2008-09-30

സാമൂഹ്യപ്രവര്‍ത്തകന്മാരുണ്ടോ ?

കുറെ നാളുകള്‍ക്ക് ശേഷം അങ്കിളിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതി . അത് ഇവിടെയും കിടക്കട്ടെ :

രണ്ട് കാര്യം ആരും ശ്രദ്ധിക്കുന്നില്ല .

ഒന്ന് : പൌരബോധം എന്ന ഒന്ന് നമുക്ക് ബാധകമല്ല.

രണ്ട് : ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാല്‍ പങ്ക് വയ്ക്കപ്പെട്ടിരിക്കുന്നു . നേതാക്കള്‍ പറയുന്നതാണ് അണികള്‍ക്ക് വേദവാക്യം , അതിനപ്പുറമൊന്നുമില്ല.

കക്ഷിരാഷ്ട്രീയത്തിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ എല്ലാവരുടെയും പ്രശ്നങ്ങളായി കണ്ട് പരിഹാരങ്ങള്‍ക്ക് കൂട്ടായ ശ്രമങ്ങളാണ് വേണ്ടിയിരുന്നത് . ഭരണത്തില്‍ എപ്പോഴും ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഒരു മുന്നണി കാണും . എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ആ മുന്നണി അവിടെ തുടരണം എന്നേ അതിനെ താങ്ങി നിര്‍ത്തുന്ന അണികള്‍ക്ക് ഉള്ളൂ.

സര്‍ക്കാര്‍ എന്നാല്‍ നമ്മള്‍ മൊത്തം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംവിധാനം ആണെന്നും , അത് ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥമാണെന്നും അതില്‍ വീഴ്ച വരുത്തിയാല്‍ നമ്മള്‍ പാര്‍ട്ടി നോക്കാതെ ചോദ്യം ചെയ്യണമെന്നും അണികള്‍ക്ക് തോന്നുകയില്ല . പ്രതിപക്ഷത്തിന്റെ അണികള്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യുന്ന എന്തും ജനവിരുദ്ധവും ജനദ്രോഹവുമാണ് . പ്രതിപക്ഷത്തിരിക്കുമ്പോള്‍ നേതാക്കള്‍ അങ്ങനെ കരുതാനാണ് തങ്ങളുടെ അണികളെ ഉപദേശിക്കുന്നത് . അപ്പോള്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ തീര്‍പ്പ് ആക്കാനുള്ള ഒരു ജനാധിപത്യ സമ്പ്രദായം നമുക്ക് നഷ്ടമാവുന്നു. സര്‍ക്കാറില്‍ നിന്ന് ഒരു അക്കൌണ്ടബിലിറ്റി നാം പൌരസമൂഹം പ്രതീക്ഷിക്കുന്നില്ല എന്ന് സാരം . താന്‍ ആരാധിക്കുന്ന നേതാവ് മന്ത്രിക്കസേരയില്‍ ഇരുന്നാല്‍ മതി എന്നാണ് അഭ്യസ്ഥവിദ്യര്‍ കൂടിയും സധാരണക്കാരും ഒരേ പോലെ ആഗ്രഹിക്കുന്നത് . പിന്നെ എല്ലാ അഴിമതികളും അധാര്‍മ്മികതകളും പരാതി കൂടാതെ സഹിക്കാനുള്ള ക്ഷമയും സഹനശീലവും കൂടി നാം ആര്‍ജ്ജിച്ചിട്ടുമുണ്ട് . പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം ?

(ഇത്രയും എഴുതിയിട്ട് തൃപ്തി വരാഞ്ഞ് വീണ്ടും താഴെക്കാണും വിധം എഴുതി )

അങ്കിള്‍ , മേല്‍ക്കമന്റില്‍ ഒരു പരാതി മാത്രം രേഖപ്പെടുത്തി പോകുന്നത് ശരിയല്ല എന്ന് തോന്നി . താങ്കള്‍ ബ്ലോഗിലൂടെ നിര്‍വ്വഹിക്കുന്ന സേവനം പ്രശംസനീയമാണ് . എന്നാല്‍ അതൊക്കെ വെറും വനരോദനമായിപ്പോകുന്ന സ്ഥിതിയാണിവിടെ. അതിന് കാരണമായി ഞാന്‍ കാണുന്നത് , ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്മാര്‍ കേരളത്തില്‍ തീരെയില്ല എന്നതാണ് . അത്തരം സാമൂഹ്യ സംഘടനകളുമില്ല . രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍ മുക്കിനും മൂലയ്ക്കുമുണ്ട് . അവര്‍ക്കൊക്കെ പക്ഷെ പാര്‍ട്ടിപ്പണി തന്നെ ധാരാളമുണ്ട് . സംഭാവന പിരിക്കണം, സമ്മേളനങ്ങള്‍ നടത്തണം പിന്നെ പാര്‍ട്ടി പറയുന്ന നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടാവും . പാര്‍ട്ടിപ്പണി തന്നെയാണ് സാമൂഹ്യസേവനം എന്ന് പലരും തെറ്റായി ധരിക്കുന്നുമുണ്ട് .

ഉപഭോക്തൃസംരക്ഷണ നിയമം , വിവരാവകാശ നിയമം പോലുള്ള നിയമങ്ങളും ഗ്രാമീണ തൊഴിലുറപ്പ് പോലുള്ള പദ്ധതികളും അതിന്റെ സാധ്യതകളും പൊതുജനങ്ങളെ പഠിപ്പിച്ചിരുന്നുവെങ്കില്‍ ഒരു സാമൂഹ്യവിപ്ലവം തന്നെ ഇവിടെ നടന്നേനേ . അതൊന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രം മാത്രമേ അവരുടെ കൈവശമുള്ളൂ . അതിനൊക്കെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും വേണം . നിസ്വാര്‍ത്ഥകരായ സാമൂഹ്യപ്രവര്‍ത്തകരെ കണ്ടെത്താന്‍ ഇന്ന് പ്രയാസമുണ്ട് . ഈ രംഗത്ത് ബ്ലോഗിലൂടെ എന്തെങ്കിലും ചെയ്യുവാന്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു കൂട്ടായ്മ , എല്ലാവരുമല്ല മുന്നോട്ട് വരുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു . പക്ഷെ അത് പ്രായോഗികമായില്ല . ഒറ്റപ്പെട്ട നിലയിലും ദുര്‍ബ്ബലമായ സ്വരത്തിലും സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട് . അവര്‍ അസംഘടിതരായത് കൊണ്ടാണ് അവരുടെ വാക്കുകള്‍ക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത്. മറ്റെല്ലാവരും സംഘടിതരാണ് . ഇതാണ് ഈ കാലഘട്ടത്തിന്റെ ഒരു ശാപമായി ഞാന്‍ കാണുന്നത് .

2008-09-02

രാഷ്ട്രീയവും ബിസിനസ്സും ഒന്നല്ല !

ശിഥില ചിന്തകളില്‍ ഇന്നത്തെ കമന്റ് :

രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിസിനസ്സ് നടത്തുന്നത് തെറ്റ് തന്നെയാണ് . ജനാധിപത്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടിയേ തീരൂ . ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിക്കുന്നതും അവ നിറവേറ്റുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ സംഘടനകളാണ് രാഷ്ടീയപ്പാര്‍ട്ടികള്‍ . രാഷ്ട്രീയപ്രവര്‍ത്തനം ബിസിനസ്സുമായി കൂട്ടിക്കുഴക്കുമ്പോള്‍ പണം സമ്പാദിക്കാനുള്ള ആര്‍ത്തിയില്‍ ജനങ്ങളെ മറന്നു പോകും . ഫലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ ധനം ആര്‍ജ്ജിക്കുക എന്നതിലേക്ക് അധ:പതിക്കും . ഇന്ന് അത് കാണാനുമുണ്ട് . ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനോ പ്രവര്‍ത്തിക്കാനോ അങ്ങനെ സാമൂഹ്യസേവനത്തില്‍ തല്പരരായവര്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനത്തിന് വന്നാല്‍ മതി . തീര്‍ച്ചയായും അത്തരം ആളുകള്‍ എല്ലായ്പോഴും സമൂഹത്തില്‍ ഉണ്ടാവും . പണം സമ്പാദിക്കാന്‍ മോഹമുള്ളവര്‍ ബിസിനസ്സിലേക്ക് പോകട്ടെ . ആരും തടുക്കില്ലല്ലൊ . അതിനും എത്രയോ മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട് . സത്യം പറഞ്ഞാല്‍ ഭാഗ്യാന്വേഷികളുടെ പറുദീസയാണ് നമ്മുടെ നാട് . കൌശലമുള്ളവര്‍ക്ക് ചുളുവില്‍ പണമുണ്ടാക്കാന്‍ പറ്റിയ നാട് .

ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയത്തെ വ്യഭിചരിച്ച് കൌശലത്തില്‍ മൂലധനം സര്‍ക്കാറില്‍ നിന്ന് എടുത്തും ജനങ്ങളില്‍ നിന്ന് ഷേര്‍ പിരിച്ചും പണം സമ്പാദിക്കുന്ന ബിസിനസ്സിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് . നാട്ടില്‍ എല്ലാവര്‍ക്കുമിത് അറിയാമെങ്കിലും ആരും തുറന്ന് പറയില്ല . ഭയം കൊണ്ടാണ് . എങ്ങനെ ഇത് സാധ്യമാവുന്നു ? സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ 51ശതമാനം ഓഹരി മൂലധനം സര്‍ക്കാറിന്റേതായി കിട്ടും . ബാക്കി ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കും . ഇതിന്റെ സുഖസൌകര്യങ്ങള്‍ കിട്ടുക നേതാക്കന്മാര്‍ക്കാണ് . പ്രവര്‍ത്തിക്കുന്ന അണികള്‍ക്ക് ഒരു സംതൃപ്തി മാത്രം . എന്റെ നേതാവ് ഇങ്ങനെ സുഖിക്കുന്നുണ്ടല്ലൊ എന്ന ഒരു തരം തൃപ്തി . പഴയകാല ജന്മിമാരുടേതിനാക്കാള്‍ നൂ‍റ് മടങ്ങ് സുഖലോലുപരായാണ് ഇന്ന് നേതാക്കള്‍ വാഴുന്നത് . രാഷ്ട്രീയത്തിന് ആവശ്യം ഇത്തരം നേതാക്കളെയല്ല . പണവും ബിസിനസ്സും നിങ്ങളെടുത്തോളൂ , രാഷ്ട്രീയം ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് ജനങ്ങള്‍ നേതാക്കന്മാരോട് യാചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് “വിസ്മയ ”നല്‍കുന്ന പാഠം !

2008-09-01

ദിനേശ് ബീഡിയും അമ്യൂസ്‌മെന്റും !

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ് :

1969ല്‍ കണ്ണൂരില്‍ ഗണേഷ് ബീഡിക്കമ്പനി പൂട്ടിപ്പോയപ്പോള്‍ പതിനായിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങള്‍ വഴിയാധാരമായി . അന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായ മന്ത്രി കണ്ണൂരില്‍ ക്യാമ്പ് ചെയ്തു . പട്ടിണിയിലായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി സഹകരണ മേഖലയില്‍ കേരള ദിനേശ് ബീഡി എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി . രാജ്യത്ത് അത്തരത്തിലൊന്ന് ആദ്യമായിരുന്നു . കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം മാത്രമല്ല അന്തസ്സും ആത്മാഭിമാനവും ദിനേശ് നേടിക്കൊടുത്തു . ബീഡിത്തൊഴിലാളികളാണ് കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തി ഇന്നത്തെ നിലയിലാക്കിയത് .

40 വര്‍ഷത്തിന് ശേഷം ഇന്ന് കണ്ണൂരില്‍ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍ ബീഡിത്തൊഴിലാളികളാണ് . ആലങ്കാരികമായ അര്‍ത്ഥത്തിലല്ല , അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബീഡിക്കാര്‍ ഇന്ന് തത്രപ്പെടുകയാണ് . ആഴ്ചയില്‍ കുറഞ്ഞത് മൂന്നും നാലും കല്യാണമോ ഗൃഹപ്രവേശമോ ഉണ്ടാവും . മിനിമം ഒരു കല്യാണത്തിന് 100 രൂപയെങ്കിലും പാരിതോഷികമായി നല്‍കണം . ഇന്ന് ബീഡിത്തൊഴിലാളികളുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞു . പുതിയ തലമുറയില്‍ ആരും ബീഡിപ്പണി അഭ്യസിക്കുന്നില്ല . പലരും ബീഡിപ്പണി വിട്ട് മറ്റ് മേഖലകള്‍ തേടിപ്പോയി . വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ , തൊഴിലാളികള്‍ തൃഫ്റ്റ് ഇനത്തില്‍ സ്വരൂപിച്ച ദിനേശിന്റെ മൂലധനം വകമാറ്റി ചെലവാക്കിയത് കൊണ്ട് കേരള ദിനേശ് ബീഡിസഹകരണ സംഘം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് . സംസ്ഥാന സിക്രട്ടരിയുടെ നാടായ പിണറായിയില്‍ ഇന്നും ബീഡിത്തൊഴിലാളികള്‍ ധാരാളമുണ്ട് . പക്ഷെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് ബീഡിത്തൊഴിലാളികളെ വേണ്ട . പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ ഇന്ന് സുസംഘടിതരായ സഹകരണജീവനക്കാര്‍ തന്നെ ധാരാളം . പരിപ്പ് വടയും കട്ടന്‍ ചായയും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരായ നേതാക്കള്‍ സഹകരണ മേഖലയില്‍ ഷോപ്പിങ്ങ് കോം‌പ്ലക്സുകളും സിറ്റി സെന്ററുകളും അമ്യൂസ് മെന്റ് പാര്‍ക്കുകളും കെട്ടിപ്പടുക്കുന്നത് കാണുമ്പോള്‍ ബീഡിത്തൊഴിലാളികള്‍ക്ക് തോന്നുന്നുണ്ടാവുക വിസ്മയമോ അതോ നൈരാശ്യമോ ? ബീഡിത്തൊഴിലാളികള്‍ മനസ്സ് തുറക്കുമോ ? അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ചില ബീഡിത്തൊഴിലാളിസുഹൃത്തുക്കളെ കണ്ട് സംസാരിക്കട്ടെ !