രാഷ്ട്രീയത്തിലെ അപചയം തന്നെയാണ് ഇന്നത്തെ വലിയ പ്രശ്നം. രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇതിനെ പറ്റി അന്യോന്യം വിഴുപ്പലക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. ഒരു പാര്‍ട്ടിക്കാരന്‍ മറ്റുള്ള പാര്‍ട്ടിക്കാരെ കുറിച്ചു ആരോപണം ഉന്നയിക്കുമ്പോള്‍ ആരോപിതരേക്കാളും മോശമാണ് അത് ഉന്നയിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നതാണ് അവസ്ഥ. സ്ത്രീവിഷയം, അഴിമതി, ധനാര്‍ത്ഥി, ഇവയിലൊക്കെ എല്ലാ പാര്‍ട്ടിക്കാരും കണക്കാണ്. വിരലിലെണ്ണാവുന്ന ചില നല്ലവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെങ്കിലും അത്തരക്കാര്‍ക്ക് രാഷ്ട്രീയത്തിലെ ജീര്‍ണ്ണതയെ ഇല്ലാതാക്കാനാവുന്നില്ല. ഈ രാഷ്ട്രീയക്കാരുടെ വരുമാനം എവിടെ നിന്നാണ് വരുന്നത്? ആരാണ് ശമ്പളം കൊടുക്കുന്നത്? എത്രയാണ് വരുമാനം? ഇന്‍കം ടാക്സ് കൊടുക്കുന്നുണ്ടോ? എന്നൊക്കെ ആരെങ്കിലും ചോദിക്കുന്നുണ്ടോ? എല്ലാവരും നല്ല നിലയില്‍ ജീവിയ്ക്കുകയും സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.രാഷ്ട്രീയം മാത്രം തൊഴിലാക്കുകയും ഇത്രയധികം സമ്പാദിക്കുകയും ചെയ്യുന്നത് അധാര്‍മ്മികവും അഴിമതിയും അല്ലേ? രാഷ്ട്രീയം ഒരു ആജീവനാന്ത തൊഴില്‍ ആകുന്നത് ജനാധിപത്യസമ്പ്രദായത്തില്‍ ഇന്ത്യയില്‍ മാത്രമാണെന്ന് തോന്നുന്നു. ലക്ഷക്കണക്കിന് പേരാണ് ഇങ്ങനെ രാഷ്ട്രീയം തൊഴിലാക്കി ഇന്ത്യയില്‍ തിന്നു കൊഴുക്കുന്നത്. ഇവര്‍ ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നത് വിഷം തുപ്പുന്ന വാക്കുകള്‍ മാത്രം. ഒരു നേതാവിന്റെ പ്രസംഗത്തില്‍ ആകെ കേള്‍ക്കാന്‍ കഴിയുക മറ്റ് നേതാക്കളെ കുറ്റം പറയലും ആരോപണം നടത്തലും മാത്രം. ഇത് കേട്ട് അണികളുടെ തലച്ചോറിലും വിഷം കുമിഞ്ഞുകൂടുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവരുടെ ആവശ്യം വരുമ്പോള്‍ ഒന്നിക്കുകയും തങ്ങള്‍ ഒരേ ജോലിക്കാര്‍ അല്ലേ എന്ന മട്ടില്‍ വര്‍ഗ്ഗപരമായ ഐക്യത്തോടെ വര്‍ത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ വിശ്വാസമാണ് ഇക്കാലത്തെ ഏറ്റവും വലിയ അന്ധവിശ്വാസം.
1 comment:
എല്ലാം 100ശതമാനം ശരിയാണ്..
Post a Comment