2011-01-23

2ജി സ്പെക്ട്രം; കപില്‍ സിബില്‍ പറഞ്ഞത് ശരിയായിരിക്കാം.


 കാക്കരയുടെ  ബസ്സില്‍  ഇന്ന് എഴിതിയ കമന്റ്:

2ജി-യുടെ കാര്യത്തില്‍ കപില്‍ സിബില്‍ പറഞ്ഞതില്‍ കാര്യമുണ്ട്. 2010ല്‍ 3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന് കിട്ടിയ തുകയുടെ അടിസ്ഥാനത്തില്‍  2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍  സര്‍ക്കാരിന് ലഭിക്കുമായിരുന്ന 176000 കോടി നഷ്ടമായി എന്നാണ് സിഏജിയുടെ കണ്ടെത്തല്‍. സിഏജിയുടെ ഈ കണ്ടെത്തലിന്റെ മാനദണ്ഡം ശരിയല്ല.

ഒന്നാമത്തെ കാര്യം  2010ല്‍ 3ജി-ക്ക് കിട്ടിയ ലേലത്തുക  2008 ല്‍ 2ജി-ക്ക് കിട്ടില്ല. 2010 അല്ല 2008,  3ജി അല്ല 2ജി എന്ന് മനസ്സിലാക്കണം. അങ്ങനെ കിട്ടുമെന്ന് അനുമാനിക്കുന്നത് സിഏജിയുടെ പണിയും അല്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും  പാര്‍ലമെന്റ് അനുവദിച്ച പണം ശരിയായി വിനിയോഗിക്കുന്നുണ്ടോ ,  പദ്ധതികളില്‍ നിന്ന് ഉദ്ദേശിച്ച ലാ‍ഭം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കല്‍ മാത്രമാണ് സിഏജിയുടെ ജോലി. അനുമാനക്കണക്കില്‍ സര്‍ക്കാരിന്റെ നഷ്ടം പ്രവചിക്കുന്നത് സിഏജിയുടെ പണി അല്ല. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്ക് നോക്കുക അത്രമാത്രം.  നയപരമായ കാരണങ്ങള്‍ സി.ഏ.ജി.പരിശോധിക്കേണ്ടതില്ല.

2ജി ലേലം ചെയ്യേണ്ടതില്ല എന്ന് 1999ല്‍ സര്‍ക്കാര്‍ നയപരമായി തീരുമാനം എടുത്തതാണ്. അങ്ങനെ ലേലം ചെയ്താല്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം കിട്ടും. ശരിയാണ് , പക്ഷെ മൊബൈല്‍ സേവനം ഇത്ര കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുമായിരുന്നില്ല. സര്‍ക്കാരിന് അധികമായി കൊടുക്കുന്ന പണം കമ്പനികള്‍  ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഫലം സാധാരണക്കാരന് മൊബൈല്‍ സേവനം അപ്രാപ്യമാവും.  മൊബൈല്‍ ഇന്ന് ഇന്ത്യയില്‍ ഇത്രയും സര്‍വ്വസാധാരണമാകാന്‍ കാരണം കുറഞ്ഞ നിരക്കില്‍ സേവനം കിട്ടുന്നത്കൊണ്ടാണ്. കമ്പനികളെ ഇതിന് പ്രാപ്തമാക്കിയത്  1999ലെ നയമാണ്. ലേലത്തില്‍ അധികം തുക ഒരുമിച്ച് കിട്ടിയില്ലെങ്കിലും സര്‍ക്കാരിന് ലാഭത്തില്‍ പങ്കും നികുതിയും നല്ല പോലെ കിട്ടുന്നുണ്ട്. ഈ കണക്ക് സി.ഏ.ജി.നോക്കിയിട്ടില്ല. 1999 മുതല്‍ 2008 വരെ 2ജി ലേലം ചെയ്യാത്തത്കൊണ്ട് തന്നെയാണ് മൊബൈല്‍ വരിക്കാര്‍ക്ക് കുറഞ്ഞ പൈസക്ക് സേവനം നല്‍കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞതും അത് നിമിത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം ഇത്ര വര്‍ദ്ധിച്ചതും എന്നത്  തര്‍ക്കമറ്റ സംഗതിയാണ്.

2008ല്‍  അഡീഷണലായി കണ്ടെത്തിയ 2ജി സ്പെക്ട്രം ലേലം ചെയ്തില്ല അത്കൊണ്ട് 176000 കോടി നഷ്ടം എന്ന് സി.ഏജ്.ജി. 2010ല്‍ പറയുന്നു, അതും 3ജിയുടെ ലേലത്തുക താരതമ്യപ്പെടുത്തിയിട്ട്.  1999 മുതല്‍ 2008 വരെ ലേലം ചെയ്യാത്തതിനെ പറ്റിയോ ആ നഷ്ടമോ സിഏജി പറഞ്ഞിട്ടില്ലല്ലൊ. ഇനി 2008ല്‍ പറഞ്ഞാലും ഈ 176000 കോടി നഷ്ടക്കണക്ക് പറയാന്‍ പറ്റില്ല. 3ജിയുടെ ലേലം കഴിയണമല്ലൊ.  2008ല്‍ രാജയുടെ മുന്നില്‍ രണ്ട് വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ലേലം ചെയ്യുക അല്ലെങ്കില്‍ 1999 മുതല്‍ 2008വരെ മുന്‍‌ഗാമികള്‍ ചെയ്തത് പിന്തുടരുക.  രണ്ടാമത്തെ മാര്‍ഗ്ഗമാണ് രാജ സ്വീകരിച്ചത്. എന്നിട്ട് 3ജി ലേലം ചെയ്യാനും തീരുമാനിച്ചു.  2008ല്‍ 2ജി ലേലം ചെയ്താല്‍ അതിന് മുന്‍പ് ലൈസന്‍സ് ഫീ അടച്ച് ലാഭത്തില്‍ സര്‍ക്കാരിന് പങ്ക് നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള കമ്പനികള്‍ ഈ രംഗത്തുണ്ടല്ലൊ. അവരോടാണ് 2008ല്‍ ലേലം പിടിക്കുന്ന കമ്പനികള്‍ക്ക് മത്സരിക്കേണ്ടി വരിക. 2ജി സേവനം നല്‍കുന്ന മേഖലയില്‍ രണ്ട് തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുമുണ്ടാവും. 2ജിയുടെ കാര്യത്തില്‍  അധികലാഭം ഉണ്ടാക്കുകയല്ല മൊബൈല്‍ സേവനം സാര്‍വ്വത്രികമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും 1999ല്‍ വ്യക്തമാക്കിയതാണ്. ആ നയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം 2008ല്‍ വന്നിട്ടില്ല.

ഇനി നഷ്ടം എന്ന് പറഞ്ഞാല്‍ എന്താണ്?  ഇവിടെയാണ് സര്‍ക്കാരിന് ഒരു പൈസ നഷ്ടമില്ല എന്ന് കബില്‍ സിബില്‍ പറഞ്ഞതിന്റെ പൊരുള്‍.  സ്പെക്ട്രം എന്നാല്‍  ക്രൂഡ് ഓയില്‍ പോലെ വിലക്ക് വാങ്ങി പെട്രോളാക്കി സംസ്ക്കരിച്ച് വില്‍ക്കുന്ന ഏര്‍പ്പാടല്ല. സ്പെക്ട്രത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നയാപൈസ മുതല്‍മുടക്കില്ല. കിട്ടുന്നതെല്ലാം ലാഭം തന്നെ. കമ്പനികളാണ് മുതല്‍ മുടക്കി സര്‍വ്വീസ് ആരംഭിച്ച് വിപണിയില്‍ മത്സരിച്ച് ലാഭമോ നഷ്ടമോ ഉണ്ടാക്കേണ്ടത്.  സ്പെക്ട്രം പ്രകൃതിയില്‍ ഉള്ള ഒരു വിഭവമാണ്. വിലക്കയറ്റം ഉണ്ടാകുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നഷ്ടം സഹിച്ച് പെട്രോളിന് വില വര്‍ദ്ധിപ്പിക്കരുത് എന്ന് പറയുന്നുണ്ടല്ലൊ.  മൊബൈല്‍ വരിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ 2ജി സേവനം ലഭിക്കാന്‍ വേണ്ടി സ്പെക്ട്രത്തിന്റെ കാര്യത്തില്‍ വരുമാനം കുറഞ്ഞാല്‍ എന്താണ്?  സ്പെക്ട്രം സര്‍ക്കാരിന് മുതല്‍ മുടക്കില്ലാത്ത സംഗതിയല്ലേ?  സിഏജിയുടെ അനുമാനക്കണക്ക് പ്രകാരം 176000 കോടി  സര്‍ക്കാരിന് സാങ്കല്പിക വരുമാനം കുറഞ്ഞുപോയാലും  ഇന്ത്യയിലെ  മൊബൈല്‍ ഉപഭോക്താക്കള്‍ക്ക്  കുറഞ്ഞ നിരക്കില്‍ സേവനം കിട്ടുന്നത്കൊണ്ട്  ആ പണം വിതരണം ചെയ്യപ്പെടുന്നില്ലേ? തീര്‍ച്ചയായും ഉണ്ട്.

1 comment:

Rejith said...

കെ പി എസ : അപ്പോള്‍ യുനിട്ടെക്കും സ്വാനും കിട്ടിയ സ്പെക്ടറും വന്‍ വിലക്ക് മറിച്ചു വിറ്റതോ? അതും ഉപഭോക്താവിന്റെ ചിലവില്‍ എഴുതിയോ?
സി എ ജി തന്നെ പറഞ്ഞിട്ടുണ്ട് 176000 crore is presumptive loss ആണെന്ന് . കൂടാതെ സ്വനും യുനിറെകും വിറ്റ വില അനുസരിച്ചുള്ള നഷ്ടം 60000 crore ആണെന്നും പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തില്‍ ഉപഭോകതവിന്റെ പേരില്‍ കുറെ കമ്പനികള്‍ ലാഭമുണ്ടാക്കി.
Please have a look at the articles from the below link
http://blogs.outlookindia.com/default.aspx?ddm=10&pid=2417&eid=5