2008-08-27

ഹോമിയോ ചര്‍ച്ച അനിലിന്റെ ബ്ലോഗില്‍

അനിലിന്റെ പതിവ് കാഴ്ചകള്‍ എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

അനില്‍ , ഈ പോസ്റ്റില്‍ എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലൊ . ഞാന്‍ ആ ചര്‍ച്ച പകുതിക്ക് നിര്‍ത്തുകയായിരുന്നു . കാരണം ഒരു ചര്‍ച്ച തര്‍ക്കത്തിന്റെ ലവലില്‍ എത്തിയാല്‍ മറുപക്ഷത്തെ ഒന്നും ബോധ്യപ്പെടുത്താന്‍ കഴിയില്ല . പിന്നെ പറയുന്നതെല്ലാം ജയിക്കാന്‍ മാത്രമായിപ്പോകും . പിന്നീട് പലപ്പോഴും ഒന്നുകൂടി വിശദമായി, ഈ അള്‍ട്ടര്‍‌നേറ്റീവ് മെഡിസിന്‍ എന്ന തട്ടിപ്പിനെതിരെ ഒരു പോസ്റ്റ് എഴുതണമെന്ന് കരുതിയിരുന്നു . പല കാരണങ്ങളാല്‍ അത് നീണ്ടു പോയി . ഇതിനിടയില്‍ മോഡേണ്‍ മെഡിസിന്റെ വക്താവായി ഡോ.സൂരജ് ബ്ലോഗില്‍ വന്നത് കൊണ്ട് ഇനി സൂരജ് പറയട്ടെ എന്നതും ഞാന്‍ തുടര്‍ന്നെഴുതാതിരിക്കാന്‍ കാരണമായി .

ഏതായാലും പൊതുവേ ഇപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മധ്യകാല ആശയവാദങ്ങള്‍ക്കുമാണ് നാട്ടിലെന്നല്ല ലോകം മുഴുക്കെ മാര്‍ക്കറ്റ് . ഇതിനെക്കുറിച്ച് ഇന്ന് എന്റെ ബ്ലോഗില്‍ രാഹുല്‍ ഈശ്വറിന് ഒരു മറുപടിക്കമന്റായി അല്പം എഴുതിയിട്ടുണ്ട് . ഇവിടെയും വിസ്തരിക്കുന്നില്ല .

1800കളിലാണ് ശാമുവല്‍ ഹാനിമാന്‍ “Like cures like” എന്ന വിചിത്രമായ സിദ്ധാന്തവുമായി രംഗത്ത് വന്നത് . ഞാന്‍ അദ്ദേഹത്തിന്റെ തീയറിയുടെ മലയാളം പരിഭാഷ സശ്രദ്ധം വായിച്ചിട്ടുണ്ട് . നമ്മുടെ നാട്ടിലെ കുട്ടികള്‍ നാലാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ജീവശാസ്ത്രം ടെക്സ്റ്റ് പുസ്തകങ്ങള്‍ ഗ്രഹിച്ചു പഠിച്ചിരുന്നുവെങ്കില്‍ അവര്‍ ഹാനിമാന്റെ തീയറി തള്ളിക്കളയുമായിരുന്നു.

ആ തീയറി പ്രകാരം രോഗമോ രോഗിയോ ഇല്ല . ഒരാളില്‍ രോഗലക്ഷണങ്ങള്‍ ആണ് പ്രത്യക്ഷപ്പെടുന്നത് . അയാളില്‍ സമാനലക്ഷണങ്ങള്‍ മരുന്ന് കൊടുത്ത് ഉണ്ടാക്കി ആദ്യം പ്രത്യക്ഷപ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാതാക്കുക . ഈ അടിസ്ഥാനത്തിലാണ് ഇന്നും ഹോമിയോ ചികിത്സ നടക്കുന്നത് . ഒരു പരിഷ്കൃത സമൂഹത്തില്‍ ഈ തീയറി ഒരു ഭ്രാന്തന്‍ സിദ്ധാന്തമായി തള്ളിക്കളയേണ്ടതായിരുന്നു . പക്ഷെ നമ്മള്‍ ഭുതകാലത്തെ നോക്കിയാണല്ലൊ സഞ്ചരിക്കുന്നത് . ആറ്റുകാല്‍ രാധാകൃഷ്ണന്മാരും കാളികൂളി കുട്ടിച്ചാത്തന്‍ സേവക്കാരുമാണല്ലൊ ഇപ്പോള്‍ സമൂഹത്തെ നയിക്കുന്നത് .

1843ല്‍ ഹാണിമാന്‍ അന്തരിച്ചതിന് ശേഷം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഒരു വിജ്ഞാനസ്പോടനം തന്നെ നടന്നിട്ടുണ്ട് . ഇന്ന് ശരീരത്തിന്റെ ആന്തരീകഭാഗങ്ങള്‍ കാണാം . അവയവങ്ങള്‍ മാറ്റിവെക്കാം . ടെസ്റ്റ് ട്യൂബില്‍ ബീജവും അണ്ഡവും സംയോജിപ്പിച്ച് ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കുഞ്ഞുങ്ങളെ ജനിപ്പിക്കാം . മരണപ്പെട്ട ആളുടെ കണ്ണ് , വൃക്ക മുതലായവ മറ്റൊരാളില്‍ മാറ്റിവെച്ച് അയാള്‍ക്ക് നവജീവന്‍ കൊടുക്കാം . ഞാന്‍ നീട്ടുന്നില്ല . ഇതൊക്കെ എന്തുകൊണ്ട് കഴിയുന്നു ? എന്താണ് ശരീരം . എന്തൊക്കെ തകരാറുകള്‍ , വൈകല്യങ്ങള്‍ അതിന് സംഭവിക്കുന്നു എന്നൊക്കെ ഹാനിമാന് ശേഷം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് .

എന്താണ് രോഗം എന്ന് ഹോമിയോ ഡോക്ടറോടും , ആയുര്‍വ്വേദ, സിദ്ധ, യുനാനി, തുടങ്ങിയ ഡോക്ടര്‍മാരോടും ചോദിച്ചു നോക്കൂ . അതാത് വൈദ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് മാത്രം ഉത്തരം പറയാന്‍ പറയൂ . അവരവരുടെ തീയറിപ്രകാരം ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കിത്തരാന്‍ പറയൂ . ആയുര്‍വേദ ഡോക്റ്ററോട് ത്രിദോഷങ്ങള്‍ക്കപ്പുറം രോഗകാരണങ്ങളില്ലേ എന്ന് ചോദിക്കൂ . ബാക്റ്റീരിയ,വൈറസ്സ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ ശരീരത്തെ ആക്രമിക്കുമോ എന്ന് പ്രകൃതിചികിത്സകനോട് ചോദിച്ചു നോക്കൂ .

പിന്നെ ചിലരുടെ അനുഭവങ്ങള്‍ . അത് ഇങ്ങനെ വായിക്കാമെന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല . അനില്‍ പറയുന്നു , അഡ്‌മിറ്റ് ചെയ്യാമെന്നേറ്റ രോഗി വരാതിരുന്നത്കൊണ്ട് തെരഞ്ഞു ചെന്നപ്പോള്‍ ശങ്കു കുട്ടിയേയും മടിയിലിരുത്തി പുഞ്ചിരിക്കുന്നു എന്ന് . ആര്‍ തെരഞ്ഞു പോയി ? അഡ്‌മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഡോക്റ്ററോ അതോ ആസ്പത്രി അധികൃതരോ ?

ഈ പ്രകൃതിയിലും പ്രപഞ്ചത്തിലും സംഭവിക്കുന്ന ഓരോ ചലനത്തിന് പോലും പരസ്പരം കാര്യകാരണ ബന്ധമുണ്ട് . ഒരു കാര്യം കാരണമില്ലാതെ സ്വയമേവ സംഭവിക്കുന്നില്ല . ആ കാര്യകാരണ ബന്ധങ്ങളെ ക്രോഡീകരിച്ച് സയന്‍സ് എല്ലാറ്റിനും ചില നിയമങ്ങള്‍ ബാധകമാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ആ നിയമങ്ങള്‍ക്ക് പുറത്ത് ഒന്നും പ്രപഞ്ചത്തില്‍ എവിടെയും നടക്കുകയില്ല . സയന്‍സിനെ ഫോളോ ചെയ്യുന്നവര്‍ക്ക് അനിലിനെപ്പോലെയുള്ളവരുടെ ഇത്തരം പ്രസ്ഥാവനകള്‍ കേള്‍ക്കുമ്പോള്‍ സ്വകാര്യമായി ഊറിച്ചിരിക്കാനേ ഇക്കാലത്ത് കഴിയൂ . അതാണ് കാലം .

2008-08-25

ഗര്‍ഭച്ഛിദ്രവും,കോടതിവിധിയും,ദൈവഹിതവും ...

ബാബുരാജിന്റെ കുറച്ചു കാര്യങ്ങള്‍ എന്ന ബ്ലോഗില്‍ “ ഗര്‍ഭച്ഛിദ്രം , ചില ചിന്തകള്‍ ” എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് താഴെ പെയിസ്റ്റ് ചെയ്യുന്നു . വളരെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായിരുന്നു അത് . എന്നാല്‍ അധികമാരും അവിടെ കമന്റ് എഴുതിക്കണ്ടില്ല . നികേത മേത്തയുടെ ഗര്‍ഭച്ഛിദ്രവും അതുമായി ബന്ധപ്പെട്ട് സജീവചര്‍ച്ച നടക്കുന്ന മറ്റൊരു ബ്ലോഗ് ഇവിടെ .

ഏതായാലും നികിതയ്ക്ക് ഒരു സ്വാഭാവിക ഗര്‍ഭച്ഛിദ്രം സംഭവിച്ചത് നികിത ഹരേഷ്‌ ദമ്പതികള്‍ക്ക് ആശ്വാസമായി . അല്ലായിരുന്നെങ്കില്‍ ആ കുട്ടിയുടെ ദൈന്യാവസ്ഥ ആ ദമ്പതികളെ ആയുഷ്ക്കാലം വേട്ടയാടുമായിരുന്നു . അവരുടെ കാലശേഷവും ആ കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ഒരു ജീവിതം മുഴുവന്‍ ദുരിതം പേറി ജീവശ്ചവമായി കഴിയേണ്ടിയിരുന്നു . ഒരു ദൈവവും മരണം വരെ സഹായത്തിനുണ്ടാവുമായിരുന്നില്ല .

ദൈവം എന്നത് ഓരോരുത്തരുടെയും താല്പര്യവും സ്വാര്‍ത്ഥതയും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കല്പികകഥാപാത്രമാണെന്ന് ഇവിടെ വ്യക്തമാവുന്നു . ഗര്‍ഭച്ഛിദ്രം തനിയെ നടന്നപ്പോള്‍ അത് ദൈവത്തിന്റെ കരുണയാണെന്ന് ഹരേഷിന് തോന്നുന്നു . അങ്ങനെയെങ്കില്‍ ദൈവം എന്തിനീ പൊല്ലാപ്പ് ഉണ്ടാക്കി . ഹൃദയവൈകല്യമുള്ള ശിശുവിനെ ഗര്‍ഭം ധരിക്കാനിടയായതില്‍ ദൈവത്തിന് പങ്കില്ലെന്നാണോ ഹരേഷ് കരുതുന്നത് . ഇവിടെ ഹരേഷിന് ഭാര്യയുടെ ഗര്‍ഭച്ഛിദ്രം അനിവാര്യമായിരുന്നു . നിയമം അതിനെ തുണച്ചില്ല . എങ്ങനെയോ ആവട്ടെ അത് നടന്നു . അപ്പോള്‍ ദൈവം തുണച്ചു എന്ന് ഹരേഷ് കരുതുന്നു . മറ്റൊന്നും അയാള്‍ക്ക് ബാധകമല്ല . എന്നാല്‍ ഒന്നും ബാധിക്കപ്പെടാനിടയില്ലാത്തവര്‍ക്ക് ആ ശിശു ദൈവത്തിന്റെ സൃഷ്ടിയും ദൈവതുല്യം പരിശുദ്ധവുമാണ് . ദൈവം എന്തിനീ ശിശുവിനെ ഹൃദയവൈകല്യത്തോടെ ജന്മം നല്‍കുന്നു എന്ന് ബാധിക്കപ്പെടാത്തവര്‍ക്ക് തോന്നുകയുമില്ല .

ഇതിനെയാണ് കണ്‍‌വീനിയന്‍സ് ഓഫ് ഗോഡ് എന്ന് പറയുന്നത് . തനിക്കേതാണോ സൌകര്യം അത് തന്നെ ദൈവം . അല്ലാതെ നീതിയും ന്യായവും നോക്കി എല്ലാം നടത്തുന്ന ഒരു ദൈവം ആര്‍ക്കുമില്ല . ഞാനും എന്റെ ദൈവവും . എന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും സമ്പത്തിനും പ്രശസ്തിക്കും കാരണം ദൈവം . അത് നല്‍കിക്കൊണ്ടിരിക്കുന്ന ദൈവത്തിന് മാത്രം നന്ദി . എന്റെ ഉയര്‍ച്ചയില്‍ സമൂഹത്തിന്റെ ഒരു പങ്കുമില്ല . എന്തൊരു നല്ല ദൈവം !

സന്ദര്‍ഭവശാല്‍ നികിത ഹരേഷ്‌ ദമ്പതികള്‍ രക്ഷപ്പെട്ടു . എന്നാല്‍ ഇനിയും ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ദമ്പതികള്‍ക്ക് സംഭവിച്ചാല്‍ അവരുടെ ഗതി ? ദൈവം സഹായിച്ച് സ്വാഭാവികച്ഛിദ്രം നടക്കുമെന്ന് കാത്തിരിക്കണോ ? അതോ ദൈവതുല്യം പരിശുദ്ധമാ‍യ ആ ശിശുവിനെ നരകതുല്യമായ ജീവിതത്തിലേക്ക് ജനിക്കാന്‍ അനുവദിക്കണോ ? ഇവിടെയാണ് ബാബുരാജിന്റെ ഈ പോസ്റ്റിന്റെ പ്രസക്തി . പക്ഷെ ഇത്തരം പ്രശ്നങ്ങള്‍ മാനവികമായ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മാത്രം സമൂഹം ഇനിയും വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതാണ് സത്യം .

ഇത് പോലെ തന്നെ മറ്റൊരു പ്രധാനപ്രശ്നവും ചര്‍ച്ചയ്ക്ക് വിധേയമാവാത്തതായുണ്ട് , അതാണ് ദയാവധം . ഇവിടെയും ജീവന്റെ പരിശുദ്ധി എന്ന വാദവുമായാണ് വിശ്വാസികള്‍ പ്രതിരോധിക്കുക . എനിക്കിവരോട് ചോദിക്കാനുള്ളത് , ഓരോ സെക്കന്റിലും ജന്മം പ്രാപിക്കാതെ പോകുന്ന കോടാനുകോടി ബീജകോശങ്ങളെയും അണ്ഡകോശങ്ങളെയും നിങ്ങള്‍ ഏത് കണക്കില്‍ എഴുതിത്തള്ളും എന്നാണ് . ദൈവഹിതത്തില്‍ ഈ ചോദ്യത്തിനുത്തരം ഒളിഞ്ഞിരുപ്പുണ്ടോ ?

നികിത ഹരേഷ്‌ ദമ്പതികളുടെ കാര്യത്തില്‍ സങ്കേതികയില്‍ തൂങ്ങി നിര്‍വികാരമായ വിധി കോടതി പ്രഖ്യാപിച്ചത് ദൌര്‍ഭാഗ്യകരമായിപ്പോയി . ജൂഡീഷ്യല്‍ ഏക്റ്റീവിസം എന്നും കോടതി പരിധി ലംഘിക്കുന്നു എന്നും ഭരണ-പ്രതിപക്ഷഭേദമെന്യേ സകല രാഷ്ട്രീയക്കാരും വിമര്‍ശിക്കുന്ന തരത്തില്‍ എത്ര വിധികള്‍ കോടതികള്‍ നടത്തിയിട്ടുണ്ട് . ചെറിയ ഒരാനുകൂല്യം കോടതി ഇക്കാര്യത്തില്‍ നല്‍കിയിരുന്നുവെങ്കില്‍ ഭാവിയില്‍ സമാനപ്രശ്നം നേരിടുന്നവര്‍ക്കും ആശ്വാസപ്രദമായേനേ . ഇത്തരം ഘട്ടങ്ങളില്‍ കോടതിയെ സമീപിക്കാനല്ലാതെ രാജ്യത്തിലെ നിയമസാമാജികരെ കണ്ട് നിയമനിര്‍മ്മാണം നടത്തിച്ച് ഗര്‍ഭച്ഛിദ്രം അനുവദിച്ചു കിട്ടിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ?

2008-08-14

ഈ ഭൂമി ആര്‍ക്ക് സ്വന്തം ?

കുറെ ദിവസങ്ങളായി ബ്ലോഗ് വായിക്കാനോ എഴുതാനോ , വായിക്കുന്ന ബ്ലോഗുകളില്‍ കമന്റ് രേഖപ്പെടുത്താനോ ഒന്നും ഒരു ഉത്സാഹവും തോന്നുന്നില്ല . ഞാന്‍ പതിവായി വായിക്കുന്ന ബ്ലോഗുകളില്‍ ചിലത് മാരീചന്റേതും , രാജീവ് ചേലനാട്ടിന്റേതും പിന്നെ കാണാപ്പുറം നകുലന്റേതുമാണ് . വെള്ളെഴുത്തിന്റെയും , റാം മോഹന്റെയും ജോസഫ് മാഷുടെയും ബ്ലോഗുകളും വായിക്കാന്‍ താല്പര്യം തന്നെ .

മലയാളം ബ്ലോഗ് അതിന്റെ ശൈശവദശയിലാണെന്നായിരുന്നു എന്റെ ധാരണ . എന്നാല്‍ ഇപ്പോള്‍ തോന്നുന്നത് മലയാളം ബ്ലോഗിന്റെ വളര്‍ച്ച പൂര്‍ണ്ണമായി എന്നും ഇനി കീഴോട്ടേക്കാണ് അത് വളരുക എന്നുമാണ് .ഒരുപാട്നല്ലതലയെടുപ്പുള്ളബ്ലോഗ്എഴുത്തുകാര്‍വിശാലമനസ്ക്കന്‍,ദേവന്‍,പെരിങ്ങോടന്‍,കൈപ്പള്ളി,കുറുമാന്‍ തുടങ്ങി എത്രയോ പേര്‍ ബ്ലോഗെഴുത്ത് നിര്‍ത്തി . അത് കൊണ്ട് മലയാളം ബ്ലോഗിങ്ങിന്റെ സുവര്‍ണ്ണകാലം അസ്തമിച്ചു എന്ന് തോന്നുന്നു .

കാണാപ്പുറം നകുലന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ ഒരു കമന്റിനെ രാജീവ് ചേലനാട് പരാമര്‍ശിക്കുകയും എന്റെ അഭിപ്രായങ്ങള്‍ അഴകൊഴുമ്പന്‍ വാദങ്ങള്‍ എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി . അവിടെ ഞാന്‍ രാജീവിന് കൊടുത്ത മറുപടി ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു :

പ്രിയ രാജീവ് ,

സര്‍വ്വരും അഥവാ ഇനിയും വിശാലമായി പറഞ്ഞാല്‍ സര്‍വ്വ ജീവജാലങ്ങള്‍ക്കും സ്വന്തമാണീ ഭൂമിയെന്നോ അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരു താല്‍ക്കാലിക രംഗവേദിയോ മറ്റോ ആണീ ഭൂമിയെന്നുമൊക്കെയുള്ള മുടിഞ്ഞ ഫിലോസഫി ചിന്തകളെ കലശലായി ബാധിച്ചത് കൊണ്ടാണ് എന്റെ അഴകൊഴുമ്പന്‍ വാദങ്ങള്‍ കൊണ്ട് എനിക്ക് എല്ലാവരേയും നിരാശപ്പെടുത്തേണ്ടി വരുന്നത് , ക്ഷമിക്കുക !സി.പി.ഐ.(എം.)പ്രത്യേകിച്ചും ഇടത് പക്ഷങ്ങള്‍ പൊതുവേയും സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളും , ഫലത്തില്‍ മുസ്ലീം മതമൌലിക വാദത്തിനനുകൂലമായതെന്ന് തോന്നിപ്പോകുന്ന രാഷ്ട്രീയനിലപാടുകളുമാണ് ഇവിടെ പലരും ചോദ്യം ചെയ്യുന്നത് . അതില്‍ കാര്യമുണ്ട് . അതിന് യുക്തിസഹമായ മറുപടി പറയാന്‍ രാജീവിനും കഴിയുന്നില്ല .

മതേതരത്വം എന്ന് പറയുമ്പോള്‍ എല്ലാ സമുദായങ്ങളേയും തുല്യമായി കാണേണ്ടേ . ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്ന പേരില്‍ മുസ്ലീം സമുദായത്തിന് ലഭിക്കുന്ന പരിഗണനകളുടെ വിപരീതാനുപാതത്തില്‍ അവഗണന തങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ബോധം ഹിന്ദു മതത്തില്‍ പെട്ടവരുടെ മനസ്സില്‍ ഉണ്ടാകാതെ നോക്കാനും ശ്രദ്ധിക്കേണ്ടേ ? ഇസ്ലാം മത വിഭാഗങ്ങള്‍ മറ്റ് പല ഇസ്ലാം രാജ്യങ്ങളിലെക്കാളും സുരക്ഷിതരായും സമാധാനപരമായും ഇവിടെയാണ് ജീവിക്കുന്നത് എന്ന് ഇവിടെയുള്ള മുസ്ലീം സഹോദരന്മാര്‍ സമ്മതിക്കുന്നു . ഹിന്ദു എന്ന വാക്ക് ഉച്ചരിച്ചാല്‍ തന്നെ അതില്‍ സംഘപരിവാര്‍ ആപത്ത് ആരോപിക്കുന്ന ശീലം ശരിയാണോ ? അത്തരം ആരോപണങ്ങളാണ് ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താന്‍ പര്യാപ്തമാവുക എന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു . സാധാരണ സാഹചര്യങ്ങളില്‍ ഹിന്ദു - മുസ്ലീം മതങ്ങളില്‍ പെട്ടവര്‍ ഏകോദരസഹോദരങ്ങളെപ്പോലെയാണ് ജീവിയ്ക്കുന്നത് എന്ന് മലപ്പുറം ജില്ലയില്‍ ചില ദിവസങ്ങള്‍ താമസിക്കാനിട വന്നപ്പോള്‍ എനിക്ക് മനസ്സിലായിട്ടുണ്ട് .

കമ്മ്യൂണിസ്റ്റുകാര്‍ എന്ത് പ്രശ്നങ്ങളെയും യാന്ത്രികമായാണ് സമീപിക്കുന്നതും വിലയിരുത്തുന്നതും എന്ന് എല്ലാവരും പറയുന്ന കാര്യമാണ് . അത്തരത്തില്‍ പെട്ട ഒരു ആരോപണമാണ് സംഘപരിവാറോ അല്ലെങ്കില്‍ ബി.ജെ.പി.യോ മുസ്ലീമിങ്ങളുടെ ശത്രുക്കളാണെന്നത് . മുസ്ലീം ലീഗും ജമാ-അത്തേ ഇസ്ലാമിയുമൊക്കെ പ്രവര്‍ത്തിക്കുന്ന പോലെ തന്നെയാണ് ഇവിടെ സംഘപരിവാര്‍ സംഘടനകളും ബി.ജെ.പി.യും പ്രവര്‍ത്തിക്കുന്നത് . ഈ സംഘടനകള്‍ ഭീകരവാദികളോ തീവ്രവാദികളോ അല്ല . മുസ്ലീമിങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു പ്രത്യയശാസ്ത്രം അവര്‍ക്കുണ്ടായിപ്പോയി എന്നത് അത്രമാത്രം കുറ്റകരവുമല്ല . മാത്രമല്ല സി.പി.എം. പോലും ആവശ്യം വന്നപ്പോള്‍ ജനസംഘത്തേയും ആറെസ്സെസ്സിനേയും ആശ്രയിച്ചിട്ടുണ്ട് . ഞാന്‍ ഇതൊക്കെ സംഘപരിവാര്‍ സംഘടനകള്‍ക്ക് വക്കാലത്തായി പറയുന്നതല്ല . പ്രലോഭിപ്പിച്ചും സമ്മര്‍ദ്ധം ചെലുത്തിയും മതപരിവര്‍ത്തനത്തിന് ആളുകളെ വിധേയരാക്കി എണ്ണം കൂട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്തവരാണ് ഹിന്ദു മതക്കാര്‍ . അവര്‍ മറ്റൊരു മതക്കാര്‍ക്കും ഭീഷണിയാവുകയില്ല . ആ ആനുകൂല്യം അവര്‍ക്ക് നല്‍കുക .

വ്യക്തിപരമായി ഞാന്‍ ഈശ്വര വിശ്വാസിയോ അമ്പലങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നവനോ അല്ല . ദൈവം ഉണ്ടെന്നും ആ ദൈവം സര്‍വ്വശക്തനും സര്‍വ്വ വ്യാപിയുമാണെന്നും വിശ്വാസികള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ ഇങ്ങനെ ബഹളം വെച്ച് , തിക്കും തിരക്കും കൂട്ടി തീര്‍ത്ഥയാത്ര പോകേണ്ടെന്നും മനസ്സ് ശുദ്ധമാണെങ്കില്‍ അവരുടെ ദൈവം അവരവരുടെ മനസ്സില്‍ തന്നെ ഉണ്ടാവുമല്ലോ , നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാമല്ലോ എന്നുമാണ് എന്റെ അഭിപ്രായം . പരിശുദ്ധമായ മനസിനേക്കാളും പാവനമായ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമുണ്ടാവാന്‍ വഴിയില്ല . കറ പുരണ്ട മനസ്സുമായി ഒരു ഭക്തന്‍ എവിടെ തീര്‍ത്ഥാടനം പോയാലെന്ത് ? പക്ഷെ ഒരു പൌരന്‍ എന്ന നിലയില്‍ മുസ്ലീം സഹോദരന്മാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ലഭിക്കുന്ന അതേ സൌകര്യങ്ങള്‍ ഹൈന്ദവ വിശ്വാസികള്‍ക്കും ലഭിക്കണം എന്ന് ഞാന്‍ പറയും .

ഞാന്‍ നീട്ടുന്നില്ല . എന്റെ ഈ നിരീക്ഷണങ്ങള്‍ അഴകൊഴമ്പന്‍ മാത്രമല്ല അറുബോറ് കുടിയാണെന്ന് രാജീവിന് മാത്രമല്ല നകുലനടക്കം എല്ലാവര്‍ക്കും തോന്നും . ആയതിനാല്‍ എന്റെ വരികള്‍ അവഗണിച്ചു കൊണ്ട് ചര്‍ച്ച തുടരുക !