2007-11-07

കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുന്നത് പാപമല്ല

ശിഥിലചിന്തകളില്‍ കണ്ണൂസിനോട് ,

കണ്ണൂസേ , ഇനി മൂര്‍ത്തി വരുമെന്ന് തോന്നുന്നില്ല . നമുക്ക് തന്നെ സംസാരിച്ച് നല്ല നിലയില്‍ തല്‍ക്കാലം പിരിയാം . അതാണ് നല്ലത് . വേറെയും വിഷയങ്ങള്‍ ഉണ്ടല്ലോ . കണ്ണൂസ് പറഞ്ഞല്ലോ ,കമ്മ്യൂണിസ്റ്റ്കളുടെ നിലപാട് പൊതുവേ രാജ്യ വികാരത്തിന്‌ എതിരായിരുന്നു എന്ന് . എന്നാല്‍ അതായിരുന്നു ശരിയായ നിലപാട് എന്നും പറയുന്നു . അവിടെയാണ് പ്രശ്നം . പൊതുവികാരത്തിനെതിരായ ഒരു ചെറുവികാരം എങ്ങിനെ ശരിയായ നിലപാടാകും ?

അപ്പോള്‍ നമ്മള്‍ ശരിയേതെന്ന് നിര്‍ണ്ണയിക്കുന്ന ഒരു മാനദണ്ഡം തേടിപ്പോകേണ്ടിവരും . അങ്ങിനെ തേടിപ്പോയാല്‍ നമ്മള്‍ എവിടെയെത്തിച്ചേരുമെന്നറിയാമോ ? ശരികള്‍ എല്ലാം ആപേക്ഷികമാണെന്ന് . ആപേക്ഷികമായ ഒരു ശരി കേവലസത്യമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് .

ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ ഞാന്‍ മാര്‍ക്സിന്റെ ദര്‍ശനങ്ങളിലെ വൈരുദ്ധ്യാത്മകത എന്ന സിദ്ധാന്തത്തിലാണ് അഭയം പ്രാപിക്കാറ് . എല്ലാറ്റിലും ഐക്യവും സമരവും എന്ന പ്രതിഭാസം നിലനില്‍ക്കുന്നു . അഥവാ നിലനില്‍പ്പ് എന്നത് തന്നെ ഐക്യവും സംഘര്‍ഷവും ഉണ്ടെങ്കില്‍ മാത്രമാണ് . നാം ബാഹ്യലോകവുമായി നിരന്തരം സംഘര്‍ഷത്തിലും അതേസമയം നിരന്തരം ഐക്യത്തിലുമാണ് . നാം ഒറ്റപ്പെടുമ്പോള്‍ , നമ്മില്‍ തന്നെ നാം നിരന്തരം സംഘര്‍ഷത്തിലും ഐക്യത്തിലുമാണ് .

കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നത് കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് . അതെന്താ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിക്കൂടേ ? ആര്‍ക്കെല്ലാം എന്തിനെല്ലാം കമ്മ്യൂണിസ്റ്റ്കാരും വിരുദ്ധരാണ് ? അവരാരും കമ്മ്യൂണിസ്റ്റ്കാരെ തങ്ങളുടെ വിരുദ്ധന്‍ എന്ന് പറയാറില്ലല്ലോ ? കമ്മ്യൂണിസ്റ്റ് വിരുദ്ധരാവുക എന്നത് പാപമല്ല . ആര്‍ക്കും ആരുടെയും വിരുദ്ധരാവാം . ചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഏറ്റവും വിരുദ്ധരായിട്ടുള്ളവര്‍ കമ്മ്യൂണിസ്റ്റ്കാര്‍ തന്നെയാണെന്ന് കാണാം . അങ്ങേത്തലക്കല്‍ സ്റ്റാലിന്‍ -ട്രോട്സ്കി തൊട്ട് ഇങ്ങേത്തലക്കല്‍ അച്യുതാനന്ദന്‍ -പിണറായി വരെ .അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ സാരം ഇതാണ് . ലോകത്തില്‍ ആശയത്തിന്റെ തലത്തില്‍ കേവല ശരി എന്നൊന്നില്ല . എല്ലാ ശരികളും ആപേക്ഷികമാണ് . ചൈനയുമായുള്ള പ്രശ്നങ്ങളില്‍ സി.പി.ഐ.യുടെ നിലപാട് ഇന്ത്യയിലെ പൊതുവികാരത്തോടൊപ്പമായിരുന്നു എന്നത് ഓര്‍ക്കുക . അപ്പോള്‍ അതിന്റെ ആപേക്ഷികത മനസ്സിലാവും . 1990ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതില്‍ പിന്നെ സി.പി.ഐ.ക്കാര്‍ക്ക് നിലപാടുകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നെനിക്കറിയില്ല . കമ്മ്യൂണിസ്റ്റ്കാര്‍ ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടുമ്പോള്‍ തങ്ങള്‍ വിമര്‍ശനത്തിനതീതരാണെന്ന മട്ടില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരവേല എന്ന് ലാഘവത്തോടെ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് അവര്‍ ചെയ്യുന്നത് . എന്നിട്ട് ലോകം മുഴുവന്‍ തങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും തങ്ങള്‍ അജയ്യരാണ് എന്നും പറയുന്നു .

ഞാന്‍ പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ അല്ല കണ്ണൂസേ , അതാരും വകവെച്ചു തരില്ല എന്ന് മാത്രം . ഞാന്‍ ഒന്നിന്റെയും വിരുദ്ധനല്ല , അതാണ് എന്റെ ഗതികേട് . ഒന്നിന്റേയും വിരുദ്ധനല്ലാത്ത ഒരാളെ എല്ലാവരും ചേര്‍ന്ന് എല്ലാറ്റിന്റെയും വിരുദ്ധനാക്കും . എല്ലാവര്‍ക്കും വിരുദ്ധന്മാരെയാണ് വേണ്ടത് . ഞാന്‍ മാര്‍ക്സിസ്റ്റാകണമെങ്കില്‍ ബാക്കിയെല്ലാറ്റിന്റെയും വിരുദ്ധനാകണം ഞാന്‍ . അതെനിക്ക് സാധ്യമല്ല .

ലോകത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ കമ്മ്യൂണിസ്റ്റുകളുടെ മുഖം അത്ര സുന്ദരമല്ല എന്ന് മാത്രമല്ല കുറെയേറെ വികൃതവും ഭീഭത്സവുമാണ് എന്നെനിക്ക് ബോധ്യപെട്ടിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ പീഢിപ്പിക്കപ്പെട്ടവര്‍ ലോകത്ത് മൊത്തം പീഢിപ്പിക്കപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതലാണ് .കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തികളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊക്കെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭാഷണമെന്ന മട്ടിലാണ് അവര്‍ അതിനെ വ്യാഖ്യാനിക്കുക . എന്നാല്‍ ലോകത്തുള്ള സകലതിനെയും അവര്‍ വിമര്‍ശിക്കുകയും ചെയ്യും . കമ്മ്യൂണിസ്റ്റ്കാര്‍ എന്താണ് വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി കാണാതെ വിരുദ്ധതയായിക്കാണുന്നത് ? അങ്ങിനെ ശീലിച്ച് പോയി അത്ര തന്നെ .

ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം നടക്കുമ്പോള്‍ ഞാന്‍ എന്റെ നാട്ടിലുള്ള ഒരു സഖാവിനോട് ചോദിച്ചു :

സുഹൃത്തേ പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി നിരായുധരായി സത്യഗ്രഹം അനുഷ്ടിക്കുകയായിരുന്ന ആ വിദ്ധ്യാര്‍ത്ഥികളെ ഇങ്ങിനെ പട്ടാളത്തിന്റെ ടാങ്കുകള്‍ ഉപയോഗിച്ച് നേരിട്ടത് ശരിയാണോ ? അപ്പോള്‍ അവന്റെ മറുപടി ഇങ്ങിനെയായിരുന്നു :

അവറ്റകളെ മൂട്ടകളെ കൊല്ലുന്ന പോലെ ചവുട്ടി അരച്ചു കൊല്ലണം !

ഇതാണ് ഒരു കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റു വിരുദ്ധനും തമ്മിലുള്ള വ്യത്യസം .

8 comments:

N.J Joju said...

പറഞ്ഞതില്‍ പലതിനോടും യോജിപ്പുണ്ട്.

“പൊതുവികാരത്തിനെതിരായ ഒരു ചെറുവികാരം എങ്ങിനെ ശരിയായ നിലപാടാകും ?” ഈ പ്രസ്ഥാവനയോട് വിയോജിക്കുന്നു.

Unknown said...

ജോജൂ , ആ പരാമര്‍ശം സാന്ദര്‍ഭികം മാത്രമാണ് . അതത്ര പ്രസക്തമല്ല . ആ പ്രയോഗത്തിന്റ വ്യാകരണത്തെപ്പറ്റി പോലും ഞാന്‍ അതെഴുതുമ്പോള്‍ ആലോചിച്ചിരുന്നില്ല. ആ ഭാഗം വിട്ടേക്കൂ ....

ദിലീപ് വിശ്വനാഥ് said...

സുകുവേട്ടാ, കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുന്നത് പാവമല്ല എന്നു തന്നെയാണോ ഉദ്ദ്യേശിച്ചത്? ലേഖനത്തിലും അങ്ങനെ തന്നെയാണ് എഴുതി കണ്ടത്. ‘പാപമല്ല’എന്നല്ലേ വരേണ്ടത് എന്നൊരു സംശയം കൊണ്ട് ചോദിച്ചതാണ്. തെറ്റാണെങ്കില്‍ വിട്ടുകളയുക.

Unknown said...

സോറി വാത്മീകി .. തെറ്റ് ചൂണ്ടിക്കാട്ടിയതില്‍ നന്ദിയോടൊപ്പം സ്നേഹവും ..

ഉപാസന || Upasana said...

സ്റ്റാലിനും ഹിറ്റ്ലറും തമ്മില്‍ വല്ല്യ വ്യത്യാസമൊന്നും ഇല്ല.
രണ്ട് പേരും അവര്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് വേണ്ടി ലക്ഷങ്ങളെ കൊന്നു തള്ളി.
ഹിറ്റ്ലര്‍ എതിരാളികളെ മാത്രമേ ഇല്ലാതാക്കിയുള്ളൂ, സ്റ്റാലിന്‍ തനിക്ക്, തന്റെ നേതൃത്ത്വത്തിന് ഭീഷണീയാകുമെന്ന് കണ്ട് സഹപ്രവര്‍ത്തകേരും (ട്രോട്സ്കി) കൊന്നു തള്ളി. ഏതോ ഒരു പര്‍വതത്തിന്റെ താഴ്വരയില്‍ നിന്ന് (പേര് ഞാന്‍ മറന്നൂ പോയി. പഴയ ഒരു മാതൃഭൂമി താപ്പിപ്പിടിച്ച് വായിച്ചാല്‍ അറിയാം) നിന്ന് നിഖിതാ ക്രൂഷ്ചേവ് ഒരു പാട് ശവങ്ങള്‍ തോണ്ടിയെടുത്തപ്പോള്‍ ലോകം മാത്രമല്ല ഞെട്ട്റ്റിയത്. സഹൃദരായ കമ്മ്യൂണീസ്റ്റുകളും ഞെട്ടി...
നിര്‍ത്തുന്നു... ഒരുപാട് സമയം വേണം ഇതൊക്കെ മെനക്കെട്ടിരുന്ന് ടൈപ്പ് ചെയ്യാന്‍...
:)
ഉപാസന

ഉപാസന || Upasana said...

ജോജു പറഞ്ഞതില്‍ കാര്യമുണ്ട്

“പൊതുവികാരത്തിനെതിരായ ഒരു ചെറുവികാരം എങ്ങിനെ ശരിയായ നിലപാടാകും ?” ഈ പ്രസ്ഥാവനയോട് വിയോജിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ശരിയാകും സുകുമാര്‍ ഭായ്
:)
ഉപാസന

Unknown said...

എന്റെ ഉപാസനേ ഞാന്‍ ജോജുവോട് പറഞ്ഞത് വായിച്ചില്ലേ ആ ഭാഗം കാര്യമാക്കണ്ട എന്ന് . വേണമെങ്കില്‍ ആ വരി ഡിലീറ്റ് ചെയ്യാവുന്നതേയുള്ളൂ ...
:)

ഉപാസന || Upasana said...

That was reading mistake...
Sorry KPSA
:)
upaasana