2008-10-13

ഒരു ആത്മഗതം !

ശിഥില ചിന്തകളില്‍ ഞാന്‍ മാവേലികേരളത്തിന് ഇന്ന് നല്‍കിയ മറുപടി ഒരു പോസ്റ്റാക്കാന്‍ മാത്രം പ്രസക്തമെന്ന് തോന്നിയതിനാല്‍ ഇവിടെ പെയിസ്റ്റ് ചെയ്യുന്നു:

പ്രിയപ്പെട്ട ടീച്ചര്‍, അങ്ങനെ വിളിക്കട്ടെ ...

ടീച്ചര്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു ... സാമൂഹ്യ ജീവിയാണല്ലൊ മനുഷ്യര്‍ ... അതായത് സമൂഹത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് നിലനില്‍പ്പുള്ളൂ. വെള്ളത്തിലെ മീനിനെപ്പോലെ. വെള്ളം മലിനമായിക്കൊണ്ടേ ഇരുന്നാല്‍ എന്താവും. മീനുകള്‍ക്ക് അതിജീവനം അസാധ്യമാവും. സമൂഹം അനുദിനം നമ്മുടെ മുന്‍പില്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ചരിത്രത്തിന്റെ നാള്‍‌വഴികളില്‍ സാധാരണയായി കാണാന്‍ കഴിയുന്നത് അതാത് സമയങ്ങളില്‍ പല പല സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉയര്‍ന്ന് വന്നതാണ്. അതിനാല്‍ തന്നെയാണ് ഇന്ന് കാണുന്ന ഒരു വൃത്തിയും വെടിപ്പും സാമൂഹ്യപരിസരങ്ങളില്‍ കൈവന്നിരുന്നത്. എന്നാല്‍ കുറെയായി ഈ പരിസരം വെടിപ്പാക്കാന്‍ ആരുമില്ല എന്ന് തന്നെയുമല്ല അത് കൂടുതല്‍ വൃത്തികേടാക്കാന്‍ എല്ലാവരും ഉത്സാഹിക്കുകയും ചെയ്യുന്നു. സമൂഹത്തിന് ശരിയായ ചികിത്സ കിട്ടണമെങ്കില്‍ രോഗം എന്താണെന്ന് കണ്ടെത്തുകയും വേണം.


എന്നെ സംബന്ധിച്ച് പറഞ്ഞാല്‍,കുട്ടികള്‍ക്ക് ജോലിയൊക്കെ ആയാല്‍ ഗാര്‍ഹസ്ഥ്യത്തിന്റെ പരാധീനതകള്‍ ഒഴിവായാല്‍ പിന്നെയും സമയം ബാക്കിയുണ്ടെങ്കില്‍ എന്നെയും കുടുംബത്തെയും ഇത്രയും കാലം പോറ്റിയ സമൂഹത്തിന് തിരിച്ച് എന്തെങ്കിലും സേവനം ചെയ്യണമെന്ന് മുന്‍പേ കരുതിയിരുന്നു. മൂന്ന് നാല് വര്‍ഷമായി ഇങ്ങനെ ഒരു അന്വേഷണത്തിലായിരുന്നു ഞാന്‍. ഇതിനിടയില്‍ ഞങ്ങള്‍ക്ക് ബാംഗ്ലൂരിലേക്ക് താമസം മാറ്റേണ്ടി വന്നു. ശ്രീമതിയ്ക്ക് മക്കളെ പിരിഞ്ഞിരിക്കാന്‍ വിഷമം ഉള്ളത് കൊണ്ടാണ് അങ്ങനെ വേണ്ടി വന്നത് . ശ്രീമതിയുടെ മനസ്സ് വിഷമിപ്പിക്കാന്‍ വയ്യാത്തത് കൊണ്ട് എന്റെ മുന്നില്‍ മറ്റ് വഴിയില്ലായിരുന്നു.


ബാംഗ്ലൂരില്‍ വന്നതിന് ശേഷം ഓര്‍ക്കുട്ടിലൂടെയാണ് ഞാന്‍ ഒരു വര്‍ഷത്തോളം സുഹൃത്തുക്കളോട് ആശയവിനിമയം നടത്തിയിരുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിന് ഒരു വേദി കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.മധ്യമപ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്നവര്‍. ഒരു സുഹൃത്ത് ഒരിക്കല്‍ സ്ക്രാപ്പ് എഴുതി, താങ്കള്‍ക്ക് ബ്ലോഗ് തുടങ്ങിക്കൂടേ ... എന്നാല്‍ സമാനമനസ്ക്കരുമായി ആശയവിനിമയം നടത്താമല്ലൊ എന്ന് . എന്താണ് ബ്ലോഗ് എന്ന് അറിയില്ലായിരുന്നു. ആ അജ്ഞത സുഹൃത്തിനോട് തുറന്ന് പറഞ്ഞുമില്ല. എന്റെ മോന്‍ ഒരു ദിവസം “സേവ് കേരള” എന്ന ബ്ലോഗിനെ പറ്റി പറഞ്ഞു.അവന്‍ ഓഫീസില്‍ നിന്ന് നെറ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍ യാദൃച്ഛികമായി ശ്രദ്ധയില്‍ പെട്ടതായിരുന്നു. ഞാനും അവനും വീട്ടില്‍ നിന്ന് ആ ബ്ലോഗ് വായിച്ചു, അവിടെ ഒരു കമന്റ് എഴുതാന്‍ ഉല്‍ക്കടമായ മോഹം തോന്നി. കേരളത്തെ പറ്റി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഉല്‍ക്കണ്ഠകളായിരുന്നു ആ ബ്ലോഗ് മുഴുവന്‍. അപ്പോഴാണ് കമന്റ് എഴുതണമെങ്കില്‍ ബ്ലോഗ്ഗര്‍ ഐഡി വേണമെന്ന് മനസ്സിലായത്. എങ്ങനെയോ ഒരു ഐഡി ക്രീയേറ്റ് ചെയ്ത് കമന്റ് രേഖപ്പെടുത്തി. ( സേവ് കേരള ബ്ലോഗില്‍ ഞാന്‍ പിന്നീട് എഴുതിയ കമന്റ് ആണ് മേലെയുള്ള ലിങ്കില്‍ കാണുക. ആദ്യം കമന്റ് എഴുതിയ പോസ്റ്റിന്റെ ലിങ്ക് കാണുന്നില്ല. അന്ന് ഉണ്ടാക്കിയ ഐഡി പിന്നെ തുറക്കാനും കഴിഞ്ഞിട്ടില്ല)

ഇതിനിടയില്‍ ഓര്‍ക്കുട്ടില്‍ നിന്ന് ഒരു സുഹൃത്ത് എനിക്ക് മലയാളത്തില്‍ സ്ക്രാപ്പ് എഴുതി. ( ആ സുഹൃത്ത് അന്ന് ബ്ലോഗില്‍ ജ്വലിച്ച് നില്‍ക്കുന്ന ഒരു ബ്ലോഗ്ഗര്‍ ആണെന്നും അയാള്‍ ഏതോ ബ്ലോഗ് പാരയ്ക്ക് വിധേയനായി ബ്ലോഗ് ഡിലീറ്റേണ്ടി വന്നു എന്നും ഞാന്‍ പിന്നീട് മനസ്സിലാക്കി)മലയാളത്തില്‍ സ്ക്രാപ്പ് കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചു. എങ്ങനെയാണ് മലയാളത്തില്‍ സ്ക്രാപ്പ് എഴുതുക എന്ന് ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍ എനിക്ക് അയാളില്‍ നിന്ന് കിട്ടിയ മറുപടി ആയിരുന്നു എനിക്ക് നെറ്റില്‍ നിന്ന് കിട്ടിയ ആദ്യത്തെ മനോവേദന. മറുപടി ഇപ്രകാരം: “മലയാളത്തില്‍ കമ്പ്യൂട്ടറില്‍ എഴുതാന്‍ അറിയാത്ത ആളാണോ സാമൂഹ്യപരിഷ്ക്കരണത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് എന്റെ സുകുമാരക്കുറുപ്പ് ചേട്ടായീ .....”. ഞാന്‍ പിന്നീട് ബ്ലോഗ് തുടങ്ങുമ്പോള്‍ അയാള്‍ ബ്ലോഗ് നിര്‍ത്തിയിരുന്നു. എന്നിട്ടും അക്കാലത്തെ ബ്ലോഗ്ഗര്‍മാരുടെ കണ്ണിലുണ്ണിയും ബ്ലോഗ്ഗേര്‍സ് മീറ്റുകളിലെ താരവുമായിരുന്നു ആ സഹൃദയന്‍. അന്നത്തെ ബ്ലോഗ് പുലികളെല്ലാം എന്ത്കൊണ്ടോ ക്രമേണ മടകളിലേക്ക് മടങ്ങി. അതും കഴിഞ്ഞ് ഒരു ദിവസം എന്റെ മോന്‍ ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്ത് അരമണിക്കൂര്‍ കൊണ്ട് എനിക്കൊരു മലയാളം ബ്ലോഗ് ക്രീയേറ്റ് ചെയ്തു തന്നു. ഞാന്‍ അന്ന് തന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കുകയും ചെയ്തു.


ബ്ലോഗിലൂടെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു പിന്നെ എന്റെ ചിന്ത. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു സാംസ്ക്കാരിക ഐക്യമുന്നണി എന്നതായിരുന്നു ആശയം. ബ്ലോഗില്‍ നിന്ന് പ്രതികരണം ഒന്നും കിട്ടിയില്ല. ഇതിനിടയില്‍ ചിത്രകാരന്‍ ബ്ലോഗ് അക്കാദമി എന്ന ആശയം മുന്നോട്ട് വെച്ചു. എന്നില്‍ പ്രതീക്ഷ മുളച്ചു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പറ്റം ബ്ലോഗ്ഗര്‍മാരെ കേരളത്തിന്റെ മണ്ണില്‍ വളര്‍ത്താന്‍ പറ്റിയ നല്ല ആശയം എന്നെനിക്ക് തോന്നി. എന്നാല്‍ അത്തരം ഒരു ദിശാബോധം ബ്ലോഗ് അക്കാദമിക്ക് നല്‍കി ഒരു ജനകീയ ബ്ലോഗ് കൂട്ടായ്മ സൃഷ്ടിച്ചെടുക്കുക എന്ന സ്വപ്നം അത്ര എളുപ്പമല്ല എന്നെനിക്ക് പെട്ടെന്ന് മനസ്സിലായി. എന്നെപ്പോലെ ചിന്തിക്കുന്ന ആരെയും എനിക്ക് കൂട്ടിന് കിട്ടിയില്ല. കുറെ പേര്‍ക്ക് ബ്ലോഗെഴുതാന്‍ പറഞ്ഞുകൊടുക്കുക എന്ന പരിമിതലക്ഷ്യം മാത്രമുള്ള ആ വിര്‍ച്വല്‍ കൂട്ടായ്മയില്‍ നിന്ന് ഞാന്‍ പിന്‍‌വാങ്ങി.


ഇത്രയും എഴുതിയത് എന്റെ ആത്മഗതം എന്ന് എടുക്കുക. ഇനി മവേലികേരളത്തിന്റെ അഥവാ ഞാന്‍ ബഹുമാനിക്കുന്ന പ്രസന്ന ടീച്ചറുടെ ഈ നിര്‍ദ്ദേശത്തെക്കുറിച്ച് :

“ക്രിയാത്മകമായി പലതും ഒന്നിച്ചു നിന്നു ചെയ്യണമെന്നുണ്ടായിരുന്നിട്ടും എന്തുകോണ്ടോ ഒന്നും നടന്നില്ല എന്നുള്ളതിനെക്കുറിച്ചൊരു ഓപ്പണ്‍ ചര്‍ച്ച അതൊരു പോസ്റ്റാക്കു മാഷേ. ഒരു റിട്രോസ്പെക്‍ഷന്‍.ഒരു പക്ഷെ പുതിയ ആശയങ്ങളോ ഉത്തരങ്ങളോ‍ അതു വഴി കാണാന്‍ കഴിഞ്ഞേക്കാം...”

ഇതിനുള്ള ഉത്തരം ടീച്ചര്‍ തന്നെ ആദ്യമേ പറഞ്ഞു വച്ചല്ലൊ :

“ മലയാളി സമൂഹത്തിന്റെ ഒരു തനി പ്രതിബിംബമായിപ്പോയി, മലയാളം ബ്ലോഗും! ”

ബ്ലോഗില്‍ ഒന്നും ചെയ്യാനില്ല ടീച്ചര്‍ ... ചിന്തിക്കുന്നവര്‍ക്ക് മാത്രമേ പ്രശ്നമുള്ളൂ. എന്നോട് മുന്‍പ് ഒരു നക്സല്‍ സുഹൃത്ത് പറഞ്ഞിരുന്നു,“ ഒരു വിപ്ലവകാരി ആരെങ്കിലും വേദി ഒരുക്കിത്തരാന്‍ കാത്തിരിക്കുകയല്ല വേണ്ടത് , സ്വയം വേദി ഉണ്ടാക്കുകയാണ് വേണ്ടത് ” എന്ന്. ഇനിയേതായാലും ഒരങ്കത്തിന് നമ്മള്‍ക്ക് ബാല്യം ബാക്കിയില്ലല്ലൊ....

ടീച്ചര്‍ക്ക് നന്ദി !

2008-10-11

മരണവും ജീവിതവും !

ജീവിതം പോലെ തന്നെ പ്രഹേളികയാണ് മരണവും . എത്രയോ നൂറ്റാണ്ടുകളായി ചിന്തിക്കുന്ന ആര്‍ക്കും ഉത്തരം ലഭിക്കാത്ത സമസ്യ . പല തരം വിശ്വാസങ്ങള്‍ നിലവിലുണ്ട് . എന്നാല്‍ ചിന്തിക്കുന്നവര്‍ക്ക് വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല . ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒക്കെ എന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഒരു ഡയറിയില്‍ എന്ന പോലെ എഴുതിവെക്കാനാണ് ഞാന്‍ ശിഥില ചിന്തകള്‍ എന്ന ബ്ലോഗ് തുടങ്ങിയിരുന്നത് . ആരെങ്കിലും അത് വന്ന് വായിക്കുമെന്നൊന്നും എനിക്കറിയില്ലായിരുന്നു . ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചതും ലിപിയും കീമേനും ഒക്കെ ഡൌണ്‍‌ലോഡ് ചെയ്തതും . ബൂലോഗത്തിലൂടെയല്ല ബ്ലോഗില്‍ എത്തിപ്പെട്ടതെന്ന് സാരം . പിന്നീട് എന്റെ ബ്ലോഗിലും കമന്റുകള്‍ വന്നുകണ്ടപ്പോള്‍ ഞാനും എങ്ങനെയോ വിവാദങ്ങളുടെ പിറകെ ആയിപ്പോയി . മനസ്സിലുള്ളത് ഒന്നും എഴുതാന്‍ കഴിഞ്ഞതുമില്ല . ഇതിനിടയില്‍ ആശയങ്ങള്‍ വാക്കുകളില്‍ പകര്‍ത്താനുള്ള കഴിവും കുറഞ്ഞു വന്നു . പ്രായം കൂടുന്തോറും മഷ്തിഷ്ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമല്ലൊ .


മരണത്തെക്കുറിച്ചും ആത്മഹത്യയെ കുറിച്ചും പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ് അനില്‍@ ബ്ലോഗ് എന്ന ബ്ലോഗ്ഗര്‍ സുഹൃത്തിന്റെ " പതിവ് കാഴ്ചകള്‍ "എന്ന ബ്ലോഗില്‍ വായിച്ചപ്പോള്‍ ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് പോസ്റ്റാക്കണമെന്ന് കരുതിയിരുന്നു . വാക്കുകളുടെ ഒളിച്ചു കളി നിമിത്തം അവ പൊറുക്കിക്കൂട്ടാനാകാതെ ഇന്നെഴുതാം നാളെയെഴുതാം എന്ന് നീട്ടിവെക്കുകയായിരുന്നു . ഇന്ന് രാവിലെ തന്നെ വായിച്ച ബ്ലോഗ് ബെന്യാമിന്റെ പിന്നാമ്പുറ വായനകള്‍ ആണ് . മരണത്തിനപ്പുറം ജീവിതമുണ്ടോ എന്നതാണ് പോസ്റ്റ് . വളരെ സെന്റിമെന്റല്‍ ആയ വിഷയം . ഡോ. മുരളികൃഷ്ണ എഴുതിയ പുസ്തകത്തിന്റെ പേരാണ് തലക്കെട്ട് . ആ പുസ്തകത്തെ പറ്റി തന്നെയാണ് പോസ്റ്റ് . അവിടെ എഴുതിയ കമന്റ് അല്പം നീണ്ടു പോയി . അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു . ഈ വിഷയത്തില്‍ എനിക്കേറെ എഴുതാനുണ്ടായിരുന്നു . കഴിയുമോ എന്തോ !


ബെന്യാമിന്‍ , പരാമൃഷ്ട പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇനി വായിക്കുമെന്നും പറയാന്‍ പറ്റില്ല. ഒന്നാമത് ഇപ്പോള്‍ വായന കുറവാണ്,പിന്നെ വയിക്കാന്‍ ധാരാളമുണ്ട് സമയം തികയാത്തതാണ് പ്രശ്നം.

മരണത്തെ പറ്റി ചിന്തിക്കാത്ത ആരുമുണ്ടാകില്ല , പ്രായം കൂടുന്തോറും മരണത്തോടുള്ള ഭയവും കൂടി വരും . അത് കൊണ്ടാണ് പല വിപ്ലവകാരികളും യുക്തിവാദികളും വയസ്സ് കാലത്ത് ആത്മീയതയിലേക്ക് തിരിയുന്നത് . മരണം ജീവിതത്തിന്റെ അവസാനമല്ല , അത് ആത്മാവ് ശരീരം ഉപേക്ഷിച്ച് കൂട് വിട്ട് കൂട് മാറുന്ന ഒരു സ്വാഭാവിക പ്രക്രിയ ആണെന്നും ഞാന്‍ എന്ന ഈ സ്വത്വം ഒരിക്കലും അവസാനിക്കുന്നില്ല എന്നുമുള്ള വിശ്വാസം പലര്‍ക്കും ഒരു ആശ്വാസവും ധൈര്യവും നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ മരിക്കാന്‍ ആര്‍ക്കും മനസ്സില്ല. എന്നാല്‍ മരണത്തിന് കീഴടങ്ങിയേ പറ്റൂ എന്നെല്ലാവര്‍ക്കുമറിയുകയും ചെയ്യാം. ഒരു വ്യക്തി ജനിക്കുമ്പോള്‍, മരണം മാത്രമാണ് ഉറപ്പായ ഒരു യാഥാര്‍ഥ്യം . ശേഷം ജീവിതകാലം നടക്കുന്നതെല്ലാം ആകസ്മികങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് ആകസ്മിക സംഭവപരമ്പരകളുടെ ആകത്തുകയാണ് ജീവിതം. ഇത് നിലവിലുള്ള വിശ്വാസങ്ങള്‍ക്കെതിരാണ്. അങ്ങനെ അകസ്മിതകള്‍ക്ക് ജീവിതത്തെ വിട്ടുകൊടുക്കാന്‍ ഭയമുള്ളത്കൊണ്ട് ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും മുന്‍‌കൂട്ടി തീരുമാനിക്കപ്പെട്ട വിധി അനുസരിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നും വിശ്വസിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള വിശ്വാസങ്ങള്‍ എല്ലാം തന്നെ മനുഷ്യന് മന:സമാധാനം തരുന്നതാണെന്ന് കാണാം. മറിച്ചുള്ള പ്രസ്ഥാവനകള്‍ താങ്ങാന്‍ പോലും പലര്‍ക്കും കഴിയില്ല.


എല്ലാ വിശാസങ്ങളെയും അംഗീകരിക്കാന്‍ കഴിയാത്ത ചിലരുണ്ടാവും. അങ്ങനെയാണ് സമൂഹം യുക്തിവാദികളായും വിശ്വാസികളായും വിഭജിക്കപ്പെടുന്നത്. മരണത്തില്‍ നിന്ന് തിരിച്ചു വന്നവര്‍ ആരുമില്ല. അപ്പോള്‍ മരണാനന്തരം സംഭവിക്കുന്നു എന്ന് പറയുന്നതെല്ലാം കേവലം ഭാവനകളാണ്. ചിലര്‍ മരണപ്പെട്ടവരുടെ ആത്മാവുമായി സംവദിച്ചു എന്ന് പറയുന്നതെല്ലാം അവരുടെ മനോവിഭ്രാന്തിയുടെ ഫലം എന്നല്ലാതെ അത് സുബോധമുള്ള ആര്‍ക്കെങ്കിലും അനുഭവപ്പെട്ടതായി പറയുന്നില്ല. കൃഷ്ണയ്യരെ പോലുള്ള പ്രശസ്തര്‍ പറയുമ്പോള്‍ അതിന് പബ്ലിസിറ്റി കിട്ടുന്നു. പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ ആര്‍ക്കെങ്കിലും പ്രേതം സന്നിവേശിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കാറില്ല.


സത്യത്തില്‍ എന്താണ് മരണം ? ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍, മരണത്തോട് കൂടി ജീവിതം അവസാനിക്കുന്നു. ശരീരത്തിലെ രാസ-ഭൌതിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കലാണ് മരണം. ഒരു ബള്‍ബിന്റെ ഫിലമെന്റിലൂടെ വൈദ്യുതോര്‍ജ്ജം കടന്നു പോകുമ്പോള്‍ അത് പ്രകാശം പരത്തുന്നു. ഫിലമെന്റ് മുറിഞ്ഞുപോകുമ്പോള്‍ വൈദ്യുതപ്രവാഹം നിന്നു പോകുന്നു, പ്രകാശം നിലയ്ക്കുന്നു. പ്രകാശം എവിടെ നിന്നും വന്നിട്ടുമില്ല എങ്ങോട്ടും പോയിട്ടുമില്ല . വൈദ്യുതപ്രവാഹത്തിന്റെ ഒരു ഫലമാണ് വെളിച്ചം. ഇതേ പോലെ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ ഫലം ആണ് ജീവന്‍ എന്നാണ് എന്റെ നിരീക്ഷണം. എന്റെയെന്നല്ല യുക്തിവാദികള്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കാനാണ് മിക്കവാറും സാധ്യത. വളരെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നതാണ് ഈ പ്രസ്ഥാവന എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ജീവന്‍ എന്നാല്‍ സ്വന്തമായി അസ്ഥിത്വമുള്ള പ്രതിഭാസമാണ് എന്നാണല്ലൊ എല്ലാ മതങ്ങളുടെയും സങ്കല്പം. പഞ്ചസാരയിലെ മധുരത്തിന് സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തത് പോലെ ശരീരത്തില്‍ നിന്ന് സ്വതന്ത്രമായി ജീവന് നിലനില്പുണ്ടെന്ന് കരുതാനാവില്ല. അത്കൊണ്ട് തന്നെ മരണത്തിന് ശേഷം ഒരു ജീവിതമോ വീണ്ടുമൊരു ജനനമോ ഉണ്ടാവാനും വഴി കാണുന്നില്ല.


ഇതൊക്കെ യുക്തിവാദപരമായ ചിന്തകളാണ്. എങ്ങനെ ഒരു വിശ്വാസിക്ക് യുക്തിവാദം സ്വീകാര്യമല്ലയോ അതേ പോലെ യുക്തിവാദികള്‍ക്ക് വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചു പോകാനും ബുദ്ധിമുട്ടുണ്ട് . ഇതില്‍ യുക്തിവാദികളുടെ സ്ഥിതിയാണ് പരിതാപകരം. കാരണം ജീവിതവും മരണവും യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും ഒരേ പോലെയാണ് . രണ്ടു കൂട്ടരെയും ജീവിതം പ്രലോഭിപ്പിക്കുകയും മരണം ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നു. നിത്യജീവിതത്തിലെ പ്രശ്നങ്ങളും കീറാമുട്ടികളും , അപൂര്‍വ്വാവസരങ്ങളില്‍ ലഭിക്കുന്ന സന്തോഷങ്ങളും സംതൃപ്തിയും ഒക്കെ ഒരേ പോലെ പങ്ക് വയ്ക്കുന്നു. ഒടുവില്‍ ഒട്ടും ഇഷ്ടപ്പെടാതെ മരണത്തിന് കീഴടങ്ങേണ്ടിയും വരുന്നു. വിശ്വാസികള്‍ക്ക് അപ്പോഴെല്ലാം സമാധാനം തരാന്‍ അത്താണി പോലെ ധാരാളം വിശ്വാസങ്ങളുണ്ട്. എന്നാല്‍ യുക്തിവാദിയ്ക്കോ ? അയാള്‍ എല്ലാം ത്യജിക്കാന്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും അത് കഴിയില്ല അത് കൊണ്ടാണ് ഞാന്‍ നടേ പറഞ്ഞ പോലെ പല യുക്തിവാദികളും അവസാനം ആത്മീയതിയില്‍ അഭയം തേടുന്നത്. മരണം ഇല്ലാത ഒരവസ്ഥ മരണത്തേക്കാള്‍ ഭയാനകമാണ് എന്ന ചിന്ത കൊണ്ട് മരണഭയത്തെ മറികടക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത് .

ബെന്യാമിന്‍ , ഇത്രയും എഴുതാന്‍ ഉദ്ദേശിച്ചതല്ല്ല. എഴുതി വന്നപ്പോള്‍ നീണ്ടു പോയി. എന്റെ കമന്റില്‍ പിടിച്ച് ഒരു യുക്തിവാദ ചര്‍ച്ചയ്ക്ക് ആരും മുതിരരുതെയെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു . മനസ്സ് തുറന്ന് ചിലത് കുത്തിക്കുറിച്ചതാണ്.

സ്നേഹപൂര്‍വ്വം,

**********************************************

ഇന്നലെ രാത്രി വൈകി വായിച്ച മറ്റൊരു ബ്ലോഗാണ് അശോക് കര്‍ത്തായുടെ അക്ഷരക്കഷായം . ഇനി ഈ രതികള്‍ക്ക് ഒരു സയോനര എന്നതാണ് പോസ്റ്റ് . നിലവിലെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ആ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ എഴുതി :


വളരെ കാലികപ്രസക്തിയുള്ള പോസ്റ്റ്. ഒരു ദു:ഖം മാത്രം . മാനവരാശിയെ ഈ വിഷമവൃത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഇനി ഒരു പ്രവാചകനും ദാര്‍ശനികനും ചിന്തകനും പ്രസ്ഥാനത്തിനും കഴിയില്ല. തല്‍ക്കാലം ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയാലും സര്‍വ്വനാശം അനിവാര്യമാണ് . ഗാന്ധിജിയിലേക്ക് മടങ്ങുക എന്നതാ‍ണ് ഞാന്‍ കാണുന്ന പോംവഴി . അതിന് ആരും തയ്യാറാവുകയില്ല . ധൂര്‍ത്തടിച്ച് നശിക്കാനും നശിപ്പിക്കാനും ആധുനികകാലം മനുഷ്യനെ വിധിച്ചിരിക്കുന്നു . ഇത് ഒരു അശുഭവിശ്വാസിയുടെ വിലാപമല്ല. നാളെ നാം അഭിമുഖീകരിക്കാന്‍ പോകുന്ന യാഥാര്‍ഥ്യം !

അതിന് അശോക് കര്‍ത്തയുടെ മറുപടി ഇപ്രകാരം :


സുകുമാരേട്ടാ,
ഗാന്ധിസത്തിലേക്ക് മടങ്ങുക എന്ന് പറയുമ്പോള്‍ ഒരു എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകും. അതില്‍ ഒരു അതിപരിചയത്തിന്റെ ലാളിത്യമുണ്ട്. പക്ഷെ അതല്ലാതെ രക്ഷയില്ല. അത് മനസിലാക്കിയില്ലെങ്കില്‍ സ്വയമേവ പിന്നീട് മനസിലാകും.

അശോക് പറഞ്ഞതാണ് ശരി . നമുക്കിനി ലാളിത്യത്തിലേക്ക് മടങ്ങാന്‍ കഴിയില്ല . ഒന്നേ സമാധാനമുള്ളൂ , എന്തിനും ഒരു പര്യവസാനം വേണമല്ലൊ . അതെന്തിന് നീട്ടി വെക്കാന്‍ വൃഥാ വ്യാമോഹിക്കണം ?

2008-10-08

മതങ്ങളും മനുഷ്യനും

ബാബുരാജിന്റെ കുറച്ചു കാര്യങ്ങള്‍ എന്ന ബ്ലോഗില്‍ “ മതം മനുഷ്യന് ആവശ്യമോ ” എന്ന പോസ്റ്റില്‍ ഇന്ന് എഴുതിയ കമന്റ്

“ രണ്ടര ലക്ഷം വര്‍ഷങ്ങള്‍ സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ് മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത് ” എന്ന നിരീക്ഷണം മതങ്ങളുടെ പൊള്ളയായ അവകാശവാദങ്ങള്‍ തകര്‍ക്കാന്‍ പര്യാപ്തമാകും വിധം അതിശക്തമാണ് . കേവലം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട ഒരു മതത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് തങ്ങളുടെ മതം ദൈവം നേരിട്ട് സൃഷ്ടിച്ചതാണ് എന്നും മറ്റ് മതങ്ങള്‍ക്കൊന്നും ആ പ്രത്യേകത ഇല്ലെന്നും അതിനാല്‍ ഈ മതം മാത്രം ദൈവീകമതമാണെന്നുമാണ് . ദൈവം എന്തിനിതിന് ഇത്രകാലം കാത്തിരുന്നു എന്ന് ആ അവകാശവാദക്കാരോട് ചോദിച്ചാല്‍ അവര്‍ക്കതിന് ഉത്തരമുണ്ടാകുമെന്നത് വേറെ കാര്യം.

മന്‍ഷ്യന്‍ സാമൂഹ്യജീവിതം ആരംഭിച്ചതിന് ശേഷം ചെറിയ ചെറിയ കൂട്ടായ്മകള്‍ , ഗ്രൂപ്പുകള്‍ എങ്ങും എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരുന്നു. പിന്നീട് അവന് ഒറ്റപ്പെട്ട് ജീവിയ്ക്കാന്‍ വയ്യാതായതിനാല്‍ ഏതെങ്കിലും ഒരു ആള്‍ക്കൂട്ടത്തില്‍ അവന് എപ്പോഴും സ്വയം അലിഞ്ഞ് ചേര്‍ന്നേ പറ്റുമായിരുന്നുള്ളൂ . ഇന്നത്തെ ആധുനിക മനുഷ്യനിലും ഈ മാനസികപ്രവണത പ്രബലമായി നിലനില്‍ക്കുന്നുണ്ട് . അത് കൊണ്ടാണ് ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുയായികളെ കിട്ടുന്നത് . ഒരു പാര്‍ട്ടി വിടുന്ന ഒരാള്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷമാണ് അത് ചെയ്യുന്നത് എന്നോര്‍ക്കുക . അതായാത് ഒരു ഗ്രൂപ്പിലും പെടാത്ത ഒരു നിമിഷത്തിന്റെ വിടവ് പോലും സാധാരണ മനസ്സിന് താങ്ങാനാവുകയില്ല . മതങ്ങളും പാര്‍ട്ടികളും മറ്റ് സംഘടനകളും ഇന്നും നിലനില്‍ക്കുന്നതും നാളെയും നിലനില്‍ക്കാന്‍ പോകുന്നതും ഈയൊരു മന:ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് .

ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് അതാത് കാലഘട്ടത്തിന്റെ ആവശ്യകതകളും സമ്മര്‍ദ്ധങ്ങളും ഉണ്ടാവാം. കഴിഞ്ഞ മാസം ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി ഉദയം ചെയ്ത ഉദാഹരണം നോക്കുക . ഇക്കാലത്ത് ആരും പുതിയ മതം ഉണ്ടാക്കാന്‍ ശ്രമിക്കുകയില്ല . ഇക്കാലത്തെന്നല്ല ഇനിയൊരിക്കലും . ആളുകളുടെ കൂട്ടായ്മ ഇക്കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ രൂപത്തിലാണ് ഉടലെടുക്കുന്നത് . അക്കാലഘട്ടങ്ങളില്‍ മതങ്ങളുടെ രൂപത്തിലേ കഴിയുമായിരുന്നുള്ളൂ. അത് മാത്രമാണ് മതങ്ങളുടെ പ്രത്യേകതയും പ്രസക്തിയും .

ജനങ്ങളുടെയിടയില്‍ നിലനിന്നിരുന്ന അനീതികളെയും അധാര്‍മ്മികതളെയും ചോദ്യം ചെയ്യുന്ന ശക്തമായ പ്രത്യയശാസ്ത്രങ്ങളാണ് ആതാത് കാലഘട്ടങ്ങളില്‍ മതങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തത് . ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ രാജാക്കന്മാര്‍ തന്നെ മതം സ്വീകരിക്കുകയും രാജാവിന്റെ മതം ആ‍ രാജ്യത്തിന്റെ ഔദ്യോഗിക മതമായി മാറുകയും ചെയ്തിട്ടുണ്ട് . അപ്രകാരമാണ് കൃസ്ത്യന്‍ മതവും ഇസ്ലാം മതവും ലോകം മുഴുവനും പ്രചരിച്ചതും ആധിപത്യം സ്ഥാപിച്ചതും. ഹിന്ദു എന്നൊരു മതമോ അതിന് പ്രചാരകരോ ഉണ്ടായിരുന്നില്ല. ഭാരതത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഏതാനും മതങ്ങള്‍ക്ക് ഇവിടെയും ചില അയല്‍ രാജ്യങ്ങളിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞത് അറിയാമല്ലൊ .

എന്റെ അറിവില്‍ ഏറ്റവും ഒടുവില്‍ ഒരു മതം സ്ഥാപിക്കപ്പെട്ടത് ഇറാനിലാണ് . ബഹാ ഉള്ള എന്നൊരു ചിന്തകനാണ് അതിന്റെ ഉപജ്ഞാതാവ് . മതമെന്നല്ല ബഹായ് ധര്‍മ്മം എന്ന പേരിലാണ് തങ്ങളുടെ തത്വസംഹിതകള്‍ അറിയപ്പെടാന്‍ ബഹായ്‌കള്‍ ആഗ്രഹിക്കുന്നത് . ആധുനികകാലത്ത് രൂപീകൃതമായത് കൊണ്ട് അതിന്റെ ഭരണഘടനയും ശാസ്ത്രീയവും ജനാധിപത്യപരവുമാണ് . ബഹായ് ധര്‍മ്മപ്രകാരം ഒരു മനുഷ്യനും ജന്മനാ ഒരു മതത്തിലും അംഗമല്ല . മതം എന്നത് ഒരു വ്യക്തി സ്വമേധയാ തെരഞ്ഞെടുക്കേണ്ടതാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ഒരു സത്യവാങ്‌മൂലം നല്‍കിയാലേ ഒരാള്‍ക്ക് ബഹായ് മതത്തില്‍ ചേരാനാവൂ . ഒരാള്‍ ബഹായ് മതത്തില്‍ ചേര്‍ന്നെന്ന് വെച്ച് വീട്ടിലുള്ള മറ്റുള്ളവര്‍ ബഹായ്‌കളാവണമെന്നില്ല. ഇതല്ലെ യഥാര്‍ത്ഥമതം ?

ഇക്കാലത്ത് ആരും തന്നെ പുതിയ മതം ഒന്ന് രൂപീകരിക്കാന്‍ മെനക്കെടുകയില്ല എന്ന് ഞാന്‍ പറഞ്ഞു . അതിന്റെ അര്‍ഥം മതങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയില്ല എന്ന് തന്നെയാണ് . ജനനം , വളര്‍ച്ച , മരണം എന്നത് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും മാത്രമല്ല അത് എല്ലാ സ്ഥാപനങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും കൂടി ബാധകമാണ് . യഥാര്‍ത്ഥത്തില്‍ മതം ഇന്ന് മരിച്ചു കഴിഞ്ഞു . ഇന്ന് മതം എന്ന് പറയുന്നത് കൂറ്റന്‍ എസ്റ്റാബ്ലിഷ്‌മെന്റുകളാണ് . എസ്റ്റാബ്ലിഷ്‌മെന്റുകള്‍ നിലനില്‍ക്കുന്നത് അതിന്റെ തന്നെ ചില നിയമങ്ങള്‍ക്ക് വിധേയവും . വിശ്വസിക്കാനുള്ള സാമാന്യജനങ്ങളുടെ കഴിവാണ് ഇത്തരം എസ്റ്റാബ്ലിഷ്‌മെന്റുകളുടെ അടിത്തറ.

2008-10-05

സി.പി.എമ്മും ദൈവവിശ്വാസവും !

സി.പി.എമ്മും അബ്ദുള്ളക്കുട്ടിയും പിന്നെ ദൈവവിശ്വാസവും എന്ന തലക്കെട്ടില്‍ പറയാതെ പോകുന്നത് എന്ന ബ്ലോഗില്‍ വളരെ പ്രസക്തമായ ഒരു പോസ്റ്റ് വായിക്കാനിടയായി . ആ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു :

“ സി.പി.എമ്മിനകത്തെ അംഗത്വത്തിന്റെയും ഭരണ വര്‍ഗ്ഗ പാര്‍ട്ടി എന്ന നിലയില്‍ ലഭ്യമാകുന്ന പാര്‍ലമെന്ററി അധികാരത്തിന്റെ ഉന്നത സ്ഥാനമാനങള്‍ കയ്യാളുന്നതിന്റെയും ബലത്തില്‍ സ്വയം മാര്‍ക്സിസ്റ്റായി അവതരിപ്പിക്കുകയും എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പ്രതിലോമ വ്യവസ്ഥയുടെ ജീര്‍ണ്ണതകളും മത ദൈവ വിശ്വാനങളുടെ മാര്‍ക്സിസ്റ്റു വിരുദ്ധ ആശയങള്‍ പു:നരുല്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പിന്തിരിപ്പന്‍ ഭൂരിപക്ഷത്തിന്റെ കൈയ്യിലാണു ഇന്നു സി.പി.എം അകപ്പെട്ടിട്ടുള്ളത്. ”

ഇത് വായിച്ച ഞാന്‍ അവിടെയെഴുതിയ കമന്റ് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു :


മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരില്‍ ഇന്ന് മാര്‍ക്സിസ്റ്റ്കാരുണ്ടോ എന്നറിയില്ല. മാര്‍ക്സിസ്റ്റ്കാരന്‍ എന്നാല്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെയും പ്രകൃതിയെയും കാണാനും വിലയിരുത്താനും കഴിയത്തക്ക വിധം ബോധതലം വികസിതമായവന്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത് . മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരനും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഇന്നുള്ളൂ എന്ന് പറയാന്‍ എനിക്ക് മടിയില്ല .

മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിക്കാന്‍ ,മുസ്ലീം വോട്ട് ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി സി.പി.എമ്മിന് വേണമായിരുന്നു . അത് മാത്രമേ അബ്ദുല്ലക്കുട്ടിയും സി.പി.എമ്മും തമ്മിലുണ്ടായിരുന്നുള്ളൂ . ലോട്ടറി അടിച്ച പോലെ എം.പി.സ്ഥാനം നല്‍കുന്ന ആനുകൂല്യങ്ങള്‍ അബ്ദുല്ലക്കുട്ടി വേണ്ടുവോളം ആസ്വദിക്കുകയും ചെയ്യുന്നു . കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലവും അബ്ദുള്ളക്കുട്ടിയും തമ്മിലും അത്രയെ ബന്ധമുള്ളൂ.

ഒരു ബിസിനസ്സ് സ്ഥാപനമായി മാറിയ സി.പി.എമ്മിന് തികച്ചും പ്രതിലോമകരമായ പങ്ക് മാത്രമേ ഇനി കേരള സമൂഹത്തില്‍ വഹിക്കാന്‍ കഴിയൂ . ജനാധിപത്യത്തിന്റെ ദൌര്‍ബ്ബല്യങ്ങളും അവസരങ്ങളും മുതലെടുത്ത് കൊഴുക്കുന്ന ആ പാര്‍ട്ടിക്ക് സമീപഭാവിയിലൊന്നും ഒരു തകര്‍ച്ച സംഭവിക്കാനും പോകുന്നില്ല .

മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല . കാരണം മനുഷ്യമനസ്സ് ഒരു സമത്വസമൂഹനിര്‍മ്മിതിയ്ക്ക് അനുയോജ്യമല്ല . അത് കൊണ്ട് ചൂഷണം അനിവാര്യമായ സാമൂഹ്യനിയമമായി എന്നും നിലനില്‍ക്കും . പക്ഷെ മാര്‍ക്സിയന്‍ ഭൌതിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രപഞ്ചവീക്ഷണം നമുക്കാവശ്യമായിരുന്നു . ചിന്തിക്കുന്നവര്‍ സ്വമേധയാ അവിടെ എത്താനേ ഇനി വഴിയുള്ളൂ . ഔദ്യോഗികകമ്മ്യൂണിസ്റ്റുകള്‍ ആ ദര്‍ശനം ആരെയും മനസ്സിലാക്കിക്കൊടുക്കുകയില്ല .

മനുഷ്യന്‍ വിശ്വസിക്കുന്ന പോലെയോ , പ്രചരിപ്പിക്കുന്ന പോലെയോ ഒരു ദൈവം എവിടെയുമില്ലെന്ന് അല്പമെങ്കിലും മുന്‍‌വിധിയില്ലാതെ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാവും . എന്നാല്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള ധൈര്യം മിക്കവര്‍ക്കും ഉണ്ടാകില്ല . ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്ന് മാത്രമാണ് വിശ്വാസമെങ്കില്‍ ആ വിശ്വാസം നിരുപദ്രവവും നിര്‍ദ്ദോഷവുമായിരുന്നു .

എന്നാല്‍ ഒരു മനോവിഭ്രാന്തിയായി ഇന്ന് ദൈവവിശ്വാസം മാറിയിരിക്കുന്നു . ആ വിശ്വാസം ഇന്ന് മനസ്സിന് സമാധാനം അല്ല ഭക്തര്‍ക്ക് നല്‍കുന്നത് . ഏത് അമ്പലത്തിലാണ് , പള്ളിയിലാണ് തന്റെ ദുരാഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിച്ചു നല്‍കാന്‍ കഴിവും പ്രാപ്തിയുള്ള ദൈവം ഉള്ളത് എന്ന് ആര്‍ത്തി പിടിച്ച് അലയുന്ന ഭക്തരെയാണ് ഇന്ന് സര്‍വ്വത്ര കാണാന്‍ കഴിയുന്നത് . അത് കൊണ്ടാണ്, ആള്‍ക്കൂട്ടത്തില്‍ പെട്ട് ചവിട്ടിയരക്കപെട്ട് ഭക്തര്‍ കൂട്ടമരണത്തിനിരയാകുന്നത് .

സാമൂഹ്യജീവിതം ജീര്‍ണ്ണതകള്‍ക്കടിമപ്പെട്ട് കൂടുതല്‍ ദുസ്സഹമായി വരികയാണ് ഇന്ന് . ഇതില്‍ നിന്ന് മോചനം ലഭിക്കാനുതകുന്ന തരത്തില്‍ സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പ്രത്യയശാസ്ത്രങ്ങളോ സംഘടനകളോ ഇനി ഉടലെടുക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ കഴിയാത്ത ഒരു സന്ദിഗ്ദ്ധാവസ്ഥയിലാണ് നമ്മള്‍ .