2007-12-23

ഭരണവും സമരവും പിന്നെ ജനാധിപത്യവും

ബി.ആര്‍.പി.ഭാസ്കറിന്റെ വായന എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരിക്കാന്‍ അറിയില്ല/കഴിയില്ല എന്ന് ചരിത്രം അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട് . കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെയും മുന്‍‌വിധികളുടെയും തടവുകാരാണവര്‍ . ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ അണിചേരാന്‍ കഴിയാത്ത കാലത്തോളം ഇത് തന്നെയായിരിക്കും ഫലം . വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ സമരകോലാഹലങ്ങള്‍ നടത്തിയത് അവരുടെ മാത്രം രീതികളും നീതിശാസ്ത്രങ്ങളും മുന്‍‌നിര്‍ത്തിയാണ് . അല്ലാതെ സമരങ്ങള്‍ക്കാധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം എന്ന ഉദ്ധേശ്യത്തിലായിരുന്നില്ല . അത് കൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല . ഒരു ജനാധിപത്യ സംവിധാനത്തില്‍ , ആ സംവിധാനത്തോട് കൂറോ സമ്മതമോ ഇല്ലാത ഒരു പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ അവര്‍ എന്ത് ചെയ്യാനാണ് . എന്താണ് അവരില്‍ നിന്ന് പ്രതീക്ഷിക്കാനാവുക ?

ഇപ്പോഴത്തെ ഭരണപരാജയങ്ങള്‍ക്ക് ഗ്രൂപ്പ് വഴക്ക് എന്ന കാരണം കാട്ടി വി.എസ്സിന് രക്ഷപ്പെടാം . എന്നാല്‍ ഇതിന് മുന്‍‌പിലത്തെ നായനാര്‍ ഭരണം വിജയമായിരുന്നോ ? 30 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് ബംഗാള്‍ പുരോഗതി കൈവരിച്ചോ ? ഭരണവും സമരവും എന്ന വിചിത്രവും ആഭാസകരവുമായ ഒരു സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കളില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് ശരിയായിരിക്കുകയില്ല .

2 comments:

വഴി പോക്കന്‍.. said...

ഇനിമുതല്‍ ഭരിക്കാനറിയാവുന്ന യു ഡി എഫിനെ സ്ഥിരമായി അങ്ങു ഭരണം ഏല്‍പ്പിക്കാം, അതാകുമ്പോള്‍ എല്ലാം ശരിയാകും, സമൂഹത്തിലെ എല്ലാ തട്ടിലും തേനും പാലും ഒഴുകും. അങ്ങനെയങ്ങനെ മലയാളികളുടെ ജീവിതം സുന്ദരസുരഭിലമാകും. കേരളനാട് മാവേലി നാടാകും. അഴിമതി മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കഴിയില്ല. അവരാകുമ്പോല്‍ ഗ്രൂപ്പെന്നു കേട്ടാല്‍ തന്നെ അലര്‍ജിയുള്ള ആള്‍കാരായതിനാല്‍ ഭരണം അങ്ങു കാര്യക്ഷമമായി നടക്കും. ബസുകള്‍ കൃത്യസമയത്തോടും,സര്‍ക്കാരുദ്യോഗസ്ത്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകും. റോഡെല്ലാം മലേഷ്യയിലെ മാതിരിയാകും. വീട്ടുസാധനങളെല്ലാം വിലകുറയും. സ്വാശ്രയകോളെജില്‍ പാവപ്പെട്ടവനെ ഫീസ് വാങ്ങാതെ വിദ്യാഭാസം നല്‍കിക്കും. സര്‍ക്കാരാശുപത്രിയില്‍ രോഗികളുടെ പുഷ്കല കാലമായിരിക്കുമ്മ്. കഴിഞ്ഞ ഇലക്ഷനില്‍ മലയാളിക്കു തെറ്റുപറ്റിയതിനാല്‍ ഇനിയെങ്കിലും അതു പറ്റാതെ നോക്കണം.!!!!

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വഴിപോക്കന്‍ യു.ഡി.എഫില്‍ ചേര്‍ന്നോ ? ഞാന്‍ ഏതായാലും, ഏകകക്ഷിഭരണം അത് ആരുടേതായാലും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണത്തില്‍ വരണം എന്ന അഭിപ്രായക്കാരനാണ് . നടക്കുമോ എന്ന് ചോദിക്കരുത് . അതാണ് എന്റെ അഭിപ്രായം . എല്ലാ പാര്‍ട്ടികള്‍ക്കും അങ്ങിനെയൊരു അഭിപ്രായം വേണമല്ലോ . അല്ലെങ്കില്‍ ഓരോ പാര്‍ട്ടിയുടേയും പരിപാടി മാറ്റണമല്ലോ , മുന്നണികള്‍ക്ക് വേണ്ടിയാണ് ഈ പാര്‍ട്ടി നിലകൊള്ളുന്നത് എന്ന് !