2008-10-11

മരണവും ജീവിതവും !

ജീവിതം പോലെ തന്നെ പ്രഹേളികയാണ് മരണവും . എത്രയോ നൂറ്റാണ്ടുകളായി ചിന്തിക്കുന്ന ആര്‍ക്കും ഉത്തരം ലഭിക്കാത്ത സമസ്യ . പല തരം വിശ്വാസങ്ങള്‍ നിലവിലുണ്ട് . എന്നാല്‍ ചിന്തിക്കുന്നവര്‍ക്ക് വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല . ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒക്കെ എന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഒരു ഡയറിയില്‍ എന്ന പോലെ എഴുതിവെക്കാനാണ് ഞാന്‍ ശിഥില ചിന്തകള്‍ എന്ന ബ്ലോഗ് തുടങ്ങിയിരുന്നത് . ആരെങ്കിലും അത് വന്ന് വായിക്കുമെന്നൊന്നും എനിക്കറിയില്ലായിരുന്നു . ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചതും ലിപിയും കീമേനും ഒക്കെ ഡൌണ്‍‌ലോഡ് ചെയ്തതും . ബൂലോഗത്തിലൂടെയല്ല ബ്ലോഗില്‍ എത്തിപ്പെട്ടതെന്ന് സാരം . പിന്നീട് എന്റെ ബ്ലോഗിലും കമന്റുകള്‍ വന്നുകണ്ടപ്പോള്‍ ഞാനും എങ്ങനെയോ വിവാദങ്ങളുടെ പിറകെ ആയിപ്പോയി . മനസ്സിലുള്ളത് ഒന്നും എഴുതാന്‍ കഴിഞ്ഞതുമില്ല . ഇതിനിടയില്‍ ആശയങ്ങള്‍ വാക്കുകളില്‍ പകര്‍ത്താനുള്ള കഴിവും കുറഞ്ഞു വന്നു . പ്രായം കൂടുന്തോറും മഷ്തിഷ്ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമല്ലൊ .


മരണത്തെക്കുറിച്ചും ആത്മഹത്യയെ കുറിച്ചും പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് അനില്‍@ ബ്ലോഗ് എന്ന ബ്ലോഗ്ഗര്‍ സുഹൃത്തിന്റെ " പതിവ് കാഴ്ചകള്‍ "എന്ന ബ്ലോഗില്‍ വായിച്ചപ്പോള്‍ ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് പോസ്റ്റാക്കണമെന്ന് കരുതിയിരുന്നു . വാക്കുകളുടെ ഒളിച്ചു കളി നിമിത്തം അവ പൊറുക്കിക്കൂട്ടാനാകാതെ ഇന്നെഴുതാം നാളെയെഴുതാം എന്ന് നീട്ടിവെക്കുകയായിരുന്നു . ഇന്ന് രാവിലെ തന്നെ വായിച്ച ബ്ലോഗ് ബെന്യാമിന്റെ പിന്നാമ്പുറ വായനകള്‍ ആണ് . മരണത്തിനപ്പുറം ജീവിതമുണ്ടോ എന്നതാണ് പോസ്റ്റ് . വളരെ സെന്റിമെന്റല്‍ ആയ വിഷയം . ഡോ. മുരളികൃഷ്ണ എഴുതിയ പുസ്തകത്തിന്റെ പേരാണ് തലക്കെട്ട് . ആ പുസ്തകത്തെ പറ്റി തന്നെയാണ് പോസ്റ്റ് . അവിടെ എഴുതിയ കമന്റ് അല്പം നീണ്ടു പോയി . അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു . ഈ വിഷയത്തില്‍ എനിക്കേറെ എഴുതാനുണ്ടായിരുന്നു . കഴിയുമോ എന്തോ !


ബെന്യാമിന്‍ , പരാമൃഷ്ട പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇനി വായിക്കുമെന്നും പറയാന്‍ പറ്റില്ല. ഒന്നാമത് ഇപ്പോള്‍ വായന കുറവാണ്,പിന്നെ വയിക്കാന്‍ ധാരാളമുണ്ട് സമയം തികയാത്തതാണ് പ്രശ്നം.

മരണത്തെ പറ്റി ചിന്തിക്കാത്ത ആരുമുണ്ടാകില്ല , പ്രായം കൂടുന്തോറും മരണത്തോടുള്ള ഭയവും കൂടി വരും . അത് കൊണ്ടാണ് പല വിപ്ലവകാരികളും യുക്തിവാദികളും വയസ്സ് കാലത്ത് ആത്മീയതയിലേക്ക് തിരിയുന്നത് . മരണം ജീവിതത്തിന്റെ അവസാനമല്ല , അത് ആത്മാവ് ശരീരം ഉപേക്ഷിച്ച് കൂട് വിട്ട് കൂട് മാറുന്ന ഒരു സ്വാഭാവിക പ്രക്രിയ ആണെന്നും ഞാന്‍ എന്ന ഈ സ്വത്വം ഒരിക്കലും അവസാനിക്കുന്നില്ല എന്നുമുള്ള വിശ്വാസം പലര്‍ക്കും ഒരു ആശ്വാസവും ധൈര്യവും നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ മരിക്കാന്‍ ആര്‍ക്കും മനസ്സില്ല. എന്നാല്‍ മരണത്തിന് കീഴടങ്ങിയേ പറ്റൂ എന്നെല്ലാവര്‍ക്കുമറിയുകയും ചെയ്യാം. ഒരു വ്യക്തി ജനിക്കുമ്പോള്‍, മരണം മാത്രമാണ് ഉറപ്പായ ഒരു യാഥാര്‍ഥ്യം . ശേഷം ജീവിതകാലം നടക്കുന്നതെല്ലാം ആകസ്മികങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് ആകസ്മിക സംഭവപരമ്പരകളുടെ ആകത്തുകയാണ് ജീവിതം. ഇത് നിലവിലുള്ള വിശ്വാസങ്ങള്‍ക്കെതിരാണ്. അങ്ങനെ അകസ്മിതകള്‍ക്ക് ജീവിതത്തെ വിട്ടുകൊടുക്കാന്‍ ഭയമുള്ളത്കൊണ്ട് ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും മുന്‍‌കൂട്ടി തീരുമാനിക്കപ്പെട്ട വിധി അനുസരിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നും വിശ്വസിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ എല്ലാം തന്നെ മനുഷ്യന് മന:സമാധാനം തരുന്നതാണെന്ന് കാണാം. മറിച്ചുള്ള പ്രസ്ഥാവനകള്‍ താങ്ങാന്‍ പോലും പലര്‍ക്കും കഴിയില്ല.


എല്ലാ വിശാസങ്ങളെയും അംഗീകരിക്കാന്‍ കഴിയാത്ത ചിലരുണ്ടാവും. അങ്ങനെയാണ് സമൂഹം യുക്തിവാദികളായും വിശ്വാസികളായും വിഭജിക്കപ്പെടുന്നത്. മരണത്തില്‍ നിന്ന് തിരിച്ചു വന്നവര്‍ ആരുമില്ല. അപ്പോള്‍ മരണാനന്തരം സംഭവിക്കുന്നു എന്ന് പറയുന്നതെല്ലാം കേവലം ഭാവനകളാണ്. ചിലര്‍ മരണപ്പെട്ടവരുടെ ആത്മാവുമായി സംവദിച്ചു എന്ന് പറയുന്നതെല്ലാം അവരുടെ മനോവിഭ്രാന്തിയുടെ ഫലം എന്നല്ലാതെ അത് സുബോധമുള്ള ആര്‍ക്കെങ്കിലും അനുഭവപ്പെട്ടതായി പറയുന്നില്ല. കൃഷ്ണയ്യരെ പോലുള്ള പ്രശസ്തര്‍ പറയുമ്പോള്‍ അതിന് പബ്ലിസിറ്റി കിട്ടുന്നു. പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ ആര്‍ക്കെങ്കിലും പ്രേതം സന്നിവേശിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കാറില്ല.


സത്യത്തില്‍ എന്താണ് മരണം ? ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍, മരണത്തോട് കൂടി ജീവിതം അവസാനിക്കുന്നു. ശരീരത്തിലെ രാസ-ഭൌതിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കലാണ് മരണം. ഒരു ബള്‍ബിന്റെ ഫിലമെന്റിലൂടെ വൈദ്യുതോര്‍ജ്ജം കടന്നു പോകുമ്പോള്‍ അത് പ്രകാശം പരത്തുന്നു. ഫിലമെന്റ് മുറിഞ്ഞുപോകുമ്പോള്‍ വൈദ്യുതപ്രവാഹം നിന്നു പോകുന്നു, പ്രകാശം നിലയ്ക്കുന്നു. പ്രകാശം എവിടെ നിന്നും വന്നിട്ടുമില്ല എങ്ങോട്ടും പോയിട്ടുമില്ല . വൈദ്യുതപ്രവാഹത്തിന്റെ ഒരു ഫലമാണ് വെളിച്ചം. ഇതേ പോലെ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ ഫലം ആണ് ജീവന്‍ എന്നാണ് എന്റെ നിരീക്ഷണം. എന്റെയെന്നല്ല യുക്തിവാദികള്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കാനാണ് മിക്കവാറും സാധ്യത. വളരെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നതാണ് ഈ പ്രസ്ഥാവന എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ജീവന്‍ എന്നാല്‍ സ്വന്തമായി അസ്ഥിത്വമുള്ള പ്രതിഭാസമാണ് എന്നാണല്ലൊ എല്ലാ മതങ്ങളുടെയും സങ്കല്പം. പഞ്ചസാരയിലെ മധുരത്തിന് സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തത് പോലെ ശരീരത്തില്‍ നിന്ന് സ്വതന്ത്രമായി ജീവന് നിലനില്പുണ്ടെന്ന് കരുതാനാവില്ല. അത്കൊണ്ട് തന്നെ മരണത്തിന് ശേഷം ഒരു ജീവിതമോ വീണ്ടുമൊരു ജനനമോ ഉണ്ടാവാനും വഴി കാണുന്നില്ല.


ഇതൊക്കെ യുക്തിവാദപരമായ ചിന്തകളാണ്. എങ്ങനെ ഒരു വിശ്വാസിക്ക് യുക്തിവാദം സ്വീകാര്യമല്ലയോ അതേ പോലെ യുക്തിവാദികള്‍ക്ക് വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചു പോകാനും ബുദ്ധിമുട്ടുണ്ട് . ഇതില്‍ യുക്തിവാദികളുടെ സ്ഥിതിയാണ് പരിതാപകരം. കാരണം ജീവിതവും മരണവും യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും ഒരേ പോലെയാണ് . രണ്ടു കൂട്ടരെയും ജീവിതം പ്രലോഭിപ്പിക്കുകയും മരണം ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നു. നിത്യജീവിതത്തിലെ പ്രശ്നങ്ങളും കീറാമുട്ടികളും , അപൂര്‍വ്വാവസരങ്ങളില്‍ ലഭിക്കുന്ന സന്തോഷങ്ങളും സംതൃപ്തിയും ഒക്കെ ഒരേ പോലെ പങ്ക് വയ്ക്കുന്നു. ഒടുവില്‍ ഒട്ടും ഇഷ്ടപ്പെടാതെ മരണത്തിന് കീഴടങ്ങേണ്ടിയും വരുന്നു. വിശ്വാസികള്‍ക്ക് അപ്പോഴെല്ലാം സമാധാനം തരാന്‍ അത്താണി പോലെ ധാരാളം വിശ്വാസങ്ങളുണ്ട്. എന്നാല്‍ യുക്തിവാദിയ്ക്കോ ? അയാള്‍ എല്ലാം ത്യജിക്കാന്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും അത് കഴിയില്ല അത് കൊണ്ടാണ് ഞാന്‍ നടേ പറഞ്ഞ പോലെ പല യുക്തിവാദികളും അവസാനം ആത്മീയതിയില്‍ അഭയം തേടുന്നത്. മരണം ഇല്ലാത ഒരവസ്ഥ മരണത്തേക്കാള്‍ ഭയാനകമാണ് എന്ന ചിന്ത കൊണ്ട് മരണഭയത്തെ മറികടക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത് .

ബെന്യാമിന്‍ , ഇത്രയും എഴുതാന്‍ ഉദ്ദേശിച്ചതല്ല്ല. എഴുതി വന്നപ്പോള്‍ നീണ്ടു പോയി. എന്റെ കമന്റില്‍ പിടിച്ച് ഒരു യുക്തിവാദ ചര്‍ച്ചയ്ക്ക് ആരും മുതിരരുതെയെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു . മനസ്സ് തുറന്ന് ചിലത് കുത്തിക്കുറിച്ചതാണ്.

സ്നേഹപൂര്‍വ്വം,

**********************************************

ഇന്നലെ രാത്രി വൈകി വായിച്ച മറ്റൊരു ബ്ലോഗാണ് അശോക് കര്‍ത്തായുടെ അക്ഷരക്കഷായം . ഇനി ഈ രതികള്‍ക്ക് ഒരു സയോനര എന്നതാണ് പോസ്റ്റ് . നിലവിലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ആ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ എഴുതി :


വളരെ കാലികപ്രസക്തിയുള്ള പോസ്റ്റ്. ഒരു ദു:ഖം മാത്രം . മാനവരാശിയെ ഈ വിഷമവൃത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇനി ഒരു പ്രവാചകനും ദാര്‍ശനികനും ചിന്തകനും പ്രസ്ഥാനത്തിനും കഴിയില്ല. തല്‍ക്കാലം ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയാലും സര്‍വ്വനാശം അനിവാര്യമാണ് . ഗാന്ധിജിയിലേക്ക് മടങ്ങുക എന്നതാ‍ണ് ഞാന്‍ കാണുന്ന പോംവഴി . അതിന് ആരും തയ്യാറാവുകയില്ല . ധൂര്‍ത്തടിച്ച് നശിക്കാനും നശിപ്പിക്കാനും ആധുനികകാലം മനുഷ്യനെ വിധിച്ചിരിക്കുന്നു . ഇത് ഒരു അശുഭവിശ്വാസിയുടെ വിലാപമല്ല. നാളെ നാം അഭിമുഖീകരിക്കാന്‍ പോകുന്ന യാഥാര്‍ഥ്യം !

അതിന് അശോക് കര്‍ത്തയുടെ മറുപടി ഇപ്രകാരം :


സുകുമാരേട്ടാ,
ഗാന്ധിസത്തിലേക്ക് മടങ്ങുക എന്ന് പറയുമ്പോള്‍ ഒരു എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകും. അതില്‍ ഒരു അതിപരിചയത്തിന്റെ ലാളിത്യമുണ്ട്. പക്ഷെ അതല്ലാതെ രക്ഷയില്ല. അത് മനസിലാക്കിയില്ലെങ്കില്‍ സ്വയമേവ പിന്നീട് മനസിലാകും.

അശോക് പറഞ്ഞതാണ് ശരി . നമുക്കിനി ലാളിത്യത്തിലേക്ക് മടങ്ങാന്‍ കഴിയില്ല . ഒന്നേ സമാധാനമുള്ളൂ , എന്തിനും ഒരു പര്യവസാനം വേണമല്ലൊ . അതെന്തിന് നീട്ടി വെക്കാന്‍ വൃഥാ വ്യാമോഹിക്കണം ?

10 comments:

Cartoonist said...

മുകളിലെ ‘ദിവ്യ’ര്‍ ഒരു സങ്കല്പസൃഷ്ടിയല്ല എന്നു വിശ്വസിയ്ക്കേണ്ടിവരാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് എല്ലാ വൃദ്ധരും. എന്റെ അമ്മ അവരിലൊരാളാണ്. പത്രത്തിലെ ചരമകോളത്തിലൂടെ അവശയായ അമ്മ ഒറ്റയ്ക്ക് നീങ്ങുന്നതു കാണുമ്പോള്‍‍ അമ്മയ്ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ കഴിഞ്ഞതെന്ന് ഞാന്‍ ദിവസവും സങ്കടപ്പെടാറുണ്ട്.

Unknown said...

സജ്ജിവ് , ഞാന്‍ മിക്കവാറും മലയാള പത്രങ്ങള്‍ നെറ്റിലാണ് ഇപ്പോള്‍ വായിക്കുന്നത്. ചരമകോളങ്ങളാണ് ആദ്യം നോക്കുന്നത്. നമ്മോടൊപ്പം സംസാരിച്ചവര്‍, ആശങ്കകള്‍ പങ്ക് വെച്ചവര്‍ ഒക്കെ ആ കോളങ്ങളില്‍ തലക്കെട്ടുകള്‍ മാത്രമായി ഒടുങ്ങുമ്പോള്‍ ..... മരണാനന്തരജീവിതം എത്ര മനോഹരമായ സങ്കല്പം !

Unknown said...

അമ്മയ്ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ കഴിഞ്ഞതെന്ന സങ്കടത്തില്‍ ഞാനും പങ്ക് ചേരുന്നു പ്രിയപ്പെട്ട സജ്ജിവ് ...!

അനില്‍@ബ്ലോഗ് // anil said...

സുകുമാരന്‍ മാഷ്,
സംസാരിക്കാം എന്നു പറഞ്ഞിരുന്നു, കഴിഞ്ഞില്ല ഇതുവരെ.

മനുഷ്യന്‍ എന്നു പറയുന്നത് വളരെ നിസ്സഹായനായ ഒരു ജീവിയാണ്, ഒരു സാധാരണ ജീവി. അവന്റെ ശരീരപ്രകൃയകള്‍ നിയന്ത്രിക്കുന്നത് അവന്റെ തലച്ചോറാണ്, അവന്റെ സംവേദനങ്ങളെ തര്‍ജ്ജമ ചെയ്യുന്നതും ഈ തലച്ചോര്‍ തന്നെ. അവിടെകാണപ്പെടുന്ന മൈക്രോഗ്രാമിലോ, അതില്‍ കുറവൊ ആകുന്ന രാസ വസ്തുക്കളുടെ അളവിലുണ്ടാകുന്ന ആപേക്ഷികമായ വ്യതിയാനങ്ങള്‍. നമ്മള്‍ ഒരു കാഴ്ച കാണുന്നു എന്നത് ഇത്തരം രാസപ്രവര്‍ത്തനങ്ങളാലുള്ള ഒരു തര്‍ജ്ജമയാണ്, കാഴ്ച എന്ന സംവേദമാണ് അവിടെ നടക്കുന്നത് എന്നു നാം പറയുന്നു. ഒരു കൊച്ചു പാറ്റക്കുഞ്ഞിനെ കണ്ടാല്‍ എനിക്കു പേടി തോന്നില്ല. എന്നാല്‍ “എന്റമോ ഫോബിയ” ബാധിച്ച ഒരാള്‍ക്ക് , പാറ്റക്കുഞ്ഞ് എന്ന് കാഴ്ച ഭയമാണുണ്ടാക്കുന്നത്. ഒരേ കാഴ്ച വ്യത്യസ്ഥരീതില്‍ രണ്ടു വികാരങ്ങള്‍ ഉണ്ടാക്കുന്നു. ഒരേ വ്യക്തിയില്‍ തന്നെ ഇത്തരം മാറ്റങ്ങളുണ്ടാകാം. വെള്ളം കണ്ടാല്‍ നാം ഭയപ്പെടുകയില്ല സാധാരണയായി. എന്നാല്‍ പേവിഷബാധ ഏല്‍ക്കുന്ന ഒരാള്‍ക്ക് “ഹൈഡ്രോ ഫോബിയ ഉണ്ടാവുകയും ” അയാള്‍ വെള്ളം കാണുമ്പോള്‍ ഭയപ്പെട്ടു നിലവിളിക്കുകയും ചെയ്യുന്നു.

ഞാന്‍ പറഞ്ഞുവരുന്നത് ഇത്രമാത്രം. കേവലം തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങള്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജീവി, എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന ഒന്നിനെ ആശ്രയിച്ചു ജീവിക്കുന്ന നമ്മള്‍ ഇങ്ങനെ ഭീകര കാര്യങ്ങള്‍ ആലോചിച്ചു തലപുകക്കും. എല്ലാം “ലവര്‍” പറയുന്ന മായ. ഹാലൂസിനേഷന്‍സ് ഉണ്ടാക്കുന്ന മരുന്നുകളുടെ പിന്നാലെ ആളുകള്‍ പായുന്നതെന്തിന്? അവനു സന്തോഷം, സമാധാ‍നം, സുഖം , ഒക്കെ കിട്ടുന്നു എന്ന് അവന്റെ തലച്ചോര്‍, അവനാ അവസ്ഥയെ തര്‍ജ്ജമ ചെയ്തു കൊടുക്കുന്നു. അത്രയേ ഉള്ളൂ, അത്ര ലളിതം. ഇതു മനസ്സിലാക്കിയാല്‍ ഈ പരക്കം പാച്ചിലുകളും കൊല വിളികളും അല്പം കുറയും.

പിന്നെ ഗാന്ധിസം , ഇത്തരം ഇസങ്ങള്‍ നമ്മെ എവിടെയും എത്തിക്കില്ല. നമുക്കു ശരിയെന്നു തോന്നുന്നതും, ശരിയെന്നു മറ്റൊരുവനെ വിശ്വസിപ്പിക്കാനാവുന്നതുമായ കാര്യങ്ങള്‍ ചെയ്യുക. റോള്‍ മോഡലുകളെ തള്ളിക്കളയുക, എല്ലാം വെറൂം മായക്കാഴ്ചകളാവാം.

chithrakaran ചിത്രകാരന്‍ said...

“ഒരു ബള്‍ബിന്റെ ഫിലമെന്റിലൂടെ വൈദ്യുതോര്‍ജ്ജം കടന്നു പോകുമ്പോള്‍ അത് പ്രകാശം പരത്തുന്നു. ഫിലമെന്റ് മുറിഞ്ഞുപോകുമ്പോള്‍ വൈദ്യുതപ്രവാഹം നിന്നു പോകുന്നു, പ്രകാശം നിലയ്ക്കുന്നു. പ്രകാശം എവിടെ നിന്നും വന്നിട്ടുമില്ല എങ്ങോട്ടും പോയിട്ടുമില്ല .“
മനോഹരമായ ഉദാഹരണം.
കുറച്ചു പ്രകാശം പ്രസരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു തന്നെ നല്ല കാര്യം.ഒന്നും ആര്‍ക്കും നഷ്ടപ്പെടുന്നില്ലല്ലോ. പ്രകൃതിക്കെതിരെയുള്ള ഒരു സമരമായി ആരംഭിക്കുന്ന ജീവിതം ഒരു കുമിളപോലെ വികസിച്ച് ആഘോഷിച്ച് അവസാനം പ്രകൃതിയിലേക്കുതന്നെ ഒതുങ്ങിക്കൊടുക്കുന്നു.
പക്ഷേ,അപ്പോഴും..നമ്മള്‍ നമ്മുടെ ജീവന്‍ പുതിയ കോശങ്ങളിലേക്കു കൈമാറി മരണത്തെ തോല്‍പ്പിച്ച് മക്കളിലൂടെ ജീവിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
സസ്നേഹം :)

Unknown said...

അനില്‍, നല്ല വാക്കുകള്‍ക്ക് നന്ദി. നമുക്ക് സംസാരിക്കാമല്ലൊ.


ശരിയാണ് ചിത്രകാരന്‍ , ഒരോ വ്യക്തിയും കാലത്തിലേക്കും ചരിത്രത്തിലേക്കും പടര്‍ന്ന് അനശ്വരനായി നിലനില്‍ക്കുന്നു എന്ന അര്‍ഥത്തില്‍ എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. ചില പേരുകളേ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നുള്ളൂ എങ്കിലും കെട്ടിടങ്ങള്‍,പാലങ്ങള്‍,ഉദ്യാനങ്ങള്‍ തുടങ്ങി അസംഖ്യം നിര്‍മ്മിതികള്‍ കാണുമ്പോള്‍ ആ വായിച്ചത് എത്ര മഹാസത്യമാണെന്ന് ബോധ്യപ്പെടാറുണ്ട് .....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സുകുമാരേട്ടന്‍ കാര്യങ്ങള്‍ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. ഒരു ബള്‍ബ്. അതിനൊരു ജീവിതദൈര്‍ഘ്യമുണ്ട്. അതു കഴിഞ്ഞാല്‍ അതിനണഞ്ഞു പോകാതിരിക്കാന്‍ വയ്യ. ചിലപ്പോളത് വേഗം അപ്രതീക്ഷിതമായി
‘അടിച്ചു’പോയി എന്നു വരാം. കേടായിപ്പോയി എന്നും വരാം.തലമുറകളിലൂടെ നാം നമ്മുടെ ഒരംശം നിലനിര്‍ത്തുന്നു. പക്ഷേ ആര്‍ക്കും ‘ഫ്യൂസാ’വുന്നതിഷ്ടമല്ല. കാരണം എല്ലാവരും ജീവിതത്തെ അത്ര മാത്രം സ്നേഹിക്കുന്നു, എന്നെന്നും മരിക്കാതെ ജീവിച്ചിരിക്കുവാന്‍ ഇഷ്ടപ്പെടുന്നു, അതിനാല്‍ മരണത്തെ ഭയക്കുന്നു. ഈ ഇഷ്ടത്തിനും, ഭയത്തിനുമിടയിലെ നിസ്സഹായതയാണ് മനുഷ്യനെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും കൊണ്ടു ചെന്നെത്തിക്കുന്നത്. മരണത്തെ അംഗീകരിക്കാനുള്ള കെല്‍പ്പില്ലായ്മ എന്നൊക്കെ പറയാമല്ലെ?

jp said...

സുകുമാരേട്ടാ, ശരിയാണ്..വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്തോറും മരണഭയം പിടികൂടുന്നൂ..അങ്ങനെ ദൈവവിശ്വാസത്തിലേക്കും ആള്ദൈവാങ്ങള്‍ക്കു പിറകേ പോയ ‘യുക്തിവാദി’കളുമുണ്ട്.
യഥാര്‍ഥ യുക്തിവാദികള്‍ക്ക് മരണത്തെ സമാധാനമായി സമീപിയ്യ്ക്കാനായേക്കും..

Sudeep said...

Maranattheppatti, ammayeppatti parayumpol
Here is one note that I wrote about my mom..

Mother, you were ahead of time.

And this one that I wrote when she was alive: What I learnt from Mom

Sudeep said...

Do deaths make us more responsible?
Responsibility of deaths, another post on death and life after (other people's) deaths.