2007-10-08

യുക്തിചിന്ത

വിശുദ്ധഖുറാന്‍ എന്ന ബ്ലോഗില്‍ :


തങ്ങളുടെ മതഗ്രന്ഥങ്ങളില്‍ , അല്ലെങ്കില്‍ പുരാണങ്ങളില്‍ ശാസ്ത്രത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഇപ്പോള്‍ എല്ലാ മതവാദികളും പറയുന്നുണ്ട് . ശാസ്ത്രം കണ്ടുപിടിക്കുന്നതിന് മുന്‍പേ ഇതൊക്കെ ഖുറാനിലും , ബൈബിളിലും , മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് അതാതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് . ഒരു സാമ്പിള്‍ നോക്കുക . മത്സ്യം , കൂര്‍മ്മം , വരാഹം എന്നിങ്ങനെയുള്ള ദശാവതാര കഥ ഡാര്‍വിന് മുന്‍പേ ഭാരത ഋഷിമാര്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയതിന്റെ തെളിവാണത്രേ ! എന്താണിങ്ങിനെ ? ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടില്ല എന്ന് വന്നാല്‍ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും സാധുതയില്ല എന്ന് ഭയക്കുന്നത് കൊണ്ടോ ? എന്നാല്‍ പിന്നെ ഈ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും മുഴുവനുമായിട്ടങ്ങ് കണ്ടു പിടിച്ചു കൂടായിരുന്നോ ?
ഒന്ന് ചോദിച്ചോട്ടെ , അടുത്ത നൂറ്റാണ്ടില്‍ മനുഷ്യന്‍ ശൂന്യാകാശത്ത് കൃത്രിമോപഗ്രം സ്ഥാപിച്ച് താമസം തുടങ്ങും . കൃത്രിമമായി ജീനും ക്രോമോസോമും കോശങ്ങള്‍ തന്നെയും സൃഷ്ടിക്കും . ഇതിനെപ്പറ്റിയും ഗ്രന്ഥങ്ങളിലോ പുരാണങ്ങളിലോ വല്ല സൂചനകള്‍ ഉണ്ടോ ? ഇപ്പോള്‍ പറയണം . ഓരോന്ന് കണ്ടുപിടിക്കുമ്പോള്‍ മാത്രം അതും ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നത് നിര്‍ത്തണം .

2 comments:

മായാവി.. said...

നന്നായിട്ടുണ്ട്, ഞാന്‍ പലപ്പോഴും പറയാറുള്ളത് തന്നെ പറയട്ടെ...പഴയ ആ വൈദ്യന്റെ കഥ ആര്‍ വന്നാലും നിഷേധ രീതിയില്‍ ഒരാംഗ്യം കാട്ടും വൈദ്യര്, രക്ഷപെട്ടാ പറയും ഞാനപ്പോഴെ പറഞ്ഞതല്ലെ ഇതൊക്കെ നിസ്സാര കാര്യമാണെന്ന്, ഇനി രക്ഷപെട്ടില്ലെങ്കിലോ? ഞാനപ്പൊഴെ പറഞ്ഞില്ലെ രക്ഷയില്ലെന്ന്. ഇത് തന്നെയാണ്‍ വേദഗ്രന്‍ഥങ്ങളുടെ കഥ, ഇടത്തോട്ടും വലത്തോട്ടുമല്ലാതെ കാര്യങ്ങളെഴുതുമ്, ഇടത്തോട്ട് കണ്ടാപറയും ആ: വേദഗ്രന്‍ഥത്തിലേത് പോലെ വലത്തൊട്ടാണെങ്കിലും അത് തന്നെ!!!

N.J Joju said...

"ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടില്ല എന്ന് വന്നാല്‍ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും സാധുതയില്ല എന്ന് ഭയക്കുന്നത് കൊണ്ടോ ?"

പുരാണങ്ങളിലും ഖുറാനിലും എന്നു തുടങ്ങി പലമതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടൂള്ള പലതും പിന്നീട് സംഭവിയ്കുകയോ പിന്നീട് സംഭവിച്ചതിന് മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതിനോട് സാമ്യമുണ്ടെന്നു തോന്നുകയോ ചെയ്യാം. അവയൊക്കെ പ്രവചനങ്ങളാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിയ്ക്കുന്നത് താന്താങ്ങളുടെ മതത്തെ പ്രൊജക്ടുചെയ്യുവാനോ മറ്റുമതങ്ങളെക്കാള്‍ ശ്രേഷ്ടമാണെന്നു വാ‍ദിയ്ക്കാനോ വേണ്ടിയാണ്. മുത്തശ്ശിക്കഥകളില്‍ നിന്നുപോലും നമുക്ക് ഇതുപോലെയുള്ള പ്രവചനങ്ങള്‍ കണ്ടെത്താം. പല ഇംഗ്ലീഷ് നോവലുകളിലും കഥാകാരന്‍ ഭാവനയില്‍ കണ്ടത് പിന്നീട് യാഥാര്‍ത്ഥ്യമായി മാറിയിട്ടുണ്ട്. ഇവയ്ക്ക് കൊടുക്കുന്ന പ്രാധാന്യത്തില്‍ കൂടുതലൊന്നും മതഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍ക്കും അവകാശപ്പെടാനാവില്ല.

ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടില്ല എന്ന് വന്നാല്‍ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും സാധുതയില്ല എന്നു വരുന്നില്ല. (അങ്ങനെ ഭയമുള്ളവരു കാണുമായിരിയ്ക്കും.)‌‌ കാരണം മതത്തിന്റെ ലക്ഷ്യം ശാസ്ത്രം പഠിപ്പിയ്ക്കുകയല്ല.