2013-04-06

രാഷ്ട്രീയം എന്നാല്‍ എന്ത് ?

എല്ലാവര്‍ക്കും രാഷ്ട്രീയം വേണം. അത് പക്ഷെ കക്ഷിരാഷ്ട്രീയമായിരിക്കരുത്. കക്ഷിരാഷ്ട്രീയത്തെ പലരും രാഷ്ട്രീയമായി തെറ്റിദ്ധരിച്ച് എനിക്ക് രാഷ്ട്രീയമേ വേണ്ട എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറുന്നു. ഇത് അത്യന്തം അപകടകരമാണ്. ജനാധിപത്യത്തില്‍ ഓരോ പൌരനും കക്ഷിരാഷ്ട്രീയേതരമാ‍യ രാഷ്ട്രീയം വേണം. രാഷ്ട്രീയം വേണ്ട എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ല. എന്തെന്നാല്‍ നമ്മുടെ നിലനില്പ് തന്നെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും രണ്ടും രണ്ടാണ്. ആ വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് കഷ്ടമാണ്.

 രാഷ്ട്രീയം ആവശ്യമാണോ എന്ന ചോദ്യം രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം എന്ന ധാരണയില്‍ നിന്നും, നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധ:പതനത്തില്‍ നിന്നുണ്ടായ മനം മടുപ്പില്‍ നിന്നും ഉണ്ടാവുന്നതാണ് .

ആദ്യമായി രാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട് . ഇത് ആരും മനസ്സിലാക്കുന്നില്ല . അത് കൊണ്ടാണ് ഒരു പാര്‍ട്ടിയിലും ചേരാതെ നിഷ്പക്ഷമായി അഭിപ്രായം പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്ന് പാര്‍ട്ടിക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നത് .

സത്യത്തില്‍ പൌരസമൂഹം കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം .കാരണം രാഷ്ട്രീയം നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് . എങ്ങനെ, എത്ര നികുതി പിരിച്ചെടുക്കണം , അത് എങ്ങനെ ചെലവഴിക്കണം തുടങ്ങി സര്‍ക്കാര്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും നമ്മള്‍ പൌരന്മാരുടെ പേരിലും , നമ്മള്‍ പൌരന്മാര്‍ക്ക് വേണ്ടിയുമാണ് . ഇത് അന്തിമമായി തീരുമാനിക്കുന്നത് നമ്മള്‍ പൌരന്മാര്‍ തന്നെയാണ് . സര്‍ക്കാര്‍ എന്നത് നാം ചുമതലകള്‍ ഏല്‍പ്പിക്കുന്ന ഒരു സാമൂഹ്യസംഘടന മാത്രമാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ . ഇതാണ് രാഷ്ട്രീയം !

പാര്‍ട്ടി രാഷ്ട്രീയം എന്നത് അതാത് പാര്‍ട്ടികളുടെ നിലപാടുകളാണ് . അത് കക്ഷിരാഷ്ട്രീയമണ് . നമ്മള്‍ പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതരായി പൌരരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ബോധപരമായി വളരേണ്ടതുണ്ട് . നാം അത്ര ബോധവാന്മാരല്ലാത്തത് കൊണ്ട് വിവിധ പാര്‍ട്ടികള്‍ പൌരസമൂഹത്തെ പങ്കിട്ട് എടുത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് . അത് കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈപ്പിടിയില്‍ നിന്ന് രാഷ്ട്രീയം മോചിപ്പിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ പൌരസമൂഹം അത് കൈകാര്യം ചെയ്യാന്‍ ശീലിക്കേണ്ടതുണ്ട് .

ഇനി രാഷ്ട്രം വേണോ എന്ന ചോദ്യം . അത് അല്പം സങ്കീര്‍ണ്ണമാണ് . ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നിമിത്തം രാജ്യാന്തര അതിര്‍ഥികള്‍ മാഞ്ഞു പോയി എന്നത് ഒരു വെര്‍ച്വല്‍ റീയാലിറ്റിയാണ് . അത് കൊണ്ട് പുരോഗമനപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രം വേണ്ട എന്നേ ഇന്ന് പറയാന്‍ കഴിയൂ . പക്ഷെ ചരിത്രം ഒരു തുടര്‍ച്ചയാണ് . നമുക്കത് ഒരു സുപ്രഭാതത്തില്‍ അടിമുടി മാറ്റിമറിക്കാന്‍ കഴിയില്ല . രാഷ്ട്രങ്ങള്‍ ഇന്നത്തെ അനിഷേധ്യമായ യാഥാര്‍ഥ്യമാണ് . നാളെയോ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടിലോ അതുമല്ല എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലോ ഒരു ആഗോള ഗവണ്മെന്റ് നിലവില്‍ വരുമെന്നും ഓരോ പൌരനും ഓരോ വിശ്വപൌരനായിരിക്കുമെന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാന്‍ പറ്റും .

അന്നും രാഷ്ട്രീയം, സാമൂഹ്യജീവിതത്തിന്റെ ക്രമീകരണത്തിന് അത്യന്താപേക്ഷിതമായിരിക്കും എന്നും ഓര്‍ക്കുക ! 

1 comment:

ajith said...

പൊളിട്രിക്സ്