2009-03-08
കാഷ്മീര്‍ പ്രശ്നം; ജോക്കറിന് മറുപടി!
ശിഥില ചിന്തകളില്‍ ജോക്കറിന് എഴുതിയ മറുപടി:
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതല്‍ കാശ്മീര്‍ ആണ് എന്ന് ജോക്കറ് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല. ഇന്ത്യയുടെ മണ്ണില്‍ നിന്ന്കൊണ്ട് ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ കഴിയുകയുമില്ല. കാഷ്മീരിന്റെ ഏകദേശം പകുതിയോളം ഭാഗം ഇപ്പോഴും അനധികൃതമായി പാക്കിസ്ഥാന്‍ ഇപ്പോഴും കയ്യടക്കി വെച്ചിരിക്കുന്നു. പാക്കിസ്ഥാന്‍ ഒക്യൂപ്പൈഡ് കാഷ്മീര്‍ അഥവാ ആസാദ് കാഷ്മീര്‍ എന്ന് അവര്‍ വിളിക്കുന്ന പ്രദേശമാണത്. അതാണോ ജോക്കറ് ഉദ്ദേശിച്ചിരിക്കുക? ഈ മാപ്പും കൂടി കാണുക, ചൈനയും പാക്കിസ്ഥാനും കൂടി നമ്മുടെ ഭൂപ്രദേശം കൈവശപ്പെടുത്തിയത് എത്രയെന്ന്. ചരിത്രത്തിന്റെ ചില തെറ്റുകള്‍ നമുക്ക് തിരുത്താനോ അല്ലെങ്കില്‍ ചരിത്രത്തിന്റെ ഭാരവും ചുമന്ന് നമുക്ക് മുന്നോട്ട് പോകാനോ കഴിയില്ല തന്നെ. പക്ഷെ ഇന്ത്യയുടെ നിരപരാധിത്വവും മറ്റുള്ളവര്‍ നമ്മുടെ മേല്‍ കുതിരകയറുന്നതും നാം തിരിച്ചറിയണം.
1947ആഗസ്റ്റ് പതിനഞ്ചിന് പാക്കിസ്ഥാനും ഇന്ത്യന്‍ യൂനിയനും നിലവില്‍ വന്നു. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ പശ്ചിമപാക്കിസ്ഥാനും പൂര്‍വ്വപാക്കിസ്ഥാനുമായിരുന്നു അവര്‍ക്ക്. കാഷ്മീര്‍ കൂടി തങ്ങള്‍ക്ക് വേണം എന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നോ? ഇല്ലല്ലൊ. മഹാരാജാ ഹരിസിങ്ങ് ആയിരുന്നു അന്ന് കാഷ്മീരിലെ രാജാവ്. ഏത് രാജ്യത്ത് ചേരണം അഥവാ സ്വയം പരമാധികാരരാജ്യമായി നിലനില്‍ക്കണോ എന്നൊക്കെ കാഷ്മീരിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് മുഹമ്മദലി ജിന്ന പറഞ്ഞിരുന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പട്ടേല്‍ നിര്‍ബ്ബന്ധിക്കുകയും അപ്രകാരം എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുകയും ചെയ്തു. അപ്പോഴും കാഷ്മീരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കണം എന്ന് പട്ടേല്‍ മഹാരാജാ ഹരിസിങ്ങിനോട് ആവശ്യപ്പെട്ടോ? ഇല്ല. കാഷ്മീര്‍ സ്വയം പരമാധികാരരാജ്യമായി തുടരും എന്ന് ഹരിസിങ്ങ് പ്രഖ്യാപിച്ചു. പിന്നെന്താ പ്രശ്നം? പാക്കിസ്ഥാന് കാഷ്മീരില്‍ എന്ത് കാര്യം?
എന്നാല്‍ 1947 ഒക്ടോബര്‍ 20ന് പഥാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പാക്കിസ്ഥാന്‍ പട്ടാളം കാഷ്മീരിനെ ആക്രമിച്ചു. ഹരിസിങ്ങിന്റെ സൈന്യത്തിന് ചെറുത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടുമില്ല. ഏകദേശം കാഷ്മീരിന്റെ പകുതിയോളം പാക്കിസ്ഥാന്‍ പിടിച്ചു. ഏത് നിമിഷവും കാഷ്മീര്‍ വീഴുമെന്ന അവസ്ഥയില്‍ ഹരിസിങ്ങ് ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. നിരുപാധികസഹായത്തിന് ഇന്ത്യന്‍സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. അങ്ങനെ ഉപാധികളോടെ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ തയ്യാറാണെന്ന് ഹരിസിങ്ങ് രേഖാമൂലം സമ്മതിച്ചു. ഷെയിക്ക് അബ്ദുള്ളയെ ഇടക്കാല പ്രധാനമന്ത്രിയാക്കാമെന്നും ധാരണയായി. അങ്ങനെ ഒക്ടോബര്‍ 26ന് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ഔപചാരികമായി ലയിക്കുകയും അന്ന് തന്നെ ഇന്ത്യന്‍ പട്ടാളം കാഷ്മീരിന്റെ രക്ഷക്കെത്തുകയും ചെയ്തു.
മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാഷ്മീര്‍ അന്ന് ഭരിച്ചിരുന്നത് ഹിന്ദുരാജാവായ ഹരിസിങ്ങ് ആയിരുന്നുവെന്നും അവിടത്തെ മുസ്ലീം ജനസാമാന്യത്തിന്റെ അനിഷേധ്യനേതാവായിരുന്ന ഷെയിക്ക് അബ്ദുള്ള കാഷ്മീര്‍ പാക്കിസ്ഥാനോടൊപ്പം ലയിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഇന്ന് അതേ ഷെയിക്ക് അബ്ദുള്ളയുടെ പൌത്രന്‍ ഒമര്‍ അബ്ദുള്ളയാണ് കാഷ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എന്നു കൂടി ഓര്‍ക്കുക.
ഇന്ത്യന്‍ പട്ടാളം കാഷ്മീരില്‍ എത്തിയ ഉടനെ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ അധിനിവേശം നടത്തിയ കാഷ്മീരിന്റെ പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. അന്യാധീനപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാന്‍ നമ്മുടെ പട്ടാളത്തിന് ഉത്തരവ് നല്‍കിയുമില്ല. എന്നിട്ട് 1948ല്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ രേഖാമൂലം പരാതി നല്‍കി. പാക്കിസ്ഥാന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും കൈവശപ്പെടുത്തിയ ഭൂപ്രദേശത്ത് നിന്ന് പട്ടാളത്തെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്.
1948 ഏപ്രിലില്‍ യു.എന്‍.സെക്യൂരിറ്റി കൌണ്‍സില്‍ പ്രമേയം പാസ്സാക്കി. കാഷ്മീര്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കാഷ്മീരില്‍ ഒരു റഫറണ്ടം അതായത് ജനഹിതപരിശോധന നടത്തണം. അതിന് മുന്‍പ് പാക്കിസ്ഥാന്‍ അധിനിവേശകാഷ്മീരില്‍ നിന്ന് വിലകിപ്പോകണം.കാഷ്മീരില്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ലെന്നും അതിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു വിധത്തിലും ഇടപെടരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്തു. ജനഹിതപരിശോധന നടത്താന്‍ പ്രമേയം ഇന്ത്യാ ഗവണ്മെന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത കാഷ്മീര്‍ വിട്ടുതന്നോ? സൈന്യത്തെ പിന്‍വലിച്ചോ? ഇല്ല. അങ്ങനെ ആ ജനഹിതപരിശോധന നടക്കാതെ പോയി. ഇന്നും ആ പ്രദേശം പാക്കിസ്ഥാന്റെ അധീനതയിലാണ്. അതാണ് പി.ഓ.കെ. അഥവാ പാക്കധീന കാഷ്മീര്‍.
പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ആ കാഷ്മീരില്‍ നിന്ന് അവര്‍ ഒഴിഞ്ഞുപോയി മുഴുവന്‍ കാഷ്മീരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു റഫറണ്ടം ഐക്യരാഷ്ട്രപ്രമേയം അനുസരിച്ചു നടത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും അന്ന് കാഷ്മീര്‍ ജനത ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകാന്‍ വിധിയെഴുതുമായിരുന്നു. അതെന്തോ ആകട്ടെ. കാഷ്മീര്‍ പ്രശ്നം അന്താരാഷ്ട്രവേദികളില്‍ ഉന്നയിക്കുമ്പോഴൊക്കെ പാക്കിസ്ഥാന്‍ ഈ നടക്കാതെ പോയ ജനഹിതപരിശോധനയെപ്പറ്റിയാണ് പറയുക. പാക്കിസ്ഥാന്റെ പകുതിഭാഗം തങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നും അതൊഴിഞ്ഞുകൊടുക്കുകയെന്നത് ജനഹിതപരിശോധനയുടെ മുന്നുപാധിയായിരുന്നു എന്നത് പാക്കിസ്ഥാന്‍ മറച്ചുപിടിക്കുകയും ഇന്ത്യയ്ക്ക് ഫലപ്രദമായി ഈ സത്യം വിളിച്ചുപറയാന്‍ കഴിയാതെ വരികയും ചെയ്തു.
അപ്പോള്‍ ജോക്കറ് പറഞ്ഞ പോലെ കാഷ്മീര്‍ എങ്ങനെയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ കാതലാവുക? കാഷ്മീരിന്റെ 40 ശതമാനത്തോളം ഭൂപ്രദേശം ഇപ്പോഴും അനധികൃതമായി പാക്കിസ്ഥാന്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നു എന്നതല്ലെ യഥാര്‍ത്ഥ കാഷ്മീര്‍ പ്രശ്നം. ആ പ്രദേശത്തിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ ചൈനയ്ക്ക് ദാനം കൊടുത്തിട്ടുണ്ട്. ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് റോഡ് നിര്‍മ്മിക്കാന്‍!
***********************************************************
മേല്‍ക്കമന്റ് വായിച്ച Suvi Nadakuzhackal താഴെക്കാണും വിധം അഭിപ്രായപ്പെട്ടു:
കാഷ്മീര്‍ കാര്യത്തില്‍ 1947ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗുരുതരമായ ചില തെറ്റുകള്‍ ചെയ്തു. അതിന്റെ ഫലമായിട്ടാണ് ജോക്കറ് മേലെ ചൂണ്ടിക്കാട്ടിയ പോലെ കാഷ്മീര്‍ പ്രശ്നം പുണ്ണുപോലെ പഴുത്ത് നാറാന്‍ ഇടയായത്. ഒന്ന് പാക്കിസ്ഥാന്‍ സൈന്യവും പഥാന്‍ ഗോത്രവര്‍ഗ്ഗക്കാരും ചേര്‍ന്ന് കാഷ്മീരിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാഷ്മീരിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചില്ല. ശത്രുസൈന്യം മുന്നേറുമ്പോഴും ഇന്ത്യ കാഴ്ചക്കാരനായി നോക്കിനിന്നു. പിന്നെ ഹരിസിങ്ങ് ആഭ്യന്തരസുരക്ഷ,വിദേശകാര്യം,കറന്‍സി തുടങ്ങിയവ ഇന്ത്യാഗവണ്മെന്റിനെ ഏല്പിച്ച് കരാറുണ്ടാക്കിയശേഷം കാഷ്മീരിലെത്തിയ പാട്ടാളത്തെ ഉപയോഗിച്ചു പാക്കിസ്ഥാന്‍ സൈന്യത്തെ അധിനിവേശകാഷ്മീരില്‍ നിന്ന് തുരത്തിയില്ല. തീര്‍ച്ചയായും അന്ന് ഇന്ത്യന്‍ പട്ടാളത്തിന് അത് സാധിക്കുമായിരുന്നു. താരതമ്യേന കൂടുതല്‍ അംഗബലമുള്ള സൈന്യം അന്ന് ഇന്ത്യയ്ക്കായിരിക്കുമല്ലൊ. അതൊന്നും ചെയ്യാതെ പരാതിയുമായി ഐക്യരാഷ്ട സഭയില്‍ ചെന്നു. ഒരു മധ്യസ്ഥന്റെ റോളില്‍ അന്നു യു.എന്‍. പാക്കിസ്ഥാനോട് അധിനിവേശകാഷ്മീരില്‍ നിന്ന് ഒഴിഞ്ഞു പോകാനും ഇന്ത്യയോട് അവിഭക്ത കാഷ്മീരില്‍ റഫറണ്ടം നടത്താനും ആവശ്യപെട്ടു.
എന്തിന് റഫറണ്ടം? കാഷ്മീര്‍ നിയമപ്രകാരം കരാറുണ്ടാക്കി ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതായിരുന്നു. അനേകം നാട്ടുരാജ്യങ്ങള്‍ ഹൈദരാബാദ് നൈസാമടക്കം അങ്ങനെയാണ് ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചത്. ഒരു വാദത്തിന് വേണ്ടി റഫറണ്ടം സമ്മതിച്ചാല്‍ തന്നെയും അത് അവിഭക്തകാഷ്മീരിലല്ലെ നടത്തേണ്ടത്? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. കാരണം കാഷ്മീരിന്റെ പകുതിയോളം ഇന്നും അന്യായമായി പാക്കിസ്ഥാന്റെ അധീനതയിലാണ്.
കാഷ്മീര്‍ സ്വതന്ത്രരാജ്യം ആവണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു പോരാടുന്ന വിഭജനവാദികള്‍ കാഷ്മീരിലുണ്ട്. അത് അവിടെ മാത്രമല്ല മണിപ്പൂര്‍,നാഗാലന്റ് തുടങ്ങിയ വടക്ക് കിഴക്കന്‍ മേഖലയിലുമുണ്ട്. അതൊക്കെ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം. ഇതില്‍ പാക്കിസ്ഥാന് എന്ത് കാര്യം? ജോക്കറ് പറഞ്ഞല്ലൊ കാഷ്മീരാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ കാതല്‍ എന്ന്. ഞാന്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ വെച്ച് ആരും അങ്ങനെ പറയില്ല. പാക്കിസ്ഥാനില്‍ വെച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അത് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെയാണ്. അനധികൃതമായി കാഷ്മീരിന്റെ പകുതി കൈവശം വയ്ക്കുക എന്നിട്ട് പിന്നെയും കാഷ്മീര്‍ പ്രശ്നമോ? അതാണ് ഞാന്‍ പറയുന്നത് നമ്മുടെ ശുദ്ധഗതിയും സഹനവും ദുഷ്ടന്റെ ഫലമാണ് ചെയ്യുന്നത്. ഇപ്പറയുന്നത് ഞാന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയൊന്നും വേണ്ട. ഒരു സത്യം പറയുന്നു എന്ന് മാത്രം. സ്വന്തം പ്രശ്നം വരുമ്പോള്‍ ഒരു രാജ്യം എങ്ങനെയൊക്കെയാണ് പെരുമാറുകയെന്ന് ചൈനയെ കണ്ട് പഠിക്കണം. അത്രയൊന്നും നമുക്ക് പറ്റില്ല. എന്നാലും ഇതൊക്കെ ആളുകള്‍ അറിയുകയെങ്കിലും വേണ്ടേ?
(അധികവായനയ്ക്ക് , ഇത് കാണുന്നത് പുരോഗമനചിന്തയ്ക്ക് എതിരാണോ ? )
1 comment:
- prashanth said...
-
ഇന്നത്തെ പാകിസ്താന്റെ സ്ഥിതി അറിയുന്നവര്‍ ഒരിക്കലും
ഒരു റഫറണ്ടം നടത്തിയാല്‍ പാകിസ്താനോടൊപ്പം പോകണം എന്നു പറയില്ല. പാക്കിസ്താന്‍ അതിവേഗം ഒരു താലിബാന്‍ രാജ്യമായി മാറികൊണ്ടിരിക്കുകയാണ്. റഫറണ്ടം നടത്തിയാല്‍ ഭൂരിപക്ഷം പേരും ഭാരതത്തിന് അനുകൂലമായിരിക്കും. - March 6, 2009 at 12:04 PM
Subscribe to:
Post Comments (Atom)
“ഇപ്പോള്‍ അവിടെ ഒരു റഫറണ്ടം നടത്തിയാല്‍ ഭൂരിപക്ഷം പേരും പാക്കിസ്ഥാനില്‍ ലയിക്കണം എന്ന് പറയുമെന്നാണ് എനിക്ക് തോന്നുന്നത്. കാശ്മീരി പണ്ഡിറ്റുകള്‍ ഒത്തിരി പേര്‍ അവിടെ നിന്നും ഓടി പോകേണ്ടി വന്നിട്ടുണ്ടെന്ന കാര്യം ഓര്‍ത്തു കൊണ്ട് തന്നെയാണിതെഴുതുന്നത്.”