നിത്യന്റെ ബ്ലോഗില്‍ ഇന്ന് ഒരു കമന്റ് എഴുതി. അത് ഇവിടെയും പോസ്റ്റ് ചെയ്യട്ടെ. ഞാന്‍ കുറെയായി എഴുതണമെന്ന് കരുതിയ വിഷയമായിരുന്നു ഇത്. ഇപ്പോള്‍ നിത്യന്റെ പോസ്റ്റ് ഒരു നിമിത്തമായി.
ഈയ്യിടെയായി പ്രചാരത്തില്‍ വന്ന ചില പദപ്രയോഗങ്ങളാണ് ലൈംഗികദാരിദ്ര്യം,ലൈംഗികവിശപ്പ്,ലൈംഗികപട്ടിണി എന്നിവ. ബ്ലോഗിലും ഈ വാക്കുകള്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നു. അടുത്തായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.വേണുവും മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെ കുറിച്ചു ഒരു ലേഖനം എഴുതിയിരുന്നു. വാസ്തവത്തില്‍ ആ ലേഖനം വായിച്ചപ്പോഴാണ് സംഗതിയുടെ ഗൌരവം ഞാന്‍ ചിന്തിക്കാനിടയായത്.
മലയാളികള്‍ക്ക് മാത്രം ഇത്രയും ഗുരുതരമായ “ലൈംഗികക്ഷാമം”(കിടക്കട്ടെ എന്റെ വകയും ഒരു വാക്ക്) വന്നു ഭവിക്കാന്‍ എന്താണ് കാരണം? മറ്റ് എല്ലായിടത്തുമെന്ന പോലെ കേരളത്തിലും ആളുകള്‍ കല്യാണം കഴിക്കുന്നുണ്ട്. മിക്കവാറും കല്യാണം കഴിച്ച എല്ലാവര്‍ക്കും ഭാര്യമാര്‍ നിലവിലുണ്ട്. അഥവാ കല്യാണം കഴിക്കാത്ത ചിലര്‍ ഉണ്ടെങ്കില്‍ അതവര്‍ വേണ്ടെന്ന് വെച്ചിട്ടാണ്. അവനവന്റെ താല്പര്യപ്രകാരം കല്യാണം കഴിക്കാന്‍ യാതൊരു വിലക്കും നാട്ടിലില്ലതാനും. ഭാര്യയുമായി യഥേഷ്ടം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതിനും തടസ്സങ്ങളില്ല. പിന്നെന്താ പ്രശ്നം?
മഹാഭൂരിപക്ഷത്തിനും ഒരു ഭാര്യയേയുള്ളൂ. ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഇല്ലാത്തതാണോ ഈ ദാരിദ്ര്യത്തിന് കാരണം? ഇഷ്ടം പോലെ വിവാഹം കഴിക്കാന്‍ അവസരമുണ്ടായാല്‍ ലൈംഗികസമൃദ്ധി ഉണ്ടാകുമോ? അങ്ങനെ വന്നാല്‍ സ്ത്രീകളുടെ കാര്യം കട്ടപ്പൊകയല്ലെ. അവര്‍ക്ക് ഒരു ഭര്‍ത്താവിനെയല്ലെ ലഭിക്കൂ? അതല്ലെങ്കില്‍, വടകരയിലെ ഒരു സിദ്ധാശ്രമത്തെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് (ഇത്ര അടുത്തായിട്ടും അവിടെ വരെ ഒന്ന് പോകാന്‍ കഴിഞ്ഞിട്ടില്ല), അവിടത്തെ അന്തേവാസികളായ ആണും പെണ്ണും വിവേചനമില്ലാതെ തോന്നിയ പോലെ ഇണ ചേരും പോലും. അത്തരമൊരു അവസ്ഥയായിരിക്കുമോ ഈ ലൈംഗികപട്ടിണി മാറ്റാനുള്ള പോംവഴി?
ശരീയത്ത് പ്രകാരം മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക് നാല് ഭാര്യമാരെ വരെ പൊറുപ്പിക്കാമെങ്കിലും അവരിലും ഒന്നില്‍ കൂടുതല്‍ പെണ്ണ് കെട്ടുന്നവര്‍ ഇക്കാലത്ത് വിരളമാണ്. മാമുക്കോയ പറഞ്ഞത് ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് ചിരി വരും. അദ്ദേഹം പറഞ്ഞു: “ ഞാനൊരു മുസ്ലീമാണ്. എനിക്കൊരു ഭാര്യയേയുള്ളൂ, അത് തന്നെ ജാസ്തിയാണ്. പകുതിയാക്കാന്‍ പറ്റൂല്ലല്ലൊ” ഈ ലൈംഗികപട്ടിണി വാദക്കാര്‍ക്കൊരു ചുട്ട മറുപടിയല്ലെ മാമുക്കോയയുടെ വാക്കുകള്‍? കേരളത്തില്‍ ഏത് പൊതു നിരത്തിലൂടെ സഞ്ചരിക്കുമ്പോഴും കൌമാരപ്രായക്കാര്‍ മുതല്‍ മദ്ധ്യവയസ്ക്കര്‍ വരെ സ്ത്രീകളെ കണ്ണ് കൊണ്ട് വാരി വലിച്ചു വിഴുങ്ങുന്ന പോലെ തുറിച്ചു നോക്കുന്നത് കാണാം. ഈ പ്രതിഭാസത്തില്‍ നിന്നാണോ ലൈംഗികപട്ടിണി എന്ന പ്രയോഗം ഉടലെടുത്തത്? എങ്കില്‍ അത് ലൈംഗികക്ഷാമം കൊണ്ടല്ല. കലശലായ ഞരമ്പ് രോഗം നിമിത്തമാണ്.
അള്‍ട്രാ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചു സഞ്ചരിക്കുന്ന യുവതികളെ ബാംഗ്ലൂര്‍ നഗരത്തില്‍ കാണാറുണ്ട്. എന്നാല്‍ അവിടെയാരും വായ്‌നോക്കാറില്ല. ബാംഗ്ലൂര്‍ എന്നല്ല കേരളം വിട്ടാല്‍ പെണ്ണുങ്ങളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. മലയാളികളുടെ ഈ വൃത്തികെട്ട മനോരോഗത്തെയല്ലെ ലൈംഗികദാരിദ്ര്യം എന്ന് ഓമനപ്പേരിട്ട് ഇപ്പോള്‍ എഴുത്തുകാര്‍ ആദരിക്കുന്നത്? മലയാളികള്‍ പല തരത്തിലുള്ള ആത്മീയ-മനോരോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് ഇന്ന്. കള്ള് കുടിക്കാതെ നാല് വാക്ക് നട്ടെല്ല് നിവര്‍ത്തി പറയാന്‍ കഴിയുന്നവര്‍ ഇന്ന് ചുരുക്കം. കള്ള് കുടിച്ചാല്‍ എന്തും പറയാം. ചോദിച്ചാല്‍ കുടിച്ചട്ടല്ലേ എന്ന സമാധാനവും. കള്ള് കുടിച്ച് ചെന്നിട്ട് എവിടെയാണ് ലൈംഗികപ്പെടാന്‍ സാധിക്കുക? അത് തീര്‍ക്കുന്നത് പകല്‍ സമയത്ത് വഴിയെ പോകുന്ന പെണ്ണുങ്ങളെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നിട്ടും.
കല്യാണം കഴിച്ച് ഒരു ഭാര്യ നിലവിലുള്ള ആരും ലൈംഗികപട്ടിണി അനുഭവിക്കുന്നവരല്ല എന്നാണ് എന്റെ വാദം. അങ്ങനെ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഞരമ്പ് രോഗമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് നല്ല മനസ്സുണ്ടെങ്കില്‍ അവരുടെ ഒരോ രാത്രിയും ലൈംഗികോത്സവത്തിന്റേതായിരിക്കും.