2009-05-31

ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നാലെന്ത്?

മാരീചന്റെ ബ്ലോഗില്‍ ഇന്ന് ഞാനൊരു കമന്റെഴുതി. കുറെയായി ആ ബ്ലോഗ് വായിക്കുമെന്നല്ലാതെ കമന്റ് എഴുതാറില്ലായിരുന്നു. കാരണം അവിടെ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചാല്‍ പിന്നെ പല ആനോണിനാമാക്കളും വന്ന് പരിഹാസരൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് കണ്ടുവരാറ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഒരു രീതി. എന്നാലും മാരീചന്റെ ബ്ലോഗിലാണ് ഗൌരവമുള്ള കാലികപ്രശ്നങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറ്. അനോണികളായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ആശാസ്യമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ വ്യക്തിത്വങ്ങള്‍ക്ക് ഗോമ്പറ്റീഷന്‍സ് സംഘടിപ്പിക്കാം. ചപ്ലി ചിപ്ലി പോസ്റ്റുകള്‍ എഴുതാം. ഉപരിതലബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ചാറ്റ് ചെയ്യാം. പക്ഷെ, ബ്ലോഗില്‍ സാമൂഹ്യ-രാഷ്ടീയ കാര്യങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്ന ആള്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ അത് ചെയ്യുന്നു എന്നത് ബ്ലോഗിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ ഇല്ലാതാക്കുന്നു എന്നാണെന്റെ ഉറച്ച അഭിപ്രായം.

ഇനി എന്റെ ഇന്നത്തെ കമന്റിലേക്ക് :

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ബാധകമല്ല. എന്തെന്നാല്‍ ആ തത്വങ്ങള്‍ക്ക് കടകവിരുദ്ധമായി പിറവി കൊണ്ട പാര്‍ട്ടിയാണ് സി.പി.ഐ.(എം.). “അഭിപ്രായവ്യതാസങ്ങള്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിന് ന്യൂനപപക്ഷം വഴങ്ങുകയും ചെയ്യുക. തങ്ങളുടെ അഭിപ്രായമാണ് ശരിയെന്ന് തോന്നുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് തുടര്‍ന്നും പാര്‍ട്ടിവേദികളില്‍ ആശയസമരം നടത്തി ഭൂരിപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാവുന്നതാണ്. എന്നാല്‍ എക്കാരണം കൊണ്ടും ഭൂരിപക്ഷതീരുമാനത്തെ ന്യൂനപക്ഷം ധിക്കരിക്കരുത്. ഭൂരിപക്ഷതീരുമാനമേ എപ്പോഴും നടപ്പിലാക്കപ്പെടാവൂ.” ഇതാണ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ കാതല്‍. ഇതില്‍ തങ്ങളുടെ അഭിപ്രായം ശരിയാണെങ്കില്‍ അത് സ്ഥാപിച്ചെടുക്കാന്‍ തീവ്രമായ ആശയസമരം പാര്‍ട്ടിക്കുള്ളില്‍ നടത്താനുള്ള ഉള്‍പ്പാര്‍ട്ടിജനാധിപത്യാവകാശം പ്രധാനപ്പെട്ടതാണ്. ഈ തത്വം ലംഘിച്ചു കൊണ്ടാണ് സി.പി.എം(മാര്‍ക്സിസ്റ്റ്)എന്ന പാര്‍ട്ടി ഒരു ന്യൂനപക്ഷം ചേര്‍ന്ന് രൂ‍പീകരിച്ചത്. ലെനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിച്ച് രൂപീകൃതമായ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരനായ പിണറായി ഇപ്പോള്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിക്കപ്പെട്ടു എന്നൊക്കെ പറയുന്നത് അദ്ദേഹത്തിന് പാര്‍ട്ടിയുടെ ചരിത്രം അറിയാത്തത്കൊണ്ടോ അല്ലെങ്കില്‍ മറന്ന് പോയത്കൊണ്ടോ ആണ്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്ള പാര്‍ട്ടിയാണെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ ആ പാര്‍ട്ടിക്ക് ഒരു വിഷയമേയല്ല. ജനങ്ങളോട് എത്ര മാത്രം ഒട്ടിനില്‍ക്കുന്നു എന്നതാണ് പ്രശ്നം. ഇവിടെ എങ്ങനെയും വോട്ട് നേടി അധികാരസ്ഥാനങ്ങളില്‍ എത്താമെന്ന് മാത്രം ചിന്തിക്കുന്ന പാര്‍ട്ടിയും നേതാക്കളുമായത്കൊണ്ടാണ് പരാജയത്തില്‍ വിറളി പൂണ്ട് ഇത്തരം യാന്ത്രികവിശകലനം നടത്തുന്നത്. ഇക്കൂട്ടരുടെ ചര്‍ച്ചകള്‍ ജനമനസ്സുകളെ ആധാരമാക്കിയുള്ളതല്ല.

എന്നെ കാണാന്‍ നാട്ടുകാരായ ചില ചെറുപ്പക്കാര്‍ നാട്ടില്‍ നിന്ന് ഇവിടെ വന്നു. അവരോട് നാട്ടിലെ രാഷ്ട്രീയകാലാവസ്ഥ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് “ എല്ലാവര്‍ക്കും ഒരു തരം മടുപ്പാണ്, മുസ്ലീംകളുടെ പിന്നാലെയല്ലേ ഇപ്പോള്‍ പാര്‍ട്ടി പോകുന്നത്” എന്നായിരുന്നു. സാധാരണക്കാരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പോലും ഇപ്പോള്‍ കഴിയുന്നില്ല്ല. കാരണം ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരും. കള്ള് ഷാപ്പ് നടത്തുന്നത് ഇപ്പോള്‍ സൊസൈറ്റി ആയത്കൊണ്ട് കുറെ പ്രവര്‍ത്തകര്‍ക്ക് അങ്ങനെയും പണി കിട്ടി. ചുരുക്കത്തില്‍ പണം ഉണ്ടാക്കുന്ന ഇടപാടുകളിലാണ് ഇപ്പോഴത്തെ പുതുതലമുറ പാര്‍ട്ടിപ്രവര്‍ത്തകര്‍. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ക്ക് പകരം പിണറായി സംഘടനാ തത്വങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന അന്ന് വൈകുന്നേരം എന്റെ നാട്ടില്‍ വീട്ടിനടുത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സുകാര്‍ സ്ഥാപിച്ച ബസ്സ് ഷെല്‍ട്ടര്‍ സി.പി.എം.കാര്‍ തകര്‍ത്തു. അതില്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയുടെ പ്രതികരണം ഇങ്ങനെ: “ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു പൊളിച്ചതെങ്കില്‍ ഞങ്ങള്‍ക്ക് ഒരമ്പത് വോട്ട് കൂടുതല്‍ കിട്ടിയേനേ!”

സി.പി.എമ്മിന് യഥാര്‍ത്ഥത്തില്‍ ഈ തോല്‍‌വി കൊണ്ട് പരാജയം ഒന്നുമില്ല്ല. ഒരു സമാന്തരഭരണകൂടം അവര്‍ നിരന്തരമായി നടത്തിക്കൊണ്ട് പോകുന്നുണ്ട്. അതാണ് പിണറായിയുടെ വിജയം. അതല്ലാതെ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്തി സോഷ്യലിസ്റ്റ് വിപ്ലവം നടത്തിക്കളയാമെന്നൊന്നും പിണറായിയോ പിണറായിദാസന്മാരോ വ്യാമോഹിക്കുന്നുണ്ടാവില്ല.

ഇനി പിണറായി പറഞ്ഞ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ഉണ്ടല്ലോ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭംഗുരം പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരില്ലായിരുന്നു. സി.പി.ഐ(മാര്‍ക്സിസ്റ്റ്) എന്ന പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ല. ഒരു പക്ഷെ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗത്തില്‍ കൊണ്ടുവരാനും അങ്ങനെ ഇവിടത്തെ രാഷ്ട്രീയസംവിധാനം ഇന്നത്തേതില്‍ നിന്ന് ഗുണപരമായി വ്യത്യാസപ്പെടാനും കാരണമാകുമായിരുന്നു. എന്തായാലും ഒരര്‍ത്ഥത്തില്‍ പിണറായി പറഞ്ഞത് ശരിയാണ്. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിച്ച വ്യക്തിയായി വി.എസ്സ്. അച്യുത്യാനന്ദനെ ആയിരിക്കുമല്ലൊ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.അത് പക്ഷെ ഇപ്പോഴല്ല 1964ലിലാണെന്ന് മാത്രം!

ഞാന്‍ മേല്‍പ്പറഞ്ഞതൊക്കെ മാരീചനിലും ഇതര ഔദ്യോഗിക സി.പി.എം. അനുഭാവികളിലും പരമപുച്ഛവും പരിഹാസവും ആണുണ്ടാക്കുക എന്നറിയാം. സി.പി.എമ്മിനെ നന്നാക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാരും തെറ്റ്ദ്ധരിക്കേണ്ട. എന്നെപ്പോലെയുള്ളവര്‍ പറഞ്ഞാലൊന്നും പാര്‍ട്ടിക്ക് ഒരു പോറലും പറ്റില്ല. അതാണ് ബംഗാളിലൊക്കെ കാണുന്നത്. കൃഷിക്കാരെ കുടിയിറക്കുന്ന ചുമതല അവിടെ പാര്‍ട്ടിപ്രവര്‍ത്തകരല്ലെ ഏറ്റെടുത്തത്? പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ട ദുഷ്പ്രവണതകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വേണ്ടുവോളമുണ്ട്. അതിനാല്‍ തന്നെ പരാജയത്തെ മറ്റുള്ളവര്‍ ആഘോഷിക്കുന്നു എന്ന് വിലപിക്കേണ്ടതില്ല.

ഒന്നുകില്‍ നന്നാവുക, അല്ലെങ്കില്‍ സ്വയം തകരുക എന്നതാണ് സി.പി.എമ്മിനോട് കാലം ആവശ്യപ്പെടുന്നത്. ഇത്രമാത്രം സമ്പത്തും വോട്ടും ഉള്ള പാര്‍ട്ടി തകരും എന്ന് ഒരു പക്ഷെ കാളിദാസന്‍ പോലും സമ്മതിക്കില്ല. മറ്റ് പാര്‍ട്ടികളെപ്പോലെ വൈകാരികപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കാവില്ല. മാത്രമല്ല രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തികള്‍ ജനങ്ങളുടെ പൊതു ആവശ്യമാണ് താനും!


കച്ചവടതാല്പര്യങ്ങളുമായി ഏറെ ദൂരം മുന്നോട്ട് പോയ സി.പി.എമ്മിന് കടുത്ത ശുദ്ധീകരണപ്രക്രിയകളിലൂടെയേ ഇനിയതിന് യഥാര്‍ഥ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാകാന്‍ കഴിയൂ. സി.പി.എമ്മില്‍ യഥാര്‍ഥത്തില്‍ ഗ്രൂപ്പ് പോര് ഉണ്ടെങ്കില്‍ ആ പോരില്‍ വി.എസ്സ്. ജയിക്കുകയാണെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. പിണറായിയാണ് ജയിക്കുന്നതെങ്കില്‍ കണ്ടുകൊണ്ട് അറിയാം. അതല്ല എല്ലാവരും സമരസപ്പെട്ടു പോവുകയാണെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ക്കേ പ്രസക്തിയില്ല!

5 comments:

Unknown said...

അഭിപ്രായവ്യതാസങ്ങള്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിന് ന്യൂനപപക്ഷം വഴങ്ങുകയും ചെയ്യുക. തങ്ങളുടെ അഭിപ്രായമാണ് ശരിയെന്ന് തോന്നുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് തുടര്‍ന്നും പാര്‍ട്ടിവേദികളില്‍ ആശയസമരം നടത്തി ഭൂരിപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാവുന്നതാണ്. എന്നാല്‍ എക്കാരണം കൊണ്ടും ഒരു കാലത്തും ഭൂരിപക്ഷതീരുമാനത്തെ ന്യൂനപക്ഷം ധിക്കരിക്കരുത്. ഭൂരിപക്ഷതീരുമാനമേ എപ്പോഴും നടപ്പിലാക്കപ്പെടാവൂ. ഇതാണ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ കാതല്‍.

നാട്ടുകാരന്‍ said...

കേരളത്തില്‍ ഏറ്റവും സ്വത്തുള്ള രണ്ടു കൂട്ടരാണ് കത്തോലിക്കാ സഭയും മാര്‍ക്സിസ്റ്റ്‌ പാര്‍ടിയും ....
രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍!

Anonymous said...

നാട്ടുകാരന് എന്റെ പിന്തുണ..
സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതു മാര്‍ഗവും ഇവര്‍ സ്വീകരിക്കുന്നു എന്നും കാണാം..

നിധീഷ് said...

ente mashe... enthu ezhuthiyalum avasanam ningal chennu enthunnath VSil.. Kashtam ningalentha angerude brand ambassidor aano?

sreejith said...

what you are saying is to leave all the Leninist principles and split CPIM. Kollam manasilirippu. Ithu thanneyanu Achuthanandhanteyum ayalude valattikalaya madhyamangaludeyum manasilirippu. Partiyude polite buro member aya iyal partyile ella thirumanagaludeyum utharavaditham maru pakshathil aropikunnu. Athettu padan kure madhyamangalum. Jayichal ella creditum iyalkku. thottal ella utharavadithavum mattullavarkku.Party thottal velukke chirikkunna adyathe party nethavanu iyal.
Eyale patti arenkilum vimarsichal udane nyayikarikkan ella madhyamangalum orumichu. Mumbu party secretary ayirunnappol iyalepatti madhyamangal enthellamanu ezhuthiayathu. Parayukayanekil CPIM anubhavikal aya enneppoleyulla ellavareyum ayal pinarayi group karakkum,