2009-06-12

ഗവര്‍ണ്ണറുടെ നടപടി ശരിയോ?

ശിഥില ചിന്തകളില്‍ ഇന്ന് ഒരു കമന്റ് കൂടി:

സുനില്‍, നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഉത്തരം ലഭിക്കുന്നതിനു വേണ്ടി ചോദ്യങ്ങള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ അതിന് മറുപടി ലഭിച്ചേ തീരൂ എന്ന് പ്രതീക്ഷിക്കരുത്.ഇടത് പക്ഷം എന്ന ആശയം അമൂര്‍ത്തമാണെന്ന് പറയുമ്പോള്‍ എന്താണു കോണ്‍ഗ്രസ്സിന്റെ മൂര്‍ത്തമായ ആശയം എന്ന് ചോദിക്കുന്നത് കൃത്രിമായി ചോദ്യങ്ങള്‍ മെനയുന്നതിന്റെ നല്ല ഉദാഹരണമാണ്. എന്താണ് ഇടത് പക്ഷം എന്ന ആശയം എന്ന് സുനിലിന് വ്യക്തമാക്കാന്‍ കഴിയുമോ? ഞാന്‍ എന്റെ നിലപാട് മറുപടിയില്‍ വ്യക്തമാക്കിയത് സുനില്‍ കണക്കിലെടുക്കുന്നതേയില്ല. സര്‍ഗ്ഗാത്മകമായ സംവാദങ്ങള്‍ക്ക് മുന്‍‌വിധികള്‍ തടസ്സമാവുന്നുണ്ട്.


ബ്ലോഗില്‍ ഞാന്‍ കണ്ടേടത്തോളം തന്റെ വാദഗതികള്‍ വസ്തുനിഷ്ടമായി അവതരിപ്പിക്കുന്ന ബ്ലോഗ്ഗറാണ് കാളിദാസന്‍. എന്നാല്‍ കാളിദാസന്‍ ചോദിക്കാറുള്ള പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ആരും തക്കതായ മറുപടികള്‍ പറഞ്ഞുകാണാറില്ല. ചില ബ്ലോഗുകളില്‍ ബ്ലോഗുടമ തന്നെ പല അനോണി പേരുകളില്‍ വന്ന് കാളിദാസനെ പുലഭ്യം പറയുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അങ്കിളിന്റെ ബ്ലോഗില്‍ കാളിദാസന്റെ കമന്റിനെ പ്രശംസിച്ചതിന്റെ പേരില്‍ എനിക്കും കിട്ടി അനോണിത്തെറി.


ഗവര്‍ണ്ണറുടെ തീരുമാനം തങ്ങള്‍ക്ക് പ്രതികൂലമാവുമ്പോള്‍ ആ പദവി അനാവശ്യമാണെന്നും ഗവര്‍ണ്ണര്‍മാര്‍ എടുക്കാച്ചരക്കുകള്‍ ആണെന്നുമൊക്കെ പറയുന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടിയാണ്. അനുകൂലമാവുമ്പോള്‍ പുകഴ്ത്താറുമുണ്ട്. ഇതിലൊക്കെ അത്രയേ കാര്യമുള്ളൂ. സി.ബി.ഐ.യെയും കോടതികളെയും പറ്റിയൊക്കെ പറയുമ്പോള്‍ ഇത്തരം ഇരട്ടത്താപ്പുകള്‍ പതിവാണ്. ഗവര്‍ണ്ണര്‍മാര്‍ മിക്കവരും മുന്‍‌രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഗവായ് കോണ്‍ഗ്രസ്സുകാരനോ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണറോ അല്ല.


പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ വെച്ചു താമസിപ്പിച്ചതില്‍ അസ്വാഭാവികതകള്‍ കണ്ടവരുണ്ട്. ഒരു പക്ഷെ ഇന്നത്തെ പോലെ സുസ്ഥിരമായ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനം മറിച്ചാകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയായിരുന്നുവെങ്കില്‍ ഗവര്‍ണ്ണറെ പറ്റി എന്താകുമായിരുന്നു വിലയിരുത്തല്‍? അഥവാ ഗവര്‍ണ്ണര്‍ അനുമതി നിക്ഷേധിച്ചാലും ലാവലിന്‍ കേസ് കുറെ താമസിച്ചാണെങ്കിലും മുന്നോട്ട് പോകുമായിരുന്നു എന്ന വസ്തുത സുനില്‍ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാധീനങ്ങള്‍ക്കും ശക്തികള്‍ക്കും അപ്പുറം കരുത്തുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യവും ഇവിടത്തെ നീതിന്യായവ്യവസ്ഥയുമെന്ന് പല സന്ദര്‍ഭങ്ങളിലും അത് സ്വയം തെളിയിച്ചിട്ടുള്ളതാണു.


ഇവിടെ പിണറായിയെ വഴിവിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഔദ്യോഗികവിഭാഗം ശരിക്കും പ്രതിക്കൂട്ടിലാണ്. മറ്റ് രാഷ്ട്രീയനേതാക്കളെ എത്ര നിന്ദ്യമായി തന്നെ സി.പി.എം.നേതാക്കള്‍ വേട്ടയാടാറുണ്ട്? രാജീവ് ഗാന്ധിയുടെ സംസ്ക്കാരച്ചടങ്ങ് പോലും വിവാദമാക്കി ദേശാഭിമാനി ആഘോഷിച്ചിട്ടുണ്ട്. ആവശ്യത്തിന് വിറക് വാങ്ങാതെ കോണ്‍ഗ്രസ്സുകാര്‍ പണം മുക്കി എന്നാണ് ചില നേതാക്കള്‍ പ്രസംഗിച്ചു നടന്നത്. ഇപ്പോള്‍ ലാവലിന്‍ കേസില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഇടപെടലാണ് ഇ.പി.ജയരാജന്‍ ആരോപിക്കുന്നത്. ഒന്ന് ചോദിക്കട്ടെ, ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ സ്വന്തം മന്ത്രിസഭയെ പോലും പിണറായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത് തെറ്റല്ലെ? ആ തെറ്റ് ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ഇതിനൊക്കെ എന്തര്‍ത്ഥം?


ഇന്ത്യ ഒരിക്കലും ചൈനയോ ക്യൂബയോ ആകാന്‍ പോകുന്നില്ല. അപ്പോള്‍ ഇവിടത്തെ ജനാധിപത്യത്തില്‍ തന്നെ വേണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍. അത് കൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നു, പിണറായി അല്ല പാര്‍ട്ടി. പാര്‍ട്ടി തുടരും,തുടരണം. പാര്‍ട്ടിയെ നാളത്തേക്കും സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ പിണറായി വിചാരണയെ നേരിടുക. കോലാഹലങ്ങള്‍ മതിയാക്കുക. ഇത് കോണ്‍ഗ്രസ്സ് കൊടുത്ത കേസല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ. കേസ് ഏറ്റെടുത്തിട്ടില്ലായിരുന്നു. സ്വകാര്യകേസ് പ്രക്രാരം ഹൈക്കോടതിയാണ് കേസ് എടുക്കാന്‍ സി.ബി.ഐ.യോട് നിര്‍ദ്ദേശിച്ചത്. ആ വിധി അനുസരിക്കാതിരിക്കാന്‍ സി.ബി.ഐ.ക്ക് കഴിയുമായിരുന്നില്ല. നാളെ പിണറായിക്ക് എതിരെ വിധി വന്നാലും സി.പി.എം. അനുസരിക്കേണ്ടി വരും. അതാണ് ജനാധിപത്യവും നിയമവാഴ്ചയും.

2009-06-11

വി.എസ്സ് v/s പിണറായി വിഭാഗീയത ക്ലൈമാക്സിലേക്ക്

ശിഥില ചിന്തകളില്‍ ഇന്നത്തെ കമന്റ്:

ലക്ഷ്മണേട്ടാ താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. വിനാശകാലേ വിപരീതബുദ്ധി എന്ന പോലെയാണു പാര്‍ട്ടി ഇപ്പോള്‍ പിണറായിയെ രക്ഷിക്കാന്‍ വേണ്ടി പെരുമാറുന്നത്. വൈദ്യുതമന്ത്രി ആയിരിക്കുമ്പോള്‍ പിണറായി തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയും നിയമങ്ങളെ മറി കടന്ന് ലാവലിന്‍ കരാറില്‍ ഒപ്പ് വെക്കുകയും അത് മൂലം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷെ പാര്‍ട്ടി സെക്രട്ടരി ഒരപകടത്തില്‍ പെട്ടാല്‍ രക്ഷിക്കേണ്ടേ എന്ന സംഘബോധമാണ് എല്ലാവരെയും നയിക്കുന്നത്. അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണത്തെ പറ്റി ആരും ആലോചിക്കുന്നില്ല. പിണറായിയാണ് തങ്ങളുടെ അന്നദാതാവു എന്ന പോലെയാണ് മന്ത്രിമാര്‍ പോലും സംസാരിക്കുന്നത്. ഇത്തരം ഒരു വീരാരാധന പാര്‍ട്ടിയില്‍ പാടില്ലാത്തതായിരുന്നു. പക്ഷെ പാര്‍ട്ടിയുടെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പ് മിക്കവാറും പിണറായിയുടെ കീഴിലാണ് എന്നതൊരു പരസ്യമായ രഹസ്യമാണ്.


ഒരു പൊളിറ്റ് ബ്യൂറോ അംഗമായ പിണറായിയെ രക്ഷിക്കാന്‍ മറ്റൊരു പി.ബി.അംഗമായ വി.എസ്സ്. എന്ത്കൊണ്ട് ശ്രമിക്കുന്നില്ല എന്നതാണ് പാര്‍ട്ടി നേതാക്കളിലും അണികളിലും മുഖ്യമന്ത്രിയോടുള്ള വിരോധം നീറിപ്പുകയാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസ്സിനെ ഒരു മൂലയ്ക്കിരുത്താന്‍ പിണറായി ബോധപൂര്‍വ്വം ആസൂത്രിതമായി കരുക്കള്‍ നീക്കിയതാണ്. അന്ന് തന്നെ ഒന്നുമല്ലാതാക്കാന്‍ ശ്രമിച്ച പിണറായിയെ രക്ഷിക്കാന്‍ ഇന്ന് വി.എസ്സ്. ശ്രമിക്കുമോ. മാത്രമല്ല അന്ന് പിണറായിയുടെ തന്ത്രം വിജയിച്ചിരുന്നുവെങ്കില്‍ വി.എസ്സ്. ഇന്ന് പൊതുരംഗത്ത് നിന്ന് തന്നെ നിഷ്കാസിതനായി ഒതുങ്ങിക്കഴിയുന്നുണ്ടാവും. കേരളം അഴിമതിയുടെ കൂത്തരങ്ങായും മാറിയിട്ടുണ്ടാവും. ഫാരീസുമാരും മാര്‍ട്ടിന്മാരുമായിരിക്കും നാട് ഭരിക്കുന്നുണ്ടാവുക.


ഇനിയിപ്പോള്‍ ഞാന്‍ കാണുന്ന ഒരു പോംവഴി പിണറായിയുടെ നേതൃത്വത്തില്‍ കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് കേരള സി.പി.എം. രൂപീകരിക്കുക എന്നുള്ളതാണ്. കാരണം കേന്ദ്രനേതൃത്വത്തിന് പിണറായി രക്ഷിച്ചുകൊണ്ടു അഖിലേന്ത്യാതലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമാവുകയില്ല. അല്ലെങ്കില്‍ പിണറായി സ്ഥാനമൊഴിഞ്ഞ് ഭവിഷ്യത്തുകള്‍ നേരിടണം. ഒരു വ്യക്തിയ്ക്ക് വേണ്ടി ഒരു പ്രസ്ഥാനം മൊത്തത്തില്‍ നാണം കെടുന്ന അവസ്ഥ അധികകാലം തുടരാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി.


എന്താണ് സി.പി.എമ്മില്‍ വിഭാഗീയത ഇത്ര രൂക്ഷമാകന്‍ കാരണം. അച്യുതാനന്ദന്‍ പഠിച്ചു കയറിയ കളരിയില്‍ എല്‍.കെ.ജി.ക്ക് ചേര്‍ന്ന ആളാണ് പിണറായി. വി.എസ്സിന്റെ വിശ്വസ്ഥനായാണ് ഓരോ സ്ഥാനമാനങ്ങളും പിണറായി കരസ്ഥമാക്കിക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ മൊത്തത്തില്‍ കൈപ്പിടിയില്‍ ഒതുക്കാനും വി.എസ്സിനെ തഴയാനും പിണറായി മുന്നോട്ട് വന്നു. പിണറായി അത്ര ദൂരം പോകേണ്ടിയിരുന്നില്ല. എന്ത് ചെയ്യാം കൌശലം അധികമുള്ളവര്‍ക്ക് അവധാനത കമ്മിയായിരിക്കും. വളരെ പ്രതീക്ഷയോടെ കേരളം അധികാരത്തില്‍ എത്തിച്ച ഈ സര്‍ക്കാറിനെ ഇത്രയും അധ:പതിപ്പിച്ചത് എന്ത് വില കൊടുത്തും വി.എസ്സിനെ പൊതുജനമധ്യത്തില്‍ അപഹാസ്യനാക്കണമെന്ന പിണറായിയുടെ ദുര്‍വാശി തന്നെയാണ്. താന്‍ കുഴിച്ച കുഴിയില്‍ പിണറായി തന്നെയാണ് വീഴാന്‍ പോകുന്നത്.

2009-06-09

ഈ ഇടത് പക്ഷം എന്നാലെന്താണ് ?

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ കാളിദാസന്‍ എഴുതിയ കമന്റിന് ഞാന്‍ എഴുതിയ മറുപടി ശരിക്കും ശിഥിലമായ ചിന്ത തന്നെ.അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു.


കാളിദാസാ, പിണറായിയെ സെക്രട്ടരി സ്ഥാനത്ത് നിലനിര്‍ത്തി സി.പി.എമ്മിന് ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. അത് കാരാട്ട് സഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൂറിയോനെ പേറിയാല്‍ പേറിയോനും നാറും എന്നൊരു ചൊല്ലുണ്ട് നാട്ടില്‍.ആ അവസ്ഥയിലാണ് കാരാട്ടിപ്പോള്‍.അത്കൊണ്ടാണദ്ദേഹം താല്‍ക്കാലികമായ ഒളിവില്‍ കഴിയുന്നത്.
കേസിനെ സി.പി.എം. രാഷ്ട്രീയമായി നേരിടുക എങ്ങനെയാണെന്ന് ഇന്നലെ കേരളം കണ്ടു.കുട്ടിക്കുരങ്ങന്മാര്‍ ചുടുചോര്‍ മാന്തുന്ന പോലെയുള്ള ഈ കലാപരിപാടി അധികകാലം കൊണ്ടുനടക്കാന്‍ കഴിയില്ല.വാഴുന്നവര്‍ക്ക് വഴിപ്പെടുക എന്ന ഫ്യൂഡല്‍ ശൈലി മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളിലാണ് കണ്ടു വരുന്നത്.സ്ഥാനത്ത് നിന്ന് മാറുന്ന നിമിഷം പിണറായി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിത്തീരും. സത്യത്തില്‍ പിണറായി അല്ല പ്രശ്നം. പിണറായിയുടെ സ്ഥാനത്ത് പി.ശശി വന്നാല്‍ ആയിരം പിണറായി സമം ഒരു ശശി എന്നതായിരിക്കും അവസ്ഥ.അത്തരം എത്രയോ ശശിമാരെ പാര്‍ട്ടി അടയിരുന്ന് വിരിയിച്ച് വളര്‍ത്തുന്നുണ്ട് എന്നതാണ് അധികമാരും കാണാത യാഥാര്‍ഥ്യം.

ഇടത് പക്ഷം എന്നത് ഇന്നും അമൂര്‍ത്തമായ ഒരാശയമാണ്. സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ രീതിയില്‍ കാലോചിതമായ പുനര്‍ നിര്‍വചനം ഈ ആശയത്തിന് കണ്ടെത്തുകയും അത് എപ്രകാരം പ്രയോഗവല്‍ക്കരിക്കാം എന്ന് കൂട്ടായി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. കാലം ആര്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല. വരട്ടുതത്വവാദങ്ങളാണ് എന്നും സമൂഹത്തില്‍ വഴിമുടക്കുന്നത്. വരട്ടുതത്വവാദത്തിന് അശേഷം ഇടം നല്‍കാത മാര്‍ക്സിസം പോലും വരട്ടുതത്വവാദങ്ങളുടെ മാതാവായി എന്നത് നാം പഠിക്കേണ്ട പാഠമാണ്. അപ്പോള്‍ എല്ലാറ്റിലും ഒരു പൊളിച്ചെഴുത്താണ് നമുക്കാവശ്യം. ഇനി അഥവാ അങ്ങനെ എഴുതിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കാലം നമുക്ക് വേണ്ടിയുള്ള തിരക്കഥ അനുസ്യൂതം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ആരും ഒന്നും ഒരിക്കലും അനിവാര്യമല്ല. ഏതായാലും ജീവിയ്ക്കുന്നു അപ്പോള്‍ നേരായ മാര്‍ഗ്ഗത്തിലൂടെ തന്നെ ജീവിച്ചുകൂടേ എന്നതാണ് വ്യക്തിയും സമൂഹവും എന്നും നേരിടുന്ന ചോദ്യം.