2008-08-27

ഹോമിയോ ചര്‍ച്ച അനിലിന്റെ ബ്ലോഗില്‍

അനിലിന്റെ പതിവ് കാഴ്ചകള്‍ എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

അനില്‍ , ഈ പോസ്റ്റില്‍ എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലൊ . ഞാന്‍ ആ ചര്‍ച്ച പകുതിക്ക് നിര്‍ത്തുകയായിരുന്നു . കാരണം ഒരു ചര്‍ച്ച തര്‍ക്കത്തിന്റെ ലവലില്‍ എത്തിയാല്‍ മറുപക്ഷത്തെ ഒന്നും ബോധ്യപ്പെടുത്താന്‍ കഴിയില്ല . പിന്നെ പറയുന്നതെല്ലാം ജയിക്കാന്‍ മാത്രമായിപ്പോകും . പിന്നീട് പലപ്പോഴും ഒന്നുകൂടി വിശദമായി, ഈ അള്‍ട്ടര്‍‌നേറ്റീവ് മെഡിസിന്‍ എന്ന തട്ടിപ്പിനെതിരെ ഒരു പോസ്റ്റ് എഴുതണമെന്ന് കരുതിയിരുന്നു . പല കാരണങ്ങളാല്‍ അത് നീണ്ടു പോയി . ഇതിനിടയില്‍ മോഡേണ്‍ മെഡിസിന്റെ വക്താവായി ഡോ.സൂരജ് ബ്ലോഗില്‍ വന്നത് കൊണ്ട് ഇനി സൂരജ് പറയട്ടെ എന്നതും ഞാന്‍ തുടര്‍ന്നെഴുതാതിരിക്കാന്‍ കാരണമായി .

ഏതായാലും പൊതുവേ ഇപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മധ്യകാല ആശയവാദങ്ങള്‍ക്കുമാണ് നാട്ടിലെന്നല്ല ലോകം മുഴുക്കെ മാര്‍ക്കറ്റ് . ഇതിനെക്കുറിച്ച് ഇന്ന് എന്റെ ബ്ലോഗില്‍ രാഹുല്‍ ഈശ്വറിന് ഒരു മറുപടിക്കമന്റായി അല്പം എഴുതിയിട്ടുണ്ട് . ഇവിടെയും വിസ്തരിക്കുന്നില്ല .

1800കളിലാണ് ശാമുവല്‍ ഹാനിമാന്‍ “Like cures like” എന്ന വിചിത്രമായ സിദ്ധാന്തവുമായി രംഗത്ത് വന്നത് . ഞാന്‍ അദ്ദേഹത്തിന്റെ തീയറിയുടെ മലയാളം പരിഭാഷ സശ്രദ്ധം വായിച്ചിട്ടുണ്ട് . നമ്മുടെ നാട്ടിലെ കുട്ടികള്‍ നാലാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ജീവശാസ്ത്രം ടെക്സ്റ്റ് പുസ്തകങ്ങള്‍ ഗ്രഹിച്ചു പഠിച്ചിരുന്നുവെങ്കില്‍ അവര്‍ ഹാനിമാന്റെ തീയറി തള്ളിക്കളയുമായിരുന്നു.

ആ തീയറി പ്രകാരം രോഗമോ രോഗിയോ ഇല്ല . ഒരാളില്‍ രോഗലക്ഷണങ്ങള്‍ ആണ് പ്രത്യക്ഷപ്പെടുന്നത് . അയാളില്‍ സമാനലക്ഷണങ്ങള്‍ മരുന്ന് കൊടുത്ത് ഉണ്ടാക്കി ആദ്യം പ്രത്യക്ഷപ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാതാക്കുക . ഈ അടിസ്ഥാനത്തിലാണ് ഇന്നും ഹോമിയോ ചികിത്സ നടക്കുന്നത് . ഒരു പരിഷ്കൃത സമൂഹത്തില്‍ ഈ തീയറി ഒരു ഭ്രാന്തന്‍ സിദ്ധാന്തമായി തള്ളിക്കളയേണ്ടതായിരുന്നു . പക്ഷെ നമ്മള്‍ ഭുതകാലത്തെ നോക്കിയാണല്ലൊ സഞ്ചരിക്കുന്നത് . ആറ്റുകാല്‍ രാധാകൃഷ്ണന്മാരും കാളികൂളി കുട്ടിച്ചാത്തന്‍ സേവക്കാരുമാണല്ലൊ ഇപ്പോള്‍ സമൂഹത്തെ നയിക്കുന്നത് .

1843ല്‍ ഹാണിമാന്‍ അന്തരിച്ചതിന് ശേഷം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഒരു വിജ്ഞാനസ്പോടനം തന്നെ നടന്നിട്ടുണ്ട് . ഇന്ന് ശരീരത്തിന്റെ ആന്തരീകഭാഗങ്ങള്‍ കാണാം . അവയവങ്ങള്‍ മാറ്റിവെക്കാം . ടെസ്റ്റ് ട്യൂബില്‍ ബീജവും അണ്ഡവും സംയോജിപ്പിച്ച് ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കുഞ്ഞുങ്ങളെ ജനിപ്പിക്കാം . മരണപ്പെട്ട ആളുടെ കണ്ണ് , വൃക്ക മുതലായവ മറ്റൊരാളില്‍ മാറ്റിവെച്ച് അയാള്‍ക്ക് നവജീവന്‍ കൊടുക്കാം . ഞാന്‍ നീട്ടുന്നില്ല . ഇതൊക്കെ എന്തുകൊണ്ട് കഴിയുന്നു ? എന്താണ് ശരീരം . എന്തൊക്കെ തകരാറുകള്‍ , വൈകല്യങ്ങള്‍ അതിന് സംഭവിക്കുന്നു എന്നൊക്കെ ഹാനിമാന് ശേഷം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് .

എന്താണ് രോഗം എന്ന് ഹോമിയോ ഡോക്ടറോടും , ആയുര്‍വ്വേദ, സിദ്ധ, യുനാനി, തുടങ്ങിയ ഡോക്ടര്‍മാരോടും ചോദിച്ചു നോക്കൂ . അതാത് വൈദ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് മാത്രം ഉത്തരം പറയാന്‍ പറയൂ . അവരവരുടെ തീയറിപ്രകാരം ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കിത്തരാന്‍ പറയൂ . ആയുര്‍വേദ ഡോക്റ്ററോട് ത്രിദോഷങ്ങള്‍ക്കപ്പുറം രോഗകാരണങ്ങളില്ലേ എന്ന് ചോദിക്കൂ . ബാക്റ്റീരിയ,വൈറസ്സ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ ശരീരത്തെ ആക്രമിക്കുമോ എന്ന് പ്രകൃതിചികിത്സകനോട് ചോദിച്ചു നോക്കൂ .

പിന്നെ ചിലരുടെ അനുഭവങ്ങള്‍ . അത് ഇങ്ങനെ വായിക്കാമെന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല . അനില്‍ പറയുന്നു , അഡ്‌മിറ്റ് ചെയ്യാമെന്നേറ്റ രോഗി വരാതിരുന്നത്കൊണ്ട് തെരഞ്ഞു ചെന്നപ്പോള്‍ ശങ്കു കുട്ടിയേയും മടിയിലിരുത്തി പുഞ്ചിരിക്കുന്നു എന്ന് . ആര്‍ തെരഞ്ഞു പോയി ? അഡ്‌മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഡോക്റ്ററോ അതോ ആസ്പത്രി അധികൃതരോ ?

ഈ പ്രകൃതിയിലും പ്രപഞ്ചത്തിലും സംഭവിക്കുന്ന ഓരോ ചലനത്തിന് പോലും പരസ്പരം കാര്യകാരണ ബന്ധമുണ്ട് . ഒരു കാര്യം കാരണമില്ലാതെ സ്വയമേവ സംഭവിക്കുന്നില്ല . ആ കാര്യകാരണ ബന്ധങ്ങളെ ക്രോഡീകരിച്ച് സയന്‍സ് എല്ലാറ്റിനും ചില നിയമങ്ങള്‍ ബാധകമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ആ നിയമങ്ങള്‍ക്ക് പുറത്ത് ഒന്നും പ്രപഞ്ചത്തില്‍ എവിടെയും നടക്കുകയില്ല . സയന്‍സിനെ ഫോളോ ചെയ്യുന്നവര്‍ക്ക് അനിലിനെപ്പോലെയുള്ളവരുടെ ഇത്തരം പ്രസ്ഥാവനകള്‍ കേള്‍ക്കുമ്പോള്‍ സ്വകാര്യമായി ഊറിച്ചിരിക്കാനേ ഇക്കാലത്ത് കഴിയൂ . അതാണ് കാലം .

4 comments:

റോഷ്|RosH said...

സാര്‍ പറഞ്ഞ എല്ലാറ്റിനോടും യോജിക്കുന്നു. പക്ഷെ ഒറ്റ ഒരു വാചകം മാത്രം അങ്ങ് ദഹിക്കുന്നില്ല. "സയന്‍സ് എല്ലാറ്റിനും ചില നിയമങ്ങള്‍ ബാധകമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ആ നിയമങ്ങള്‍ക്ക് പുറത്ത് ഒന്നും പ്രപഞ്ചത്തില്‍ എവിടെയും നടക്കുകയില്ല " ഇതിത്തിരി കടന്ന കൈയ്യായി പോയി. ശാസ്ത്രത്തിനു കണ്ടെത്താന്‍ പറ്റാത്ത കാര്യങ്ങള്‍ ഇനിയും പ്രപഞ്ചത്തില്‍ അവശേഷിക്കുന്നില്ലേ? ശാസ്ത്രം ഒരിക്കലും പൂര്ണ്ണ മാണെന്ന് സ്വയം അവകാശപ്പെടുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ശാസ്ത്രം സമ്പൂര്‍ണ മാണെന്ന വാദത്തോട് യോജിക്കാനാവില്ല. അത് തീര്‍ത്തും അന്ധ വിശ്വാസമാനെന്നത് തന്നെ കാര്യം. (തെറ്റാണെന്ന് തെളിയിക്കപ്പെട്ട കാര്യങ്ങളെ വീണ്ടും കൊണ്ടു നടക്കുന്നതിനെ വിമര്‍ശിച്ചേഴുതിയത് എതിര്‍ത്തതല്ല . പക്ഷെ ശാസ്ത്രം പൂര്നമാനെന്ന വാദം ശരിയല്ല എന്ന് പറഞ്ഞു വന്നു മാത്രം. )

Unknown said...

പാനൂരാനേ , ശാസ്ത്രം പ്രപഞ്ചരഹസ്യങ്ങള്‍ മുഴുവന്‍ കണ്ടെത്തിയെന്നോ ,കണ്ടെത്തുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ . ഒരുപാട് കണ്ടെത്തിയെങ്കിലും ഇനിയും ധാരാളം കണ്ടെത്താനിരിക്കുന്നു . പരീക്ഷണങ്ങളും ഗവേഷണങ്ങളും അനവരതം നടന്നുകൊണ്ടിരിക്കുന്നു . സയന്‍സ് പ്രപഞ്ചത്തില്‍ നടക്കുന്ന ഭൌതികപ്രവര്‍ത്തനങ്ങളുടെ നിയമങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ആ നിയമങ്ങള്‍ക്ക് പുറത്ത് അത്ഭുതകൃത്യങ്ങള്‍ ഒന്നും എവിടെയും നടക്കുകയില്ല എന്നാണ് പറഞ്ഞത് . അതായത് ഒരു കാര്യം നടന്നാല്‍ അതിന് ഒരു കാരണം ഉണ്ടാവും . കാര്യം കാരണത്തെയും , കാരണം കാര്യത്തെയും സദാ ബന്ധപ്പെട്ടിരിക്കുന്നു . ഉദാഹരണത്തിന് മഴ പെയ്യണമെങ്കില്‍ അതിനൊരു കാരണമുണ്ടാവണം . പ്രാര്‍ത്ഥിച്ചത് കൊണ്ടോ യാഗം നടത്തിയാലോ മഴ പെയ്യില്ല . മഴ പെയ്യുന്നതിന്റെ നിയമം സയന്‍സ് സ്ഥാപിച്ചത് കൊണ്ട് നമുക്കെവിടെയും എപ്പോഴും കൃത്രിമ മഴ പെയ്യിക്കാന്‍ സാധിക്കും . പെയ്യിച്ചിട്ടുമുണ്ട് . ഈ ഭൌതിക പ്രപഞ്ചത്തിന് ബാധകമായ ഒരു ഭൌതിക നിയമമുണ്ടെന്നേ പറഞ്ഞതിനര്‍ത്ഥമുള്ളൂ .

ഞാന്‍ ഒന്ന് ചോദിക്കട്ടെ . സയന്‍സ് പൂര്‍ണ്ണമല്ല , സയന്‍സ് എല്ലാം കണ്ടത്തിയിട്ടില്ല എന്നൊക്കെ സാധാരണ പറയുന്നതിന്റെ അര്‍ത്ഥം എന്താണ് ? തപസ്സ് ചെയ്ത മഹര്‍ഷിമാര്‍ക്ക് മുഴുവന്‍ പ്രപഞ്ചരഹസ്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു എന്നോ അതോ തപസ്സ് ചെയ്താല്‍ മതി എല്ലാം കണ്ടെത്താന്‍ കഴിയും എന്നോ ? അതുമല്ല , ഭഗവദ്‌ഗീതയോ , ബൈബിളോ , ഖുര്‍‌ആനോ എഴിതിയവര്‍ക്ക് പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെട്ടിരുന്നു എന്നോ ? പ്രപഞ്ചം എങ്ങനെ നിലനില്‍ക്കുന്നു , അത് എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും വേണ്ടേ ? അതല്ലേ സയന്‍സ് . വേറെ വല്ല മാര്‍ഗ്ഗവുമുണ്ടോ ?

ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു , അതിന് എന്തൊക്കെ പ്രശ്നങ്ങള്‍ വരാം , ഏത് രീതിയില്‍ പരിഹരിക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ ജീവശാസ്ത്രം , ആധുനികവൈദ്യശാസ്ത്രം , തുടങ്ങി ഒട്ടനവധി ശാസ്ത്രമേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു . ടെക്‍നോളജിയുമായും അത് ബന്ധപ്പെട്ടിരിക്കുന്നു . കുറെ കണ്ടു പിടിച്ചു . ഇനിയും കണ്ടുപിടിക്കാനുമുണ്ട് . ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ പോലും ഇപ്പോള്‍ സൂക്ഷമായി കണ്ടുപിടിക്കാം . ഹാനിമാനോ , ചരകനോ ശുശ്രുതനോ എല്ലാം കണ്ടുപിടിച്ചിരുന്നോ ? സയന്‍സ് അല്ലാതെ വേറെ എന്തെങ്കിലും മാര്‍ഗ്ഗം നിലവിലുണ്ടോ ? ഞാന്‍ വീണ്ടും വീണ്ടും പറയുന്നു . ആയുര്‍വേദ,ഹോമിയോ,സിദ്ധ,യുനാനി,ഒന്നും ഇല്ലെങ്കിലും മനുഷ്യന് ഒരു കുറവും വരില്ല . എന്നാല്‍ ആധുനിക വൈദ്യശാസ്ത്രവും അതിന്റെ ചികിത്സയും ഔഷധങ്ങളും ഉപകരണങ്ങളും ഇല്ലെങ്കില്‍ ഒരു സെക്കന്റ് ഈ ലോകത്തിന് നിലനില്പില്ല .

sanju said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...
ഞാന്‍ വീണ്ടും വീണ്ടും പറയുന്നു . ആയുര്‍വേദ,ഹോമിയോ,സിദ്ധ,യുനാനി,ഒന്നും ഇല്ലെങ്കിലും മനുഷ്യന് ഒരു കുറവും വരില്ല . എന്നാല്‍ ആധുനിക വൈദ്യശാസ്ത്രവും അതിന്റെ ചികിത്സയും ഔഷധങ്ങളും ഉപകരണങ്ങളും ഇല്ലെങ്കില്‍ ഒരു സെക്കന്റ് ഈ ലോകത്തിന് നിലനില്പില്ല .
ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി എന്നല്ല ആധുനിക വൈദ്യശാസ്ത്രം ഇല്ലെങ്കിലും ലോകം നിലനില്‍ക്കും. പിന്നെ മനുഷ്യനു ബുദ്ധിമുട്ടുണ്ടാകും എന്നതു തീര്‍ച്ച. പക്ഷെ ആയുര്‍വേദവും മറ്റും ഒരാവശ്യവുമില്ലാത്തതണെന്ന് താങ്കള്‍ കരുതുന്നെങ്കില്‍ താങ്കളെ ആരോ പറ്റിച്ചതാണ്. എന്റെ പരിചയത്തിലുള്ള ഒരാളുടെ അനുഭവം പറയാം. പോലീസില്‍ ജൊലി ചെയ്യുന്ന പുള്ളിക്കാരനു കടുത്ത നടുവേദനയായിരുന്നു. പല അലോപ്പതി ഡോക്ടര്‍മാരെയും കാണിച്ചു വേദനകുറഞ്ഞില്ല. അവസാനം ഓപ്പറേഷന്‍ ചെയ്യണമെന്ന് പറയുകയുണ്ടായി. അദ്ദേഹം ഒരു കളരിചികിത്സകനെ കാണുകയും തിരുമുചികിത്സ നടത്തുകയും ചെയ്തതിന്റെഫലമായി നടുവേദനകുറയുകയും ചെയ്തു. ഞാന്‍ ഈപറഞ്ഞതിന്റെ അര്‍ത്ധം അലോപ്പതിയെകാളും നല്ലത് ആയുര്‍വേദമാണെന്നോ എല്ലാ നടുവേദനക്കും ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്നോ അല്ല. പക്ഷെ ആയുര്‍വേദത്തിനും അതിന്റേതായ മൂല്യം ഉണ്ടെന്നാണ്. ഒരാള്‍ക്കൊരാക്സിഡന്റുപറ്റിയാല്‍ ആദ്യം അയാളെ മെഡിക്കല്‍ കോളേജിലാണ് എത്തിക്കേണ്ടത് അല്ലാതെ അയുര്‍വേദാശുപത്രിയിലല്ല. പക്ഷെ തെറ്റിയ എല്ല്ലുകളും മറ്റും ചികിത്സിച്ചുനേരെയാക്കാന്‍ പറ്റിയത് ആയുര്‍വേദ, കളരിചികിത്സകരാണെന്ന് അനുഭവം കൊണ്ടെനിക്കറിയാം. വണ്ടിയില്‍നിന്ന് വീണ് എന്റെ കാല്‍പാദത്തിലെ എല്ലുകള്‍ തെറ്റുകയും പ്ലാസ്റ്ററിടുകയും ചെയ്തു. പ്ലാസ്റ്റര്‍ മാറ്റിയ ശേഷവും കാല്‍വേദനമാറാത്തതിനാല്‍ അടുത്തുള്ള ആശാനെ കാണുകയും തെറ്റിനിന്ന എല്ലുശരിക്കുപിടിച്ചിടുകയും ചെയ്തു. വേദന ഉടന്തന്നെ മാറുകയും ചെയ്തു. ഇത്തരം ചികിത്സകള്‍ ഇവിടെയില്ലെങ്കില്‍ ഞാന്‍ വളരെകാലം ഒരുപക്ഷെ വേദന അനുഭവിച്ചേനെ. അതുകൊണ്ട് എന്നെപ്പോലെ അനുഭവം ഉള്ളവര്‍ക്ക് ഇതിനെയൊന്നും തള്ളിപ്പറയാന്‍ കഴിയില്ല. പിന്നെ ആയുര്‍വേദവും, മര്‍മ്മശാസ്ത്രവും മറ്റും തള്ളികളയാന്‍ മാത്രം തെളിവുകിട്ടിയ ഏതു പഠനമാണതിനെപ്പറ്റിനടന്നതെന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. 80തു കളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനെക്കാള്‍ നല്ലത് പശുവിന്‍പാലാണെന്നു പ്രചരണമുണ്ടായപ്പോഴും ആയുര്‍വേദം മുലപ്പാലിനോപ്പമായിരുന്നു. അപ്പോഴും പലരും തള്ളികളഞ്ഞതാണ് ആയുര്‍വേദത്തെ പിന്നീടവര്‍ക്കും തിരുത്തേണ്ടിവന്നില്ലെ. ശരിക്കുള്ള പഠനം നടത്താതെ ഒന്നിനെയും തള്ളികളയാന്‍ പറ്റില്ല.

ജിവി/JiVi said...

ജീവന്‍ എന്ന പ്രതിഭാസം എന്താണെന്ന് അറിയാ‍തെയാണ് ഓരോതരം വൈദ്യത്തിന്റെയും പ്രവര്‍ത്തനരീതി. ആ അര്‍ത്ഥത്തില്‍ ഇതിലൊന്നുപോലും ശാസ്ത്രമല്ല എന്നു പറയേണ്ടിവരും.

നമ്മുടെ ശരീരത്തില്‍ കുരുക്കള്‍(Rashes)വന്നു എന്നിരിക്കട്ടെ. ഇതു ത്വക്ക് രോഗമാണോ അതല്ല മറ്റേതെങ്കിലും ആന്തരിക രോഗത്തിന്റെ ലക്ഷണമാണോ എന്നു തിരിച്ചറിയാന്‍ തന്നെ അലോപ്പതിക്ക് നിരവധിയായ ടെസ്റ്റുകള്‍ വേണ്ടിവരുന്നു. വലീയ പണച്ചെലവു വരുന്നതു തന്നെ. ഈ ടെസ്റ്റുകള്‍ക്ക് ശേഷവും പ്രത്യേകിച്ച് എന്തെങ്കിലും രോഗമുണ്ടെന്നോ ഇല്ലന്നോ പറയാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്.

പക്ഷെ ഹോമിയോ നേരെ ഈ ലക്ഷണത്തെ ചികിത്സിക്കുന്നു. ഇന്നത്തെ കാലത്തെ ഹോമിയോ ഡോക്ടര്‍മാര്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ അലോപ്പതിക്കാര്‍ പറയുന്ന ടെസ്റ്റുകള്‍ നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്. ഹോമീയോ കൂടുതല്‍ സ്വീകരിക്കപ്പെടുകതന്നെ വേണം. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു ഹോമിയോ തന്നെ കൂടുതല്‍ നല്ലത്.