2008-10-13

ഒരു ആത്മഗതം !

ശിഥില ചിന്തകളില്‍ ഞാന്‍ മാവേലികേരളത്തിന് ഇന്ന് നല്‍കിയ മറുപടി ഒരു പോസ്റ്റാക്കാന്‍ മാത്രം പ്രസക്തമെന്ന് തോന്നിയതിനാല്‍ ഇവിടെ പെയിസ്റ്റ് ചെയ്യുന്നു:

പ്രിയപ്പെട്ട ടീച്ചര്‍, അങ്ങനെ വിളിക്കട്ടെ ...

ടീച്ചര്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു ... സാമൂഹ്യ ജീവിയാണല്ലൊ മനുഷ്യര്‍ ... അതായത് സമൂഹത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് നിലനില്‍പ്പുള്ളൂ. വെള്ളത്തിലെ മീനിനെപ്പോലെ. വെള്ളം മലിനമായിക്കൊണ്ടേ ഇരുന്നാല്‍ എന്താവും. മീനുകള്‍ക്ക് അതിജീവനം അസാധ്യമാവും. സമൂഹം അനുദിനം നമ്മുടെ മുന്‍പില്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ചരിത്രത്തിന്റെ നാള്‍‌വഴികളില്‍ സാധാരണയായി കാണാന്‍ കഴിയുന്നത് അതാത് സമയങ്ങളില്‍ പല പല സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന് വന്നതാണ്. അതിനാല്‍ തന്നെയാണ് ഇന്ന് കാണുന്ന ഒരു വൃത്തിയും വെടിപ്പും സാമൂഹ്യപരിസരങ്ങളില്‍ കൈവന്നിരുന്നത്. എന്നാല്‍ കുറെയായി ഈ പരിസരം വെടിപ്പാക്കാന്‍ ആരുമില്ല എന്ന് തന്നെയുമല്ല അത് കൂടുതല്‍ വൃത്തികേടാക്കാന്‍ എല്ലാവരും ഉത്സാഹിക്കുകയും ചെയ്യുന്നു. സമൂഹത്തിന് ശരിയായ ചികിത്സ കിട്ടണമെങ്കില്‍ രോഗം എന്താണെന്ന് കണ്ടെത്തുകയും വേണം.


എന്നെ സംബന്ധിച്ച് പറഞ്ഞാല്‍,കുട്ടികള്‍ക്ക് ജോലിയൊക്കെ ആയാല്‍ ഗാര്‍ഹസ്ഥ്യത്തിന്റെ പരാധീനതകള്‍ ഒഴിവായാല്‍ പിന്നെയും സമയം ബാക്കിയുണ്ടെങ്കില്‍ എന്നെയും കുടുംബത്തെയും ഇത്രയും കാലം പോറ്റിയ സമൂഹത്തിന് തിരിച്ച് എന്തെങ്കിലും സേവനം ചെയ്യണമെന്ന് മുന്‍പേ കരുതിയിരുന്നു. മൂന്ന് നാല് വര്‍ഷമായി ഇങ്ങനെ ഒരു അന്വേഷണത്തിലായിരുന്നു ഞാന്‍. ഇതിനിടയില്‍ ഞങ്ങള്‍ക്ക് ബാംഗ്ലൂരിലേക്ക് താമസം മാറ്റേണ്ടി വന്നു. ശ്രീമതിയ്ക്ക് മക്കളെ പിരിഞ്ഞിരിക്കാന്‍ വിഷമം ഉള്ളത് കൊണ്ടാണ് അങ്ങനെ വേണ്ടി വന്നത് . ശ്രീമതിയുടെ മനസ്സ് വിഷമിപ്പിക്കാന്‍ വയ്യാത്തത് കൊണ്ട് എന്റെ മുന്നില്‍ മറ്റ് വഴിയില്ലായിരുന്നു.


ബാംഗ്ലൂരില്‍ വന്നതിന് ശേഷം ഓര്‍ക്കുട്ടിലൂടെയാണ് ഞാന്‍ ഒരു വര്‍ഷത്തോളം സുഹൃത്തുക്കളോട് ആശയവിനിമയം നടത്തിയിരുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരു വേദി കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.മധ്യമപ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്നവര്‍. ഒരു സുഹൃത്ത് ഒരിക്കല്‍ സ്ക്രാപ്പ് എഴുതി, താങ്കള്‍ക്ക് ബ്ലോഗ് തുടങ്ങിക്കൂടേ ... എന്നാല്‍ സമാനമനസ്ക്കരുമായി ആശയവിനിമയം നടത്താമല്ലൊ എന്ന് . എന്താണ് ബ്ലോഗ് എന്ന് അറിയില്ലായിരുന്നു. ആ അജ്ഞത സുഹൃത്തിനോട് തുറന്ന് പറഞ്ഞുമില്ല. എന്റെ മോന്‍ ഒരു ദിവസം “സേവ് കേരള” എന്ന ബ്ലോഗിനെ പറ്റി പറഞ്ഞു.അവന്‍ ഓഫീസില്‍ നിന്ന് നെറ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍ യാദൃച്ഛികമായി ശ്രദ്ധയില്‍ പെട്ടതായിരുന്നു. ഞാനും അവനും വീട്ടില്‍ നിന്ന് ആ ബ്ലോഗ് വായിച്ചു, അവിടെ ഒരു കമന്റ് എഴുതാന്‍ ഉല്‍ക്കടമായ മോഹം തോന്നി. കേരളത്തെ പറ്റി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഉല്‍ക്കണ്ഠകളായിരുന്നു ആ ബ്ലോഗ് മുഴുവന്‍. അപ്പോഴാണ് കമന്റ് എഴുതണമെങ്കില്‍ ബ്ലോഗ്ഗര്‍ ഐഡി വേണമെന്ന് മനസ്സിലായത്. എങ്ങനെയോ ഒരു ഐഡി ക്രീയേറ്റ് ചെയ്ത് കമന്റ് രേഖപ്പെടുത്തി. ( സേവ് കേരള ബ്ലോഗില്‍ ഞാന്‍ പിന്നീട് എഴുതിയ കമന്റ് ആണ് മേലെയുള്ള ലിങ്കില്‍ കാണുക. ആദ്യം കമന്റ് എഴുതിയ പോസ്റ്റിന്റെ ലിങ്ക് കാണുന്നില്ല. അന്ന് ഉണ്ടാക്കിയ ഐഡി പിന്നെ തുറക്കാനും കഴിഞ്ഞിട്ടില്ല)

ഇതിനിടയില്‍ ഓര്‍ക്കുട്ടില്‍ നിന്ന് ഒരു സുഹൃത്ത് എനിക്ക് മലയാളത്തില്‍ സ്ക്രാപ്പ് എഴുതി. ( ആ സുഹൃത്ത് അന്ന് ബ്ലോഗില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ബ്ലോഗ്ഗര്‍ ആണെന്നും അയാള്‍ ഏതോ ബ്ലോഗ് പാരയ്ക്ക് വിധേയനായി ബ്ലോഗ് ഡിലീറ്റേണ്ടി വന്നു എന്നും ഞാന്‍ പിന്നീട് മനസ്സിലാക്കി)മലയാളത്തില്‍ സ്ക്രാപ്പ് കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചു. എങ്ങനെയാണ് മലയാളത്തില്‍ സ്ക്രാപ്പ് എഴുതുക എന്ന് ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍ എനിക്ക് അയാളില്‍ നിന്ന് കിട്ടിയ മറുപടി ആയിരുന്നു എനിക്ക് നെറ്റില്‍ നിന്ന് കിട്ടിയ ആദ്യത്തെ മനോവേദന. മറുപടി ഇപ്രകാരം: “മലയാളത്തില്‍ കമ്പ്യൂട്ടറില്‍ എഴുതാന്‍ അറിയാത്ത ആളാണോ സാമൂഹ്യപരിഷ്ക്കരണത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് എന്റെ സുകുമാരക്കുറുപ്പ് ചേട്ടായീ .....”. ഞാന്‍ പിന്നീട് ബ്ലോഗ് തുടങ്ങുമ്പോള്‍ അയാള്‍ ബ്ലോഗ് നിര്‍ത്തിയിരുന്നു. എന്നിട്ടും അക്കാലത്തെ ബ്ലോഗ്ഗര്‍മാരുടെ കണ്ണിലുണ്ണിയും ബ്ലോഗ്ഗേര്‍സ് മീറ്റുകളിലെ താരവുമായിരുന്നു ആ സഹൃദയന്‍. അന്നത്തെ ബ്ലോഗ് പുലികളെല്ലാം എന്ത്കൊണ്ടോ ക്രമേണ മടകളിലേക്ക് മടങ്ങി. അതും കഴിഞ്ഞ് ഒരു ദിവസം എന്റെ മോന്‍ ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്ത് അരമണിക്കൂര്‍ കൊണ്ട് എനിക്കൊരു മലയാളം ബ്ലോഗ് ക്രീയേറ്റ് ചെയ്തു തന്നു. ഞാന്‍ അന്ന് തന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കുകയും ചെയ്തു.


ബ്ലോഗിലൂടെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു പിന്നെ എന്റെ ചിന്ത. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു സാംസ്ക്കാരിക ഐക്യമുന്നണി എന്നതായിരുന്നു ആശയം. ബ്ലോഗില്‍ നിന്ന് പ്രതികരണം ഒന്നും കിട്ടിയില്ല. ഇതിനിടയില്‍ ചിത്രകാരന്‍ ബ്ലോഗ് അക്കാദമി എന്ന ആശയം മുന്നോട്ട് വെച്ചു. എന്നില്‍ പ്രതീക്ഷ മുളച്ചു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പറ്റം ബ്ലോഗ്ഗര്‍മാരെ കേരളത്തിന്റെ മണ്ണില്‍ വളര്‍ത്താന്‍ പറ്റിയ നല്ല ആശയം എന്നെനിക്ക് തോന്നി. എന്നാല്‍ അത്തരം ഒരു ദിശാബോധം ബ്ലോഗ് അക്കാദമിക്ക് നല്‍കി ഒരു ജനകീയ ബ്ലോഗ് കൂട്ടായ്മ സൃഷ്ടിച്ചെടുക്കുക എന്ന സ്വപ്നം അത്ര എളുപ്പമല്ല എന്നെനിക്ക് പെട്ടെന്ന് മനസ്സിലായി. എന്നെപ്പോലെ ചിന്തിക്കുന്ന ആരെയും എനിക്ക് കൂട്ടിന് കിട്ടിയില്ല. കുറെ പേര്‍ക്ക് ബ്ലോഗെഴുതാന്‍ പറഞ്ഞുകൊടുക്കുക എന്ന പരിമിതലക്ഷ്യം മാത്രമുള്ള ആ വിര്‍ച്വല്‍ കൂട്ടായ്മയില്‍ നിന്ന് ഞാന്‍ പിന്‍‌വാങ്ങി.


ഇത്രയും എഴുതിയത് എന്റെ ആത്മഗതം എന്ന് എടുക്കുക. ഇനി മവേലികേരളത്തിന്റെ അഥവാ ഞാന്‍ ബഹുമാനിക്കുന്ന പ്രസന്ന ടീച്ചറുടെ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് :

“ക്രിയാത്മകമായി പലതും ഒന്നിച്ചു നിന്നു ചെയ്യണമെന്നുണ്ടായിരുന്നിട്ടും എന്തുകോണ്ടോ ഒന്നും നടന്നില്ല എന്നുള്ളതിനെക്കുറിച്ചൊരു ഓപ്പണ്‍ ചര്‍ച്ച അതൊരു പോസ്റ്റാക്കു മാഷേ. ഒരു റിട്രോസ്പെക്‍ഷന്‍.ഒരു പക്ഷെ പുതിയ ആശയങ്ങളോ ഉത്തരങ്ങളോ‍ അതു വഴി കാണാന്‍ കഴിഞ്ഞേക്കാം...”

ഇതിനുള്ള ഉത്തരം ടീച്ചര്‍ തന്നെ ആദ്യമേ പറഞ്ഞു വച്ചല്ലൊ :

“ മലയാളി സമൂഹത്തിന്റെ ഒരു തനി പ്രതിബിംബമായിപ്പോയി, മലയാളം ബ്ലോഗും! ”

ബ്ലോഗില്‍ ഒന്നും ചെയ്യാനില്ല ടീച്ചര്‍ ... ചിന്തിക്കുന്നവര്‍ക്ക് മാത്രമേ പ്രശ്നമുള്ളൂ. എന്നോട് മുന്‍പ് ഒരു നക്സല്‍ സുഹൃത്ത് പറഞ്ഞിരുന്നു,“ ഒരു വിപ്ലവകാരി ആരെങ്കിലും വേദി ഒരുക്കിത്തരാന്‍ കാത്തിരിക്കുകയല്ല വേണ്ടത് , സ്വയം വേദി ഉണ്ടാക്കുകയാണ് വേണ്ടത് ” എന്ന്. ഇനിയേതായാലും ഒരങ്കത്തിന് നമ്മള്‍ക്ക് ബാല്യം ബാക്കിയില്ലല്ലൊ....

ടീച്ചര്‍ക്ക് നന്ദി !

7 comments:

അങ്കിള്‍ said...

ഈ മാഷിന്റെ പ്രായം ഓരോകൊല്ലം കഴിയുമ്പോഴും പുറകോട്ട് പോയിരുന്നെങ്കില്‍ എന്നാശിക്കുന്നു.

Unknown said...

നന്ദി അങ്കിള്‍, ബ്ലോഗ്ഗിങ്ങില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് ആയി താങ്കളുടെ കമന്റ് ഞാന്‍ സ്വീകരിക്കുന്നു !

വിദുരര്‍ said...

ഒരു പരിഭവം പറച്ചിലുപോലെ, സാമൂഹിക ഇടപെടലുകളെക്കുറിച്ചുള്ള ഈ സംസാരം ഗൗരവമാര്‍ന്നതു തന്നെ.
-നേതൃത്വത്തിന്റെ വഞ്ചനക്കു മുമ്പില്‍ പുതു തലമുറ എന്തു ചെയ്യും ?
-ജീവിത മൂല്യബോധമുള്ള മാതൃകകള്‍ നഷ്ടപ്പെടുത്തിയത്‌ നമുക്കു തൊട്ടു മുമ്പുള്ള പഴയ തലമുറ തന്നെയല്ലെ ?
-ഇങ്ങിനെയുള്ള ഒരു തലമുറയെ വിചാരണ ചെയ്യാതെ എങ്ങിനെയാണ്‌ ഒരു പുതു പ്രസ്ഥാനം ഉടലെടുക്കുക ?

Unknown said...

പ്രിയപ്പെട്ട വിദുരര്‍, പഴയ തലമുറയ്ക്ക് മാപ്പ് നല്‍കി നമുക്ക് പുതു പ്രസ്ഥാനത്തിന് രൂപം നല്‍കിക്കൂടേ? ആരെയെങ്കിലും വിചാരണ ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ഒരു തുടര്‍ക്കഥയായി മാറിയേക്കാം എന്ന് ഞാന്‍ ഭയപ്പെടുന്നു. നമുക്ക് സമവായത്തിലെത്തിക്കൂടേ ? പരസ്പരമുള്ള ആരോപണപ്രത്യാരോപണങ്ങള്‍ എനിക്ക് മതിയായി. വരൂ ഇങ്ങനെയൊക്കെ ചെയ്യാം എന്ന് ഒത്ത് ചേര്‍ന്ന് കൂടേ നമുക്ക് ....?

Manoj മനോജ് said...

ഇന്ന് പറച്ചിലിന്റെ ലോകമാണ്. ചെയ്യുവാന്‍ അവസരം വരുമ്പോള്‍ വിദഗ്ദ്ധമായി ഒഴിഞ്ഞ് മാറി നില്‍ക്കുക എന്നതാണിന്നത്തെ സ്റ്റൈല്‍ ഓഫ് ലിവിംങ്. പക്ഷേ പണ്ട് അങ്ങിനെയായിരുന്നോ സ്ഥിതി? അന്നും വിദ്യാഭ്യാസ സമ്പന്നരായിരുന്നു നാം (ഇന്നത്തെ ഇംഗ്ലീഷ് അറിവല്ല). എളിമയും, സഹായ മനോഭാവവും വേണ്ടുവോളമുണ്ടായിരുന്നു. ഇതെല്ലാം എന്റെ അമ്മുമ്മയില്‍ നിന്നും രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേട്ടറിഞ്ഞവയാണ്. പക്ഷേ എന്തേ ആ തലമുറയ്ക്ക് ശേഷം അവയെല്ലാം നമുക്ക് നഷ്ടമായത്? ഇന്ന് ചുറ്റും പണത്തിന് വേണ്ടിയുള്ള ആര്‍ത്തി മാത്രം... അവസരം കിട്ടിയാല്‍ സ്വന്തം രക്തത്തെ പോലും പുറകില്‍ നിന്ന് കുത്തുവാന്‍ അത്രയും ഉള്ള ആര്‍ത്തി. നമുക്ക് നഷ്ടമായ ആ പഴയ നന്മകള്‍ എന്നെങ്കിലും തിരിച്ച് കിട്ടുമോ? അയല്‍ വാസിയുടെ ആവശ്യം സ്വന്തം ആവശ്യമായി കരുതി ഒരു ഗ്രാമം മുഴുവന്‍ ഒത്തുകൂടുന്ന നിമിഷം.... അടുത്ത തലമുറയ്ക്കെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാകുമോ?

Unknown said...

“ഇന്ന് പറച്ചിലിന്റെ ലോകമാണ്”, യാഥാര്‍ത്ഥ്യത്തിന്റെ മര്‍മ്മത്തില്‍ തന്നെയാണ് മനോജ് തൊട്ടത്. ബ്ലോഗിലെയും മറ്റ് ഓണ്‍ലൈനിലെയും നെടുനെടുങ്കന്‍ ചര്‍ച്ചകള്‍ നോക്കൂ. പുലരുന്നത് വരെ വസ്തുതകളുടെ തലനാരിഴ കീറി സംവാദങ്ങള്‍ക്ക് അവര്‍ തയ്യാറാണ്. പക്ഷെ കീബോര്‍ഡില്‍ ടൈപ്പ് ചെയ്തുകൊണ്ടുള്ള ബൌദ്ധികവ്യായാമത്തിനല്ലാതെ അതിനപ്പുറം ജനങ്ങളിലേക്കിറങ്ങാന്‍ അല്പസമയം പോലും ആര്‍ക്കുമില്ല. ഞാനിവിടെ ബ്ലോഗും ഓണ്‍‌ലൈനും പരാമര്‍ശിച്ചത് ഉദാഹരണം മാത്രം. സമൂഹത്തിന് വേണ്ടി അല്പസമയം നിസ്വാര്‍ത്ഥമായി ചെലവഴിക്കാന്‍ ഇന്നാര്‍ക്കും മനസ്സില്ല. പറച്ചിലുകാരുടെ കാലമാണിത്. നേതാക്കന്മാരുടെ കാര്യം നോക്കൂ, അവര്‍ പ്രസംഗം എന്ന ഓമനപ്പേരില്‍ കുറെ ആരോപണങ്ങളും വെല്ലുവിളികളും,കെട്ടിയുയര്‍ത്തിയ വേദിയില്‍ മൈക്കിന് മുന്‍പില്‍ നിന്ന് കൊണ്ട് ആള്‍ക്കൂട്ടത്തോട് തൊണ്ട പൊട്ടി പറയുന്നു എന്നല്ലാതെ വേറെന്ത് ഗുണം? നാട്ടിന്‍ പുറങ്ങളില്‍ പൊതുപ്രവര്‍ത്തനം ഇന്നാരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും മുതലെടുപ്പ് കാണും. സംഭാവന പിരിക്കുമ്പോള്‍ നമുക്ക് തരുന്നരസീ‍തില്‍ യഥാര്‍ത്ഥ സംഖ്യ രേഖപ്പെടുത്തുകയും കൌണ്ടര്‍ഫോയിലില്‍ കുറഞ്ഞ സംഖ്യ എഴുതി പണം തിരിമറി നടത്തുന്ന അമ്പലക്കമ്മറ്റി ഭാരവാഹികളെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒന്നുമില്ലെങ്കില്‍ ഒരു ഷൈന്‍ ചെയ്യല്‍ , അങ്ങനെ യാതൊരു പ്രതിഫലവുമില്ലെങ്കില്‍ ചെറുവിരല്‍ അനക്കാന്‍ ഇന്നാരും തയ്യാറല്ല. അപവാദങ്ങള്‍ ഇല്ലെന്നല്ല . പക്ഷെ അത്തരക്കാര്‍ ഇന്ന് വിഡ്ഢികളായാണ് പരിഗണിക്കപ്പെടുക.

ഉള്ളത് അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അല്പം പോലും പങ്ക് വയ്ക്കാന്‍ തയ്യാറല്ലാത്ത ഇക്കാലത്ത് ഇതിനപ്പുറം ഒന്നും ആരില്‍ നിന്നും പ്രതീക്ഷിച്ചുകൂട. കാള്‍ മാര്‍ക്സും , ജോര്‍ജ്ജ് ഓര്‍വെല്ലും ഒക്കെ പ്രവചിച്ച പോലെ മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥിതിയിലേക്കാണ് സമൂഹം മുന്നേറുന്നത്. മാര്‍ക്സ് കമ്മ്യൂണിസം മാത്രമല്ല പ്രവചിച്ചത്, അണ പൈ അടിസ്ഥാനത്തില്‍ മനുഷ്യബന്ധങ്ങള്‍ സ്വാര്‍ത്ഥതയുടെ പരമകാഷ്ഠയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

നമുക്ക് നഷ്ടമായ ആ പഴയ നന്മകള്‍ എന്നെങ്കിലും തിരിച്ച് കിട്ടുമോ? കിട്ടും എനിക്കുറപ്പാണ്, പക്ഷെ തിരിച്ചങ്ങോട്ട് ഒരു ചോദ്യം. പുഴ അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് തിരിച്ചൊഴുകുമോ? ആധുനിക മനുഷ്യന്‍ തിരിച്ച് പ്രാകൃതാവസ്ഥയിലേക്ക് മടങ്ങുമോ? ഇല്ലല്ലോ. അപ്പോള്‍ മനുഷ്യന് ഇനി നന്മയിലേക്കും മടങ്ങാനാവില്ല. സമൂഹമാണ് വ്യക്തികളെ സൃഷ്ടിക്കുന്നത്. സ്വാര്‍ത്ഥതയുടെ അടിസ്ഥാനത്തില്‍ ചലിക്കുന്ന സമൂഹത്തിന് നന്മയുള്ള വ്യക്തികളെ സൃഷ്ടിക്കാന്‍ കഴിയില്ല. അതിന് നന്മയുള്ള സമൂഹവും വേണം. അയല്‍ വാസിയുടെ ആവശ്യം സ്വന്തം ആവശ്യമായി കരുതി ഒരു ഗ്രാമം മുഴുവന്‍ ഒത്തുകൂടുന്ന ആ സുവര്‍ണ്ണകാലം പോയി. ഇന്ന് അയല്‍വാസിയാണ്,അടുത്ത ബന്ധു ആണ് ഒരോരുത്തരുടെയും ശത്രു. സ്വാര്‍ത്ഥതയാണ് ഈ ശത്രുത ഉണ്ടാക്കിയത്. ഒരു ഭഗവദ്ഗീതയ്ക്കും ഇനിയീ സ്വാര്‍ത്ഥത ലഘൂകരിക്കാനാവില്ല.

ഞാന്‍ ഭയപ്പെടുത്തുകയല്ല, ഈ ലോകത്തിലാണ് നമ്മള്‍ ജീവിയ്കേണ്ടത്, നമ്മുടെ മക്കള്‍ വളരേണ്ടത്. രണ്ടു മക്കള്‍ ജനിക്കുമ്പോള്‍ അവര്‍ നാളെ, താന്‍ ഉണ്ടാക്കിയ സ്വത്തിന് വേണ്ടി പരസ്പരം കോളര്‍ പിടിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലത്. ഞാന്‍ എന്റെ അയല്‍ വാസിയായ അധ്യാപകനോട് പറഞ്ഞു: മാഷെ മക്കള്‍ക്ക് ഡിഗ്രിയും , ജോലിയും , പറമ്പും വീടും വീടിന് കോമ്പൌണ്ട് വോളും ഉണ്ടാക്കിക്കൊടുത്താല്‍ മത്രം അവര്‍ സുരക്ഷിതരായിരിക്കുകയില്ല, ഇറങ്ങി നടക്കാന്‍ നല്ല സമൂഹപരിസരവും വേണം. അത് വൃത്തിയാക്കാന്‍ നാമോരുരുത്തരും ദിവസവും അരമണിക്കൂറെങ്കിലും ചെലവഴിക്കണം. ഞാന്‍ റെഡി,നിങ്ങളോ? മാഷിന് ഒരു സെക്കന്റ് സമയം പോലും ഒഴിവില്ലായിരുന്നു. ആര്‍ക്കും ഒഴിവില്ലല്ലൊ.

എനിക്ക് വേണമെങ്കില്‍ ഒറ്റപ്പെട്ട നിലയില്‍ എന്തെങ്കിലും ചെയ്യാം. അങ്ങനെ നിസ്വാര്‍ത്ഥരായ പലരും ഒറ്റപ്പെട്ട നിലയില്‍ പലതും ചെയ്യുന്നുമുണ്ട്. പക്ഷെ കളക്റ്റീവ് ആയ ഒരു മൂവ്‌മെന്റ് നഷ്ടപ്പെട്ട നമ്മുടെ മൂല്യങ്ങളും സംസ്ക്കാരങ്ങളും വീണ്ടെടുക്കാന്‍ ആവശ്യമായിരുന്നു. പണ്ടും മതങ്ങളും കുറെ ദശകങ്ങളായി രാഷ്ട്രീയപ്പാര്‍ട്ടികളും ഉള്ളതാണ്. പക്ഷെ ഇന്നവയുടെയൊക്കെ പ്രവര്‍ത്തനം മനുഷ്യമനസ്സില്‍ വെറുപ്പിന്റെ വിഷം കുത്തി വെച്ച് തങ്ങളുടെ ഭാഗത്ത് ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ്. ചെറിയ മനസ്സുള്ള നിസ്സാരരാണ് ചെറുതും വലുതുമായ നേതൃത്വസ്ഥാനങ്ങളില്‍ എത്തുന്നത് എന്നതാണതിന്റെ കാരണം. അത്തരം നേതാക്കളെ ഉല്‍പ്പാദിപ്പിക്കാനെ ഇനി സമൂഹത്തിന് കഴിയൂ.

Mr. K# said...

ബ്ലോഗിലൂടെയും ചെയ്യാമല്ലോ മാഷേ. അന്കിളിന്റെയൊക്കെ ബ്ലോഗ് പോലെ. പിന്നെ വിമര്ശനങ്ങളും വന്നേക്കാം. :-)