ശാസ്ത്രത്തിലാണ് , മതങ്ങളിലല്ല . പ്രാര്‍ത്ഥന കൊണ്ട് മനുഷ്യന് ഒന്നും കിട്ടുകയില്ല . ചിന്ത കൊണ്ടും പ്രവര്‍ത്തനം കൊണ്ടും മാത്രമേ എന്തെങ്കിലും കിട്ടുകയുള്ളൂ . ശാസ്തവും അതിന്റെ സംഭാവനകളും ഇല്ലാതെ വെറും മതങ്ങളും ദൈവവും മാത്രമുള്ള ഒരു ലോകം കടുത്ത വിശ്വാസിക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ ?

അവസാനമായി നിയമങ്ങളെപ്പറ്റി ഒരു വാക്ക് . നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ് , അല്ലാതെ നിയമങ്ങള്‍ക്ക് വേണ്ടി മനുഷ്യനല്ല. മനുഷ്യന്‍ സാമൂഹ്യജീവിയാതിനാല്‍ , സാമൂഹ്യ ജീവിതം ക്രമീകരിക്കാന്‍ വേണ്ടി മനുഷ്യന്‍ മനുഷ്യന് വേണ്ടി ഉണ്ടാക്കുന്നതാണ് നിയമങ്ങള്‍ . നിയമം ഇരുമ്പുലക്കയല്ല . ജനവിരുദ്ധങ്ങളായ നിയമങ്ങള്‍ മാറ്റപ്പെടേണ്ടതുണ്ട് . പ്രളയം വരെ സാധുവായ ഒരു നിയമം ഇന്ന് ലോകത്ത് എവിടയുമില്ല .

4 comments:

Unknown said...

അവസാനമായി നിയമങ്ങളെപ്പറ്റി ഒരു വാക്ക് . നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ് , അല്ലാതെ നിയമങ്ങള്‍ക്ക് വേണ്ടി മനുഷ്യനല്ല. മനുഷ്യന്‍ സാമൂഹ്യജീവിയാതിനാല്‍ , സാമൂഹ്യ ജീവിതം ക്രമീകരിക്കാന്‍ വേണ്ടി മനുഷ്യന്‍ മനുഷ്യന് വേണ്ടി ഉണ്ടാക്കുന്നതാണ് നിയമങ്ങള്‍ . നിയമം ഇരുമ്പുലക്കയല്ല . ജനവിരുദ്ധങ്ങളായ നിയമങ്ങള്‍ മാറ്റപ്പെടേണ്ടതുണ്ട് . പ്രളയം വരെ സാധുവായ ഒരു നിയമം ഇന്ന് ലോകത്ത് എവിടയുമില്ല

ഹരിത് said...

മാറ്റുവിന്‍ ചട്ടങ്ങളെ.....

chithrakaran ചിത്രകാരന്‍ said...

നല്ല ചിന്തകള്‍.കണ്ണുതുറപ്പിക്കുന്നവിധം!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരോ നിയമത്തിനും ഓരോ ലക്ഷ്യങ്ങളുണ്ട്‌.നിയമം കയ്യിലെടുക്കുന്നവര്‍ക്കും, നിയമം സംരക്ഷിക്കുന്നവര്‍ക്കും, നിയമം അനുസരിക്കുന്നവര്‍ക്കും പറയാനുണ്ടാകും മറ്റൊരു നിയമസംഹിത.

മാറ്റം അനിവാര്യമാണ്, മനുഷ്യമനസ്സുകളില്‍.