Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

2010-06-19

ഒരു സി.ബി.എസ്.ഇ. വിലാപം

തറവാടിയുടെ എന്റെ ചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ് :


തറവാടീ, കേരളത്തില്‍ വിദ്യാഭ്യാസം ആകെ ഒരു കുഴമറിച്ചിലാണ്.  ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം സി.ബി.എസ്.ഇ. സിലബസ്സ് എന്നൊന്നില്ല. പരീക്ഷ നടത്തി മാര്‍ക്ക്‍ലിസ്റ്റും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന ഒരു അഖിലേന്ത്യാ ബോര്‍ഡ് മാത്രമാണ് CBSE. ഉള്ളത് NCERT സിലബസ്സും അവര്‍ തന്നെ പബ്ലിഷ് ചെയ്യുന്ന ടെക്സ്റ്റ് പുസ്തകങ്ങളുമാണ്. അവരുടെ സിലബസ്സിനോടും ടെക്സ്റ്റ് പുസ്തകങ്ങളോടും കിടപിടിക്കാവുന്ന ഇതര സിലബസ്സും ടെക്സ്റ്റുകളും വേറെയില്ല. കുട്ടികള്‍ക്ക് ലളിതമായി മനസ്സിലാക്കാവുന്ന തരത്തില്‍ വളരെ ഋജുവായിട്ടാണ് അവരുടെ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഘടന.  മലയാളം മീഡിയത്തിലാണ് എന്റെ മക്കള്‍ പഠിച്ചതെങ്കിലും അവരെ പഠിപ്പിക്കാന്‍ ഞാന്‍ NCERT ടെക്സ്റ്റുകള്‍ വാങ്ങാറുണ്ടായിരുന്നു. മലയാളം ടെക്സ്റ്റുകളേക്കാളും സിമ്പ്‌ള്‍ ആയി എനിക്കന്നേ തോന്നിയത് അവരുടെ പുസ്തകങ്ങള്‍ ആയിരുന്നു. സി.ബി.എസ്.ഇ. യില്‍ അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍  NCERT സിലബസ്സാണ് പഠിപ്പിക്കുന്നത്.  അവര്‍ മാത്രമല്ല മിക്ക സംസ്ഥാന  വിദ്യാഭ്യാസ വകുപ്പുകളും ഇപ്പോള്‍ NCERT സിലബസ്സ് ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളില്‍ എന്നാണറിവ്. ഈ വ്യത്യാസം മനസ്സിലാക്കാതെ ആളുകള്‍ സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞുവരുന്നു.

ഇനി മറ്റൊന്ന് സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മിക്ക സ്കൂളുകളും യഥാര്‍ത്ഥത്തില്‍ സി.ബി.എസ്.ഇ.യില്‍ അഫിലിയേറ്റ് ചെയ്തത് പോലുമല്ല. അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്കൂളില്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയാണ് ചെയ്യുന്നത്. ഈ തട്ടിപ്പ് രക്ഷിതാക്കള്‍ അറിയുന്നില്ല. ഇങ്ങനെ കണ്ണൂരില്‍ നിന്ന് കുട്ടികള്‍ തൃശൂരില്‍ പോലും വരുന്നുണ്ട്. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എല്ലാ സ്കൂളുകള്‍ക്കും അഫിലിയേഷന്‍ നല്‍കാന്‍ സി.ബി.എസ്.ഇ. മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. കണ്ണൂരില്‍ നൂറ് കണക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുള്ള മഠത്തില്‍ വത്സന് (മലബാര്‍ ) ഈ അടുത്ത കാലത്താണ്  സി.ബി.എസ്.ഇ. അഫിലിയേഷന്‍ കിട്ടിയത്. ഇനി വത്സന് എത്ര കുട്ടികളെ വേണമെങ്കിലും തന്റെ സ്കൂളില്‍ പരീക്ഷയ്ക്കിരുത്താം.  അതിന് വേണ്ടി മറ്റ് സ്കൂള്‍ മുതലാളിമാരില്‍ നിന്ന് പണവും വാങ്ങാം.  ചുരുക്കത്തില്‍ പല സ്കൂളുകളിലും സി.ബി.എസ്.ഇ.യുമില്ല അങ്ങനെയൊരു സിലബസ്സുമില്ല.  അമൃത , ചിന്മയ മുതലായ ചില നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല.

സി.ബി.എസ്.ഇ. എന്ന് പറയുന്ന സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് എന്താണ് വിദ്യാഭ്യാസ യോഗ്യത എന്ന് മാനേജ്‌മെന്റിന് മാത്രമേ അറിയൂ.  സര്‍ക്കാര്‍ സ്കൂളിലാണെങ്കില്‍ പി.എസ്.സി. പരീക്ഷ എന്ന കടമ്പ കടക്കേണ്ടതുണ്ട്. പിന്നെ, പണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച മോണ്ടിസ്സോറി സ്ക്കൂളുകളില്‍ പോലും ഇപ്പോള്‍ മലയാളത്തിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.  പണ്ടത്തെ പോലെ ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ആംഗ്ലോ ഇന്ത്യ ന്‍ ടീച്ചര്‍മാര്‍ ഇപ്പോഴില്ല. ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തിലെ   സി.ബി.എസ്.ഇ. സ്കൂളുകളില്‍ എത്ര പേര്‍ ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  അങ്ങനെ നോക്കുമ്പോള്‍ ഇംഗ്ലീഷ് സ്കൂളുകളില്‍ ഇംഗ്ലീഷും ഇല്ല.  ഞാന്‍ ദോഷൈകദൃക്‌കായത്കൊണ്ട് പറയുന്നതല്ല. സങ്കടം കൊണ്ട് പറയുന്നതാണ്.

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് അടിക്കടി റിഫ്രഷര്‍ കോഴ്സുകളുണ്ട്. എന്ത് തന്നെയായാലും അവര്‍ ഒരു നിലവാരം കീപ്പ് ചെയ്തേ പറ്റൂ. എന്നാല്‍ അവരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് സ്കൂളുകളിലാണ് പറഞ്ഞയക്കുന്നത്. അത് നാണക്കേട് ഓര്‍ത്തിട്ടാണ്. ഇംഗ്ലീഷ് സ്കൂളില്‍ മക്കളെ അയച്ചില്ലെങ്കില്‍ ഇപ്പോള്‍ അതൊരു പ്രസ്റ്റിജ് പ്രശ്നമാണ് നാട്ടില്‍ .  സബ്ജക്റ്റുകള്‍ മലയാളത്തില്‍ ഗ്രഹിച്ച് മനസ്സില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് കുട്ടികള്‍ . പ്ലസ് റ്റൂ വിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുക എന്നതാണല്ലൊ പ്രലോഭനം. സബ്ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? മാതൃഭാഷയിലാണെങ്കില്‍ അത് അബോധമനസ്സിലെങ്കിലും അവിടെ കിടക്കുമായിരുന്നു. ഇതിപ്പൊ ചേമ്പിലയില്‍ വെള്ളം വീണ പോലെ.  വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അല്ല, അതായിട്ട് ഇവിടെ നന്നാകണമെന്നില്ലല്ലൊ.

2010-04-26

എന്തിനാ പഠിക്കുന്നേ .....


കൈപ്പള്ളിയുടെ സൈറ്റില്‍  ഇന്ന് എഴുതിയ കമന്റ്: 
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച് മാര്‍ക്ക് ലിസ്റ്റ് കൊടുക്കുന്ന ഉത്തരവാദിത്വമേയുള്ളൂ. കുറെ മന:പാഠം ചെയ്യുക, അതില്‍ നിന്ന് ഓര്‍മ്മയില്‍ തെളിയുന്നത് പരീക്ഷയ്ക്ക് ഉത്തരക്കടലാസില്‍ പകര്‍ത്തി വയ്ക്കുക.പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് ലിസ്റ്റ് വാങ്ങുന്നതോട് കൂടി മന:പാഠം ചെയ്തതെല്ലാം ഉപേക്ഷിക്കുക അല്ലെങ്കില്‍ മറക്കുക. ഇത്രയേ വിദ്യാഭ്യാസം എന്ന അഭ്യാസം കൊണ്ട് അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃസമൂഹം കേരളത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.

പാഠപുസ്തകങ്ങളുമായോ സിലബസ്സുമായോ ഇതിനപ്പുറം ബന്ധമുണ്ടെന്ന് ആരും കരുതുന്നില്ല. പാഠഭാഗങ്ങള്‍ മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും ഒക്കെയുള്ള സംഗതികളുമായി ബന്ധപ്പെട്ടതാണെന്ന രീതിയില്‍ ഗ്രഹിച്ചു പഠിക്കാത്തത്കൊണ്ട് ഔപചാരികവിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ആരും തുടര്‍ന്ന് ഒന്നും പഠിക്കുന്നുമില്ല. ചുരുക്കത്തില്‍ നിരക്ഷരരായിട്ടാണ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പടിയിറങ്ങുന്നത്. സമൂഹത്തില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളും മുന്‍‌വിധികളും മാത്രമേ ഭാവിയിലേക്ക് മാര്‍ഗ്ഗദര്‍ശനമായി ഇക്കൂട്ടരുടെ ബോധമനസ്സില്‍ ശേഷിക്കുന്നുള്ളൂ. അങ്ങനെ വിശ്വാസജീവികളായ ഇക്കൂട്ടരെ വിവിധ മത-ജാതി-രാഷ്ട്രീയ സംഘടനകള്‍ പങ്കിട്ടെടുത്ത് അവരെ കൂടുതല്‍ കൂടുതല്‍ മന്ദബുദ്ധികളാക്കുന്നു.

അങ്ങനെ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന നികുതിദായകന്റെ പണം വെറും നേഷനല്‍ വേസ്റ്റ് ആയി തീരുന്നു. ഇതാണ് സമകാല വിദ്യാഭ്യാസത്തിന്റെ നേര്‍ചിത്രം. ഇതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും അത്രയേ വേണ്ടൂ. ഗോപാലകൃഷ്ണന്‍ എന്ന സ്യൂഡോ ബുദ്ധിജീവി മാത്രമല്ല അള്‍ട്രാലെഫ്റ്റ് പുരോഗമനവാദികള്‍ വരെ നിന്ന് പിഴച്ചു പോകുന്നത് ഈ മന്ദബുദ്ധിസമൂഹത്തെ ഉപജീവിച്ചുകൊണ്ടാണ്. അങ്ങനെയാണ് കേരളത്തില്‍ വാസ്തുവും,ആയുര്‍വേദവും,ജ്യോതിഷവും, ഹോമിയോവും,മാര്‍ക്സിസവും എല്ലാം വിശ്വാസമായി നിലനില്‍ക്കുന്നത്. ഇതില്‍ ഗോപാലകൃഷ്ണനെ മാത്രം അടര്‍ത്തിയെടുത്ത് ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നത് നീതീകരിക്കാവുന്നതല്ല. എല്ലാ വിശ്വാസങ്ങളും , വൈരുദ്ധ്യാധിഷ്ടിതഭൌതികവാദമടക്കം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.

2009-09-27

എന്തായിരിക്കണം ലൈംഗികവിദ്യാഭ്യാസം?





ഇന്ന് തൊന്തരവ് എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:
സത്യം പറയട്ടെ, ഈ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണം എന്ന് കുറെക്കാലമായി മുറവിളി ഉയരുന്നുണ്ടെങ്കിലും എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ജീവശാസ്ത്രം പത്താം ക്ലാസ് വരെ പഠിക്കുമ്പോഴേക്കും നമ്മുടെ ശരീരം എന്തൊക്കെയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്നൊക്കെ സാമാന്യമായ ഒരറിവ് കുട്ടികള്‍ക്ക് ലഭിച്ചുകഴിയും. പിന്നെ മിക്ക കുട്ടികളും ഏതാണ്ടൊക്കെ ലൈംഗികകാര്യങ്ങളും കൌമാരപ്രായത്തില്‍ തന്നെ മനസ്സിലാക്കും. അതിനപ്പുറത്ത് അവര്‍ക്ക് ലഭിക്കാത്ത എന്ത് അറിവാണ് ഈ ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഇന്ന് പൊതുവെ സമൂഹത്തില്‍ മൂല്യബോധത്തിന്റെ ഒരു കുറവുണ്ട്.പൌരബോധവും തീരെയില്ല. ശരിക്ക് പറഞ്ഞാല്‍ മോറല്‍ സയന്‍സ് അല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്? ശരിയായ പൌരബോധവും സന്മാര്‍ഗ്ഗചിന്തകളും സിലബസ്സില്‍ ഉള്‍പ്പെടുത്തുകയല്ലേ വേണ്ടത്. അങ്ങനെ നല്ല പൌരന്മാരായി വളരുന്ന കുട്ടികള്‍ ആരോഗ്യകരമായ ലൈംഗികപാഠങ്ങള്‍ ലഭ്യമായ പ്രസിദ്ധീകരണങ്ങള്‍ വഴി സ്വയം പഠിക്കുകയില്ലേ? ഇന്നത്തെ ഈ ജീര്‍ണ്ണിച്ച സാമൂഹ്യചുറ്റുപാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് ഈ സോകോള്‍ഡ് ലൈംഗികവിദ്യാഭ്യാസം അഡീഷണലായി ലഭിച്ചാല്‍ മാത്രം യുവതലമുറ നേരെയാകുമെന്ന് കരുതുന്നുണ്ടോ?