2007-11-05

നമുക്ക് വേണ്ടത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം

ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം പാര്‍ലമെന്റില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ എന്ന വക്കാരിയുടെ അഭിപ്രായം വളരെ ശരി തന്നെ . പക്ഷെ നമ്മുടെ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്വഭാവം കാണുന്നില്ലേ . എം.പി.മാരുടെ ആനുകൂല്യം കൂട്ടുമ്പോഴും , രാഷ്ട്രീയപ്പാര്‍ട്ടികളെ പൊതുവെ ബാധിക്കുന്ന പ്രശ്നം വരുമ്പോഴുമൊഴികെ ക്രീയാത്മകമായ ചര്‍ച്ച അവിടെ നടക്കുന്നുണ്ടോ ? ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെയോ , മുന്നണിയേയോ പരമാവധി ബുദ്ധിമുട്ടിക്കുക എന്നതല്ലേ ഇവിടെ ഭരണത്തിലില്ലാത്ത പാര്‍ട്ടികള്‍ ചെയ്തുവരുന്നത് . എന്നാല്‍ അവരുടെ പ്രശ്നം വരുമ്പോള്‍ ഒരേതൂവല്‍ പക്ഷികളെ പോലെ പെരുമാറുകയും ചെയ്യുന്നു . ബാലിശമായ കാരണങ്ങളുടെ പുറത്തല്ലേ പാര്‍ലമെന്റ് സ്തംഭിപ്പിക്കപ്പെടുന്നത് . ഇന്നത്തെ ചുറ്റുപാടില്‍ ജനങ്ങള്‍ക്ക് വ്യക്തമാകും വിധത്തില്‍ ഒരു തുറന്ന ചര്‍ച്ച അവിടെ സാധ്യമാകും എന്ന് വക്കാരി കരുതുന്നുണ്ടോ ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന നയമല്ലേ എല്ലാ പാര്‍ട്ടികളും പിന്‍‌തുടരുന്നത് . പിന്നെ നമ്മുടെ നാട്ടിലെ ജനങ്ങളും അവരവരുടെ പാര്‍ട്ടികളെ അന്ധമായി വിശ്വസിക്കുന്നവരാണ് . നേതാവ് പറയുന്നത് മാത്രമാണ് അവര്‍ക്ക് പരമമായ സത്യം . നേതാവാകട്ടെ പാര്‍ട്ടിതാല്‍പ്പര്യം മാത്രമേ പറയുകയുള്ളൂ . നമ്മുട ജനാധിപത്യം പാര്‍ലമെന്റില്‍ അപഹാസ്യമാക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത് . ഒരു പാര്‍ട്ടിയിലും പെടാതെ നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഒരു പാര്‍ട്ടിയെയും വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് . അത് കൊണ്ടാണ് ഭരിക്കുന്ന ഗവണ്മെന്റിനെയും സിവില്‍ സര്‍വ്വീസിനെയും ജ്യൂഡീഷ്യറിയെയും ബന്ധപ്പെട്ട വിദഗ്ദന്മാരെയും അവിശ്വസിക്കാതിരിക്കുക എന്ന നയം ഞാന്‍ പുലര്‍ത്തുന്നത് . അത് കൊണ്ടാണ് ആണവക്കരാറിനെ ഞാന്‍ പിന്‍തുണക്കുന്നത് . ഏത് മുന്നണി അല്ലെങ്കില്‍ ഏത് പാര്‍ട്ടി ആണോ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത് ആ പാര്‍ട്ടി അല്ലെങ്കില്‍ ആ മുന്നണി ആണവക്കരാറുമായി മുന്നോട്ടു പോയിരിക്കും എന്നാണ് എന്റെ നിരീക്ഷണം . കാരണം മുന്നോട്ട് പോകാന്‍ ആര്‍ക്കായാലും മുന്നോട്ടുള്ള ഒറ്റ വഴിയെയുള്ളൂ . ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ , നടന്ന വിവാദങ്ങള്‍ ഗാട്ട് കരാര്‍ പോലെ , നടക്കാന്‍ പോകുന്ന വിവാദങ്ങള്‍ എല്ലാം തന്നെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലേ ഇവിടെ നടക്കൂ എന്നുറപ്പാണ് . അപ്പോള്‍ പിന്നെ ചര്‍ച്ചകളില്‍ നിന്ന് ജനങ്ങള്‍ക്ക് എന്ത് മനസ്സിലാകാനാണ് ? അഥവാ മനസ്സിലാകുന്നതാണെങ്കില്‍ തന്നെ ഡി.എം.കെ.ജനങ്ങള്‍ക്ക് മനസ്സിലാകുന്നത് അണ്ണാ ഡി.എം.കെ. ജനങ്ങള്‍ക്ക് മനസ്സിലാകുമോ ? നമ്മുടെ ജനാധിപത്യം ഇന്നും ശൈശവ ദശയിലാണ് . അത് കൊണ്ടാണ് മൂത്ത് നരച്ച നേതാക്കള്‍ പോലും കൊച്ചു പിള്ളാരെപ്പോലെ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ബഹളം വെക്കുന്നത് . എന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ ഒരു പക്വത വരണമെങ്കില്‍ ഇവിടെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം നടപ്പില്‍ വരണം . ഇതൊന്ന് പുറത്ത് പറഞ്ഞ് നോക്കണം . അപ്പോള്‍ കാണാം പുകില് . സകല നേതാക്കള്‍ക്കും സ്ഥലജല വിഭ്രാന്തി വരും !

3 comments:

അപ്പു ആദ്യാക്ഷരി said...

“നമ്മുട ജനാധിപത്യം പാര്‍ലമെന്റില്‍ അപഹാസ്യമാക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത് . ഒരു പാര്‍ട്ടിയിലും പെടാതെ നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഒരു പാര്‍ട്ടിയെയും വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്..”

സുകുമാരേട്ടാ വലരെ സത്യം.

chithrakaran ചിത്രകാരന്‍ said...

നമ്മുടെ നാട് രക്ഷപ്പെടണമെങ്കില്‍ പ്രസിഡന്‍ഷ്യല്‍ സിസ്റ്റം തന്നെ നടപ്പാകണം.
എന്നാലെ രാജ്യത്തിന് വികസനാത്മകമായ ഒരു ദിശയും,ഒരു ഉറച്ച വ്യക്തിത്വവുമുണ്ടാകു.അഞ്ചു വര്‍ഷം കൂടുംബോള്‍ ഒരോ മഹാന്മാരായ മുന്‍ പ്രസിഡന്റുമാരേയും അപ്പോഴേ ലഭിക്കു.
പ്രാധിനിത്യ സഭയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അപ്പോഴേ ജനനേതാക്കള്‍ക്കു കഴിയു.
ഇപ്പോഴത്തെ കൊള്ളക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിമുഖത കാണീക്കുമെങ്കിലും, പത്ര മാധ്യമങ്ങള്‍ വിചാരിച്ചാല്‍ പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്ക് മാറാനുള്ള ബോധവല്‍ക്കരണം നടത്താന്‍ കഴിയും.
അതിനു മുന്‍പ് ബ്ലോഗേഴ്സ് തന്നെയാണ് ഈ വിഷയം ചര്‍ച്ചചെയ്ത് പൊതു മാധ്യമങ്ങളുടെ കണ്ണു തുറപ്പിക്കേണ്ടത്.
സുകുമാരേട്ടന്റെ പൊസ്റ്റ് അവസരോചിതമായി.

G Joyish Kumar said...

A presidential system like that in Pakistan?

People should have more powers. Not the money. We should change the representation structure.