2008-11-17

ബൈജുവിന് ഒരു തുറന്ന കത്ത് !

പ്രിയപ്പെട്ട ബൈജു,

യാഥാര്‍ത്ഥ്യബോധത്തോടെയാണ് ബൈജു സംസാരിക്കുന്നത് എന്നതില്‍ എനിക്ക് അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ട്. “സോവിയറ്റ് വിപ്ലവത്തില്‍ അതിന്റെ ശൈശവത്തില്‍ തന്നെ ഏകാധിപത്യ പ്രവണതകള്‍ കടന്നു കൂടി വിപ്ലവത്തിന്റെ സത്ത നശിപ്പിക്കപെട്ടിരുന്നു.” ഇതാണ് ശരിയായ നിരീക്ഷണം. ആ ഏകാധിപത്യപ്രവണതകള്‍ ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തുടരുന്നു. അതാണ് കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഉണ്ടാവാനുള്ള കാരണം. ഒരു സി.പി.എം. അനുഭാവിക്ക് ഈ സത്യം മനസ്സിലാവില്ല. അതാണ് ഇന്ത്യയില്‍ സി.പി.എം. മാത്രം എതിര്‍ക്കപ്പെടാനുള്ള ഒരേയൊരു കാരണവും.

സി.പി.എം. എന്ന പാര്‍ട്ടിയുടെ ഉത്ഭവം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാചട്ടക്കൂടിനും അടിസ്ഥാനപ്രമാണങ്ങള്‍ക്കും എതിരായിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുന്നതിന് തുല്യമായിരുന്നു.ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിന്നിച്ചിതറി പോകാന്‍ കാരണം 1964ലെ ആ പിളര്‍പ്പായിരുന്നു.അന്ന് ആ വേറിട്ട് പോകല്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തലയെഴുത്ത് മാറിയേനേ. ഒരു കണക്കിന് പാര്‍ട്ടിയുടെ ശൈഥില്യം അനിവാര്യമായിരുന്നു. കാരണം ലെനിനെയോ,മാവോവിനെയോ പോലെ മാര്‍ക്സിസത്തെ ഇന്ത്യന്‍ പരിസ്ഥിതികള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ച് പ്രയോഗത്തില്‍ വരുത്താന്‍ മൌലികമായി ചിന്തിക്കുന്ന ഒരു നേതാവ് ഇവിടെ ഉണ്ടായില്ല.

എന്നാലും ഭൂരിപക്ഷതീരുമാനത്തിന് ന്യൂനപക്ഷം വഴങ്ങുക എന്ന സംഘടനാതത്വം ലംഘിക്കപ്പെടാതെ പാര്‍ട്ടി അവിഭക്തമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന് നമ്മുടെ രാജ്യം ഇക്കാണുന്ന കോലത്തില്‍ അല്ല ഉണ്ടായിരിന്നിരിക്കുക. ഏകാധിപത്യപ്രവണത ഉള്ളവരാണ് പിളര്‍ന്ന് പോയത് എന്ന് പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പിളര്‍പ്പിന് ശേഷം നേതാക്കള്‍ ഭൂരിപക്ഷം സി.പി.ഐ.യിലും അണികള്‍ ഭൂരിപക്ഷം സി.പി.എമ്മിലുമായിരുന്നു. ആശയപരമായി ആയുധമണിയാത്തത് കൊണ്ടാണ് വൈകാരികമായ കാരണങ്ങളുടെ പുറത്ത് അണികള്‍ സി.പി.എമ്മിന്റെ കൂടെ അണിചേരാന്‍ കാരണമായത്. ശരിയായ ഒരു നേതാവ് അതായത് ഏ.കെ.ജി. തെറ്റായ ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടു എന്നതാണ് ആ പിളര്‍പ്പിന്റെ ദുരന്തം. തെറ്റായ ഒരു നേതാവ് അതായത് ഇ.എം.എസ്. ആശയപരമായി ശരിയായ ദിശയില്‍ നയിക്കാമായിരുന്ന ആ ഗ്രൂപ്പിന്റെ നേതാവായി എന്നത് മറ്റൊരു ദുരന്തം. പിണറായിലൂടെ ആ തെറ്റ് ഇപ്പോഴും തുടരുന്നു .

കമ്മ്യൂണിസത്തെപ്പോലെ മാനവീകമായ ഒരു പ്രത്യശാസ്ത്രം ഇതുവരെ ഉണ്ടായിട്ടില്ല എന്നതില്‍ ആര്‍ക്ക് തര്‍ക്കം ബൈജു ? മനുഷ്യന്റെ മനസ്സ് അത് യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റും വിധം സ്വാര്‍ത്ഥതകളെ പരിമിതപ്പെടുത്താന്‍ തയ്യാറാവുമോ എന്നതിലേ എനിക്ക് സംശയമുള്ളൂ. സോഷ്യലിസം അഥവാ കമ്മ്യൂണിസം എന്ന സാമൂഹിക ശാസ്ത്രത്തെയല്ല പാര്‍ട്ടികളിലെ ഏകാധിപത്യപ്രവണതകളെയാണ് ഞാന്‍ എതിര്‍ക്കുന്നത് എന്ന് ദയവായി മനസ്സിലാക്കുക.

അത് കൊണ്ടാണ് എല്ലാ കമ്മ്യൂണിസ്റ്റ് ആശയക്കാരും പുനരേകീകരിച്ച് ഒരു സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടണം എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത്. ഈ ആശയം പുറത്ത് പറഞ്ഞാല്‍ സി.പി.എം. അതിനെ അടിച്ചമര്‍ത്തും. കാരണം അളവറ്റ ആസ്തിക്ക് മേലെ അടയിരിക്കുകയാണ് അതിന്റെ നേതൃത്വം. അത് സംരക്ഷിക്കാനുള്ള കാവല്‍ ഭടന്മാരാണ് ആ പാര്‍ട്ടിയുടെ അംഗങ്ങള്‍. നഷ്ടപ്പെടാന്‍ ഏറെയുള്ളത് കൊണ്ട് ഇന്നുള്ളതില്‍ ഒരു നേരിയ മാറ്റം പോലും അവര്‍ സഹിക്കുകയില്ല. അത് കൊണ്ടാണ് സി.പി.എം.ഒരു പ്രതിവിപ്ലവസംഘടനയാണെന്ന് ഞാന്‍ പറയുന്നത്.

മുതലാളിത്തം തകരുന്നു എന്ന് ഞാന്‍ പറയില്ല. പാവപ്പെട്ടവന്റെ ചോര കുടിച്ച് അത് ഇപ്പോഴും അനുനിമിഷം വീര്‍ക്കുക തന്നെയാണ്.ഒരു ബദല്‍ മാര്‍ഗ്ഗം കാണാത്തത് കൊണ്ട് അപ്രിയയാഥാര്‍ത്ഥ്യമായി അംഗീകരിക്കുകയാണെന്റെ മനസ്സ്.
സസ്നേഹം,
കെ.പി.എസ്.

7 comments:

chithrakaran ചിത്രകാരന്‍ said...

പുതിയ ചിന്താ ധാരകള്‍ക്ക് വളരാന്‍ പോലും ഇടം നല്‍കാത്തവിധം സി.പി.എം. മസിലുകള്‍ സമൂഹത്തെ കെട്ടിവരിഞ്ഞ് നിശ്ചേതനമാക്കിയിരിക്കുന്നു. നമ്മുടെ ദുര്യോഗം എന്നല്ലാതെ എന്തുപറയാന്‍ !!!

Unknown said...

അതാണ് വാസ്തവം ചിത്രകാരാ , ഏറെക്കാലം ഇത് തുടരാന്‍ കഴിയില്ല എന്നാശ്വസിക്കാം ...!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സുകുമാര്‍ജിയുടെ നിരീക്ഷണങ്ങളില്‍ വളരെയധികം സത്യങ്ങളുണ്ട്.
പുരോഗമന ചിന്താഗതിക്കാരുടെ പുതിയൊരു സംഘടനയ്ക്ജേ സുകുമാര്‍ജി പറഞ്ഞതു പോലുള്ള ഒരു വിശാല വീക്ഷണത്തോടെ പ്രവര്‍ത്തിക്കാനാവുകയുള്ളു. അതിനു പുതിയൊരു നേതൃത്വം തന്നെ ഉരുത്തിരിഞ്ഞു വരണം. അതിനൊരു പക്ഷേ കമ്മ്യൂണിസമെന്ന ലേബലുണ്ടാവാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം കമ്മ്യൂണിസമെന്ന പദം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട് അര്‍ത്ഥം നഷ്ടപ്പെട്ട ഒന്നാണിന്ന്.

സി.പി.എമ്മില്‍ നിന്നും വലുതായൊന്നും ഇനി പ്രതീക്ഷിക്കാനില്ല.അപചയത്തിന്റെ പാതയിലൂടെ അനുദിനം നീങ്ങിക്കൊണ്ടിരിക്കുകയാണത്.പശ്ചിമ ബംഗാള്‍ കൈവിട്ടു പോയാല്‍ കാണാം. അതു വിദൂരമല്ലാത്ത ഭാവിയില്‍ സംഭവിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന വൃദ്ധനേതൃത്വത്തിന്റെയും അവര്‍ക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ദിശാബോധമില്ലാത്ത ഉപജാപക സംഘങ്ങളുടേയും കൂട്ടയ്മയായി ഇടതു പക്ഷ പ്രസ്ഥാനങ്ങളെന്ന് പറയാവുന്ന മിക്ക പാര്‍ട്ടികളും ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ പുതിയൊരു സംഘടനയ്ക്കു മാത്രമേ എന്തെങ്കിലും കാര്യമായി ചെയ്യാനാവൂ.

ബിനോയ്//HariNav said...

ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി മുതല്‍ തീവ്രവാദം വരെയുള്ള എല്ലാ പ്രശ്നങ്ങളിലും ഏറ്റവും ക്രിയാത്മകമായി ഇടപെടേണ്ടിയിരുന്നവരാണ് ഇടതുപക്ഷം. പക്ഷെ അവരാകട്ടെ ഫാരിസ്‌ മുതലാളിമാര്‍ക്ക് നിക്കര്‍ തുന്നുന്ന തിരക്കിലും. പ്രതീക്ഷയുടെ ഒരു ചെരുതിരി വെട്ടം പോലും എവിടെയും കാണുന്നുമില്ലല്ലോ.

NITHYAN said...

ചിന്തയുടെ തെളിനീരുറവയാണ്‌ സുകുമാരേട്ടന്റെ വരികള്‍. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെയും സോവിയറ്റ്‌ സാമ്രാജ്യത്വത്തിന്റെയും പതനം കണ്ട സ്ഥിതിക്ക്‌ സി.പി.എമ്മിന്റെ ആസ്‌തി അതിന്റെ നട്ടെല്ലിന്‌ ബാധിച്ച ക്ഷയത്തിന്‌ ചികിത്സിക്കാന്‍ തികയുമോയെന്ന ഒരു സംശയമേ ഇപ്പോഴുള്ളൂ.

chithrakaran ചിത്രകാരന്‍ said...

അതു കലക്കി നിത്യാ..
എല്ലാറ്റിനും ഒരു അന്ത്യമുണ്ട് !

P.C.MADHURAJ said...

എനിക്കിഷ്ടപ്പെട്ടവരല്ല നേതൃത്വം- അതുകൊണ്ടു പാ‍റ്ട്ടി അതിന്റെ പ്രത്യയശാസ്ത്രത്തിൽനിന്നകലുന്നു എന്നതെങ്ങനെ ഒരുവാദമാകുന്നു?
പണമില്ലാത്തതിനു പണമുള്ളവനെ പഴിച്ചിട്ടെന്തു പ്രയോജനം? പണമില്ലാതെ ഏതെങ്കിലും തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കാമോ? എന്തിനു ചെലവാക്കുന്നു എന്നു നോക്കിയാല്പോരേ? ദേശാഭിമാനിപോലെയൊരു പത്രം നോക്കിനടത്താൻ എത്ര പണം വേണമെന്നറിയാമോ? നമ്മൾ ഭരണത്തിലുള്ളപ്പോഴേ പരസ്യം കിട്ടാറുള്ളൂ. എന്നിട്ടും സാമാന്യം നല്ല ശമ്പളം കൊടുക്കുന്നുണ്ട് ജീവനക്കാറ്ക്കൊക്കെ. ആരെസ്സെസ്സുകാരന്റെ ജന്മഭൂമി ഇനിയും പച്ചപിടിച്ചിട്ടില്ലല്ലോ.അനുഭാവികളിൽനിന്നും പ്രവറ്ത്തകരിൽനിന്നും കിട്ടുന്ന നാമമാത്രമായ തുകകൊണ്ട് ഒരു പത്രം നടത്താനാവില്ല ഇന്നു, എന്നത് ഒരു വാസ്തവം മാത്രമാണ്.
പിണറായി പാറ്ടിതലപ്പത്തെത്തിയെങ്കിൽ അതു അയാളുടെ കഴിവ്. തെരഞ്ഞെടുപ്പുണ്ട് പാർട്ടിയിൽ. കോൺഗ്രസ്സുപോലെയല്ല. സോണിയാ മദാമ്മ പ്രസിഡണ്ടായപോലെയല്ല.
പിണറായിയുടെ സ്റ്റാൻഡുതന്നെയാണു യഥാറ്ത്തമാറ്ക്സിസ്റ്റിനു ഇന്നു അഡോപ്റ്റ് ചെയ്യാനുള്ളതു. അതു ശരിയോ തെറ്റോ എന്നു ചിന്തിക്കാൻ പാർട്ടിക്കു പുറത്തുള്ള ഒരു ഉരകല്ലു വേണ്ടെ? അങ്ങനെ ഒരു ഉരകല്ലിനെ മാവോയും ലെനിനും അങീകരിച്ചിട്ടുണ്ടോ?ഇന്ത്യൻ സാഹചര്യങ്ങളിൽനിന്നു അങ്ങനെയൊരു ഉരകല്ലിനെ ഉപയോഗിക്കുന്നതിനെതിരെയാണു എന്നും പാറ്ട്ടിയുടെ ബുദ്ധിജീവികൾ നിന്നിട്ടുള്ളതു.വേറെ കാര്യം.