2010-06-23
മതം വേറെ; രാഷ്ട്രീയം വേറെ
ഈ ചര്‍ച്ച സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അതിനാല്‍ പ്രിയ സുഹൃത്ത് ലത്തീഫ് ചോദിച്ച ഒരു ചോദ്യത്തിന് എനിക്കും ഒരു മറുപടി പറയേണ്ടി വന്നിരിക്കുന്നു. ചോദ്യം ഇസ്ലാഹികളോടാണെങ്കിലും അത് എല്ലാവര്‍ക്കും ബാധകമായത്കൊണ്ടാണ് ഇടപെടേണ്ടി വന്നത്.
ലത്തീഫിന്റെ ചോദ്യം ഇതാണ്: “ മതവും രാഷ്ട്രീയവും കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയ പോലെ രണ്ടാണെന്ന വാദം ഇസ്‌ലാഹികള്‍ക്കുണ്ടോ?” ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം മതവും രാഷ്ട്രീയവും രണ്ടാണെന്ന വാദം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം സ്വന്തമല്ല. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളമെങ്കിലും എല്ലാ മതേതരവിശ്വാസികളുടെയും വാദമാണ്. ഇന്ത്യന്‍ മതേതരത്വം എന്ന് പറഞ്ഞാല്‍ തന്നെ മതം വേറെ രാഷ്ട്രീയം വേറെ എന്നതാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകുമായിരുന്നു. ഇന്ത്യയില്‍ ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ , സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടിയവര്‍ സ്വാതന്ത്ര്യം കിട്ടും എന്ന് ഉറപ്പായപ്പോള്‍ മുസ്ലീം രാഷ്ട്രം ആവശ്യപ്പെട്ട് പിരിഞ്ഞ് പോയപ്പോള്‍ ഇവിടെ ശക്തമായ ഒരു മതേതരപാരമ്പര്യമില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായേനേ.
ഇന്നും നമ്മുടെ രാജ്യം ഒരു മതേതരരാഷ്ട്രമായി തുടരാന്‍ കാരണം ഭൂരിപക്ഷം ജനങ്ങളും മതം വേറെ രാഷ്ട്രീയം വേറെ എന്ന് കരുതുന്നത് കൊണ്ടാണ്. മതവും രാഷ്ട്രീയവും ഒന്നായിരിക്കണം എന്ന് ഭൂരിപക്ഷം പേരും എന്ന് കരുതുന്നുവോ അന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവും. അതില്‍ ലത്തീഫിന് അല്പം പോലും സംശയം വേണ്ട.
എന്നാല്‍ സഹസ്രാബ്ദങ്ങളായി മതേതരപാരമ്പര്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അതിന് കഴിയില്ല. ബുദ്ധ-ജൈന-സിഖ്- കൃസ്ത്യന്‍ - ഇസ്ലാമാദി മതങ്ങള്‍ വളരെ ശക്തമായി പ്രലോഭന പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടും ആര്യനിസം അഥവാ ബ്രാഹ്മണിസം വിഴുങ്ങാന്‍ നോക്കിയിട്ടും അതിനൊന്നും വഴങ്ങാതെ അതിജീവിച്ചു നിന്നതാണ് ഇവിടത്തെ മതേതരത്വം. ഇവിടെ മതേതരത്വത്തിന് ഒറ്റ അര്‍ത്ഥമേയുള്ളൂ. ഇന്ത്യ ഒരു മതത്തിനും എതിരല്ല. ഒരു മതവും ഇന്ത്യയുടെ ഔദ്യോഗികമതമല്ല.
എല്ലാ മതങ്ങളുടെയും മതരഹിതരുടെയും ആശയാഭിപ്രായക്കാരുടെയും ഭൌതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് രാഷ്ട്രീയം എന്ന് ഇവിടത്തെ മതേതരവിശ്വാസികള്‍ കരുതുന്നു. മതേതരവിശ്വാസികള്‍ എന്നാല്‍ മതരഹിതര്‍ എന്നല്ല അര്‍ത്ഥം. ഇപ്പറഞ്ഞ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ തന്നെയാണ്. ഒന്നിലും വിശ്വസിക്കാത്തവരും കാണും. തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നതോടോപ്പം പരസ്പരമുള്ള സഹവര്‍ത്തിത്വത്തിലൂടെ പൊതു മതേതരത്വം പങ്ക് വയ്ക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിയ്ക്കാനുള്ള അവകാശം തുല്യമാണ് എന്നതാണ് ഇതിന്റെ സാമാന്യയുക്തി. അങ്ങനെ ജീവിയ്ക്കുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടാവാം. അത് അപ്പപ്പോള്‍ പരിഹരിക്കാനുള്ള കൂട്ടായ ശ്രമമാണ് രാഷ്ട്രീയം എന്നാണ് രാഷ്ട്രീയത്തിന്റെ മതേതരനിര്‍വചനം.
ഇക്കാര്യത്തില്‍ ഇസ്ലാഹികളുടെ അഭിപ്രായം എന്താണെന്ന് അറിയില്ല. മറിച്ച് അഭിപ്രായം ഇസ്ലാമിലെ മറ്റ് വിഭാഗങ്ങള്‍ക്ക് ഉണ്ടാകാം. പക്ഷെ മതം വിശ്വാസത്തിന്റെ തലത്തിലും രാഷ്ട്രീയം മുഴുവന്‍ ജനങ്ങളുടെയും ഐഹിക-ഭൌതിക-സാമൂഹ്യ തലത്തിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവിടെ എല്ലാ മതേതരവാദികളും കരുതുന്നതെന്ന് ലത്തീഫ് അറിയുക.
കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം പറഞ്ഞത്കൊണ്ട് പറയാം. അവരുടെ പ്രശ്നം വേറെയാണ്. അവര്‍ക്ക് അവരുടെ ഒറ്റപാര്‍ട്ടി ഭരണം ഉണ്ടാക്കിയാലേ തൃപ്തി വരൂ. മറ്റെതെല്ലാം അവര്‍ക്ക് തെറ്റാണ്. അവരും മറ്റൊരു തരത്തില്‍ വിശ്വാസികളാണ്. എന്നാല്‍ ഇവിടത്തെ ജനാധിപത്യത്തില്‍ ജനാധിപത്യവിരോധികളായ അവര്‍ക്കും സ്പെയിസ് ഉണ്ട്. എല്ലാം ബഹുഭൂരിപക്ഷം തീരുമാനിക്കട്ടെ എന്നാണ് ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വം കരുതുന്നത്. അത്കൊണ്ടാണ് ഇവിടെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.
ഈ സന്തുലിതാവസ്ഥയല്ലെ നല്ലത് എന്ന് ലത്തീഫ് ചിന്തിക്കുക.
സസ്നേഹം,
വാല്‍ക്കഷണം: കമ്മ്യൂണിസം വേറെ; ജനാധിപത്യം വേറെ.
2010-02-01
ദൈവവും കമ്മ്യൂണിസവും യുക്തിവാദിയുടെ കാഴ്ചപ്പാടില്‍
2010-01-09
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതവിശ്വാസവും
2008-10-08
മതങ്ങളും മനുഷ്യനും
ബാബുരാജിന്റെ കുറച്ചു കാര്യങ്ങള്‍ എന്ന ബ്ലോഗില്‍ “ മതം മനുഷ്യന് ആവശ്യമോ ” എന്ന പോസ്റ്റില്‍ ഇന്ന് എഴുതിയ കമന്റ്
“ രണ്ടര ലക്ഷം വര്‍ഷങ്ങള്‍ സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ് മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത് ” എന്ന നിരീക്ഷണം മതങ്ങളുടെ പൊള്ളയായ അവകാശവാദങ്ങള്‍ തകര്‍ക്കാന്‍ പര്യാപ്തമാകും വിധം അതിശക്തമാണ് . കേവലം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട ഒരു മതത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് തങ്ങളുടെ മതം ദൈവം നേരിട്ട് സൃഷ്ടിച്ചതാണ് എന്നും മറ്റ് മതങ്ങള്‍ക്കൊന്നും ആ പ്രത്യേകത ഇല്ലെന്നും അതിനാല്‍ ഈ മതം മാത്രം ദൈവീകമതമാണെന്നുമാണ് . ദൈവം എന്തിനിതിന് ഇത്രകാലം കാത്തിരുന്നു എന്ന് ആ അവകാശവാദക്കാരോട് ചോദിച്ചാല്‍ അവര്‍ക്കതിന് ഉത്തരമുണ്ടാകുമെന്നത് വേറെ കാര്യം.
മന്‍ഷ്യന്‍ സാമൂഹ്യജീവിതം ആരംഭിച്ചതിന് ശേഷം ചെറിയ ചെറിയ കൂട്ടായ്മകള്‍ , ഗ്രൂപ്പുകള്‍ എങ്ങും എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരുന്നു. പിന്നീട് അവന് ഒറ്റപ്പെട്ട് ജീവിയ്ക്കാന്‍ വയ്യാതായതിനാല്‍ ഏതെങ്കിലും ഒരു ആള്‍ക്കൂട്ടത്തില്‍ അവന് എപ്പോഴും സ്വയം അലിഞ്ഞ് ചേര്‍ന്നേ പറ്റുമായിരുന്നുള്ളൂ . ഇന്നത്തെ ആധുനിക മനുഷ്യനിലും ഈ മാനസികപ്രവണത പ്രബലമായി നിലനില്‍ക്കുന്നുണ്ട് . അത് കൊണ്ടാണ് ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുയായികളെ കിട്ടുന്നത് . ഒരു പാര്‍ട്ടി വിടുന്ന ഒരാള്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷമാണ് അത് ചെയ്യുന്നത് എന്നോര്‍ക്കുക . അതായാത് ഒരു ഗ്രൂപ്പിലും പെടാത്ത ഒരു നിമിഷത്തിന്റെ വിടവ് പോലും സാധാരണ മനസ്സിന് താങ്ങാനാവുകയില്ല . മതങ്ങളും പാര്‍ട്ടികളും മറ്റ് സംഘടനകളും ഇന്നും നിലനില്‍ക്കുന്നതും നാളെയും നിലനില്‍ക്കാന്‍ പോകുന്നതും ഈയൊരു മന:ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് .
ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് അതാത് കാലഘട്ടത്തിന്റെ ആവശ്യകതകളും സമ്മര്‍ദ്ധങ്ങളും ഉണ്ടാവാം. കഴിഞ്ഞ മാസം ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി ഉദയം ചെയ്ത ഉദാഹരണം നോക്കുക . ഇക്കാലത്ത് ആരും പുതിയ മതം ഉണ്ടാക്കാന്‍ ശ്രമിക്കുകയില്ല . ഇക്കാലത്തെന്നല്ല ഇനിയൊരിക്കലും . ആളുകളുടെ കൂട്ടായ്മ ഇക്കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ രൂപത്തിലാണ് ഉടലെടുക്കുന്നത് . അക്കാലഘട്ടങ്ങളില്‍ മതങ്ങളുടെ രൂപത്തിലേ കഴിയുമായിരുന്നുള്ളൂ. അത് മാത്രമാണ് മതങ്ങളുടെ പ്രത്യേകതയും പ്രസക്തിയും .
ജനങ്ങളുടെയിടയില്‍ നിലനിന്നിരുന്ന അനീതികളെയും അധാര്‍മ്മികതളെയും ചോദ്യം ചെയ്യുന്ന ശക്തമായ പ്രത്യയശാസ്ത്രങ്ങളാണ് ആതാത് കാലഘട്ടങ്ങളില്‍ മതങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തത് . ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ രാജാക്കന്മാര്‍ തന്നെ മതം സ്വീകരിക്കുകയും രാജാവിന്റെ മതം ആ രാജ്യത്തിന്റെ ഔദ്യോഗിക മതമായി മാറുകയും ചെയ്തിട്ടുണ്ട് . അപ്രകാരമാണ് കൃസ്ത്യന്‍ മതവും ഇസ്ലാം മതവും ലോകം മുഴുവനും പ്രചരിച്ചതും ആധിപത്യം സ്ഥാപിച്ചതും. ഹിന്ദു എന്നൊരു മതമോ അതിന് പ്രചാരകരോ ഉണ്ടായിരുന്നില്ല. ഭാരതത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഏതാനും മതങ്ങള്‍ക്ക് ഇവിടെയും ചില അയല്‍ രാജ്യങ്ങളിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞത് അറിയാമല്ലൊ .
എന്റെ അറിവില്‍ ഏറ്റവും ഒടുവില്‍ ഒരു മതം സ്ഥാപിക്കപ്പെട്ടത് ഇറാനിലാണ് . ബഹാ ഉള്ള എന്നൊരു ചിന്തകനാണ് അതിന്റെ ഉപജ്ഞാതാവ് . മതമെന്നല്ല ബഹായ് ധര്‍മ്മം എന്ന പേരിലാണ് തങ്ങളുടെ തത്വസംഹിതകള്‍ അറിയപ്പെടാന്‍ ബഹായ്‌കള്‍ ആഗ്രഹിക്കുന്നത് . ആധുനികകാലത്ത് രൂപീകൃതമായത് കൊണ്ട് അതിന്റെ ഭരണഘടനയും ശാസ്ത്രീയവും ജനാധിപത്യപരവുമാണ് . ബഹായ് ധര്‍മ്മപ്രകാരം ഒരു മനുഷ്യനും ജന്മനാ ഒരു മതത്തിലും അംഗമല്ല . മതം എന്നത് ഒരു വ്യക്തി സ്വമേധയാ തെരഞ്ഞെടുക്കേണ്ടതാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ഒരു സത്യവാങ്‌മൂലം നല്‍കിയാലേ ഒരാള്‍ക്ക് ബഹായ് മതത്തില്‍ ചേരാനാവൂ . ഒരാള്‍ ബഹായ് മതത്തില്‍ ചേര്‍ന്നെന്ന് വെച്ച് വീട്ടിലുള്ള മറ്റുള്ളവര്‍ ബഹായ്‌കളാവണമെന്നില്ല. ഇതല്ലെ യഥാര്‍ത്ഥമതം ?
ഇക്കാലത്ത് ആരും തന്നെ പുതിയ മതം ഒന്ന് രൂപീകരിക്കാന്‍ മെനക്കെടുകയില്ല എന്ന് ഞാന്‍ പറഞ്ഞു . അതിന്റെ അര്‍ഥം മതങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയില്ല എന്ന് തന്നെയാണ് . ജനനം , വളര്‍ച്ച , മരണം എന്നത് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും മാത്രമല്ല അത് എല്ലാ സ്ഥാപനങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും കൂടി ബാധകമാണ് . യഥാര്‍ത്ഥത്തില്‍ മതം ഇന്ന് മരിച്ചു കഴിഞ്ഞു . ഇന്ന് മതം എന്ന് പറയുന്നത് കൂറ്റന്‍ എസ്റ്റാബ്ലിഷ്‌മെന്റുകളാണ് . എസ്റ്റാബ്ലിഷ്‌മെന്റുകള്‍ നിലനില്‍ക്കുന്നത് അതിന്റെ തന്നെ ചില നിയമങ്ങള്‍ക്ക് വിധേയവും . വിശ്വസിക്കാനുള്ള സാമാന്യജനങ്ങളുടെ കഴിവാണ് ഇത്തരം എസ്റ്റാബ്ലിഷ്‌മെന്റുകളുടെ അടിത്തറ.
2007-12-30
ഷാ നവാസ് ഇലിപ്പക്കുളത്തോട് ഒരു അഭ്യര്‍ത്ഥന !
"ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ്"
സുകുമാരന്‍ മാഷേ, താങ്കളുടെ ഈ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. ഇത്തരം തീവ്രവാദികള്‍ മതവിരുദ്ധരാണെന്നും ഇത്തരക്കാര്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രഖ്യാപിക്കുകയും, തസ്ലീമയ്ക്കും, റുഷ്ദിക്കുമെതിരേ വാളോങ്ങുന്നതിനും മുന്‍പേ ഇത്തരം പിശാചുക്കളാണ് ഇന്ന് ഇസ്ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളെന്ന തിരിച്ചറിവാണ് മതനേതൃത്വത്തിനും അനുയായികള്‍ക്കും ഉണ്ടാകേണ്ടത്.
കേവലം വിശ്വാസപരമായ ചില വ്യതിയാനങ്ങളുടെ പേരില്‍ അഹമ്മദീയരെ, അനിസ്ലാമായി പ്രഖ്യാപിക്കുന്ന മതനേതൃത്വം ഇത്തരം വിധ്വംസക മതക്കാരുടെ നേരേ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത് വളരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണിന്ന് ലോകത്ത് നിലനില്‍കുന്നത്. ഇനിയും പാലിക്കപ്പെടുന്ന മൗനം മറ്റു മതസ്ഥരില്‍ മുസ്ലിംകളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നെങ്കില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്നും അത് മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ഖുര്‍ആനിലുണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ?
അതുപോലെ ആത്മഹത്യയെന്നത് കഠിനമായ പാപങ്ങളില്‍ ഒന്നാണെന്നും അങ്ങനെ ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗ്ഗം കാണുകയില്ലെന്നും വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിലെ പെട്ടവരെന്ന് അവകാശപ്പെടുന്ന ഈ ഷൈത്താന്മാര്‍ ആത്മഹത്യയിലൂടെ നിരവധി നിരപരാധികളെ കൊന്നൊടുക്കി നേടാനുദ്ദേശിക്കുന്നത് ഒരു തരത്തിലും മതപരമല്ലെന്നും പ്രാബോധനം നടത്തുകയാണ് അടിയന്തിരമായി ഈ മുല്ല്ലാക്കാമാര്‍ ചെയ്യേണ്ടത്. അല്ലാതെ ഖുര്‍ആന്‍ അനുസരിക്കാതെ ചില പിശാചുക്കള്‍ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ പെരുന്നാളാഘോഷിക്കുകയല്ല വേണ്ടത്.
ഇന്ന് ബേനസീര്‍, നാളെ? ഒരിക്കല്‍ ഇത് നമ്മുടെ പടികടന്നെത്തുന്നതുവരെ ഇത് പാക്കിസ്ഥാനിലല്ലേ? അല്ലെങ്കില്‍ ഇറാക്കിലല്ലേ എന്ന് ചിന്തിച്ച് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന പൗരോഹിത്യ കടല്‍ക്കിഴവന്മാര്‍ വായില്‍ നാക്കുണ്ടങ്കില്‍ പ്രതികരിക്കുകയാണ് വേണ്ടത്. ഇതര മതസ്ഥരായ സഹോദരങ്ങളുടെ സംശയം ഒഴിവാക്കാന്‍ എല്ലാവരുടേയും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഇസ്ലാമെന്നാല്‍ സാഹോദര്യം, സമാധാനമെന്ന് പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ 'മിംബറില്‍' കയറി പ്രസംഗിക്കുകയല്ല വേണ്ടത്. ഇനി പ്രവര്‍ത്തിയാണ് ആവശ്യം.”
ഷാനവാസിന്റെ മേല്‍ക്കാണുന്ന കമന്റിന് എന്റെ മറുപടി :
ഷാനവാസ് ഇലിപ്പക്കുളം പറഞ്ഞ അഭിപ്രായം മുസ്ലിം മതനേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ് . മസ്ലീം മതത്തോടും അതില്‍ പെട്ട സമുദായാംഗങ്ങളോടും അല്പമെങ്കിലും കൂറും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആ മതത്തെ നവീകരണത്തിന് വിധേയമാക്കാനും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവരെ പ്രേരിപ്പിക്കാന്‍ വേണ്ടി പ്രചാരണം നടത്തുവാന്‍ തയ്യാറാവുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത് . അന്യമതസ്തരുടെയോ , അമേരിക്കയുടെയോ മേലെ വിദ്വേഷവും പകയും ജനിപ്പിച്ചുകൊണ്ട് ഇസ്ലാം നേരിടുന്ന പ്രതിസന്ധി അതിജീവിയ്ക്കുവാന്‍ കഴിയില്ല . ജനാധിപത്യപരമായിത്തന്നെ ഇസ്ലാം ബഹുദൂരം മുന്നേറേണ്ടതുണ്ട് . ലോകാവസാനം വരെ മാറാതെ നിലകൊള്ളേണ്ടതാണ് ഇന്നത്തെ മതസംഹിതകള്‍ എന്ന് ആരും ധരിക്കരുത് . കാരണം ഭാവിയിലെ മനുഷ്യരാശി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . അന്ന് അതിന് പരിഹാരം കാണേണ്ടത് അപ്പോള്‍ ജീവിക്കുന്നവരാണ് . അവര്‍ക്ക് വേണ്ടി പണ്ടേ പരിഹാരങ്ങള്‍ എഴുതിവെച്ചിട്ടുണ്ട് എന്ന് ധരിക്കുന്നത് എത്ര മൌഢ്യമാണ് എന്ന് ഇന്നുള്ളവര്‍ മനസ്സിലാക്കണം .
ലോകത്തില്‍ സമാധാനപൂര്‍വ്വമായി ജീവിയ്ക്കാനുള്ള അവകാശം ഓരോ മനുഷ്യനും ജന്മസിദ്ധമാണ് എന്ന് ഓരോരുത്തരും അംഗീകരിക്കണം . ആ അവകാശം ഹനിക്കുന്ന ഒന്നും തങ്ങള്‍ ചെയ്യുകയില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം . അല്ലെങ്കില്‍ പിന്നെ എന്താണിതിനൊക്കെ അര്‍ത്ഥം ?
പ്രിയ ഷാനവാസ് , ഇവിടെയിങ്ങിനെ ഒരു കമന്റ് എഴുതിയിട്ട് അനങ്ങാതിരിക്കരുത് എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു . തുടര്‍ന്നും ഈ അഭിപ്രായം എല്ലാവരോടും പറയുക . നാം ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ഒരു ഉദ്ധേശ്യമുണ്ടാവണം . അത് മനുഷ്യന്റെ ഗുണത്തിനും നന്മക്കുമായി വരേണം . നമുക്ക് ഉപ്പും ചോറും തരുന്ന സമൂഹത്തോട് അത്രയും കടപ്പാട് നമുക്കുണ്ട് . നമ്മുടെ വാക്കുകള്‍ക്ക് തീര്‍ച്ചയായും ഫലം ഉണ്ടാവും . ഇന്ന് ഒരു ഷാനവാസ് , നാളെ അത് വേറെയൊരു ഷാനവാസ് ഏറ്റ് പിടിക്കും . അങ്ങിനെയേ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവൂ . മാറ്റങ്ങള്‍ എല്ലായ്പ്പോഴും ഇങ്ങിനെ ഒറ്റപ്പെട്ട വ്യക്തികളില്‍ നിന്ന് തന്നെയാണ് തുടങ്ങിയിട്ടുള്ളത് .
ഞങ്ങള്‍ ചില ആളുകള്‍ മതത്തിനെതിരാണ് . അത് പക്ഷെ മതത്തോടോ മറ്റാരോടെങ്കിലുമോ വെറുപ്പോ പകയോ ഉള്ളത് കൊണ്ടല്ല . ഞങ്ങള്‍ മനുഷ്യനെ സമഗ്രമായി കാണുന്നു . മനുഷ്യനില്‍ ഒരു വ്യത്യാസവും ഞങ്ങള്‍ക്ക് കാണാനാവുന്നില്ല . ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനേയും മനുഷ്യവര്‍ഗ്ഗം എന്ന ഒരു കുടുംബത്തിലെ നവാഗതനായിക്കാണനേ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ . അങ്ങിനെ ജനിയ്ക്കുന്ന ഓരോ കുഞ്ഞിനും വളരാനും ജീവിയ്ക്കാനും ആവശ്യമായ വിഭവങ്ങള്‍ ഇവിടെയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു . ഓരോ കുഞ്ഞിനും നിരുപാധികമായ സ്നേഹവും പരിഗണനയും അവസരങ്ങളും കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു . മനുഷ്യരെ വിഭജിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും മനുഷ്യന് എതിരാണ് എന്ന് ഞങ്ങള്‍ കരുതുന്നു . മനുഷ്യനാണ് എല്ലാറ്റിനും മേലെ എന്ന് ഞങ്ങള്‍ കരുതുന്നു . ഒരാളും മറ്റാരെക്കാളും മേലെയല്ല എന്നും മനുഷ്യര്‍ സമന്മാരാണ് എന്നും ഞങ്ങള്‍ കരുതുന്നു . അതൊക്കെക്കൊണ്ടാണ് ഞങ്ങള്‍ മതങ്ങള്‍ക്കെതിരാവുന്നത് . അത് പക്ഷെ ആരും മനസ്സിലാക്കുന്നില്ല . ഒരു മനുഷ്യനെയും ഞങ്ങള്‍ക്ക് വെറുക്കാന്‍ കഴിയുന്നില്ല . ഇത് പക്ഷെ ഒരു കാല്പനികമായ ഒരു സങ്കല്‍പ്പമായി തോന്നിയെക്കാം . പക്ഷെ എന്ത് ചെയ്യട്ടെ , ആരെയെങ്കിലും ശത്രുക്കളായിക്കണ്ട് ആരുടെയെങ്കിലും പാളയത്തില്‍ സ്വയം തളച്ചിടാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല . അതിന്റെ ആവശ്യമെന്ത് ? മനുഷ്യന്‍ ജനിക്കുന്നു , ജീവിയ്ക്കുന്നു , മരിക്കുന്നു ! ഇവിടെ ആരാണ് വലിയവന്‍ , ആരാണ് തെറ്റുകാരന്‍ , ആരാണ് വെറുക്കപ്പെടേണ്ടവന്‍ ? ഇവിടെ ആരും സ്ഥിരമായി തങ്ങാന്‍ പോകുന്നില്ലല്ലോ ? ഇവിടെ ആര്‍ക്കും സ്വന്തമായി ഒന്നുമില്ലല്ലോ ? ജീവിയ്ക്കുന്നത് വരെ ഉള്ളത് അനുഭവിക്കാമെന്നല്ലേയുള്ളൂ . സ്വന്തമെന്ന് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഒരു വിശ്വാസം മാത്രമാണ് . അത് കൊണ്ടാണ് എല്ലാവര്‍ക്കും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന എല്ലാ വിഭജങ്ങനങ്ങളും വിഭാഗീയതകളും എതിര്‍ക്കപ്പെടണം എന്ന് ഞങ്ങള്‍ കരുതുന്നത് . എന്നാല്‍ ഇത് അടിയന്തിരമായി നേടവുന്ന ഒരു സാമൂഹ്യ സംവിധാനമല്ല . അത് കൊണ്ടാണ് തല്‍ക്കാലം മതങ്ങള്‍ നവീകരിക്കപ്പെടട്ടേ എന്ന് പറയുന്നത് . അതിനിനി അമാന്തിച്ചു കൂട . കാരണം ഇന്ന് നമുക്കിവിടെ ജീവിക്കണമല്ലോ . നാളെ എന്ത് വേണമെന്ന് നാളെ ജീവിക്കുന്നവര്‍ തീരുമാനിക്കട്ടെ !