2008-07-21

ബി.ജെ.പി.യും ഇടത് പക്ഷങ്ങളും ഒരേ തൂവല്‍ പക്ഷികളോ ?

നകുലന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :


കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസരവാദപരമായ രാഷ്ട്രീയവും നിലപാടുകളും ഇന്ത്യന്‍ ജനാധിപത്യത്തെ വളരെ വികൃതമാക്കിയിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . പക്ഷെ അവര്‍ക്ക് അങ്ങനെയൊക്കെയേ കഴിയുമായിരുന്നുള്ളൂ . കാരണം ഇവിടെ ജനാധിപത്യം പോഷിപ്പിക്കാന്‍ ഉദ്ദേശിക്കപ്പെട്ട പാര്‍ട്ടികളായിരുന്നില്ല അവ . ഇന്ത്യയില്‍ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിപ്പിച്ച് വിപ്ലവം നടത്താന്‍ ബാധ്യതപ്പെട്ട സംഘടനകളാണത് . വിപ്ലവം വരുമോ എന്നതല്ല , ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അവരൊക്കെ അന്നും ഇന്നും നിലകൊള്ളുന്നത് എന്ന് അവരെ കുറ്റം പറയുന്നവര്‍ തിരിച്ചറിയണം . വിപ്ലവം ഇനി മേലില്‍ ഇനി നടക്കില്ലെന്നും മറ്റുള്ളവരെ പോലെ നിങ്ങളും ജനാധിപത്യസമ്പ്രദായത്തിന്റെ മുഖ്യധാരയില്‍ ചേരണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയോ അല്ലെങ്കില്‍ അവരുടെ കപടജനാധിപത്യരാഷ്ട്രീയത്തിന് ഇരയാവുകയോ മാത്രമേ മറ്റുള്ള പാര്‍ട്ടികള്‍ക്ക് ചെയ്യാനാവൂ .

സോമനാഥ് ചാറ്റര്‍ജിയെ സംബന്ധിച്ച് പറഞ്ഞാല്‍ അദ്ദേഹത്തിന് ഈ സമയം സര്‍ക്കാറിനെ മറിച്ചിടുന്നതില്‍ മറ്റെന്തെങ്കിലും ആശയപരമായ എതിര്‍പ്പ് തോന്നിയിരിക്കാം . മറ്റനേകം പേരെ പോലെ ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹത്തിനും തോന്നാമല്ലൊ . അപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ വില പോകുന്ന ഒരു ന്യായം അദ്ദേഹം മുന്നോട്ട് വെച്ചു എന്നേ എനിക്ക് അഭിപ്രായമുള്ളൂ . അദ്ദേഹത്തിന് 80വയസ്സോടടുത്ത് എന്ന പരാമര്‍ശം നകുലന്റെ രീതിയ്ക്ക് ചേര്‍ന്നതല്ല . ഒരാള്‍ക്ക് ഏത് പ്രായത്തിലും നിലപാടുകള്‍ മാറ്റാവുന്നതോ ശരിയായ നിലപാടുകളില്‍ എത്തിച്ചേരാവുന്നതോ ആണ് .

വിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ സോമനാഥ് ചാറ്റര്‍ജി കൈക്കൊണ്ട നിലപാടിനെക്കാളും അപഹാസ്യമാണ് ആണവക്കരാറിന്റെ കാര്യത്തില്‍ ബി.ജെ.പി.യുടെ നിലപാട് . “ഇന്നത്തെ രൂപത്തില്‍ കരാറിനെ അനുകൂലിക്കാന്‍ കഴിയില്ല ” എന്ന് മാത്രമാണ് അവര്‍ പറയുന്നത് . അതായത് അമേരിക്കയെ സൌഹൃദരാഷ്ട്രമായി അംഗീകരിക്കുന്നതിലോ , അവരുമായി കരാറിലേര്‍പ്പെടുന്നതിനോ , രാജ്യത്ത് ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതിനോ ബി.ജെ.പി. എതിരല്ല . പിന്നെ എന്താണ് പ്രശ്നം ? സര്‍ക്കാറിനെ കിട്ടുന്ന അവസരത്തില്‍ മറിച്ചിടണം അത്രമാത്രം . അതിന് പറയുന്ന ന്യായം ഇന്നത്തെ രൂപത്തില്‍ കരാറിനെ അനുകൂലിക്കാന്‍ കഴിയില്ല എന്നത് ഏത് രൂ‍പത്തില്‍ കരാര്‍ ഉണ്ടാക്കിയാലും എപ്പോഴും പറയാന്‍ കഴിയുന്ന ഒന്നാണ് .

ഇന്നത്തെ ലോക സാഹചര്യം വെച്ചു നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് സ്വാഭാവിക സഖ്യകക്ഷിയാക്കാന്‍ പറ്റുന്ന രാജ്യം , വരട്ടുപ്രത്യയശാസ്ത്രങ്ങള്‍ മാറ്റി വെച്ചാല്‍ അമേരിക്കയാണെന്ന് കാണാന്‍ കഴിയും . അതേ പോലെ തല്‍ക്കാലത്തെ ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ വണ്‍ റ്റൂ ത്രീ കരാറും അനിവാര്യമാണെന്നും മനസ്സിലാവും . സങ്കുചിതരാഷ്ട്രീയം മാറ്റി വെച്ച് ഈ കരാറിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ബി.ജെ.പി. സന്നദ്ധമാവുമായിരുന്നെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് അവസരവാദരാഷ്ട്രീയത്തിന് ഒരു കനത്ത അടിയും , ലോകരാഷ്ട്രങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പറ്റി നല്ല മതിപ്പും ഉണ്ടാകുമായിരുന്നു .

എന്നാല്‍ ആണവക്കരാറിന്റെ കാര്യത്തില്‍ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയചതുരംഗക്കളിക്ക് തന്നെയാണ് .ബി.ജെ.പി.യും തുനിഞ്ഞത് . എല്ലാ പാര്‍ട്ടികളും ഒരേ കണക്ക് തന്നെ എന്ന നിഗമനത്തില്‍ നിഷ്പക്ഷമതികള്‍ എത്താനേ ഇതൊക്കെ ഉപകരിക്കൂ . ഇത്തരം സങ്കുചിതരാഷ്ട്രീയ നിലപാടുകള്‍ മൂലം നമ്മുടെ ജനാധിപത്യത്തെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന് മോചിപ്പിച്ചെടുപ്പിക്കാന്‍ കഴിയുന്നില്ല എന്ന് നകുലനും മനസ്സിലാക്കാന്‍ കഴിയുന്നില്ല . കാരണം നകുലനും ഒരു പാര്‍ട്ടിയുടെ അന്ധമായ അനുഭാവി മാത്രം !

8 comments:

അനിയന്‍കുട്ടി | aniyankutti said...

സര്‍,
ഇതില്‍ ചില വിഷയങ്ങളില്‍ താങ്കളുടെ അഭിപ്രായങ്ങളുമായി യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആണവകരാറിനെ സംബന്ധിച്ചുള്ളവയാണവ.
1. ആണവകരാറിനെക്കുറിച്ച് നമ്മുടെ ആണവശാസ്ത്രജ്ഞര്‍ വരെ ഉല്‍കണ്ഠപ്പെടുമ്പോള്‍, അങ്ങേയ്ക്ക് അതെങ്ങനെയാണ്‌ ഊര്‍ജ്ജപ്രതിസന്ധിയുടെ പരിഹാരമായി, അതും താല്‍ക്കാലികപരിഹാരമായി തോന്നുന്നത്? കുട്ടിക്കളിയല്ലല്ലോ? നാലു ലക്ഷം കോടിയുടെ പദ്ധതിയല്ലേ? 40000 കോടി കൊണ്ട് നമ്മുടെ തദ്ദേശ യുറേനിയം പദ്ധതികളെ പുനരുജ്ജീവിപ്പിക്കാമെനു വിദഗ്ദ്ധര്‍ പറയുമ്പോള്‍്‌ പിന്നെന്തിനാണീ പാഴ്ചെലവ്?
2. അമേരിക്കയെ നമുക്കു പറ്റിയ സഖ്യകക്ഷിയാക്കാമെന്നു പറഞ്ഞപ്പോള്‍ത്തന്നെ നമ്മുടെ വിദേശനയം പാളിയില്ലേ സര്‍? നമ്മുടേത് ചേരിചേരാ നയമല്ലേ? അവിടെ സഖ്യങ്ങളില്ലല്ലോ? പിന്നെ അമേരിക്കയുമായി ചേര്‍ന്ന് സൈനികനീക്കങ്ങളില്‍ പങ്കാളിയാവുന്നതിനോട് യോജിക്കാന്‍ ഒരു ഇന്ത്യനെന്ന നിലയില്‍ എനിക്ക് മനസ്സു വരില്ല...സത്യം.
3. ഒന്നു കൂടി, ഇവിടെ ഇടതുപക്ഷം ഏത് ആദര്‍ശത്തിന്‍റെ പേരിലാണോ പിന്തുണ പിന്‍വലിച്ചത്, അതേ ആദര്‍ശത്തെ സംരക്ഷിക്കാന്‍ മൂന്നാംബദലിനു ശ്രമിക്കുന്നു. UPA ആകട്ടെ, പൊതുജനത്തിന്‌ ഉപകാരപ്രദമല്ലാത്ത, എന്നാല്‍ നമ്മുടെ ഖജനാവിനെ കാര്യമായി ബാധിക്കുന്ന ആണവകരാറുമായി മുന്നോട്ട് പോവാനും, ചില സ്ഥാപിത താല്‍പര്യക്കാരെ സംരക്ഷിക്കാനും വേണ്ടി സര്‍ക്കാരിനെ നില നിര്‍ത്താന്‍ ശ്രമിക്കുന്നു. ഇതിലേതാണ്‌ സര്‍ അവസരവാദം?

ഇതില്‍ ചില ചോദ്യങ്ങളോടെ അങ്ങയുടെ കഴിഞ്ഞ പോസ്റ്റിനിട്ട കമന്‍റിനും മറുപടി കണ്ടില്ല.


ഇതു കൂടി വായിക്കാനഭ്യര്‍ഥിക്കുന്നു.
http://workersforum.blogspot.com/2008/07/10.html

അനില്‍@ബ്ലോഗ് // anil said...

[സങ്കുചിതരാഷ്ട്രീയം മാറ്റി വെച്ച് ഈ കരാറിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ബി.ജെ.പി. സന്നദ്ധമാവുമായിരുന്നെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് അവസരവാദരാഷ്ട്രീയത്തിന് ഒരു കനത്ത അടിയും , ലോകരാഷ്ട്രങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പറ്റി നല്ല മതിപ്പും ഉണ്ടാകുമായിരുന്നു .]
നല്ല വീക്ഷണം. ലോകരാജ്യങ്ങലുടെ മതിപ്പു ആവോളം നേടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ,ചെരി ചെരാ പ്രസ്ഥാനത്തെ നയിച്ചു ആദര്‍ശങ്ങളില്‍ മുറുകെ പിടിച്ചിരുന്ന കാലത്തു.ഇന്നു ജോര്‍ജു ബുഷിന്റെ മുന്നില്‍ ഓഛാനിച്ചു നില്‍ക്കുന്ന മന്‍മോഹന്‍ സിങ് ലൊകത്തിന്റെ മുന്നില്‍ വക്കുന്ന ചിത്രം ദയനീയം തന്നെ. അമേരിക്കയോട് ഒട്ടി ലോകത്തെ സമ്പത്തു തട്ടാമെന്നു മോഹിച്ചു നടക്കുന്ന സഖ്യരാഷ്ട്രങ്ങളീല്‍ നടക്കുന്ന പ്രതിഷേധങ്ങളും തിരിച്ചടികളും താങ്കള്‍ക്കു കാണാനവുന്നില്ലെ.കൂട്ടു കൂടണമെങ്കില്‍ അമേരിക്കയെന്ന ചെകുത്താനുമായി വേണൊ?
പിന്നെ വിശ്വാസപ്രമേയ ചര്‍ച്ച കണ്ടുകൊണ്ടിരിക്കുകയല്ലെ.നമുക്കു കാത്തിരിക്കാം ഒരു ദിവസം കൂടി.

Unknown said...

അനിയന്‍ കുട്ടീ , എനിക്ക് പറയാനുള്ളത് ബ്ലോഗ് പോസ്റ്റുകളായാണ് ഞാന്‍ പറയുക . വായനക്കാര്‍ക്ക് അഭിപ്രായങ്ങളും പറയാം . കമന്റുകളില്‍ ചോദ്യം ഉന്നയിച്ചാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറയും എന്ന് ദയവായി പ്രതീക്ഷിക്കാതിരിക്കുക . ചിലപ്പോള്‍ മറ്റ് വല്ലവരുമോ അല്ലെങ്കില്‍ ഞാനോ പറഞ്ഞുവെന്നിരിക്കും . അതല്ലാതെ കമന്റുകള്‍ക്ക് മുഴുവന്‍ ഉത്തരം പറയാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കട്ടെ . അതേ സമയം അഭിപ്രായം അതേ പടി എഴുതിയാല്‍ പബ്ലിഷ് ചെയ്യാം . ചില വെര്‍ച്വല്‍ നപുംസകങ്ങള്‍ തലയില്‍ മുണ്ടിട്ട് വന്ന് പരിഹസിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മോഡറേഷന്‍ വെക്കേണ്ടി വന്നത് . അതിലെനിക്ക് ഖേദവുമുണ്ട് .

Unknown said...

അനില്‍ , ചര്‍ച്ച വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് . നമുക്ക് കാത്തിരിക്കാം ...

Joker said...

പറയാതിരിക്കാന്‍ വയ്യ...

പ്രിയ സുകുമാര്‍ജി.

താങ്കള്‍ ബ്ലോഗിംഗ് തുടങ്ങിയ കാലം മുതല്‍ തന്നെ താങ്കളുടെ ബ്ലോഗുകള്‍ വായിക്കുന്ന ഒരാളാണ്‍ ഞാന്‍.താങ്കളുടെ പുരോഗമന പരവും യുക്തിപരവുമായ ആശയങ്ങോട് ഏറെക്കുറെ യോജിപ്പും ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ തികച്ചും പ്രതിലോമകരം എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി നിലപാടുകളില്‍ കൂടി താങ്കള്‍ പരിഹാസ്യനാവുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഒരു ചോദ്യം ചോദിച്ചോട്ടേ.

.“..... നിലവില്‍ വിശ്വപൌരത്വം കൊതിക്കുന്ന ഒരു ഇന്‍ഡ്യന്‍ പൌരന്‍ മാത്രമാണ് ഞാന്‍ . തെരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യുന്നു . ഒരു നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്തെങ്കില്‍ എന്ന് വൃഥാ ആഗ്രഹിക്കുകയും ചെയ്യുന്നു . കാരണം ഞാന്‍ ഒരു ഭൌതീക വാദിയാണെന്നത് തന്നെ !

ഈ വരികള്‍ താങ്കളുടേതാണ്, ഇതില്‍ താങ്കള്‍ പറയുന്ന കാര്യവും , കമ്യൂണിസ്റ്റ് കാര്‍ വിപ്ലവം കൊതിഛ്ക് നടക്കുന്ന സ്വപ്നാടകരാണെന്ന് താങ്കള്‍ പറയുന്നു.ഇത് രണ്ടും എങ്ങനെ ചേര്‍ത്ത് കെട്ടും ? വിപ്ലവവും കോപ്പും എല്ലാം വിട്റ്റ് ജനാധിപത്യ രീതിയില്‍ ഇടത് വരാന്‍ കാത്തിരിക്കുന്നതിലും ഭേദം നിലവിലുള്ള ജനാധിപത്യ ചേരിയായ കോണ്‍ഗ്രസ്സിനെ പുണരുകയല്ലേ നല്ലത്.പുളിക്ക് പുളിയില്ലെങ്കില്‍ പിന്നെ അതിനെ ‘പുളി’ എന്ന് വിളിക്കാമോ ?ഒന്ന് വ്യക്തമാക്കാമോ എന്താണ് താങ്കള്‍ പറയുന്ന കമ്യൂണിസം.

ഭൂമിപുത്രി said...

ആദ്യത്തെ പാരഗ്രാഫിന്‍ എന്റെ കയ്യടി!
‘ആരും ആരേയും ചൂഷണം ചെയ്യാത്ത സമത്വസുന്ദരലോകം’
എന്നതാണ്‍ മാറ്ക്സിയന്‍ കാഴ്ച്ചപ്പാടിന്റെ എസ്സന്‍സ് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടും അതുള്‍ക്കൊള്ളുന്നതുകൊണ്ടും,ചില സന്ദറ്ഭങ്ങളിലെങ്കിലും ഇടതുപക്ഷനയങ്ങളോട് അനുഭാവം തോന്നാറുണ്ട്-മേല്ല്‍പ്പറഞ്ഞവരിയാണവിടെ പ്രമാണം എന്ന് തോന്നിയിട്ടുള്ളപ്പോള്‍ മാത്രം.
ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്,താങ്കള്‍ ഇടതുപക്ഷാഭിമുഖ്യമുള്ള ഒരാളായിരുന്നു എന്നാണ്‍.
അത്കൊണ്ടാണ്‍ കയ്യടിച്ച്പോയത്.
പാറ്ട്ടിയ്ക്ക്മുകളിലുയറ്ന്ന് നിന്ന് എടുത്ത നിലപാടിന്റെ ആറ്ജ്ജവത്തിന്‍..

Unknown said...

വളരെ നല്ല ചോദ്യമാണ് ജോക്കറിന്റേത് . എന്റെ നിലപാടുകള്‍ ബ്ലോഗില്‍ പിന്തുടരുന്നവര്‍ക്ക് , ഞാന്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങള്‍ കാണുന്നവര്‍ക്ക് എന്റെ നിലപാടുകള്‍ ഒന്ന് കൂടി വ്യക്തമാക്കാന്‍ ഈ ചോദ്യം എനിക്കവസരം തരുന്നു . എനിക്ക് കുറച്ച് സമയം തരണം , ഏറിയാല്‍ ഒരു ദിവസം . ഞാന്‍ പറയാം . പലപ്പോഴും അവിടെയും ഇവിടെയുമായി പറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും പറയാന്‍ എനിക്ക് സന്തോഷമേയുള്ളൂ .

ഭൂമിപുത്രിക്ക് നന്ദി !

Unknown said...

ശ്രീ .ജോക്കര്‍ , ഞാന്‍ താങ്കള്‍ക്കുള്ള മറുപടിയായി വിശദമായ ഒരു പോസ്റ്റ് തന്നെ എഴുതാമെന്ന് കരുതിയതായിരുന്നു . അതിന്റെ ഭാഗമായി താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും അവിടെ എന്നെ പരാമര്‍ശിക്കുന്ന ഒരു പോസ്റ്റും കമന്റുകളും വായിക്കാനിടയായി . ചില അനോണി മാഷ്‌മാര്‍ ചെയ്ത പോലെ ആ പോസ്റ്റില്‍ എന്നെ തെറി പറഞ്ഞിട്ടില്ല എന്നത് താങ്കളെ കുറിച്ച് എന്നില്‍ മതിപ്പ് ഉളവാക്കി . ഞാന്‍ പലപ്പോഴായി എഴുതിയ കമന്റുകളും മറ്റും ആ പോസ്റ്റില്‍ ഉദ്ധരിച്ചതായും കണ്ടു . അതൊക്കെ വായിച്ചതിന് ശേഷം വിശദമായ പോസ്റ്റ് എന്ന ആശയം ഞാന്‍ ഉപേക്ഷിച്ചു . കാരണം ഒരാളെ കണ്‍‌വിന്‍സ് ചെയ്യിക്കുക എന്നത് ആര്‍ക്കും അസാദ്ധ്യമായ കാര്യമാണ് . അത് കൊണ്ട് കാര്യമാത്രപ്രസക്തമായ ഒരു കമന്റ് ഇവിടെ എഴുതി അവസാനിപ്പിക്കാമെന്ന് കരുതി.

എന്റെ അഭിപ്രായങ്ങള്‍ ആണ് ഞാന്‍ ബ്ലോഗില്‍ എഴുതുന്നത് . ആ എഴുത്തിലൂടെ ആരുടെയും സൌഹൃദങ്ങളോ , ഗ്രൂപ്പോ , ബന്ധങ്ങളോ ഞാന്‍ ഉന്നം വെക്കുന്നില്ല . അത് വേണമായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു പക്ഷം ചേര്‍ന്ന് അവരെ സുഖിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രം ഞാന്‍ എഴുതുമായിരുന്നുവല്ലോ . ഈ വെര്‍ച്വല്‍ ലോകത്ത് മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും എന്നെ മനസ്സിലാക്കിയ അപൂര്‍വ്വം ബന്ധങ്ങളേ എനിക്കുള്ളൂ . ജീവിതത്തില്‍ ഒരു പാര്‍ട്ടിയേയോ ഒരു സംഘടനയെയോ ഞാന്‍ ആശ്രയിച്ചിട്ടില്ല . ഇനിയൊട്ട് അതിനുദ്ദേശ്യവുമില്ല .

ഇനി ഉത്തരത്തിലേക്ക് കടക്കാം . അതിന് മുന്‍പ് താങ്കളുടെ ആ പരാമൃഷ്ട പോസ്റ്റില്‍ അനില്‍ എഴുതിയ ഒരു കമന്റ് എനിക്ക് കൌതുകകരമായി തോന്നി . ഞാന്‍ ഒരു സയന്‍സ് ബ്ലോഗ്ഗറാണെന്ന് തെറ്റിദ്ധരിക്കുകയും ആയുര്‍വേദത്തെയും ഹോമിയോയേയും പറ്റി എതിരായി ഞാന്‍ പറഞ്ഞത് അനിലിനെ ഞെട്ടിക്കുകയും ചെയ്തു പോലും . ആയുര്‍വേദത്തെയും ഹോമിയോയെയും പറ്റി അതൊക്കെ ശാസ്ത്രാഭാസങ്ങളാണെന്ന് പറഞ്ഞതിനും എന്നോട് പലര്‍ക്കും വിരോധമുണ്ട് . പലരും വിശദീകരണം ആവശ്യപ്പെട്ടിരുന്നു . പക്ഷെ ആയുര്‍വേദവും ഹോമിയോയും , മന്ത്രവാദങ്ങളും , ജ്യോതിഷവും , വാസ്തുവും , ഒറ്റമൂലിയും, മറ്റും മറ്റും ശാസ്ത്രങ്ങളാണെന്നും , സയന്‍സ് എന്ന് പറയുന്നത് പാശ്ചാത്യരുടെ തട്ടിപ്പുകളാണെന്നുമുള്ള ധാരണകള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ഇക്കാലത്ത് എന്ത് വിശദീകരണം കൊടുക്കാന്‍ . ഞാന്‍ സയന്‍സ് ബ്ലോഗ് നിര്‍ത്താന്‍ തന്നെ കാരണം ഇനി അതൊന്നും സാമാന്യ ജനങ്ങള്‍ക്ക് ആവശ്യിമില്ല എന്ന് കണ്ടതിനാലാണ് . എന്ത് ആശയങ്ങളാണോ സമൂഹത്തില്‍ പ്രബലമായി പ്രചരിക്കുന്നത് അതിന്റെ വക്താക്കള്‍ക്കാണ് മാന്യത ലഭിക്കുക .


വിപ്ലവവും കോപ്പും എല്ലാം വിട്ട് ജനാധിപത്യ രീതിയില്‍ ഇടത് വരാന്‍ കാത്തിരിക്കുന്നതിലും ഭേദം നിലവിലുള്ള ജനാധിപത്യ ചേരിയായ കോണ്‍ഗ്രസ്സിനെ പുണരുകയല്ലേ നല്ലത്.പുളിക്ക് പുളിയില്ലെങ്കില്‍ പിന്നെ അതിനെ ‘പുളി’ എന്ന് വിളിക്കാമോ . ഒന്ന് വ്യക്തമാക്കാമോ എന്താണ് താങ്കള്‍ പറയുന്ന കമ്യൂണിസം? ഇതാണ് കാതലായ ചോദ്യം . ശരിയായ പ്രസ്ഥാവന ഉപമയായെടുത്ത് തെറ്റായ പ്രസ്ഥാവനയെ ശരിയാണെന്ന് സമര്‍ത്ഥിക്കല്‍ തര്‍ക്കശാസ്ത്രത്തില്‍ ഒരു അടവാണ് . കേള്‍ക്കുന്നവര്‍ വീണുപോകും . പുളിയില്ലെങ്കില്‍ പുളിയെ പുളി എന്ന് വിളിക്കാന്‍ പറ്റില്ല . അത് പുളിയെ സംബന്ധിച്ച് ശരിയായ പ്രസ്ഥാവന തന്നെ . എന്നാല്‍ വിപ്ലവം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവുകയില്ല എന്ന് പ്രസ്ഥാവിക്കുകയാണെങ്കില്‍ അത് അത്ര തന്നെ ശരിയാവുകയില്ല . വിപ്ലവം മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ചു കഴിഞ്ഞു എന്നത് തന്നെ കാരണം . പാര്‍ട്ടി പരിപാടിയില്‍ പറയുന്ന പ്രകാരം ഞങ്ങള്‍ ഇന്ത്യയില്‍ വിപ്ലവം നടത്തുമെന്ന് ഇപ്പോള്‍ പബ്ലിക്കായി പറയാനുള്ള ധൈര്യം പ്രകാശ് കാരാട്ടിനോ പിണറായി വിജയനോ ഉണ്ടാവില്ല . അഥവാ അത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞാലോ ഒരു മെംബര്‍ പോലും വിശ്വസിക്കുകയുമില്ല . അപ്പോള്‍ ആര്‍ക്കും വേണ്ടാത്ത ആ വിപ്ലവം എന്ന ഭാഗം പരിപാടിയില്‍ നിന്ന് നീക്കം ചെയ്ത് മറ്റെല്ലാ പാര്‍ട്ടികളേയും പോലെ ജനാധിപത്യപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൂടേ എന്നാണ് ഞാന്‍ ചോദിക്കുന്നത് . അതിന് കോണ്‍ഗ്രസ്സിനെ പുണരുകയൊന്നും വേണ്ട .

പിന്നെ, എന്താണ് താങ്കള്‍ പറയുന്ന കമ്മ്യുണിസം ? എന്ന ചോദ്യത്തിന് ഞാന്‍ ഒരു ഗ്രന്ഥം തന്നെ എഴുതേണ്ടി വരും . അങ്ങനെ എഴുതിയാലും കുറച്ച് വിശ്വാസികളെ സൃഷ്ടിക്കാനേ ആ ഗ്രന്ഥത്തിനും കഴിയൂ . എല്ലാ അഭിപ്രായങ്ങളും കേള്‍ക്കാനും വിലയിരുത്താനുമുള്ള സഹിഷ്ണുതയും, തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള ത്യാജ്യഗ്രാഹ്യബുദ്ധി എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഇന്ന് കാണുന്ന സംഘര്‍ഷങ്ങള്‍ വളരെ കുറക്കാമായിരുന്നു .

അത് കൊണ്ട് തുടര്‍ന്നും മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ എഴുതാനാണ് എന്റെ ഉദ്ധേശ്യം . എല്ലാവരെയും എല്ലായ്പ്പോഴും എഴുത്തിലൂടെ തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയില്ല . എഴുതിക്കഴിഞ്ഞ വാക്കുകളില്‍ പിന്നെയെനിക്ക് നിയന്ത്രണമില്ല. മറ്റുള്ളവര്‍ക്ക് എന്നെ വിമര്‍ശിക്കുകയോ , പരിഹസിക്കുകയോ , തെറി വിളിക്കുകയോ ആവാം . എന്റെ ബ്ലോഗില്‍ കമന്റുകളായി പാടില്ല എന്ന് മാത്രം .