2011-01-08

റോഡുകള്‍ രാഷ്ട്രീയക്കാര്‍ക്ക് അട്ടിപ്പേറായി കിട്ടിയതല്ല..

പൊതുനിരത്തുകളില്‍ യോഗം ചേരുന്നതും  പ്രധിഷേധം നടത്തുന്നതുമൊക്കെ ഹൈക്കോടതി നിരോധിച്ചപ്പോള്‍ സര്‍ക്കാര്‍ അപ്പീലിന് പോയല്ലോ.  ഇവിടത്തെ സര്‍ക്കാര്‍ എന്നത് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരാല്‍ നടത്തപ്പെടുന്ന ഒരേര്‍പ്പാടാണ്. അത്കൊണ്ടാണ് അപ്പീലിന് പോയത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളാല്‍ നടത്തപ്പെടുന്ന സര്‍ക്കാര്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ കോടതി നിരോധനം തന്നെ വേണ്ടി വരുമായിരുന്നില്ല. അത്തരം സര്‍ക്കാരുകള്‍ ജനങ്ങളുടെ സൌകര്യങ്ങള്‍ക്കാണല്ലൊ എപ്പോഴും മുന്‍‌‌തൂക്കം കൊടുക്കുക.  ജനങ്ങള്‍ക്ക് എന്തെങ്കിലും എല്ലിന്‍ കഷണം മതി എന്ന ജന്മിത്വ മനോഭാവമാണ് രാഷ്ട്രീയക്കാര്‍ക്ക്.  തങ്ങള്‍ക്കാണ് എല്ലാ അവകാശങ്ങളും എന്നവര്‍ കരുതുന്നു.  അതില്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല.  എന്തെന്നാല്‍ തങ്ങളുടെ ഒടേതമ്പുരാന്മാര്‍ എന്ന മട്ടിലല്ലേ  അടിമകളായ അണികള്‍ നേതാക്കന്മാരെ കാണുന്നത്. ഇപ്പോള്‍  സുപ്രീം കോടതിയും  ഹൈക്കോടതി വിധി അംഗീകരിച്ചതോടെ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.  വിധിയെ എങ്ങനെ മറി കടക്കാം എന്ന് ആലോചിക്കുന്നതിന് വേണ്ടി.

സുപ്രീം കോടതി വിധിയും വന്ന  പശ്ചാത്തലത്തില്‍  ബഷീര്‍ വള്ളിക്കുന്നിന്റെ  റോഡുണ്ടോ സഖാവേ, ഒരു യോഗം നടത്താന്‍ ?  എന്ന പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു.  അവിടെ കമന്റൊന്നും എഴുതിയിട്ടില്ല. കാരണം ബഷീര്‍ തന്നെ  മുഴുവനുമായി എഴുതിയിരുന്നു.  ഇന്ന്  മണികണ്ഠന്റെ  മൈ റിവ്യൂസ്  എന്ന ബ്ലോഗില്‍   ഈ വിധിയെ പറ്റി ഒരു പോസ്റ്റ് വായിച്ചു. അവിടെ കടുപ്പത്തില്‍ തന്നെ ഒരു കമന്റ് എഴുതി.  അത് താഴെയും  ചേര്‍ക്കുന്നു:


റോഡരികില്‍ പൊതുയോഗം ചേരാനുള്ള അവകാശത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ മുറവിളി കൂട്ടുന്നത് അവരുടെ ഗതികേടിന്റെയും ശോചനീയാവസ്ഥയുടെയും ദൃഷ്ടാന്തമാണ്. എന്തെന്നാല്‍ ഒരുവകപ്പെട്ട നേതാക്കന്മാരുടെയൊന്നും പ്രസംഗം കേള്‍ക്കാന്‍ ഇപ്പോള്‍ പൊതുജനത്തിന് താല്പര്യമില്ല. ചില ലോക്കല്‍ നേതാക്കള്‍ റോഡരികില്‍ നിന്ന് തൊണ്ട കീറുന്നതും ആളുകള്‍ അതൊന്നും ഗൌനിക്കാതെ നടന്നുപോകുന്നതും ഇപ്പോള്‍ സര്‍വ്വ സാധാരണ കാഴ്ചയാണ്. ചില ചോട്ടാ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ കുറച്ചു പ്രവര്‍ത്തകന്മാര്‍ മുന്നില്‍ ഇരുന്നുകൊടുക്കുന്നതും കാണാം. പ്രശസ്തരായ ഏതാനും നേതാക്കള്‍ പ്രസംഗിക്കാന്‍ വരുമ്പോഴാണ് ആളുകള്‍ ഒരു കൌതുകത്തിന് വേണ്ടി തടിച്ചുകൂടുന്നത്. രാഷ്ട്രീയ യോഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റി ജനങ്ങള്‍ക്ക് ശല്യമില്ലാത്ത ഏതെങ്കിലും ഗ്രൌണ്ടിലേക്ക് മാറ്റിയാല്‍ ആരും തിരിഞ്ഞുനോക്കുകയില്ല.

പ്രസംഗത്തില്‍ കൂടിയാണ് ചോട്ടാ നേതാക്കള്‍ ഉയര്‍ന്നു വരുന്നതും രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കുന്നതും. പ്രസംഗിക്കാന്‍ വേദി കിട്ടിയില്ലെങ്കില്‍ പല ചോട്ടകളുടെയും വയറ്റ്പ്പിഴപ്പ് നിന്നു പോകും. അത്കൊണ്ട് ആളുകള്‍ ബസ്സ് കാത്ത് നില്‍ക്കുന്ന സ്ഥലത്ത് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് തങ്ങളുടെ പ്രസംഗം ആളുകളുടെ കാതുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഇപ്പോഴുള്ളത്. ജനങ്ങള്‍ക്ക് വേണ്ടാത്ത പ്രസംഗം ജനങ്ങളുടെ ചെവികളിലേക്ക് തിരുകിക്കയറ്റുന്ന നീചമായ ഏര്‍പ്പാടിന് അന്ത്യം കുറിക്കുക എന്നതാണ് കോടതി വിധിയിലൂടെ നടക്കുക. എന്നാല്‍ ഈ വിധി അനുസരിക്കപ്പെടും എന്നൊന്നും ആരും കരുതുകയില്ല. പൊതുനിരത്തുകളില്‍ തങ്ങള്‍ക്കാണ് അവകാശം എന്ന രാഷ്ട്രീയക്കാരന്റെ ധാര്‍ഷ്ട്യം കുറഞ്ഞുകിട്ടിയെങ്കിലായി. ജനങ്ങള്‍ക്ക് ഇവന്റെയൊക്കെ പ്രസംഗം ഇഷ്ടമായിരുന്നെങ്കില്‍ എവിടെ യോഗം ചേര്‍ന്നാലും അവിടെ ആളുകള്‍ വരുമായിരുന്നുവല്ലോ. ഗാനമേള എവിടെ സംഘടിപ്പിച്ചാലും ആളുകള്‍ പോകുന്നില്ലേ?

റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ വേണ്ടി മാത്രമാണ്. പൊതുയോഗം ചേരാനും പ്രതിഷേധിക്കാനും വേണ്ടി എവിടെയും റോഡുകള്‍ ഉണ്ടാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് റോഡുകളുടെ ഉദ്ദേശ്യം അട്ടിമറിക്കപ്പെടലോ ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമോ ആണ്. റോഡുകളിലെ പൊതുയോഗവും പ്രതിഷേധവും നിരോധിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് പ്രതിഷേധം വരുന്നതിന് സാരമായ കാരണങ്ങളൊന്നും വേണ്ട. അങ്ങനെ പത്ത് പേര്‍ക്ക് പ്രതിഷേധം വരുമ്പോള്‍ അത് വരാത്ത തൊണ്ണൂറ് പേര്‍ ഉണ്ടല്ലൊ. പ്രതിഷേധം ചില്ലറ അവന്മാര്‍ക്ക് വരുമ്പോള്‍ അവനൊക്കെ മൌലികാവകാശവും പ്രതിഷേധം വരാത്തവര്‍ക്ക് വഴി നടക്കാനുള്ള അവകാശമില്ല എന്നും പറയുന്നത് എവിടത്തെ ന്യായമാണ്. ഏത് കാര്യത്തിനായാലും എവനൊക്കെ ഒടുക്കത്തെ പ്രതിഷേധം വന്നാലും അപ്പോഴൊക്കെ ആ പ്രതിഷേധം ബാധിക്കാത്തവരാണ് റോഡിലൂടെ സഞ്ചരിക്കുന്ന ഭൂരിപക്ഷവും. അത്കൊണ്ട് ആ ഭൂരിപക്ഷത്തിന്റെ മൌലികാവകാശം സംരക്ഷിക്കുന്നതാണ് കോടതി വിധി.

1 comment:

വാക്കേറുകള്‍ said...

സൂമാരേട്ടോ,സത്യം പറയാലോ ഇപ്ലത്തെ കണ്ടീഷന്‍ വച്ച് ഇമ്മടെ നട്ടിലെ റോഡില്‍ ഒരുത്തനും പൊതുയോഗം നടത്തില്ല. അന്യായ ഗട്ടറല്ലേ? ജാഥക്ക് പോണ തൊഴിലാളികള്‍ക്കിപ്പോള്‍ പലര്‍ക്കും റോഡിലെ കുഴിയില്‍ കാലുചാടി ഉളുക്കും മുറിവുമായി നടക്കാന്നാ കേട്ടെ. മഴമാറ്യാല്‍ റോഡ് നന്നാക്കുന്നൊക്കെ മാര്‍ക്കിസ്റ്റ് മന്ത്രി പറയണ കേട്ടിരുന്നു. ഇപ്പോള്‍ അതൊന്നും കേള്‍ക്ക്കാനില്ല.