2011-01-17

ഭക്തിയും ലോട്ടറിയും

ഇന്ന്   ഫേസ്ബുക്കില്‍  എഴുതിയ  ഒരു കമന്റ് :


ഭക്തിയുടെയും ആചാരങ്ങളുടെയും പേരില്‍  ആള്‍ക്കൂട്ടം അനിയന്ത്രിമായി കൂടുകയും  കൂട്ടമരണം സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ അങ്ങിങ്ങായി സംഭവിക്കുന്നത് മാധ്യമങ്ങളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്.  മകരവിളക്ക് എന്നത് മനുഷ്യന്‍ കത്തിക്കുന്നത് തന്നെ. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ അത് കത്തിക്കുന്നതും തെറ്റ്. എന്നാല്‍ മകരജ്യോതി കത്തിക്കുന്നത് നിര്‍ത്തിയാല്‍ ദുരന്തങ്ങള്‍ സംഭവിക്കില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.  ഭക്തിയോടും ആത്മീയതയോടും  ആളുകള്‍ക്കുള്ള ഇപ്പോഴത്തെ സമീപനമാണ് പ്രശ്നം.   തനിക്ക്  നേടാനുള്ള  പരിധിയില്ലാത്ത സംഗതികള്‍ കൈക്കലാക്കാനുള്ള കുറുക്ക് വഴിയായാണ് ഭക്തിയെ ഇപ്പോഴത്തെ ഭക്തന്മാ‍ര്‍ കാണുന്നത്. ഇത് ഭക്തിയല്ല, ആക്രാന്തമാണ്. യഥാര്‍ഥ ഭക്തിയോ ആത്മീയതയോ ആണെങ്കില്‍ തിരക്കൊഴിഞ്ഞ അവസരങ്ങളില്‍ സമാധാനമായി പോയി ശാന്തമായി പ്രാര്‍ത്ഥന നടത്തിക്കൂടേ?

അത്കൊണ്ട് ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല.  ഇക്കാലത്ത്  സാമൂഹ്യസമ്മര്‍ദ്ധത്താല്‍ അമിതമായ വ്യാകുലതകളും ആളുകളുടെ മനസ്സിലേക്ക് അടിച്ചുകയറുന്നുണ്ട്.  അത്കൊണ്ട് ഭക്തന്മാരെയും കുറ്റം പറയാന്‍ കഴിയില്ല.  യഥാര്‍ഥമായ ഭക്തിയും ആത്മീയതയും മനുഷ്യര്‍ക്ക് നല്‍കുക ശാന്തിയും സമാധാനവുമാണ്.  മകരജ്യോതി വ്യാജമെന്ന പോലെ  ഭക്തിയും ഇവിടെ വ്യാജമാണ് എന്ന് പറയാതെ വയ്യ.  ഇതിനുള്ള പോംവഴി ആത്മീയതയിലേക്കുള്ള തിരിച്ചു പോക്കാണ് അല്ലാതെ  യുക്തിവാദവും നിരീശ്വരത്വവും അല്ല എന്ന് കൂടി പറഞ്ഞു വെക്കുന്നു..

ബസ്സില്‍  എഴുതിയ മറ്റൊരു കമന്റ് :

ലോട്ടറി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരാണ് ലോട്ടറിമാഫിയയെ സഹായിക്കുന്നത് എന്നും കേരളത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുമായിരുന്നു ഔദ്യോഗികവിഭാഗവും തോമസ് ഐസക്ക് മന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത്. ഫലത്തില്‍ ഈ സമീപനം സാന്തിയാഗോ മാര്‍ട്ടിനായിരുന്നു ഗുണം ചെയ്തത്. ലോട്ടറിക്കൊള്ള തുടര്‍ന്നുകൊണ്ടിരുന്നു. വി.എസ്സിന്റെ ഇടപെടല്‍ മൂലം രണ്ട് കാര്യങ്ങള്‍ നടന്നു. ലോട്ടറിക്കാര്യത്തില്‍ കേരള സര്‍ക്കാരിനും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു. ഇത് ഒന്ന്. രണ്ടാമത്തേത് സാന്തിയാഗോ മാര്‍ട്ടിന്‍ കേസുകളില്‍ കുടുങ്ങി അയാളുടെ ലോട്ടറിച്ചൂതാട്ടം പഴയ പോലെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ വരാന്‍ പോകുന്നു. അങ്ങനെ വരുമ്പോള്‍ പഴയപോലെ കേന്ദ്രത്തിനെ പഴിചാരി പരോക്ഷമായി മാര്‍ട്ടിനെ സഹായിക്കാന്‍ ഔദ്യോഗികവിഭാ‍ഗത്തിന് കഴിയാതെ വരുന്നു. ഇതാണ് വസ്തുത.

പാര്‍ട്ടിയോട് ചോദിച്ചില്ല എന്നതാണത്രെ ഇതിലെ പാര്‍ട്ടി വിരുദ്ധം. സര്‍ക്കാര്‍ കാര്യങ്ങള്‍ എല്ലാം പാര്‍ട്ടിയോട് ചോദിക്കേണ്ടതില്ല എന്നും വി.എസ്സ്. വ്യക്തമാക്കിയതാണ്. ഇതൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ഇവിടെ വി.എസ്സിന്റെ നിലപാടുകള്‍ ഒന്നൊന്നായി പാര്‍ട്ടി വിരുദ്ധമാകുന്നെങ്കില്‍ പോലും അവയൊന്നും ജനവിരുദ്ധമാകുന്നില്ല എന്ന് കാണാം. അപ്പോള്‍ ജനങ്ങളുടെ പക്ഷത്ത് ആരാണ് ? വി.എസ്സോ അതോ പാര്‍ട്ടിയോ എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധിയൊക്കെ കേരളീയര്‍ക്കുണ്ട്. അത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പാര്‍ട്ടി കൈയിലുള്ളത്കൊണ്ട് എന്തും പറയാം , പ്രവര്‍ത്തിക്കാം എന്ന ധാര്‍ഷ്ട്യം എത്ര കാലം കേരളം പൊറുക്കും എന്നും കണ്ട് തന്നെ അറിയേണ്ടതുണ്ട്

No comments: